Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് ഈ പുസ്തകം'

perumpadavam

ആത്മഹത്യാ മുനമ്പിൽ നിന്നെഴുതിയ ‘അഭയം’എന്ന നോവലാണു പെരുമ്പടവം ശ്രീധരനെ തിരുവനന്തപുരത്തുകാരനാക്കി  മാറ്റിയത്. അഭയത്തിന്റെ കയ്യെഴുത്തു പ്രതിയുമായി, പോക്കറ്റിൽ നയാപ്പൈസയില്ലാതെ ഭാര്യയെയും മകളെയും ചേർത്തു പിടിച്ചു നഗരത്തിലെത്തിയ  എഴുത്തുകാരന്റെ ജാതകം തന്നെ ഈ നോവൽ മാറ്റിത്തീർത്തു. 50–ാം വർഷത്തിലെത്തി നിൽക്കുന്ന ‘അഭയം’ തന്റെ ജീവിതത്തിനു തന്നെ അഭയമായി മാറിയ കഥ പെരുമ്പടവം പറയുന്നു.

തമലത്തെ വീട്ടിൽ 'അഭയം' ഹൃദയത്തോടു ചേർത്തു പിടിച്ചിരിക്കുമ്പോൾ  പെരുമ്പടവം ശ്രീധരന്റെ കണ്ണുകൾ നനഞ്ഞു. വാക്കുകൾ വിതുമ്പി. ‘ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് എന്നെ തിരികെയെത്തിച്ച പുസ്തകമാണിത്.   ഇതിന്റെ താളുകളിൽ എന്റെ കണ്ണീരുണ്ട്. നേരിട്ട അഗ്നിപരീക്ഷകളുടെ പൊള്ളലും കരുവാളിപ്പുമുണ്ട്. അഭയം ഇല്ലായിരുന്നുവെങ്കിൽ പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരൻ   ഭൂമിയിലുണ്ടാകുമായിരുന്നില്ല.

പുഴക്കരയിലെ മറക്കാത്ത ആ സന്ധ്യ

പല നദികളിൽ ഒഴുകിയിട്ടും ഒരു കടലിലും എത്തിച്ചേരാൻ കഴിയാതിരുന്ന ജീവിതമായിരുന്നു അതുവരെ. കാര്യമായ തൊഴിലോ വരുമാനമോ ഇല്ല. ഉള്ളുനോവാത്ത നേരമില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യങ്ങൾ നോക്കാൻ പോംവഴിയില്ല.  ആലോചിച്ചു ഭ്രാന്തുപിടിച്ചു. ജീവിച്ചിരിക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നു തോന്നി ആത്മഹത്യ ചെയ്യാനുറച്ചു. മൂവാറ്റുപുഴയിലെ ശിവൻകുന്നിലാണ് അന്നു താമസം. അവിടെ വിജനമായ ഒരു ക്ഷേത്രത്തിലിരുന്നാണ് അഭയം എഴുതിയിരുന്നത്. 

ഒരു ദിവസം സന്ധ്യയ്ക്കു മൂവാറ്റുപുഴയാറിലെ മണൽത്തിട്ടയിൽ മലർന്നുകിടന്നു. പുഴയിൽ ചാടിയാലോ എന്നാലോചിച്ചു. മരണചിന്ത കാടുകയറുന്നതിനിടയിൽ പുറകിൽ നിന്നും ആരോ പറയുന്നു, ‘പോയി ആ നോവലൊന്നു  മിനുക്കിയെഴുത്..!’

തിരിഞ്ഞുനോക്കി. ഒരു സ്ത്രീരൂപമാണ്.

‘പോയി എഴുതൂ’ അതാവർത്തിക്കുന്നു. 

ആ കാഴ്ച സത്യമോ മിഥ്യയോ എന്ന് ഇന്നുമറിയില്ല. അഭയത്തിലെ ഒരു കഥാപാത്രമായാണു തോന്നിയത്. ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിക്കുന്ന  കഥാപാത്രം. 

ഞാൻ ചോദിച്ചു, ‘എന്നോട് ആത്മഹത്യ ചെയ്യരുതെന്നു പറഞ്ഞ നിങ്ങളെന്തിനാണു മരണം വരിച്ചത്?’ 

സ്ത്രീരൂപം ഒന്നു കാതോർത്തതു പോലെ. 

ആയുസിന്റെ വൃക്ഷത്തിൽ നിന്നും എന്റെ പേരെഴുതിയ ഇല ഭൂമിയിൽ പതിച്ചുകഴിഞ്ഞു. എന്റെ ജീവിതം തീർന്നു. അതുകൊണ്ടാണു ഞാൻ മരിച്ചത്. പക്ഷേ, നിങ്ങളുടെ ജീവിതം ഇങ്ങനെ തീരേണ്ടതല്ല.’  ആന്തരികമായ ഒരുൾപ്രേരണയോടെ ഞാൻ വീട്ടിലേക്കു നടന്നു. കയ്യെഴുത്തുപ്രതിയെടുത്ത് അവസാനഭാഗത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു  . തിരുവനന്തപുരത്തേക്കു പോകണം, രക്ഷപ്പെട്ടേക്കും.. ആ നിമിഷം മനസ്സു പറഞ്ഞു. 

ലൈലയുടെ വിരൽസ്പർശമുള്ള നോവൽ 

‘കർമഭൂമി’ എന്ന പേരിൽ ജിപിഒയ്ക്ക് എതിർവശത്തു പ്രവർത്തിച്ചിരുന്ന പത്രത്തിൽ ജോലികിട്ടി. എം.ടി.അപ്പനെന്ന സ്നേഹനിധിയായ മനുഷ്യനായിരുന്നു പത്രാധിപർ. പത്രം നഷ്ടത്തിലായിരുന്നു. പത്രാധിപരുടെ കഷ്ടപ്പാടുകളുടെ കൂട്ടത്തിൽ ഞാനും കയറിപ്പറ്റി. തമലത്തു വാടകവീടെടുത്തു. ഭാര്യ ലൈലയുടേതു നല്ല കൈപ്പടയായിരുന്നു. അഭയം അവൾ പകർത്തിയെഴുതാൻ തുടങ്ങി. 

ഒരു ദിവസം ഒരു ഫിലിംവാരികയിലെ സുഹൃത്ത് കാണാനെത്തി. എഴുതിയതെന്തെങ്കിലുമുണ്ടെങ്കിൽ  അച്ചടിക്കാമെന്നും കുറച്ചുപണം നൽകാമെന്നും പറഞ്ഞു. ആ അവസ്ഥയിൽ അതു വലിയ സഹായമായിരുന്നു. പക്ഷേ, നോവൽ സിനിമാവാരികയ്ക്കു കൊടുക്കാൻ‍ ലൈല സമ്മതിച്ചില്ല. 

ആ സമ്മാനത്തിനു ലക്ഷങ്ങളുടെ വില

ആയിടെയാണു കേരളശബ്ദം വാരിക നോവൽ മൽസരം  നടത്തിയത്. ഞാനറിയാതെ ലൈല അഭയം മൽസരത്തിനയച്ചു. ഏതാണ്ട് ഒരു വർഷത്തിനു ശേഷം ഞാൻ വൈകിട്ടെത്തുമ്പോൾ അവൾ നല്ല സന്തോഷത്തിലാണ്. ഒരു കത്തെടുത്തു നീട്ടി. കേരളശബ്ദം പത്രാധിപർ കെ.എസ്.ചന്ദ്രന്റെ എഴുത്ത്. നോവൽ മൽസരത്തിൽ അഭയത്തിന് ഒന്നാംസമ്മാനം  1000 രൂപ സമ്മാനം. അന്നത്തെ ആയിരത്തിന് ഇപ്പോഴത്തെ ലക്ഷത്തിന്റെ വിലയുണ്ട്. സന്തോഷവും കരച്ചിലും അടക്കാനായില്ല. ലൈലയെ ചേർത്തുപിടിച്ച് കരഞ്ഞു.

സുൽത്താന്റെ കത്ത് 

നോവൽ കേരളശബ്ദത്തിന്റെ തന്നെ കുങ്കുമം വാരികയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചു.  ഒരുദിവസം വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കത്തുകിട്ടി. 

‘നിന്റെ നോവൽ ഞാൻ വായിക്കുന്നുണ്ട്, എന്റെ ഭാര്യയും വായിക്കുന്നുണ്ട്. പോരാത്തതിന് അയൽവക്കത്തെ സകലപെണ്ണുങ്ങളും വായിക്കുന്നുണ്ട്. എനിക്ക് ഒരു കോപ്പി പോരാ അഞ്ചു കോപ്പി വേണമെന്നു ഞാൻ കേരളശബ്ദം പത്രാധിപരോടു പറഞ്ഞിട്ടുണ്ട്. എല്ലാ പെണ്ണുങ്ങൾക്കും കൊടുക്കേണ്ടതല്ലേ.. ?!’

കുറ്റിപ്പുഴ കൃഷ്ണപിള്ള സാറിനും നോവലിഷ്ടമായി. എസ്പിസിഎസ് വഴി നോവൽ അച്ചടിക്കുന്നത് അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്.  

സിനിമയാക്കാൻ കാര്യാട്ട് 

ഒരു ദിവസം വീട്ടിലേക്കു നാലു പേർ കയറിവന്നു. ആദ്യംവന്ന രണ്ടുപേരെ അറിയാം. ജ്യേഷ്ഠ സഹോദരനെപ്പോലെ സ്നേഹിക്കുന്ന നോവലിസ്റ്റ് ജി.വിവേകാനന്ദൻ. അദ്ദേഹത്തിനു പിന്നിൽ നടൻ ശങ്കരാടി. മറ്റു രണ്ടുപേരെ പരിചയപ്പെടുത്തി. നിർമാതാവ് ശോഭന പരമേശ്വരൻ നായരും സംവിധായകരൻ രാമു കാര്യാട്ടും. 

അഭയം സിനിമയാക്കാൻ താൽപര്യപ്പെട്ട് എത്തിയതാണ്.  നോവൽ അച്ചടിച്ചുകാണുക എന്നതിനപ്പുറം സിനിമ എന്ന മോഹമൊന്നും എന്നിലുണ്ടായിരുന്നില്ല. ഏതായാലും അഭയം ചലച്ചിത്രമായി. എന്റെ ജീവിത്തതിന് ഒരു അർഥമുണ്ടായതുപോലെ.  ഒരു കരയിലുമടുക്കാതെ ഒഴുകിനടന്ന ജീവിതം ഇതാ ഒരു കടവിലടുക്കുന്നു.

‘അഭയം ജീവിതത്തിൽ കാലുറപ്പിച്ചു നിൽക്കാനുള്ള കരുത്തേകി. എഴുത്തുകാരനെന്ന ആത്മവിശ്വാസമുണ്ടാക്കി. തമലത്തെ വാടകവീടിനോടു ചേർ‍ന്നു സ്വന്തമായി ഒരു പാർപ്പിടമുണ്ടായി. മറ്റു മൂന്നു മക്കൾ കൂടി ജനിച്ചു. ഈ നഗരത്തിലായിരുന്നു എന്റെ എഴുത്തുജീവിതം. അര നൂറ്റാണ്ട് പോയതറിഞ്ഞില്ല.  

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം