Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അദ്വാനിയുടെ രാമനല്ല ഗാന്ധിയുടെ രാമൻ'; മനോജ് കുറൂർ

മനോജ് കുറൂർ

രാമായണം ഉത്തരകാണ്ഡത്തിൽ 'പ്രക്ഷിപ്ത'മെന്ന നിലയിൽ അനാഥമായിക്കിടക്കുന്ന ഒരു കഥയുണ്ട്.

രാവണവധത്തിനു ശേഷം അയോധ്യയിൽ തിരിച്ചെത്തി രാമൻ ഭരണമേറ്റെടുത്തു. 'രാമരാജ്യ'ത്തിലെ ജനങ്ങളിൽ പരാതിക്കാർ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് ലക്ഷ്മണന്റെ ചുമതലയായിരുന്നു. ഒരിക്കൽ പതിവുപോലെ പുറത്തുപോയി തിരികെ വന്നശേഷം പരാതിക്കാർ ആരുമില്ല എന്നു ലക്ഷ്മണൻ രാമനെ അറിയിച്ചു. ഒന്നുകൂടി നോക്കിവരാനാണ് രാമൻ പറഞ്ഞത്. ലക്ഷ്മണൻ വീണ്ടും പുറത്തു ചെന്നപ്പോൾ ഒരു ശ്വാനൻ കരഞ്ഞുകൊണ്ടു നിൽക്കുന്നതാണു കണ്ടത്. ലക്ഷ്മണൻ ശ്വാനനോടു ചോദിച്ചു:

'നീ എന്തിനാണു കരയുന്നത്? രാജാവിനോട് എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ എന്റെ കൂടെ വരൂ.'

ശ്വാനൻ പറഞ്ഞു:

'നീചജാതിയിൽപ്പെട്ട എനിക്ക് അമ്പലങ്ങളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണ ഗൃഹങ്ങളിലും പ്രവേശനമില്ലല്ലൊ. അതുകൊണ്ട് അകത്തു വരാൻ കഴിയില്ല.'

ലക്ഷ്മണൻ രാമനോട് ഈ വിവരം പറഞ്ഞു. ശ്വാനനെ അടുത്തേക്കു കൊണ്ടുവരാൻ രാമൻ കൽപിച്ചു.

ശ്വാനൻ അകത്തുവന്നപ്പോൾ തലയിലും മറ്റും മുറിവുകൾ കണ്ട് എന്താണു കാര്യമെന്നു രാമൻ അന്വേഷിച്ചു.

'ബ്രാഹ്മണനായ ഒരു ഭിക്ഷു എന്നെ കഠിനമായി ഉപദ്രവിച്ചു. അങ്ങനെയാണു ഞാൻ ഈ നിലയിലായത്.' ശ്വാനൻ പറഞ്ഞു. ആ ബ്രാഹ്മണനെ രാമൻ വിളിച്ചു വരുത്തി എന്തിനാണ് ശ്വാനനെ ഉപദ്രവിച്ചത് എന്നു ചോദിച്ചു. 

'വിശന്നുവലഞ്ഞു ഭിക്ഷ യാചിക്കാൻ പുറപ്പെട്ടതാണു ഞാൻ. ഈ ശ്വാവു വഴി തടഞ്ഞു നിന്നപ്പോൾ ഞാൻ മാറാനാവശ്യപ്പെട്ടു. അതിനു സമ്മതിക്കാത്തപ്പോൾ ഞാൻ അടിച്ചു.'

ബ്രാഹ്മണൻ തെറ്റാണു ചെയ്തതെന്നു വിധിച്ച രാമൻ അയാൾക്ക് എന്തു ദണ്ഡനമാണു നൽകേണ്ടത് എന്നു മഹർഷിമാരടങ്ങിയ പണ്ഡിതന്മാരോടു ചോദിച്ചു. അവർ പ്രതികരിച്ചില്ല. ശിക്ഷ വിധിക്കാൻ രാമൻ ശ്വാവിനോടുതന്നെ ആവശ്യപ്പെട്ടു.

'ഈ ബ്രാഹ്മണനെ കാലഞ്ജരത്തിലെ കുലപതിയായി അയയ്ക്കണം.' ശ്വാനൻ ശിക്ഷ വിധിച്ചു.

രാമൻ അപ്രകാരം ചെയ്തു. ബ്രാഹ്മണൻ സന്തോഷത്തോടെ കാലഞ്ജരത്തിലേക്കു യാത്രയായി. 'ശിക്ഷയ്ക്കു പകരം അനുഗ്രഹമാണല്ലൊ അങ്ങു നല്കിയത്' എന്നായി മറ്റുള്ളവർ. കാരണമറിയുന്ന ശ്വാനനോടുതന്നെ ചോദിക്കാനാണു രാമൻ പറഞ്ഞത്. ശ്വാനൻ പറഞ്ഞു:

'ഞാൻ മുമ്പ് കാലഞ്ജരത്തിലെ കുലപതിയായിരുന്നു. ബ്രാഹ്മണരെയും ദേവന്മാരെയും സേവിച്ചു കാലം കഴിച്ചവനാണു ഞാൻ. എല്ലാവരുടെയും നന്മ ആഗ്രഹിച്ചു പ്രവർത്തിച്ചിട്ടും ഇന്ന് ഈ നിലയിലായി. ദേവസ്വവും ബ്രഹ്മസ്വവും ഗോധനവുമൊക്കെ നോക്കി നടത്തേണ്ടിവന്നാൽ ഈ ഗതിയാവും. ക്രൂരനായ ഈ ബ്രാഹ്മണൻ കുലപതിയായാൽ അയാളും അയാളുടെ തലമുറകളും നരകത്തിൽ പതിക്കും. അതാണ് അയാൾക്കുള്ള ശിക്ഷ.'

ശ്വാനൻ നീതി കിട്ടിയ ആശ്വാസത്തോടെ മടങ്ങിപ്പോയി.

പ്രചാരത്തിലുള്ള രാമായണപാഠങ്ങളിൽ ഈ കഥ പ്രക്ഷിപ്തമാണെങ്കിലും തുടർന്നു വരുന്ന ശംബൂകൻ എന്ന ശൂദ്രമുനിയുടെ കഥ പ്രധാനഭാഗത്തുതന്നെയുണ്ട്.. ഒരു ബ്രാഹ്മണന്റെ ശിശു മരിച്ചതിനു കാരണം ഒരു ശൂദ്രൻ തപസ്സു ചെയ്യുന്നതാണെന്നറിഞ്ഞ് അന്വേഷിച്ചു പുറപ്പെട്ട രാമൻ, ഉടലോടെ സ്വർഗ്ഗത്തിൽ പോയി ദേവപദം പ്രാപിക്കാൻ ആഗ്രഹിച്ചു തലകീഴായി തൂങ്ങിക്കിടന്നു തപസ്സു ചെയ്തിരുന്ന ശംബൂകനെ കണ്ടെത്തുകയും അയാളുടെ ശിരസ്സു ഛേദിച്ചു വധിക്കുകയും ചെയ്യുന്നതാണ് പ്രസിദ്ധമായ ആ കഥയുടെ പ്രമേയം.

പരസ്പരം പൊരുത്തപ്പെടാത്ത ധാർമ്മികസൂചനകളുള്ള കഥകളാണിവ. ശ്വാനകഥ ഒഴിവാക്കി ശംബൂകകഥ സ്വീകരിക്കുന്ന പാഠങ്ങൾക്കു പ്രചാരമുണ്ടായത് ബ്രാഹ്മണരുടെ മേല്ക്കോയ്മയുണ്ടായ ഒരു സാമൂഹിക വ്യവസ്ഥിതിയിലാണെന്നു വ്യക്തമാണല്ലൊ. രാമായണം ഉത്തരകാണ്ഡംതന്നെ വാല്മീകി എഴുതിയതല്ല എന്നൊരു വാദമുണ്ട്. ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള പൂർവഭാഗവുമായുള്ള വൈരുദ്ധ്യങ്ങളും രാമായണകാലത്തിനു ശേഷം ഉയർന്നു വന്ന തക്ഷശില തുടങ്ങിയ നഗരങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുമാണ് അതിനു കാരണമായി പറയുന്നത്. എന്നാൽ പൂർവഭാഗത്തുതന്നെ ഇത്തരം വൈരുദ്ധ്യങ്ങൾ കാണാം. ഒരുദാഹരണം:

രാജ്യമുപേക്ഷിച്ചു കാനനവാസത്തിനു പുറപ്പെടുന്നതിനു മുമ്പ് രാമൻ മറ്റുള്ളവരുടെ അഭിപ്രായം ആരായുന്നുണ്ട്. രാമൻ കാനനവാസത്തിനു പോകുന്നത് അബദ്ധമാണെന്നു ജാബാലി എന്ന മുനി അഭിപ്രായപ്പെടുന്നു. ബുദ്ധമതാനുയായിയാണു ജാബാലി എന്നുപറഞ്ഞാണ് രാമൻ ജാബാലിയുടെ ഉപദേശം തള്ളിക്കളയുന്നത്. അതായത് ഈ ഭാഗമനുസരിച്ചാണെങ്കിൽ ബുദ്ധന്റെ കാലത്തിനു ശേഷമാണ് രാമായണരചന എന്നു വരുമല്ലൊ.

പറഞ്ഞുവന്നത് ഇത്രേയുള്ളൂ. രാമായണകഥയുടെ പ്രധാനഭാഗങ്ങൾ ഒരു കവി എഴുതിയതാവാമെങ്കിലും അതിൽ നിരവധി കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. ഓരോ കാലത്തും പ്രബലമായ അധികാരവ്യവസ്ഥിതിയെ പിന്താങ്ങാനും ചിലപ്പോൾ അത്തരം അധികാരത്തെ പ്രതിരോധിക്കാനും വാല്മീകി രാമായണം എന്ന ഒറ്റ കൃതിതന്നെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വാല്മീകി രാമായണത്തിനുതന്നെ പല പാഠങ്ങളുണ്ട്. കൂടാതെ പല നാടുകളിലായി നൂറുകണക്കിനു രാമായണപാഠങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിനു കാരണമായ വിവിധ രാമായണങ്ങളിൽത്തന്നെ വൈവിധ്യങ്ങളുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമെന്ന നിലയിൽ രാവണന്റെ സീതാമോഷണം പോലും നേരത്തെയറിഞ്ഞ് മുൻകരുതലെടുക്കുന്ന കമ്പരുടെ രാമനും രാമനാൽ വധിക്കപ്പെട്ടു മോക്ഷം കിട്ടാൻ കൊതിക്കുന്ന എഴുത്തച്ഛന്റെ രാവണനുമൊക്കെ ഈ കാലത്തു സംഭവിക്കുന്നു. പില്ക്കാലത്താണെങ്കിലും സംഗീതകാരനായ ത്യാഗരാജന്റെ രാമനല്ല ഗാന്ധിയുടെ രാമൻ. ആ രാമനല്ല അദ്വാനിയുടെ രാമൻ. ഓരോ കാലത്തും ഓരോ ആവശ്യത്തിനനുസരിച്ച് രാമകഥ പുനർവായനയ്ക്കു വിധേയമാകുന്നു.

പല കാലങ്ങളിൽ ജീവിക്കുന്ന രാമൻ. പല കാലങ്ങളിൽ ജീവിക്കുന്ന കവി. കൃതിയെയും കവിയെയും കാലത്തെയും പിന്തുടർന്നാൽ നാം എത്തിച്ചേരുന്നത് ഒരു വലിയ രാവണൻകോട്ടയിലാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം