സിനിമ പോലെ തന്നെ ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് പത്തനംതിട്ട സ്വദേശി ലാജോ ജോസ് എന്ന യുവാവിന്റെ കഥ. ഓർമവച്ച കാലം മുതല്‍ക്ക് ലാജോയുടെ മനസ്സു നിറയെ സിനിമയായിരുന്നു. എന്നാല്‍ കക്ഷി ഒരിക്കലുമൊരു അഭിനയമോഹിയായിരുന്നില്ല. ലാജോ എന്നും വിഹരിച്ചിരുന്നത് അക്ഷരങ്ങളുടെ ലോകത്തായിരുന്നു. ചെറുപ്പം മുതല്‍ക്ക് നല്ല വായനാശീലവും ഭാവനയും എഴുത്തും ഒക്കെയുണ്ടായിരുന്ന ലാജോ സിനിമയില്‍ ഒരു തിരക്കഥാകൃത്ത് ആകുവാനാണ് ആഗ്രഹിച്ചത്.
മനസ്സ് നിറയെ സിനിമയും തിരക്കഥയും എഴുത്തുമൊക്കെയാണ് എന്നു കരുതി ചതിക്കാത്ത ചന്തു സിനിമയിലെ ചന്തുവായി ആരും ലാജോയെ കാണണ്ട, താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ലാജോയ്ക്ക് ഉണ്ടായിരുന്നു. തിരക്കഥ രചനയുടെ ഭാഗമായി നിരവധി ചെറുകഥകള്‍ ലാജോ എഴുതി. അവയെ പതിയെ തിരക്കഥ രൂപത്തിലേക്ക് മാറ്റി.
തന്റെ എഴുത്തു മോഹങ്ങള്‍ക്ക് ബാങ്കിലെ ജോലി ഒരു തടസ്സമാകുമെന്നു മനസിലാക്കിയ ലാജോ, എച്ച്ഡിഎഫ്‌സി ബാങ്കിലെ റീജിണല്‍ മാനേജര്‍ എന്ന തസ്തികയില്‍ നിന്നും സന്തോഷത്തോടെ രാജി വച്ച് ഒരു മുഴുവന്‍ സമയ എഴുത്തുകാരന്‍ എന്ന നിലയിലേക്ക് മാറി. ഇതിനിടയില്‍ മെഗാപിക്‌സല്‍സ്, ബീച്ച് തുടങ്ങിയ രണ്ടു ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കക്ഷി തിരക്കഥ എഴുതുകയും ചെയ്തു.
ജോലി രാജി വച്ചതോടെ ഏത് വിധേനയും സിനിമക്കായി തിരക്കഥ ചെയ്യുക എന്നത് ലാജോയുടെ നിലനില്‍പ്പിന്റെ ഭാഗമായി വന്നു. എന്നാല്‍ മികച്ച ഒരു തിരക്കഥ കയ്യില്‍ ഇരുന്നിട്ടും സംവിധായകരുമായി നേരിട്ടു കണ്ട് കഥ പറയാനാവാതെ ലാജോ ഏറെ വിഷമിച്ചു. തുടക്കക്കാരനായ ഒരു തിരക്കഥാകൃത്തിനു നേരിടേണ്ടി വന്ന ദുരിതങ്ങളുടെ ഭാഗമായായിരുന്നു അവയെല്ലാം. 2012 മുതല്‍ ഈ രംഗത്ത് സജീവമായിരുന്നു എങ്കിലും ചാന്‍സ് തേടി നടന്ന് കക്ഷി ഒരു വഴിയായി.
എന്നാല്‍ അതുകൊണ്ടൊന്നും എഴുത്ത് എന്ന ഇഷ്ടകലയോട് ഗുഡ് ബൈ പറയാന്‍ ലാജോ തയാറല്ലായിരുന്നു. വിഷാദം ബാധിച്ച നാളുകളിലൂടെ കടന്നു പോകേണ്ട അവസ്ഥയുണ്ടായിട്ടും ലാജോ പിടിച്ചു നിന്നു. ഏത് വിധേനയും തന്റെ ക്രിയാത്മകത വായനക്കാരിലേക്ക് എത്തിക്കാന്‍ തന്നെയായിരുന്നു ഈ യുവാവിന്റെ തീരുമാനം. അങ്ങനെ, താന്‍ സിനിമയുടെ തിരക്കഥക്കായി തയാറാക്കിയ സ്‌ക്രിപ്റ്റിനെ ഒരു നോവല്‍ ആക്കി മാറ്റുകയായിരുന്നു അദ്ദേഹം.
കുറ്റാന്വേഷണ കഥ പറയുന്ന 'കോഫി ഹൗസ്'
ഒരു സിനിമയ്ക്കായി താന്‍ തയാറാക്കി വച്ച എല്ലാ ചേരുവകളും തന്റെ ആദ്യ നോവലില്‍ താന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന് ലാജോ ജോസ് പറയുന്നു.
എസ്തര്‍ ഇമ്മാനുവല്‍ എന്ന മാധ്യമപ്രവര്‍ത്തകയുടെ ഇടപെടലിലൂടെ കേരളത്തെ നടുക്കിയ കോഫീ ഹൗസ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നതാണ് ഈ മിസ്റ്ററി നോവലിന്റെ ഉള്ളടക്കം. ഒപ്പം സുഹൃത്തായ അപര്‍ണയുമുണ്ട്.
ഒരു രാത്രി നഗരത്തിലെ ഒരു കോഫീ ഹൗസില്‍ ദുരൂഹമായ 5 കൊലപാതകങ്ങള്‍ നടക്കുന്നു. 3 പുരുഷന്‍മാരും 2 സ്ത്രീകളും. അതിലൊരാളായ ജിനു എന്ന സാധു പെണ്‍കുട്ടിയുടെ കൊലപാതകം വളരെ മൃഗീയവും പൈശാചികവുമായിരുന്നു. ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെ രഹസ്യം തേടിയിറങ്ങുകയാണ് എസ്തര്‍. എസ്തര്‍ നേതൃത്വം കൊടുക്കുന്ന സാമൂഹ്യസംഘടനയുടെ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ഈ കൊലപാതകങ്ങളിലേക്ക് ജനശ്രദ്ധയും മാധ്യമശ്രദ്ധയും ആകര്‍ഷിക്കുന്നു.
തെളിവുകളും സാക്ഷിമൊഴികളും ചൂണ്ടിക്കാട്ടി ബെഞ്ചമിന്‍ എന്ന ഒരു മെക്കാനിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അയാള്‍ക്ക് അര്‍ഹമായ വധശിക്ഷ നല്‍കുകയും ചെയ്തു. മേല്‍ക്കോടതികളും ദയാഹര്‍ജിയും ഈ തീരുമാനം ശരി വച്ചു. എന്നാല്‍ താന്‍ കൊലപാതകിയല്ല എന്ന ബെഞ്ചമിന്റെ വാക്കുകളും ഒപ്പം സുഹൃത്തായ അപര്‍ണയുടെ സ്വാധീനവും കൂടി ചേര്‍ന്ന് എസ്തര്‍ യാഥാര്‍ഥ്യം തേടി പുറപ്പെടുന്നതാണ് കഥാതന്തു.
കൊല്ലപ്പെട്ട ആള്‍ക്കാരുടെ ജീവിതത്തിലൂടെ അവര്‍ നടന്ന പാതകളിലൂടെ ഒരു തിരിച്ചു പോക്ക് നടത്തുകയാണ് എസ്തര്‍. കോട്ടയം. പാലാ, കുമളി എന്നീ സ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. യാഥാര്‍ഥ്യത്തോട് തൊട്ടു നില്‍ക്കുന്ന ഈ നോവല്‍ പൊലീസ് നടപടികള്‍, നിയമ വ്യവസ്ഥ, ഫോറന്‍സിക് രീതികള്‍ എന്നിവയിലൂന്നിയുള്ള അന്വേഷണം രാഷ്ട്രീയം, വര്‍ണ്ണവിവേചനം എന്നീ കരിങ്കല്‍ പ്രതിമകളുടെ അടിത്തറകളെ കുലുക്കുന്നു.
സ്വയം പ്രചോദനം ഉള്‍ക്കൊണ്ട് ലാജോ
തന്റെ ആഗ്രഹം സിനിമയില്‍ തിരക്കഥ ചെയ്യണം എന്നായിരുന്നു എങ്കിലും തന്റെ ആദ്യ നോവല്‍ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കഥ രംഗത്തേക്കുള്ള തിരിച്ചു വരവിന് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചിരിക്കുകയാണ് എന്ന് ലാജോ ജോസ് പറയുന്നു. ഇപ്പോള്‍ വീണ്ടും തിരക്കഥ രചനയില്‍ സജീവമാണ് ലാജോ. ഗ്രീന്‍ ബുക്‌സ് ആണ് കോഫി ഹൗസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം