Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അശ്ലീല പരാമർശങ്ങളുള്ളതിനാൽ കുട്ടികൾ വായിക്കരുത്'

haruki-murakami

ലോകപ്രശസ്ത ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമിയുടെ പുതിയ നോവലിന് അപ്രതീക്ഷിത പുറംചട്ട. അമിതമായ അശ്ലീല പരാമർശങ്ങളുള്ളതിനാൽ കുട്ടികൾ വായിക്കരുതെന്നും 18 വയസ്സിനു മുകളിലുള്ളവർ മാത്രമേ വായിക്കാവു എന്നും മുന്നറിയിപ്പു പതിച്ച പുറംചട്ടയോടു കൂടി മാത്രമേ ‘കില്ലിങ് കുമ്മന്തത്തോരെ’ എന്ന നോവൽ വിൽക്കാവു എന്നാണു നിർദേശം. ചൈനീസ് ഭാഷയിലുള്ള നോവലിന്റെ പതിപ്പ് പരിശോധിച്ച ഹോങ്കോങ്സ് ഒബ്സീൻ ആർട്ടിക്കിൾസ് ട്രൈബ്യൂണൽ ഹോങ്കോങ്ങിലെ പുസ്തകോൽസവത്തിൽ നോവൽ പ്രദർശിപ്പിക്കുന്നതും വിലക്കി. 

ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ലോകപ്രശസ്തനായ എഴുത്തുകാരനും വിലക്കു നേരിടുന്നത്. നൊബേൽ സമ്മാനം ലഭിക്കാൻ പലതവണ സാധ്യത കൽപിക്കപ്പെട്ട എഴുത്തുകാരനാണ് മലയാളത്തിലും ഒട്ടേറെ വായനക്കാരുള്ള ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമി. ഇൻഡീസന്റ്–ക്ളാസ് 2 എന്ന വിഭാഗത്തിലാണ് ഹോങ്കോങ്ങിൽ നോവൽ‌ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിലക്കു പ്രാബല്യത്തിൽവന്നതിനെത്തുടർന്ന് പുസ്തകശാലകളിൽ നിന്നു നോവൽ നീക്കം ചെയ്തു. വായനശാലകളിലും ഉള്ളടക്കത്തെക്കുറിച്ചുള്ള മുന്നറിയിപ്പോടുകൂടി മാത്രമെ പുസ്തകം ലഭ്യമാക്കാവൂ. 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രമേ വായിക്കാൻ കൊടുക്കൂ എന്ന നിബന്ധനയും പാലിക്കണം.

കഴിഞ്ഞവർഷം ജപ്പാനിൽ പ്രസിദ്ധീകരിച്ചപ്പോൾ അർധരാത്രിയിലും പുസ്തകക്കടകൾക്കുമുമ്പിൽ നീണ്ട വരിനിന്നാണ് മുറകാമിയുടെ വിവാദ നോവൽ വായനക്കാർ  സ്വന്തമാക്കിയത്. സെപ്റ്റംബറിൽ ബ്രിട്ടനിൽ നോവൽ പുറത്തിറങ്ങും. ഹാർവിൽ സെക്കറാണ് ഇംഗ്ലിഷ് പതിപ്പിന്റെ പ്രസാധകർ. 

ഹോങ്കോങ്ങിൽ മുറകാമിയുടെ നോവൽ വിലക്കിയ സംഭവത്തിനെതിരെ പ്രതിഷേധവും ചൂടുപിടിക്കുകയാണ്. ഹോങ്കോങ്ങിനെ ലോകത്തെ ഏറ്റവും യാഥാസ്ഥിതിക നഗരമാക്കുന്നതാണ് നടപടിയെന്നും രാജ്യത്തെ ജനങ്ങൾക്കാകെ നാണക്കേടാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രണ്ടായിരം പേർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചു. ട്രാൻസ്ജെൻഡർ ഉള്ളടക്കമുള്ള പുസ്തകങ്ങൾക്കും ഹോങ്കോങ്ങിലെ വായനശാലകളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ട്. മുതിർന്നവർക്ക് ആവശ്യപ്രകാരം മാത്രമേ ഇത്തരം പുസ്തകം ലഭ്യമാക്കാറുള്ളൂ. രണ്ട് ആൺ പെൻഗ്വിനുകൾ പ്രണയത്തിലാകുന്നതും ഒരു കുട്ടിയെ ദത്തെടുക്കുന്നതുമായ കഥ പറയുന്ന പുരസ്കാരത്തിനർഹമായ ചിത്രകഥാ പുസ്തകത്തിനുപോലും വിലക്കു ബാധകമാണ്. വിലക്കു നേരിടുന്ന പുസ്തകങ്ങൾപോലും പുസ്തകോൽസവങ്ങളിൽ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യറുണ്ട്. അതുകൊണ്ടുതന്നെ ഹോങ്കോങ്ങിലെ ട്രൈബ്യൂണലിന്റെ നടപടി എഴുത്തുകാരെയും പ്രസാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. 

ചൈന ടൈംസ് പബ്ളിഷിങ് എന്ന തായ്‍വാൻ പ്രസിധീകരണശാലയാണ് മുറകാമിയുടെ നോവൽ പ്രസിദ്ധീകരിച്ചത്. പ്രണയത്തിലൂടെയും ഏകാന്തതയിലൂടെയുമുള്ള ഐതിഹാസികമായ യാത്രയെന്നാണ് നോവൽ വിശേഷിപ്പിക്കപ്പെടുന്നത്. മുറകാമിയുടെ നോവലിൽ ഉള്ളതിനേക്കാൾ കൂടുതൽ അശ്ളീല പരാമർശങ്ങളുള്ള പുസ്തകങ്ങൾ ലോകമെങ്ങും സർവകലാശാലകളിലുൾപ്പെടെ പാഠപുസ്തകമായിരിക്കെയാണ് വിലക്കും നിരോധനവും. 

‘കാഫ്ക ഓൺ ദ് ഷോർ’ ഉൾപ്പെടെയുള്ള മുറകാമി പുസ്തകങ്ങൾക്കു ലോകവ്യാപകമായി വായനക്കാരുണ്ട്. പൂച്ചകളെയും മറ്റു ജീവജാലങ്ങളെയും കഥാപാത്രങ്ങളാക്കിയും സ്വപ്നസന്നിഭമായ അന്തരീക്ഷം സൃഷ്ടിച്ചും രസകരമായി കഥ പറയുന്ന മുറകാമി ജീവിച്ചിരിക്കുന്ന ഏറ്റവും മഹാൻമാരായ എഴുത്തുകാരിൽ ഒരാളായാണു വാഴ്ത്തപ്പെടുന്നത്. ബന്ധങ്ങളെ മറയില്ലാതെയും ആഴത്തിലും സ്വാഭവികമായും ചിത്രീകരിക്കുന്നതും മുറകാമിയുടെ സവിശേഷതയാണ്. സെപ്റ്റംബറോടെ മലയാളി വായനക്കാർക്കും കില്ലിങ് കുമ്മന്തത്തോരെയുടെ ഇംഗ്ളിഷ് പതിപ്പ് ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.