കർക്കിടകമാസത്തിലെ തിരുവോണത്തിന് കിട്ടാവുന്ന പൂക്കളൊക്കെച്ചേർത്തു വലിയൊരു പൂക്കളംതന്നെ ഒരുക്കുന്നതിനിടയിലാണ് അയൽപക്കത്തെ ഒരു കാരണവർ ചട്ടം പഠിപ്പിക്കാൻ വന്നത്. പിള്ളേരോണത്തിനു വലിയ പൂക്കളമിടില്ല പോലും! ചാണകം മെഴുകിയ ഇത്തിരിവട്ടത്തിൽ തുമ്പപ്പൂവു നടുക്കുവച്ച് തുളസിപ്പൂവ് ഒരുചുറ്റു നിരത്തിയാൽ മതി പോലും! എന്നാലോ? ചാണകപ്പച്ച പോലും മറയില്ല. തുമ്പപ്പൂവിലും തരിതരിയായി പറ്റിയിരിക്കും അതിന്റെ ചെളിനിറം. പിള്ളേരുടെ ഓണം ആഘോഷിക്കാൻ പിള്ളേർക്കറിയാം. വലിയവർ അതിലും ഇടപെട്ടാൽ എന്തുചെയ്യും? തർക്കുത്തരം ജന്മാവകാശമായി കിട്ടിയ ദിവസമാണ്. കാർന്നോമ്മാർക്കു കണ്ടുനിന്നാൽ പോരേ? ഇങ്ങനെയായാൽ ഞങ്ങളും പറഞ്ഞുപോവില്ലേ?
പക്ഷേ കാരണവർ വിടുന്ന മട്ടില്ല:
'ചിങ്ങത്തിലെ അത്തം മുതല്ക്കേ വലിയ പൂക്കളമിടുള്ളു, പിള്ളേരേ. അതുവരെ തുമ്പയും തുളസിയും മാത്രം. ഇപ്പൊഴേ വലിയ പൂക്കളമിട്ടാൽ അത്തംമുതൽ എന്തു ചെയ്യും? ഉത്രാടത്തിനാണു വലിയ പൂക്കളം. ഈ മട്ടിലാണെങ്കിൽ അന്നത്തേക്കു പൂക്കൾ പോലും തീരില്ലേ? പറഞ്ഞാൽ കേൾക്കില്ലെങ്കിൽ എന്തുചെയ്യും?'
സംഗതി ശരിയാണെന്നു തോന്നിയെങ്കിലും പുറത്തു കാണിക്കാൻ പറ്റില്ലല്ലൊ. ഏതായാലും ഇന്നത്തെ പൂക്കളം ഇങ്ങനെതന്നെയിരിക്കട്ടെ എന്നു ഞങ്ങളും കരുതി. കുട്ടികൾക്കു മുതിർന്നവർക്കൊപ്പം പരിഗണന കിട്ടുന്ന ദിവസമാണു പിള്ളേരോണം എന്നൊക്കെ ഇവർതന്നെ പറയും. എന്നിട്ട് എല്ലാറ്റിലും ഇടപെടുകയും ചെയ്യും! 'പണ്ടത്തെ കുട്ടികളുടേതായിരുന്നു ശരിക്കുള്ള ഓണം, ഇപ്പോഴെല്ലാം കാട്ടിക്കൂട്ടലാണ്' എന്നുകൂടി പറയുമ്പോഴാണ് ശരിക്കും ദേഷ്യം വരുന്നത്. അനീതിയാണ്. എന്നാലും ഇനി മറുപടി പറയാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. തർക്കുത്തരത്തിനുള്ള ശിക്ഷയുടെ കാര്യം വരുമ്പോൾ ഇവരൊക്കെ പിള്ളേരോണത്തിന്റെ ഔദാര്യം മറന്നാലോ?
ഇങ്ങനെ ചില പിള്ളേരോണങ്ങൾ ഞങ്ങളും ആഘോഷിച്ചിട്ടുണ്ട്. പണ്ടു പൊലിപ്പാട്ടും ആർപ്പുവിളിയുമൊക്കെ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. ഉച്ചയ്ക്ക് തരക്കേടില്ലാത്ത ഒരു സദ്യയും ഉണ്ടായിരുന്നു. എങ്കിലും എങ്ങനെയാണ് ഈ ആഘോഷത്തിന്റെ തുടക്കമെന്നോ എന്താണതിന്റെ പൊരുളെന്നോ അന്നൊന്നും അറിയുമായിരുന്നില്ല. ഇപ്പോഴും കൃത്യമായൊരുത്തരം സാധ്യവുമല്ല. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു ചിലർ. പക്ഷേ അതിനു വലിയ യുക്തിയില്ല. ആചാരം നോക്കിയാൽ തിരുവോണത്തിനുമുണ്ടല്ലൊ വാമനമൂർത്തിയായ തൃക്കാക്കരയപ്പനു സ്ഥാനം. ചിങ്ങത്തിലെ വലിയ ഓണത്തിനു മുന്നോടിയായുള്ള ചെറിയ ഓണമാണെന്നു വേറേ ചിലർ. അങ്ങനെയാലോചിക്കുന്നതിൽ ഒരു ഭംഗിയുണ്ട്. മിക്ക കലകൾക്കുമുണ്ടല്ലൊ, തുടങ്ങുംമുമ്പുതന്നെയുള്ള ഒരു കൊട്ടിയറിയിക്കൽ. പിള്ളേരോണത്തിന്റെ ചെറിയ പൂക്കളം അത്തരമൊരു കാഴ്ചയൊരുക്കലാവാം. പണ്ട് ഒമ്പതാം നൂറ്റാണ്ടു മുതലുള്ള പെരുമാൾവാഴ്ച്ചക്കാലത്തു തൃക്കാക്കരയിലെ ഉത്സവം കർക്കിടകത്തിലെ ഓണത്തിനു തുടങ്ങി ചിങ്ങത്തിലെ ഓണത്തിന് അവസാനിക്കുകയായിരുന്നുവെന്നും അതിന്റെ തുടക്കമാണു പിള്ളേരോണമെന്നും മറ്റൊരഭിപ്രായവുമുണ്ട്. അത്തം മുതല്ക്കായിരുന്നത്രേ അന്നു വലിയ ഉത്സവം. അന്നത്തെ ഭക്തിപ്രസ്ഥാനകാലത്തുതന്നെ നമ്മാഴ്വാർ എന്ന കവി തൃക്കാക്കരയെപ്പറ്റി പാടിയിട്ടുമുണ്ട്. എന്തായാലും 'അത്തച്ചമയം' പോലുള്ള ആഘോഷങ്ങളും ഈ തൃക്കാക്കരയുത്സവത്തെ ഓർമ്മിപ്പിക്കുന്നു.
ഇതൊക്കെ പുകഴ്പെറ്റ കഥകൾ. പക്ഷേ ഓണം അതിലും പഴയതാണല്ലൊ. പഴന്തമിഴ് കാലത്ത് ഇടയരുടെ ദേവനായ മായോന്റെ തിരുനാളായും ബുദ്ധനു ജ്ഞാനോദയം സിദ്ധിച്ച നാളായും ചേരമാൻ പെരുമാൾ മക്കയിൽ പോയ നാളായുമൊക്കെ ഓരോരുത്തരും അവരവരുടെ മട്ടിൽ കൊണ്ടാടാൻ കാരണങ്ങൾ കണ്ടെത്തിയ വിശേഷദിവസമാണല്ലൊ അത്. കർഷകർക്ക് അതു വിളവെടുപ്പുത്സവമാണ്; കുട്ടികൾക്കാവട്ടെ കളികളുടെ ഉത്സവവും. തലപ്പന്തും കിളിത്തട്ടും കുട്ടിയും കോലും ഊഞ്ഞാലാട്ടവുമൊക്കെ ചെറുപ്പത്തിൽ ഞങ്ങൾക്കുമുണ്ടായിരുന്നു. പിള്ളേരോണം അതിന്റെ തുടക്കം. കർക്കിടകത്തിലെ മഴമാറിനിന്ന് വെയിൽ തെളിയുന്ന ദിവസങ്ങളിലൊന്നാണതെന്നും പഴമക്കാർ പറയും. തമിഴകത്തിൽ ഇത് ആടിമാസമാണ്. ഇക്കാലത്ത് അവിടെയുമുണ്ട് ആടിപ്പെരുക്കും ആവണി അവിട്ടവും പോലുള്ള ചില വിശേഷങ്ങൾ.
ഇന്നു കുട്ടികൾ പിള്ളേരോണം ആഘോഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. എങ്കിലും കുട്ടിക്കാലം പിന്നിട്ടിട്ടും പിള്ളേരോണം എനിക്കൊപ്പമുണ്ട് എന്നതു മറ്റൊരു കൗതുകം. എന്റെ കുട്ടികളും പിള്ളേരോണം ആഘോഷിക്കുന്നു. കാരണം, അന്ന് അവരുടെ അമ്മയുടെ പിറന്നാൾ കൂടിയാണ്! തികച്ചും വ്യക്തിപരമാണ്. എങ്കിലും അതിനു പിള്ളേരോണത്തിന്റെകൂടി പൊലിമയുണ്ട്. ഓണം മുതിർന്നവർ എങ്ങനെയും ആഘോഷിക്കട്ടെ. കാലം തെറ്റിയ മഴയും വെയിലും എങ്ങനെയും വരട്ടെ. പക്ഷേ പിള്ളേരേ, നമുക്കു കളികൾ തുടങ്ങാം; പിള്ളേരോണത്തിനുതന്നെ. മുറ്റത്തെ പൂക്കളത്തിനു ചുറ്റും ചെറുതുമ്പികൾ പാറുന്നതാണല്ലൊ ഒരു മാസത്തോളം നീളുന്ന ഓണക്കാലത്തിന്റെ അഴക്!
Read More Articles on Malayalam Literature & Books to Read in Malayalam