ജീവിതത്തിലെ ചില കണ്ടുമുട്ടലുകൾ നാളയിലേക്ക് എന്തെങ്കിലും ബാക്കിവെയ്ക്കാറുണ്ട്. അങ്ങനെ എത്രയെത്ര ഓർമകൾ കാലം ഓരോരുത്തരുടെ ഉള്ളിലും കോറിയിട്ടിട്ടുണ്ടാവണം. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. വിദ്യാഭ്യാസകാലത്ത് തന്നെ സ്വാധീനിച്ച അധ്യാപകനെ കാലങ്ങൾക്കുശേഷം അവിചാരിതമായി കണ്ടുമുട്ടിയ സന്ദർഭം എഴുത്തുകാരൻ വിവരിക്കുന്നതിങ്ങനെ–
അവിചാരിത സംഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം. പത്തനംതിട്ട 'പ്രതിഭ' കോളജിൽ ഇന്ന് മെറിറ്റ് അവാർഡുകൾ സമ്മാനിക്കാൻ പോയപ്പോൾ പ്രിൻസിപ്പലായ എസ്.പി. നായർ സാറിനോ മറ്റ് അധ്യാപകർക്കോ അറിയാത്ത ഒരു രഹസ്യം എനിക്കവിടെ പങ്കുവയ്ക്കാനുണ്ടായിരുന്നു. എന്റെ പ്രിഡിഗ്രി കാലത്ത് ഞാൻ ആ കോളജിൽ രണ്ടു വർഷം ട്യൂഷൻ പഠിച്ചിട്ടുണ്ട് എന്നതായിരുന്നു ആ രഹസ്യം. എസ്.പി. നായർ സാറിന്റെ അത്യുജ്ജ്വലമായ ക്ലാസുകൾ എനിക്കൊരിക്കലും മറക്കാവുന്നതായിരുന്നില്ല. വേണ്ടവണ്ണം ഇംഗ്ലീഷ് വായിക്കാൻ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.
എന്റെ പ്രസംഗത്തിനിടെ അക്കാലത്തെ ഓർമകൾ പങ്കുവയ്ക്കുമ്പോഴാണ് അവർ അതറിയുന്നത്. അങ്ങനെ ഓർത്തുവയ്ക്കാൻ തക്കവണ്ണം പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ വിദ്യാർഥി മാത്രമായിരുന്നു ഞാൻ. ഈ ദിവസത്തിന്റെ അദ്ഭുതം അവിടെ ആയിരുന്നില്ല. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിൽ – ഈ വാതിൽ ഒരു ദിവസം നിനക്ക് വേണ്ടിയും തുറക്കപ്പെടും - എന്നൊരു തല വാചകമുണ്ട്. മാന്തളിർ കുഞ്ഞൂഞ്ഞ് രണ്ടാമൻ എന്ന കഥാപാത്രം വിശ്വാസത്തിലേക്ക് തിരിയാൻ കാരണമാകുന്നത് സ്വന്തം ഇടവകയിലെ ശവമഞ്ചത്തിൽ അങ്ങനെയൊരു വാചകം കാണുമ്പോഴാണ്.
മുപ്പത് വർഷം മുൻപ് പ്രതിഭയിലെ എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മാത്യൂസ് സാർ തന്റെ സ്വന്തം അനുഭവം ക്ലാസിൽ വിവരിച്ചതിലൂടെയാണ് ഈ വാചകവും കഥാസന്ദർഭവും എനിക്ക് വീണു കിട്ടുന്നത്. ഇക്കാലമത്രയും ആ അധ്യാപകനും ആ അനുഭവവും എന്റെ കൂടെയുണ്ടായിരുന്നു.
ഇന്നത്തെ പ്രസംഗത്തിനിടയിൽ 'മഞ്ഞിനിക്കരക്കാരൻ ഒരു മാത്യൂസ് സാർ' ഇവിടെ പഠിപ്പിച്ചിരുന്നത് ആരെങ്കിലും ഓർക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതുവരെ എന്റെ തൊട്ടടുത്തിരുന്ന 'നരച്ച മനുഷ്യൻ' ചാടി എഴുന്നേറ്റ് കൈകൂപ്പിക്കൊണ്ട് ആ മാത്യൂസ് ഞാനാണ് എന്നു പറഞ്ഞു. ശരിക്കും ഞാൻ തകർന്നുപോയി.
മുപ്പതു വർഷം കൊണ്ട് അദ്ദേഹം ഏറെ മാറിപ്പോയെങ്കിലും അത്രനേരം എന്റെ അടുത്തിരുന്നത് മാത്യൂസ് സാർ ആണെന്ന് തിരിച്ചറിയാൻ എനിക്കായില്ലല്ലോ. എത്രയോ കാലമായി ഈ അധ്യാപകനെ ഒന്ന് നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാ സാറിന്റെ വാചകങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടെഴുതിയ പുസ്തകം എന്നു പറഞ്ഞുകൊണ്ട് മാന്തളിരിന്റെ ഒരു കോപ്പി സമ്മാനിക്കണം എന്ന് ആഗ്രഹിക്കുന്നു.
അദ്ദേഹം എന്നേ പ്രതിഭ കോളജ് ഒക്കെ വിട്ടുപോയിക്കാണും എന്നായിരുന്നു എന്റെ വിചാരം. അതുകൊണ്ടു തന്നെ തികച്ചും നാടകീയമായ ആ കണ്ടുമുട്ടൽ എന്നെ ശരിക്കും പിടിച്ചുലച്ചുകളഞ്ഞു. ആ വേദിയിൽ നിന്ന് ഞാൻ വിതുമ്പിപ്പോയി. മാത്യൂസ് സാറും കരഞ്ഞു. തുടർന്ന് ഏറെ നേരത്തേക്ക് സംസാരിക്കാൻ എനിക്ക് കഴിഞ്ഞതേയില്ല.
ഇങ്ങനെ ഒരു കണ്ടുമുട്ടലിനു വേണ്ടിയായിരുന്നു ഞാനിന്ന് അവിടെ പോയത് എന്ന് തോന്നിപ്പോകുന്നു. അവിചാരിത സംഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്ന് ഈ ദിവസം ഒരിക്കൽ കൂടി എന്നെ ഓർമിപ്പിക്കുന്നു. മാത്യൂസ് സാർ പിന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞതും അതുതന്നെ.
Expect the least expected in the least expected time..!!
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം