അപരാജിത
അവസരങ്ങൾ മിക്കവയും കൈയൂർന്നുപോയ അനുഭവങ്ങൾ ചേർത്തെഴുതിയാൽ ജമീല മാലിക്കിന്റെ ജീവിതമായി.
പഠനകാലത്തു കെ.ജി.ജോർജിന്റെ ആദ്യ സിനിമയിലെ നായിക, എംജിആറിന്റെ സിനിമയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട നായിക, ജയലളിതയുടെ അവസാന സിനിമയിൽ വേഷമിട്ട താരം, ജോൺ ഏബ്രഹാം സിനിമയിലെ ‘നഷ്ട നായിക’. ഇപ്പോൾ ഹിന്ദി അധ്യാപികയും ഹോസ്റ്റൽ മേട്രനും. സിനിമ തോൽവി പറയുന്ന ജമീലയുടെ ജീവിതകഥ ഇങ്ങനെയൊക്കെയാണ്.
തന്നെ തോൽപിച്ച, നൊന്തുനീറുന്ന ജീവിതത്തെക്കുറിച്ച് ജമീല മാലിക് ഒരക്ഷരം പറയില്ല. മാലിക് മുഹമ്മദും തങ്കമ്മ മാലിക്കും മകളെ പഠിപ്പിച്ചത് ആ കണിശതയോടെയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പതിനാറാം വയസ്സിൽ മകളെ പഠനത്തിന് അയയ്ക്കുമ്പോൾ ചുറ്റുമുള്ള യാഥാസ്ഥിതിക മതജീവിതത്തിലേക്കു തങ്കമ്മ നോക്കിയതേയില്ല.
വാർധ ആശ്രമത്തിലെ ഗാന്ധിപാഠങ്ങളും ബഷീറും കാമ്പിശേരിയും ഉൾപ്പെടെ എഴുത്തുകാരുമായുള്ള ആത്മസൗഹൃദവും രാഷ്ട്രീയവുമൊക്കെയായിരുന്നു തങ്കമ്മയുടെ കരുതിവയ്പ്. കൺമുന്നിൽനിന്നൊരു കര കടലെടുത്തുപോകുംപോലെ താൻ ചവിട്ടിനിൽക്കുന്ന ജീവിതം മാഞ്ഞില്ലാതെയാകുമ്പോഴും ആ ഉമ്മയാണു ജമീലയുടെ വിളക്ക്. ആ വെളിച്ചത്തിലിരുന്നു ജമീല ജീവിതം പറയുകയാണ്.
--- --- --- --- ---
കൊല്ലം ജോനകപ്പുറത്തെ ഞങ്ങളുടെ വീട് അന്ന് ഒരു സിനിമാസെറ്റ് പോലെയായിരുന്നു. എപ്പോഴും തിരക്കുതന്നെ. ബാപ്പ മാലിക് മുഹമ്മദ് കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്നു. അദ്ദേഹത്തെ കാണാനെത്തുന്ന സുഹൃത്തുക്കൾ, വിരുന്നെത്തുന്ന ബന്ധുക്കൾ പിന്നെ ഞങ്ങൾ നാലു മക്കളും; അങ്ങനെ എപ്പോഴും ഉണർന്നിരിക്കുന്ന വീട്.
ബാപ്പയുടെ ബാപ്പ, അതായതു ഞങ്ങളുടെ ഉപ്പുപ്പയുടെ കുടുംബവേരുകൾ അറേബ്യയിലാണ്. കപ്പലിൽ അവർ കോഴിക്കോട്ടെത്തിയെന്നാണു കഥ. കച്ചവടത്തിൽ അദ്ദേഹം വലിയ നേട്ടങ്ങൾ സ്വന്തമാക്കി. ഒത്ത ഉയരം, കറുകറുത്ത നിറം, തിളങ്ങുന്ന കണ്ണുകൾ. സിനിമയിലെ തലപ്പൊക്കമുള്ള നായകനെപ്പോലെയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്കു വന്നു. കല്യാണം കഴിച്ച് സ്ഥിരതാമസമാക്കി. ‘കറുത്ത ലബ്ബ’ എന്നാണു നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചത്. കച്ചവടത്തിൽനിന്നു കിട്ടിയ പണം കൊണ്ടു നാട്ടിലാരും സങ്കൽപിക്കാത്തൊരു കാര്യമാണ് അദ്ദേഹം ചെയ്തത്. കുട്ടികളുടെ പഠനത്തിനായി ഒരു സ്കൂൾ തുടങ്ങി. മുഹമ്മദ് മെമ്മോറിയൽ സ്കൂൾ. ഞാനും സഹോദരങ്ങളുമൊക്കെ ആ സ്കൂളിലാണു പഠിച്ചത്.
ഉമ്മുമ്മ പക്ഷേ, അദ്ദേഹത്തെപോലെയല്ല. നന്നേ വെളുത്തു സുന്ദരി. ഉമ്മുമ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനെയും സ്വന്തം മക്കളെയും അദ്ദേഹം ഒരുപോലെ കണ്ടുവളർത്തി. ബാപ്പയുടെ സഹോദരി ആസിയാ ഉമ്മാൾ എന്ന മാമിയും ഞങ്ങളോടൊപ്പമായിരുന്നു താമസം. ഉമ്മുമ്മയും മാമിയും ഒക്കെ ഉള്ളപ്പോഴും ആ വലിയ വീട്ടിൽ എന്റെ ഉമ്മ തങ്കമ്മ മാലിക്കായിരുന്നു ഹീറോയിൻ. ഏതു കൊടുങ്കാറ്റിനെയും നേരിടാനുള്ള ധീരത അവർക്കുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും ഒട്ടുമേ പതറാതെ അവർ നേരിട്ടു. ആ ധൈര്യത്തിൽ നിന്ന് ഏറെയൊന്നും കിട്ടിയിട്ടില്ല എനിക്ക്.
ഗാന്ധിജിയുടെ കത്ത്
കോന്നിയിലെ ക്രിസ്ത്യൻ കുടുംബമായിരുന്നു ഉമ്മയുടേത്. മേക്കാട്ടത്തുവീട്ടിൽ എ.ടി.വർഗീസിനും ഏലിയാമ്മയ്ക്കും പത്തു മക്കളാണ്. അഞ്ചാമത്തെ ആളാണ് എന്റെ ഉമ്മ തങ്കമ്മ. അപ്പച്ചനും അമ്മച്ചിയും തുറന്ന ജീവിത കാഴ്ചപ്പാടുള്ളവരായിരുന്നു. മക്കളെ അവർ വലിയ സ്വാതന്ത്ര്യബോധത്തോടെയാണു ജീവിക്കാൻ പഠിപ്പിച്ചത്. കല്യാണം കഴിക്കുമ്പോൾ വല്യപ്പച്ചനു പ്രായം പന്ത്രണ്ട്. വല്യമ്മച്ചി ആറു വയസ്സുകാരിയും. പതിനാറാം വയസ്സിൽ അവർക്ക് ആദ്യത്തെ കുഞ്ഞു പിറന്നു. കോന്നി എസ്റ്റേറ്റിലെ കോൺട്രാക്ടറായിരുന്ന വല്യപ്പച്ചൻ അതീവ സമ്പന്നനായിരുന്നു. അതിലേറെ സ്നേഹസമ്പന്നനും.
തിരുവിതാംകൂര്‍ കോൺഗ്രസ് രാഷ്ട്രീയത്തിലെ മുൻനിരക്കാരൊക്കെയും വല്യപ്പച്ചന്റെ സ്നേഹിതരായിരുന്നു. അക്കാലത്തു കോന്നി ചന്തമുക്കിൽ ചേരാനിരുന്ന കോൺഗ്രസ് യോഗം അധികാരികൾ നിരോധിച്ചു. സ്വന്തം വീടിന്റെ തെങ്ങിൻതോപ്പിൽ യോഗം നടത്തിയാണു വല്യപ്പന്‍ അവരെ വെല്ലുവിളിച്ചത്. തിരുവിതാംകൂറിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളൊക്കെ ആ യോഗത്തിൽ പ്രസംഗിച്ചു. ജി.രാമചന്ദ്രനും ടി.എം.വർഗീസും സി. കേശവനുമൊക്കെ അതില്‍ പങ്കെടുത്തവരാണ്. കേസും വഴക്കും വിലയ്ക്കു വാങ്ങിയിരുന്ന ആളെന്ന് വല്യപ്പച്ചനെക്കുറിച്ച് ഉമ്മ പറയുമായിരുന്നു. പക്ഷേ, മക്കളുടെ വിദ്യാഭ്യാസത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അതിനായി എത്ര പണം ചെലവിടാനും ഒരുക്കം.
മൂത്ത മകളെ മെഡിസിൻ പഠിക്കാനയച്ചു. പഠനം പൂർത്തിയാകും മുൻപേ രോഗബാധിതയായി മരിച്ചത് അവരെ വല്ലാതെ തളർത്തി. രണ്ടാമത്തെ മകൻ ഹോമിയോ ഡോക്ടറായി. പരദേശിയായി വീടുവിട്ടുപോയ ഒരു അമ്മാവനുമുണ്ട് എനിക്ക്. പാട്ടിലും സാഹിത്യത്തിലുമൊക്കെയായിരുന്നുഅദ്ദേഹത്തിന്റെ താൽപര്യം. ഉമ്മയുടെ നേരെ ഇളയ അനിയത്തിക്കു നഴ്സിങ് സൂപ്രണ്ടായി ജോലി കിട്ടിയതു കറാച്ചിയിലാണ്. അവിടുത്തെ മേജർ ജനറലാണ് അവരെ കല്യാണം കഴിച്ചത്. അനിയത്തി ഓമനയും പഠനത്തിനായി ചേച്ചിക്കൊപ്പം അങ്ങോട്ടേക്കു പോയി. അവരും അവിടുന്നുതന്നെ ജീവിതം കണ്ടെത്തി. എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണു ഭർത്താവ്. രണ്ട് അമ്മായിമാരും ഇസ്ലാംമതം സ്വീകരിച്ചു. കുടുംബവുമൊത്ത് ഒന്നോ രണ്ടോ തവണ അവർ ഞങ്ങളെയൊക്കെ കാണാൻ വന്നത് ഓർമയുണ്ട്. ആഘോഷം പോലെയാണ് ആ വരവുകൾ. ആ അമ്മായിമാരാണ് എന്റെ സഹോദരൻമാര്‍ക്കു മള്ഹുറൽ ഹഖെന്നും ഫസലുല്‍ ഹഖെന്നും അനിയത്തിക്കു സാറയെന്നും പേരിട്ടത്.
ഇവരിൽനിന്നൊക്കെ വ്യത്യസ്തയായിരുന്നു ഉമ്മ. സ്വാതന്ത്ര്യസമരകാലമാണത്. ഹിന്ദിപഠനത്തിനുള്ള താൽപര്യവും ആവേശവുമൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിലുമുണ്ടായിരുന്നു. മാവേലിക്കര ശ്രീധരക്കുറുപ്പായിരുന്നു ഉമ്മയുടെ ആദ്യഗുരു. ഹിന്ദി പ്രവേശിക പരീക്ഷ പാസായതോടെ കോട്ടയത്തെ ശ്രദ്ധാനന്ദ ഹിന്ദി കോളജിൽ രാഷ്ട്രഭാഷ വിശാരദ് പഠനത്തിനു ചേർന്നു. പണ്ഡിറ്റ് നാരായണദേവിന്റെ കോളജാണത്. സ്വാതന്ത്ര്യപ്പോരാട്ടവും ഹിന്ദിപഠനവും ഒരു കൈവഴിയിലൂടെയാണ് അന്നു സഞ്ചാരം. കോൺഗ്രസ് പ്രവർത്തകരൊക്കെയും ഒത്തുചേരുന്നിടമായിരുന്നു ആ കോളജ്.
അക്കാലത്താണു തിരുനക്കരയിൽ കോൺഗ്രസ് മഹാസമ്മേളനത്തിൽ പ്രസംഗിക്കാൻ മഹാത്മാ ഗാന്ധി എത്തുന്നത്. ഗാന്ധിജിയുടെ പ്രസംഗം ഉമ്മയെ ആഴത്തിൽ സ്വാധീനിച്ചു. അക്കാലം മുതൽ ഉമ്മ ഖദർധാരിയാണ്. ആ പ്രസംഗം നൽകിയ ഊർജത്തിൽ ഉമ്മ മഹാത്മജിക്കു കത്തെഴുതി ‘അവിടത്തെ സമീപം താമസിച്ച് ഹിന്ദിയിൽ ഉപരിപഠനം നടത്തണമെന്നാണ് എന്റെ ആഗ്രഹം’. ഗാന്ധിജിയുടെ മറുപടി കിട്ടിയ ഉമ്മ സന്തോഷംകൊണ്ടു സർവം മറന്നു.
ആ ആഗ്രഹത്തെ അനുമോദിച്ചുകൊണ്ടാണു ഗാന്ധിജി മറുപടി കുറിച്ചത്. വാർധയിലെ മഹിളാശ്രമത്തിൽ താമസിച്ചുപഠിക്കാൻ ഏർപ്പാടാക്കിയെന്നായിരുന്നു മറുപടിക്കത്തിൽ. ആ കത്തിനെ ഒരു ബഹുമതിയായി കണ്ട വല്യപ്പച്ചൻ മകളുടെ ആഗ്രഹത്തിനു പിന്തുണ നൽകി. വല്യപ്പച്ചൻ മകളെയും കൂട്ടി വാർധയിലേക്കു പോയി.
നെഹ്റു, ജംനലാല്‍ ബജാജ്, കമലാജി, രാജാജി, ഇന്ദിര എന്നിവരെയൊക്കെ അക്കാലത്തു വാര്‍ധയില്‍ കണ്ട ഓര്‍മകള്‍ ഉമ്മ പങ്കിടുമായിരുന്നു. ഇന്ദിരയും ഉമ്മയും ഏതാണ്ട് ഒരേ പ്രായമായിരുന്നു. കേരളത്തിലെ കോൺഗ്രസ് തിരഞ്ഞെടുപ്പുവേദികളിൽ ഇന്ദിരാഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ഉമ്മയ്ക്ക് അവസരം കിട്ടിയതു പിന്നത്തെ കഥ.
ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പങ്കെടുത്തത്, ആ സമ്മേളനവേദിയില്‍ സരോജിനി നായിഡുവിന്റെ ഉഗ്രസ്വരത്തിലുള്ള പ്രസംഗം കേട്ടത്, സുഭദ്രകുമാരി ചൗഹാന്റെ കാവ്യാലാപനം കേട്ടത്, ഗാന്ധിയുടെ നോമിനിയെ തോല്‍പിച്ച് കോണ്‍ഗ്രസ് അധ്യക്ഷപദവിയിലെത്തിയ സുഭാഷ് ചന്ദ്രബോസിനോട് അനുഭാവം പങ്കിട്ട് ബംഗാളികളുടെ ആഹ്ലാദപ്രകടനം, ജ്വരബാധിതനായ ബോസിനെ കസേരയിലിരുത്തി സ്ഥാനാരോഹണ ചടങ്ങിലേക്കു കൊണ്ടുവരുന്നത്; അങ്ങനെ എത്രയെത്രയോ ഓർമകൾ ഉമ്മ ഞങ്ങളോടു പങ്കിട്ടു.
ഒരു കൊല്ലം കഴിഞ്ഞ് ഉമ്മ തിരികെ വന്നു. തിരുവനന്തപുരത്തു മഹാരാജാസ് ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി പണ്ഡിറ്റായി അധ്യാപനം തുടങ്ങി. എൻ. ഗോപാലപിള്ള, ആനി മസ്ക്രീൻ, കേരളവർമ തുടങ്ങിയവരെയൊക്കെ ഉമ്മ ഹിന്ദി പഠിപ്പിച്ചിട്ടുണ്ട്. വിജെടി ഹാളിൽ ‘നൂർജഹാൻ’ എന്ന ഹിന്ദി നാടകത്തിൽ ഉമ്മ നായികയായി. ജഹാംഗീറിന്റെ ചെറുപ്പവേഷത്തിൽ ടി.എൻ.ഗോപിനാഥൻനായരും.
1942ൽ ഉമ്മയ്ക്കു ഡാൽമിയ സ്കോളർഷിപ് കിട്ടി. അലഹബാദിലെ പ്രയാഗ് മഹിളാ വിദ്യാപീഠത്തിലാണ് ഉപരിപഠനം. കവി മഹാദേവി വർമയുടെ കലാലയമാണത്. മഹാദേവി വർമയുടെ പ്രിയശിഷ്യയായി ഉമ്മ മാറി. യാത്രയ്ക്കുള്ള പണമൊക്കെ കണ്ടെത്തിയതു സ്വയമേവയാണ്. എഴുത്തിൽനിന്നു സമ്പാദിച്ച പണമായിരുന്നുവത്. അക്കാലത്ത് ഉമ്മ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പവകാശം തിരുവനന്തപുരത്തെ ചന്ദ്രാപ്രസിനു വിറ്റു. ‘കനകലത’, ‘ചെറുകഥാ മഞ്ജരി’ എന്നിങ്ങനെയാണ് ആ പുസ്തകങ്ങളുടെ പേരുകൾ.
മഹാദേവി വർമയുടെ കവിതകൾ ഉമ്മ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. വലിയൊരു ലോകമാണ് ഉമ്മയ്ക്ക് അവിടെ തുറന്നുകിട്ടിയത്.
പ്രേംചന്ദിന്റെ ഭാര്യ ശിവറാണീദേവി, സുഭദ്രാകുമാരി ചൗഹാൻ എന്നിവരൊക്കെയായിരുന്നു അവിടുത്തെ കൂട്ടുകാർ.
മിത്രം എന്ന വാരികയും ബാപ്പയും
പൂമാലയണിഞ്ഞ് ഒരാൾക്കൂട്ടത്തെ നോക്കി ബാപ്പ പ്രസംഗിക്കുന്നതാണ് എന്റെ ഓർമയിലെ ഏറ്റവും ഗംഭീരമായൊരു രംഗം. കോൺഗ്രസ് പ്രവർത്തകരുടെ ഒരു പട തന്നെ മിക്കപ്പോഴും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മിത്രം എന്ന പേരിലൊരു വാരിക അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരപുത്രനായിരുന്നു മുഖ്യസഹായി. അച്ചുനിരത്തലും അച്ചടിയും വിതരണത്തിനു സഹായവുമെല്ലാം ഈ കക്ഷിയാണ്. എന്റെ കുട്ടിക്കാലത്തു മിക്ക ദിവസവും ഞാനാ ഓഫിസിലാണു ചെലവിട്ടത്. കൊല്ലം കോട്ടമുക്കിൽ കുറേക്കാലം
മുൻപു വരെ ആ ഓഫിസുണ്ടായിരുന്നു. ബാപ്പയുടെ അടുത്ത സ്നേഹിതനും പിന്നീടു മേഘാലയ ഗവർണറുമായ എ.എ.റഹിം, കാമ്പിശേരി മാമൻ എന്നു ഞങ്ങളൊക്കെ വിളിച്ചിരുന്ന കാമ്പിശേരി കരുണാകരൻ തുടങ്ങിയവരൊക്കെ അവിടെ നിത്യസന്ദർശകർ. തീ പിടിച്ചപോലുള്ള രാഷ്ട്രീയ ചർച്ചകളും തർക്കങ്ങളുമൊക്കെ ഉണ്ടാവും അവർ തമ്മിൽ. എനിക്കതൊന്നും മനസ്സിലാവുന്ന പ്രായമല്ല. പക്ഷേ, കൗൺസിലറായി ബാപ്പ ജയിച്ചതും ആഹ്ലാദപ്രകടനവുമെല്ലാം ഓർമയിലുണ്ട്.
മിത്രം വാരികയിൽ പതിവായി കഥകളെഴുതിയിരുന്നു ഉമ്മ. ആ പരിചയമാണ് അവർ ഇരുവരെയും ആത്മബന്ധത്തിലാക്കിയത്. അതു ഭൂകമ്പമുണ്ടാക്കിയെന്ന് അവർതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. 1945ൽ കൊല്ലത്തുവച്ചാണ് അവരുടെ വിവാഹം. രണ്ടു പേരുടെയും വീട്ടുകാർ ഒരു പോലെ എതിർത്തു. പക്ഷേ അവർ പാറപോലെ ഉറച്ചുനിന്നു. അവസാനം എല്ലാവരുടെയും സ്നേഹം വാങ്ങിയെടുത്തു. ഉമ്മ വീട്ടമ്മയായി ഒതുങ്ങിയില്ല. ബാപ്പയുടെ സഹായിയായി കൂടി. സാമൂഹികപ്രവർത്തനത്തിലും ഒരുങ്ങിയിറങ്ങി.
നട്ടുച്ചയ്ക്കു വിളക്കു കെട്ടുപോകുന്ന പോലെയാണു ജീവിതം ഇരുട്ടിലായത്. ബാപ്പയുടെ മരണം. എനിക്കന്ന് ആറു വയസ്സാണ്. ഞങ്ങളെല്ലാം ചെറിയ കുഞ്ഞുങ്ങളല്ലേ. പക്ഷേ, ആ ശൂന്യതയെ ഉമ്മ നേരിട്ടത് എഴുത്തുകൊണ്ടാണ്. പക്ഷേ, അക്കാലത്ത് ഒരു സ്ത്രീ തനിച്ച് ഒരു വാരിക നടത്തുക എളുപ്പമുള്ള കാര്യമല്ല.
കാമ്പിശേരി മാമനാണ് ഒരു പവർസ്റ്റേഷനായി നിന്നത്. അക്കാലത്തൊക്കെ വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുകൾ ഞങ്ങളെ തേടി വരുമായിരുന്നു. കത്തുകൾ മാത്രമല്ല പുസ്തകങ്ങളും. അയയ്ക്കുന്ന പുസ്തകങ്ങൾ ഞങ്ങൾ കുട്ടികളൊക്കെ വായിക്കുന്നുണ്ടോയെന്നും അറിയണം. ആ രസികൻ കത്തുകളൊക്കെ ഉമ്മ ഞങ്ങളെ ഉറക്കെ വായിച്ചുകേൾപ്പിക്കും.
ബഷീറിന്റെ പുസ്തകങ്ങൾ ഞാനും അനിയനുമൊക്കെ മത്സരിച്ചു വായിച്ചു. ആ കഥാപാത്രങ്ങളെ കണ്ണാടിയുടെ മുന്നിൽനിന്ന് അനുകരിക്കലായിരുന്നു പ്രധാന വിനോദം. ഇതൊക്കെ കാണുമ്പോൾ എന്റെ മാമി എന്നെ കളിയാക്കും ‘പെണ്ണു വലിയ അഭിനയക്കാരിയാണല്ലോ’.
മാമിയും നല്ലൊരു കഥപറച്ചിലുകാരിയാണ്. വല്യമ്മച്ചി കോന്നിയിൽനിന്നു കൊല്ലത്തേക്കു വന്നാൽപ്പിന്നെ രണ്ടാളും ഒരു കയ്യാണ്. ക്രിസ്ത്യൻകഥകളാണു വല്യമ്മച്ചി പറയുക. ഔലിയാക്കൻമാരുടെയും അറബികളുടെയും കഥകൾ മാമിയും പറയും. അതൊക്കെ കേട്ടാണു എനിക്കു കഥകളോടിത്ര ഇഷ്ടം പെരുത്തത്.
നിസ്കാരമൊന്നും മുടക്കാറില്ല മാമി. വല്യമ്മച്ചിക്കു മുട്ടിപ്പായി പ്രാർഥനയ്ക്ക് സ്ഥലമൊരുക്കി കൊടുക്കുന്നതും മാമിതന്നെ. വല്ലാത്തൊരു കൂട്ടായിരുന്നു അവരുടേത്. ഇന്നിപ്പോൾ ആളുകൾ ശത്രുത പെരുത്തു വഴിമാറിപ്പോകുന്നതു കാണുമ്പോൾ ഞാനവരുടെ ചിരിയും തമാശകളുമൊക്കെ ഓർക്കും. അറിയാതെ കണ്ണുനിറയും.
ഒരു വിഷമഘട്ടത്തിലും ഒരാളുടെയും സഹായത്തിനു കാത്തുനിൽക്കുമായിരുന്നില്ല ഉമ്മ. കോന്നിയിലെ കുടുംബസ്വത്തുക്കളൊന്നും സ്വീകരിക്കരുതെന്ന് ബാപ്പയ്ക്കു നിർബന്ധമായിരുന്നു. ബാപ്പ അഡ്വാൻസ് നൽകിയിരുന്ന പ്രസ് ഉമ്മ വിലയ്ക്കു വാങ്ങി. മാലിക്
മുഹമ്മദ് മെമ്മോറിയൽ പ്രസ് എന്ന പേരിലതു നടത്തി. ബാപ്പയുടെ മരണത്തെത്തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ്മയെ സ്ഥാനാർഥിയാക്കി. വിജയിച്ചു. കൊല്ലം മുനിസിപ്പൽ കൗൺസിലിലെ ആദ്യത്തെ സ്ത്രീശബ്ദമായിരുന്നുവത്. ആർ.ശങ്കറും സി.എം. സ്റ്റീഫനുമൊക്കെ ചേർന്നു കോൺഗ്രസ് വനിതാവിഭാഗത്തിനു തുടക്കമിടാൻ നിർദേശിക്കുമ്പോൾ നേതൃത്വത്തിൽ ഉമ്മയുമുണ്ട്.
വിമോചനസമരകാലത്തെ ഒരു കേസിൽ രണ്ടു മാസത്തെ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തെത്തുമ്പോഴേക്കും ഉമ്മ സമ്പാദ്യമത്രയും ചെലവിട്ടു നടത്തിയിരുന്ന പ്രസ് കൈവിട്ടുപോയി. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നു മെല്ലെ അകന്നു. എങ്കിലും പൊതുപ്രവർത്തനം ഉപേക്ഷിച്ചില്ല. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കന്റോൺമെന്റ് സീറ്റിൽനിന്ന് ആർഎസ്പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വീണ്ടും വിജയിച്ചു.
ബാപ്പയുടെ സുഹൃത്തും പിന്നീടു മന്ത്രിയുമായ ടി.കെ.ദിവാകരനാണ് ഉമ്മയെ ആർഎസ്പിയിലേക്കു ക്ഷണിച്ചത്. മനുഷ്യപ്പറ്റുള്ള നേതാവായിരുന്നു അദ്ദേഹം.
( തയാറാക്കിയത്: സുൾഫിക്കർ
തുടരും...)
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം