കിട്ടുന്ന ശമ്പളത്തിൽ നിന്ന് കാശെടുത്ത് പ്രസംഗിക്കാനിറങ്ങാൻ വയ്യെന്ന് മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന് സങ്കടത്തോടെ പറയേണ്ടി വന്നിരിക്കുന്നു. കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മയാണ് സാഹിത്യ–സാംസ്കാരിക പരിപാടികൾക്കു പോകുമ്പോൾ കീശകാലിയാകുന്നതിനെക്കുറിച്ച് പരിതപിച്ച് സമൂഹമാധ്യമത്തിൽ എഴുതിയത്.
ആദ്യമേ പറയാം– ഇതു പ്രഭാവർമ്മയുടെ മാത്രം പരാതിയല്ല. സാഹിത്യ–സാംസ്കാരിക പരിപാടികൾക്കു പ്രസംഗിക്കാൻ പോകുന്ന എല്ലാവർക്കും ഇങ്ങനെയൊരു പരാതിയുണ്ടാകും. പലരും തുറന്നു പറയാറില്ല. പ്രഭാവർമ്മ തുറന്നു പറഞ്ഞു എന്നു മാത്രം.
പെട്ടിക്കട ഉദ്ഘാടനത്തിനു വരെ സാംസ്കാരിക പരിപാടി വേണമെന്ന് കേരളത്തിൽ എഴുതപ്പെടാത്തൊരു നിയമമാണെന്നു തോന്നുന്നു. പെട്ടിക്കട, കോഴിക്കട, അറവുശാല എന്നുവേണ്ട ഉദ്ഘാടനം ഏതായാലും അതോടൊപ്പമൊരു സാംസ്കാരിക പരിപാടി വേണം. എന്നാലേ പ്രബുദ്ധതയുള്ള മലയാളി അവിടേക്കു തിരിഞ്ഞുനോക്കൂ.
സ്ഥാപനം ഉദ്ഘാടനത്തിന് രാഷ്ട്രീയക്കാരോ സിനിമക്കാരോ ഉണ്ടാകും. അതോടൊപ്പമുള്ള സാംസ്കാരിക പരിപാടികൾക്ക് സാഹിത്യ–സാംസ്കാരിക നായകൻമാർ വേണം. ആരെ കൊണ്ടുവരണമെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുന്ന ഉത്തരമാണ് എം.ടി. വാസുദേവൻനായർ. അദ്ദേഹത്തെ കിട്ടാൻ പ്രയാസമാണെന്നു കണ്ടാൽ ടി. പത്മനാഭൻ, എം.മുകുന്ദൻ, സുഗതകുമാരി, ആനന്ദ്, സച്ചിദാനന്ദൻ എന്നിങ്ങനെ അടുത്തപേരുകൾ വരും. കേരളത്തിൽ സാഹിത്യ–സാംസ്കാരിക നായകൻമാർക്ക് ഒട്ടും കുറവില്ലാത്തതിനാൽ ഒടുവിൽ ആരെയെങ്കിലും സംഘടിപ്പിക്കും.
ഫോണിൽ വിളിച്ച് വിനീതമായി അഭ്യർഥനയോടെയാണു തുടക്കം. നേരിട്ടു വരണമോ എന്നു ചോദിച്ചാൽ ഔചിത്യബോധമുള്ള സാഹിത്യ– സാംസ്കാരിക നായകർ പറയും വേണ്ട, ഞാനങ്ങു വന്നോളാം. ‘‘ ബാക്കിയെല്ലാം ഇവിടെ വന്നിട്ടു കാണാം’’ എന്നുപറഞ്ഞ് സംഘാടകർ ഫോൺ വയ്ക്കും.
പരിപാടിയുടെ തലേദിവസവും ഒന്നു വിളിച്ചോർമ്മിപ്പിക്കും. കിലോമീറ്റർ അകലെയുള്ള പരിപാടിക്ക് ടാക്സി വിളിച്ചായിരിക്കും പലരും പോകുക. ചെല്ലുമ്പോഴായിരിക്കും അവിടെ രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയുമൊക്കെ നിര കാണുക. അവർക്കിടയിൽ ഈ സാഹിത്യകാരനെ കാണാനോ ഗൗനിക്കാനോ സംഘാടകനു സമയം കിട്ടിയെന്നു വരില്ല. ഒടുവിൽ എല്ലാം കഴിഞ്ഞു പോകാൻ നേരം വന്ന ടാക്സിയുടെ പണം കിട്ടാനായി സാഹിത്യകാരൻ കാത്തുനിൽക്കണം. ഒരു കവർ കീശയിലിട്ട് നന്ദി പറഞ്ഞ് സംഘാടകൻ മറ്റു തിരക്കിലേക്കു പോകും. പിന്നെ മഷിയിട്ടാൽ കാണില്ല.
വഴിക്കു വച്ചു കവർ തുറന്നുനോക്കുമ്പോഴായിരിക്കും താൻ പറ്റിക്കപ്പെട്ട കാര്യം സാഹിത്യകാരൻ അറിയുന്നത്. കവറിൽ ഗാന്ധിചിത്രമുള്ള നോട്ട് ഒന്നുമാത്രം. ടാക്സിക്കാരനു ബാക്കി പണം കയ്യിൽ നിന്നെടുത്തുകൊടുക്കണം. അങ്ങനെ കയ്യിൽ നിന്നെടുത്തു കൊടുത്തതിനെക്കുറിച്ചാണു പ്രഭാവർമ്മ എഴുതിയത്.
പ്രസംഗിക്കാൻ അദ്ദേഹം പണം വാങ്ങാറില്ല. എന്നാല്‍ പോകുന്ന ടാക്സിയുടെ കൂലി വാങ്ങിക്കും. പല സംഘാടകരും കൊടുക്കുന്ന കവറിൽ ടാക്സിക്കൂലിയുടെ പകുതിപോലുമുണ്ടാകാറില്ലെന്നതാണു സത്യം. അങ്ങനെ ഒരു മാസത്തെ ശമ്പളത്തിൽ വലിയൊരു തുക പറ്റിക്കപ്പെട്ടു പോകും.
ഒടുവിൽ ഇനി തന്നെ ആരും വിളിക്കരുതെന്ന് സമൂഹമാധ്യമങ്ങൾ വഴി അദ്ദേഹത്തിന് അഭ്യർഥിക്കേണ്ടി വന്നു. പക്ഷേ, അടുത്ത ദിവസം തന്നെ അദ്ദേഹം നിലപാടു മാറ്റി. പ്രസംഗിക്കാൻ ഇനിയില്ലെന്നു പറഞ്ഞ അദ്ദേഹം കടുത്ത നിലപാടിൽ അയവു വരുത്തിയിട്ടുണ്ട്.
മലയാളത്തിലെ ഏതൊരു സാഹിത്യകാരനെ വിളിച്ചുചോദിച്ചാലും ഇങ്ങനെയൊരു അനുഭവം പറയാനുണ്ടാകും. പയ്യന്നൂർ മുതൽ വടകര വരെ ടാക്സി വിളിച്ചുപോയി കീശയിൽ നിന്നു പണം കൊടുക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സംഘാടകനെ വിളിച്ച് കടുത്ത ഭാഷയിൽ തന്നെ സംസാരിച്ചു. അടുത്ത ദിവസം പുലരുമ്പോൾ സി.വി. കണികണ്ടത് ഈ സംഘാടകനെയാണ്. ടാക്സിയുടെ മുഴുവൻ പണവും കൊടുത്താണ് അദ്ദേഹം സ്ഥലം വിട്ടത്.
ഇങ്ങനെ പറ്റിക്കപ്പെടുന്നതു പതിവായതോടെയാണ് കഥാകൃത്ത് ടി.പത്മനാഭൻ തന്റെ പ്രസംഗത്തിന് 8000 രൂപ വേണമെന്ന നിർദേശം വച്ചത്. ഈ തുക തരുന്നവർ പ്രസംഗിക്കാൻ വിളിച്ചാൽ മതിയെന്നു നിർബന്ധിച്ചു പറയും. സാഹിത്യകാരനും കുടുംബമുണ്ട്. അതുകൊണ്ടു തന്നെ പണച്ചെലവും. വെറുതെ പോയി പ്രസംഗിക്കുന്ന പരിപാടിയില്ലെന്ന് നിർബന്ധം പറഞ്ഞിട്ടും പറഞ്ഞ തുക കൊടുത്തു കൊണ്ടുപോകാൻ ധാരാളം പേരുണ്ട്.
പരിപാടിക്കു വിളിച്ച് കാലിക്കവർ നൽകിയ അനുഭവം നോവലിസ്റ്റ് എം.മുകുന്ദനുമുണ്ടായിട്ടുണ്ട്. പരാതി പറയുന്ന സ്വഭാവമില്ലാത്തതിനാൽ സംഘാടകനെ വിളിച്ച് ചീത്ത പറഞ്ഞില്ല. അത്തരക്കാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയാണ് ചെയ്യുന്നത്.
പ്രഭാവർമ്മയുടെ പാതയിൽ ഇനിയും പലരും പരാതിയുമായി വരും. അത് അനന്തകാലത്തോളം തുടരും.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം