ജോൺ എബ്രഹാം വളരെയേറെ നേരം ആ കഷണ്ടിയിലേക്ക് നോക്കിയങ്ങനെയിരിക്കുമായിരുന്നു. അപ്പോൾ വൈക്കം മുഹമ്മദ് ബഷീർ തല തടവിക്കൊണ്ട് ചോദിക്കും, എന്തോന്നാടാ ഇത് എന്ന്. അപ്പോൾ ജോൺ പറയും, ഒരു ഭയങ്കര സംഭവംതന്നെ എന്ന്. ബഷീർ വീണ്ടും: എന്ത് സംഭവം? അല്ല, ഈ കഷണ്ടി ഒരു ഭയങ്കര സംഭവം തന്നെ എന്ന് ജോണിന്റെ മറുപടി. പക്ഷേ നമുക്കറിയാം ഈ ജോണും ഭയങ്കര സംഭവം തന്നെയായിരുന്നു എന്ന്. അല്ലെങ്കിൽപ്പിന്നെ ഒരാളെ ആദ്യമായി കാണുമ്പോൾ തടഞ്ഞുനിർത്തി എങ്ങോട്ട് പോകുന്നു, കാരമസോവ് സഹോദരന്മാർ വായിച്ചിട്ടുണ്ടോ എന്നു കയറി ചോദിക്കുമായിരുന്നോ? മീൻകറിയിൽ വെളിച്ചെണ്ണയ്ക്കു പകരം മണ്ണെണ്ണ തൂവിയിട്ട് എല്ലാവർക്കും സാഭിമാനം വിതരണം ചെയ്യുമായിരുന്നോ?
കയ്യൂർ സമരചരിത്രം സിനിമയാക്കുന്നതിന് കാസർകോട് നഗരത്തിലെ ഖസാക്ക് ലോഡ്ജിൽ താമസിക്കുകയായിരുന്നു ജോൺ. ഒരു ദിവസം എൻ. ശശിധരൻ ലോഡ്ജിലേക്ക് വന്നപ്പോൾ ജോൺ വാതിൽക്കൽ ഇരിക്കുന്നു. അതായിരുന്നു ഇവരുടെ ആദ്യ കൂടിക്കാഴ്ച. ജോൺ പെട്ടെന്നു ചോദിച്ചു, ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാർ വായിച്ചിട്ടുണ്ടോ എന്ന്. ഉണ്ടെന്നു പറഞ്ഞതും കട്ടിളപ്പടിയിലിരുന്ന് കട്ടിയുള്ള ഇംഗ്ലിഷിൽ ആ നോവലിനെക്കുറിച്ച് ഒരു പത്തിരുപത് വാക്യങ്ങൾ തട്ടിവിട്ടു. ജോണിന്റെ സ്വത്വം വെളിവാക്കുന്ന, വല്ലാത്ത ആഴമുള്ള ഭാഷയിലായിരുന്നു അതെന്ന് ശശിധരൻ ഓർക്കുന്നു. പിന്നീട് ഇടയ്ക്കൊക്കെ ശശിധരനും ലോഡ്ജിൽ തങ്ങും. പകൽ കിക്കാവുന്ന ജോൺ രാത്രി കുക്കാവുമായിരുന്നു. താൻ നല്ല ഒരു പാചകക്കാരനാണെന്നാണ് ജോണിന്റെ ധാരണ. ഒരു ദിവസം ജോൺ അയില മുളകിട്ടത് വച്ചു. അതിൽ ഒടുവിൽ വെളിച്ചെണ്ണ തൂവുന്നതിനു പകരം ജോൺ അറിയാതെ മണ്ണെണ്ണ തൂവി. പക്ഷേ അബദ്ധം പറ്റിയെന്നു കരുതി പിന്മാറാൻ ജോൺ തയാറല്ല. അദ്ദേഹത്തിന് മുറിയിലെ സുഹൃത്തുക്കളെക്കൊണ്ട് അത് കഴിപ്പിച്ചേ തീരൂ. ഹായ് ശശീ, എന്താ സാധനം, ഗംഭീര ടേസ്റ്റാണ് എന്നു പറഞ്ഞ് ശശിധരനെയും നിർബന്ധിച്ചു. അബദ്ധത്തിൽ കഴിച്ചുപോയ ചിലരൊക്കെ പോയി ഛർദിക്കുന്നുണ്ട്.
കുറച്ചു നാൾ കഴിഞ്ഞാണ് കാറടുക്കയിലെ ശശിധരന്റെ വീട്ടിലേക്ക് ജോണും സംഘവും താമസം മാറ്റുന്നത്. തിരക്കഥാരചന പൂർത്തിയായെങ്കിലും സിനിമ മുന്നോട്ട് പോവാഞ്ഞത് ജോണിനെ വല്ലാതെ ഉലച്ചു. ജോൺ പിന്നെ കയ്യൂരിനെക്കുറിച്ച് മിണ്ടാതായി. ജോണിനെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കാഞ്ഞങ്ങാട്ട് ഒരാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗികകാര്യത്തിന് കാഞ്ഞങ്ങാട്ട് എത്തിയ കടമ്മനിട്ട ശശിധരനുമായി ജോണിനെ കാണാൻ പോയി. ജോൺ ആശുപത്രിയിൽ തീരെച്ചെറിയ കാര്യങ്ങൾ ശാന്തമായി ഉരുവിട്ട് കൊച്ചുകുട്ടികളെപ്പോലെ കിടക്കുന്നു. രാവിലെ വെള്ളേപ്പം കഴിച്ചു. ഇന്നലെ കഴിക്കാൻ മദ്യം കിട്ടിയില്ല എന്നൊക്കെ പതുക്കെ പറയുന്നു. ഇതിനിടെ ഒരു പയ്യൻ ചായ കൊണ്ടുവന്നു. ആ പയ്യന്റെ കയ്യിൽപ്പിടിച്ച് ജോണിന്റെ ചോദ്യം: നീ ചായ കുടിച്ചോ? അവനാകെ അന്തം വിട്ടുപോയി. ആദ്യമായിട്ടാവും ചായക്കാരനോട് അങ്ങനെ ഒരാൾ അന്വേഷിക്കുക. അവൻ അമ്പരപ്പോടെ പറഞ്ഞു, കുടിച്ചു സർ. ഉടനെ ജോൺ പകുതി ആത്മഗതമായും പകുതി അവനോടുമായി: കുടിക്കണം, കുടിക്കണം. കുട്ടികൾ കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. മദ്യം വേണമെന്ന് ജോൺ കടമ്മനിട്ടയോട് പറഞ്ഞു. ചായ കൊണ്ടുവന്ന പയ്യനെക്കൊണ്ട് മദ്യം വരുത്തിച്ചു. പക്ഷേ മദ്യം കൊണ്ടുവന്നപ്പോൾ ജോണിന് വേണ്ട. മദ്യപിച്ചാൽ എന്റെ മത്ത് പോവും. ഇപ്പോൾ എനിക്കു നല്ല മത്തുണ്ട്. എനിക്ക് നിങ്ങളെ ഇങ്ങനെ കണ്ടോണ്ടിരുന്നാൽ മതി എന്നാണ് ജോൺ പറഞ്ഞത്.
ഇതു പറഞ്ഞുകൊണ്ടിരുന്ന് ജോൺ ഉറങ്ങിപ്പോയി. ഉണരട്ടെ എന്നു കരുതി കടമ്മനിട്ടയും ശശിധരനും കുറെനേരം ഇരുന്നു. പക്ഷേ ജോൺ ഗാഢനിദ്രയിലേക്ക് വീഴുകയാണ്. ജോണിനെ വിളിച്ചുണർത്താതെ അവരവിടെ നിന്നിറങ്ങി. പിന്നെ ശശിധരൻ ജോണിനെ കണ്ടിട്ടില്ല. ഒരേ സമയം ഒരു കുട്ടിയുടെയും മരിക്കാൻ പോവുന്ന ഒരാളുടെയും ഭാവചലനങ്ങൾ ജോണിനുള്ളതായി ആശുപത്രിയിൽ വച്ച് കണ്ടപ്പോൾ ശശിധരന് തോന്നിയിരുന്നു. ജോൺ മരിച്ചപ്പോൾ ശശിധരൻ പോയില്ല. വിളിച്ചാലും ഉണരാത്തപോലെ ജോൺ ഉറങ്ങിക്കിടക്കുന്നത് ശശിധരൻ നേരത്തെ കണ്ടതാണല്ലോ. ഇനി ജോൺ നിത്യനിദ്രയിലാണ്ടത് മാത്രമായി എന്തിനു കാണണം.
Read More Articles on Malayalam Literature & Books to Read in Malayalam