ഫിലിപ് റോത്തിന്റെ പല നോവലുകളിലും കടന്നുവരുന്ന കഥാപാത്രമാണ് നഥാൻ സക്കർമാൻ. മൈ ലൈഫ് ആസ് എ മാൻ എന്ന നോവലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇൗ കഥാപാത്രത്തെ റോത്തിന്റെ തന്നെ ക്ലോൺ എന്നു വിശേഷിപ്പിക്കാം. റോത്ത് ജനിച്ച അതേ വർഷമാണ് ഇൗ കഥാപാത്രവും ജനിച്ചത്. ജൂത ദമ്പതികളുടെ മകനായി പിറന്ന സക്കർമാനെന്ന കഥാപാത്രത്തിലൂടെ ഒരുതരത്തിലുള്ള കഥാർസിസ് സാധിക്കുകയായിരുന്നു റോത്ത്. ജൂതനായ അമേരിക്കക്കാരന്റെ രതിജീവിതം എങ്ങനെയാണെന്ന് സക്കർമാനിലൂടെ അദ്ദേഹം പറഞ്ഞുവച്ചു. പ്രശസ്തിയുടെയും ജൂത സ്വത്വത്തിന്റെയും അടരുകളെ പൊളിച്ചുനോക്കാൻ ഇൗ കഥാപാത്രം അദ്ദേഹത്തിന് ഉപകാരപ്പെട്ടു.
എന്നാൽ തന്റെ അപരസ്വത്വങ്ങളാണ് കഥാപാത്രങ്ങളെന്ന വാദത്തിന് അദ്ദേഹം തെല്ലും വില കൽപ്പിച്ചില്ല– അക്കാര്യങ്ങളൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചവയല്ല.. അതു സാങ്കൽപ്പികമാണ്– റോത്തിനു പറയേണ്ടി വന്നു. തന്റെ നോവലുകൾ കിളച്ച് കഥയെത്ര, ജീവിതമെത്ര എന്നു കണക്കെടുക്കാൻ ശ്രമിച്ച നിരൂപകരോട് റോത്ത് സെൻമൊഴി പോലെ പറഞ്ഞത് 'അതെല്ലാം ഞാനാണ്...ഒന്നും ഞാനല്ല' എന്നാണ്. ആത്മകഥാപരം എന്ന തൊങ്ങലിനെ അദ്ദേഹം നിശിതമായി വെറുത്തു. എഴുത്തുകാരനെ താഴ്ത്തിക്കെട്ടാനും അവന്റെ ഭാവനാശേഷിയെ ഇടിച്ചുതാഴ്ത്താനുമുള്ള പ്രയോഗമായാണ് അദ്ദേഹം അതിനെ കണ്ടത്.
നമ്മുടെ കാലത്തെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായിരുന്നു ഫിലിപ്പ് റോത്ത്. ലിറ്റററി നോവൽ എന്ന ദുർഗത്തെ ഭേദിക്കാൻ അദ്ദേഹത്തിനായി. ഒരുപാടു മനുഷ്യരെ പിടിച്ചിരുത്തി വായിപ്പിക്കുന്നതു പുസ്തകങ്ങളുടെ മാറ്റു കുറയ്ക്കില്ലെന്ന് റോത്തിനറിയാമായിരുന്നു. കപട ധൈഷണികതയിൽ അഭിരമിച്ചില്ല. അമേരിക്കയെ അദ്ദേഹം തളികയിലെന്ന വണ്ണം സ്വന്തം നോവലുകളിൽ വിളമ്പി, അതിന്റെ എല്ലാ രുചി ഭേദങ്ങളോടെയും കലർപ്പുകളോടെയും കൂർപ്പുകളോടെയും.
തൻമയുടെയും ധാർമികതയുടെയും വലിയ പ്രഹേളികകളെ അനാവരണം ചെയ്യാൻ അദ്ദേഹഹത്തിനു ചെടിക്കുന്ന ദാർശനികതയിറ്റു വീഴുന്ന ഭാഷ വേണ്ടായിരുന്നു. പോർട്നോയിസ് കംപ്ലയിന്റും അമേരിക്കൻ പാസ്റ്ററലും നമുക്കു കയ്യെത്തിപ്പിടിക്കാനാവുന്ന തീവ്രസാക്ഷ്യങ്ങളാകുന്നത് അങ്ങനെയാണ്. പുലിറ്റ്സറും മാൻ ബുക്കർ പുരസ്കാരവും തേടിയെത്തിയെങ്കിലും നൊബേലിനായി കാത്തുനിൽക്കാതെയാണ് അദ്ദേഹം മടങ്ങുന്നത്. വർഷങ്ങളായി പറഞ്ഞുകേട്ടിരുന്ന പേരായിരുന്നു റോത്തിന്റേത്. പഴയ സുഹൃത്ത് മിലൻ കുന്ദേരയെപ്പോലെ നൊബേൽ റോത്തിന്റെ വാതിൽക്കലും വന്നു മുട്ടിവിളിച്ചില്ല.
ഗുഡ്ബൈ കൊളംബസ് എന്ന ആദ്യ ചെറുകഥാ സമാഹാരത്തിലൂടെ തന്നെ വരവറിയിക്കാൻ ഇൗ എഴുത്തുകാരനായി. സ്വയം വെറുക്കുന്ന ജൂതൻ എന്ന വിമർശനം ഏറ്റുവാങ്ങാൻ മാത്രം ആധികാരികതയോടെ ജൂതസമൂഹത്തിന്റെ ജീവിതത്തെ അദ്ദേഹം എഴുതി. ഖസാക്കിന്റെ ഇതിഹാസം പുറത്തുവന്ന അതേ വർഷം പ്രസിദ്ധീകരിച്ച പോർട്നോയിസ് കംപ്ലയിന്റ് ആണ് റോത്തിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. അലക്സാണ്ടർ പോർട്നോയിയുടെ രതി സാഹസങ്ങൾ റോത്തിന് ഒരുപാടു വായനക്കാരെ നേടിക്കൊടുത്തു.
ക്ലെയർ ബ്ലൂമുമായുള്ള വിവാഹവും വേർപിരിയലുമെല്ലാം റോത്തിന്റെ എഴുത്തിലും ജീവിതത്തിലും വലിയ സ്വാധീനമായിരുന്നു. ഒടുവിൽ വെള്ളിവെളിച്ചത്തിൽ നിന്നു മാറി ഒരു ഫാം ഹൗസിൽ നീന്തിയും വായിച്ചും ഒരു അവധൂതനെപ്പോലെ റോത്ത് ജീവിച്ചു. ട്രംപിന്റെ അമേരിക്കയിൽ റോത്ത് അധികപ്പറ്റായിരുന്നു. ഒടുവിൽ അദ്ദേഹം വിടവാങ്ങുമ്പോൾ അമേരിക്കൻ നോവലിലെ ഒരു യുഗമാണ് അവസാനിക്കുന്നത്.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം