ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താനാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയ നടി ഊര്‍മിള ഉണ്ണിയുടെ ‘അലസ’പ്രതികരണത്തിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഊര്‍മിളയെ വിമര്‍ശിച്ച് പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊര്‍മിള പഠിച്ചതാണോ അതോ തിരിച്ചാണോ എന്നാണ് എഴുത്തുകാരി എസ്.ശാരദക്കുട്ടി ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നത്. എന്തായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യ ലക്ഷ്മി അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം. ഊര്‍മിള ഉണ്ണിയെ ഊ.ഉണ്ണി എന്നാണ് ശാരദക്കുട്ടി സംബോധന ചെയ്തിരിക്കുന്നത്.
ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ.. ഏതായാലും ആ ആൺവീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്. അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു.