Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുന്നുകൾക്ക് ആരു കാവൽ?

child-sexual-abuse കുരുന്നുകൾക്കെതിരെയുള്ള അക്രമണത്തെ കുറിച്ച് സുഗതകുമാരി എഴുതുന്നു...

പ്രപഞ്ചത്തിലെ ഏറ്റവും ക്രൂരനായ ജന്തു മനുഷ്യനാണെന്നു പറയപ്പെടുന്നു. ക്രൂരൻ മാത്രമല്ല, പരമനീചൻ എന്നുകൂടി ചേർക്കേണ്ടിയിരിക്കുന്നു. പൈശാചികമായ കൃത്യങ്ങളാണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. ലജ്ജാവഹവും ദാരുണവുമായ ബാലികാപീഡനങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഭീതിദമായ വസ്തുതയാണ്. 

പയ്യന്നൂർ തെരുവിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴുവയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. അതിൽ കേസെടുക്കാൻ പൊലീസ് മൂന്നു ദിവസം വൈകി. എന്തുകൊണ്ട്? അൻപതിനായിരം രൂപ പിതാവിനു നൽകി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നതും പൊലീസ് സ്റ്റേഷനു തൊട്ടരികിലാണു പ്രതി താമസിക്കുന്നതെന്നതും കിട്ടിയ ഇടവേളയിൽ അയാ‍ൾ ഒളിവിൽ പോയി എന്നതുമെല്ലാം അന്വേഷണവിധേയമാക്കേണ്ട കാര്യങ്ങളാണ്.

പൊലീസ് എന്നാൽ ജനങ്ങളുടെ രക്ഷിതാക്കളാണ്. ഞങ്ങൾക്കു നിങ്ങളെ വിശ്വസിക്കാനേ കഴിയൂ. ആ യൂണിഫോമിനെ അപമാനിക്കുന്ന വൃത്തികെട്ട കുറ്റങ്ങൾക്കു കൂട്ടുനിൽക്കുന്ന ചുരുക്കം ചില പൊലീസുകാർ മുഴുവൻ പൊലീസ് സേനയ്ക്കും കളങ്കമുണ്ടാക്കുകയാണ്. മറ്റാരെക്കാളും കർശനമായ ശിക്ഷ അവർ അർഹിക്കുന്നു. 

അതിലും വിചിത്രമായ സംഭവമാണ് എടപ്പാളിലെ തിയറ്ററിൽ നടന്നിരിക്കുന്നത്. ആഡംബര കാറിലെത്തിയ മനുഷ്യൻ സ്ത്രീയോടും കുട്ടിയോടുമൊപ്പം സിനിമ കാണാൻ വന്നിരുന്ന് മുഴുവൻ സമയവും ലൈംഗികവൈകൃതത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ആ പിഞ്ചുകുഞ്ഞിനെ ഈ നീചന് ഉപദ്രവിക്കാൻ വിട്ടുകൊടുത്തത് അവളുടെ അമ്മയാണത്രേ. അങ്ങനെയാണെങ്കിൽ ഏറ്റവും കഠിനമായ ശിക്ഷ നൽകേണ്ടത് ആ അമ്മയ്ക്കുതന്നെയാണ്. 

മാന്യതയുള്ള തിയറ്റർ ഉടമകൾ ഈ ദൃശ്യങ്ങൾ‍ കണ്ടെത്തിയ ഉടൻതന്നെ ചൈൽഡ് ലൈനിനെ അറിയിച്ചുവെന്നും ചൈൽഡ് ലൈൻ പൊലീസിനെ അറിയിച്ചുവെന്നും മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. കാറിന്റെ നമ്പരും ആ മനുഷ്യന്റെ മുഖവും വ്യക്തമായി മനസ്സിലാക്കിയിട്ടും കേസെടുക്കാൻ പൊലീസ് വൈകി. ചൈൽഡ് ലൈൻ മാധ്യമങ്ങളെ അറിയിക്കുകയും അവർ വൻ വിമർശനവുമായി പൊതുജനങ്ങളോട് ഈ വിവരം വിളിച്ചുപറയുകയും ചെയ്തശേഷമാണു പൊലീസ് ഇടപെടൽ ഉണ്ടായത്. അക്ഷന്തവ്യമായ വിളംബമാണു പൊലീസ് ഇക്കാര്യത്തിൽ കാട്ടിയത്. 

മലപ്പുറത്തുതന്നെ, ബന്ധുവിന്റെ പീഡന‌ത്തെ തുടർന്നു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയ പെൺകുട്ടിയെ പരീക്ഷയ്ക്കു പോകുന്നതിനിടെ ബന്ധുക്കൾ കടത്തിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സംഭവവും പുറത്തുവന്നു. കേസ് ഒതുക്കാന്‍ പൊലീസ് കൂട്ടുനിന്നെന്ന ആരോപണം ഈ സംഭവത്തിലുമുണ്ട്. 

നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. പെൺകുട്ടികളും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ ചെയ്യപ്പെടാത്ത, ഒതുക്കിത്തീർക്കുന്ന, ഒളിപ്പിക്കുന്ന കേസുകളാണ് അധികവും. ഉറ്റബന്ധുക്കൾപോലും കൊടുംശത്രുക്കളാകുന്ന ഈ കെട്ടകാലത്ത് പൊലീസ് സേന കൂടുതൽ ഉത്തരവാദിത്തം കാട്ടിയേ കഴിയൂ. 

പരാതിയുണ്ടായാൽ തുടർനടപടിയെടുക്കുകയെന്നതാണു പൊലീസിന്റെ കടമ. മാറ്റിവയ്ക്കലും മാറ്റിയെഴുതലും ഒളിപ്പിക്കലുമെല്ലാം സേനയുടെ നിറം കെടുത്തുമെന്നറിയണം. പൊലീസ് സേനയുടെ പെരുമാറ്റത്തെ മുഖ്യമന്ത്രി ശക്തമായി ശാസിക്കുകയും ചുമതലപ്പെട്ടവർ ക്ലാസുകളെടുക്കുകയും ഉന്നത ഉദ്യോഗസ്ഥരെവരെ ശിക്ഷിക്കുകയും ചെയ്തിട്ടും അന്തരീക്ഷം കൂടുതൽ കലുഷിതമാകുകയാണ്, അരക്ഷിതമാകുകയാണ്. 

ഇതിനു മാറ്റംവന്നേതീരൂ. ബുദ്ധിവൈകൃതമുള്ളവരുടെ കളിപ്പാട്ടങ്ങളാകരുത് കുഞ്ഞുങ്ങൾ. അതിന് എന്തു ചെയ്യണമെന്നത് രക്ഷിതാക്കളും സ്കൂൾ അധികൃതരും മാത്രമല്ല, എല്ലാ മലയാളികളും ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമാണ്. ഇതിനാണ് ഇനി സർക്കാർ നേതൃത്വം നൽകേണ്ടത്. കേരളത്തെ ഇതിലധികം നാണംകെടുത്തിക്കൂടാ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം