Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് തകർന്നുവീണത് നന്ദനാരുടെ അവസാനനിമിഷങ്ങൾക്ക് സാക്ഷിയായ കെട്ടിടം

palakkad-building-collapsed

ജനനിബിഡമായ തെരുവീഥിയിൽക്കൂടി ഹോട്ടൽ ലക്ഷ്യമാക്കി അയാൾ നടന്നു. എന്തൊരു ജനത്തിരക്ക്. സാധാരണയിൽക്കവിഞ്ഞ ജനത്തിരക്കുണ്ടോ ഇന്ന്? നാളെ ഈ നേരത്ത് ഇക്കാണുന്ന ജനങ്ങളെല്ലാം ഈ ഭൂമുഖത്തുതന്നെ കാണുമോ? അതിനകം എത്രയെത്രപേർ മരണമെന്ന ശാശ്വതസത്യത്തിൽ ലയിച്ചിരിക്കും. അവരിൽ ഒരാൾ താനായിരിക്കില്ലേ. ( ജീവിതം അവസാനിക്കുന്നില്ല: നന്തനാർ) 

തീരുമാനിച്ചുറപ്പിച്ചാണു നന്തനാർ ഈ വരികൾ എഴുതുന്നത്. ജീവിതമല്ല മരണം. എന്നിട്ടും ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന പേരുകൊടുത്ത് അവസാനത്തെ കഥ അർഥവത്താക്കിയതിനുശേഷം മരണത്തെ സ്വയം വരിച്ചു. 1974 ഏപ്രിൽ 24നു നന്തനാരുടെ അവസാന നിമിഷങ്ങൾക്കു സാക്ഷിയായ കെട്ടിടമാണ് കഴിഞ്ഞദിവസം പാലക്കാട്ടു നഗരത്തിൽ തകർന്നുവീണത്. കോമൺസ് ലോഡ്ജ്. ഉണ്ണിക്കുട്ടന്റെ നിഷ്കളങ്കതയുടെ ലോകം എഴുതിയ എഴുത്തുകാരന്റെ മരണത്തിന്റെ സ്മാരകം; ജീവിതത്തിന്റെയും. 

അവസാനകഥയ്ക്ക് അറംപറ്റുന്ന പേരിടാമായിരുന്നു നന്തനാർക്ക്. മരണം സ്വയം തീരുമാനിച്ചുറപ്പിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നിട്ടും തോൽവി ഉറപ്പായ യുദ്ധത്തിലും പരാജയം സമ്മാനിക്കാത്ത സൈനികനെപ്പോലെ അദ്ദേഹം ശ്രമിച്ചത് ശുഭപ്രതീക്ഷ പകരാൻ. കഥയെഴുതി കാലത്തിന്റെ തിരശ്ശീല കടന്നുപോയെങ്കിലും മലയാളത്തിന് ഇന്നും പരിചിതമാണു നന്തനാരെ; കഥകളിലൂടെ, ആത്മാവിന്റെ നോവുകൾ ഉൾപ്പെടെയുള്ള നോവലുകളിലൂടെ. അവസാനം സുനിശ്ചിമാണെങ്കിലും അവസാന കഥയിൽ അദ്ദേഹം എഴുതിയതുതന്നെയാണ് ശരി: ജീവിതം അവസാനിക്കുന്നില്ല. 

പാലക്കാടു നഗരത്തിൽ എപ്പോൾ എത്തിയാലും നന്തനാർ താമസിക്കുന്ന ലോഡ്ജുണ്ട്. പരിചിതമായ സ്ഥലം തിരഞ്ഞെടുക്കാതെ അവസാന ദിവസം അദ്ദേഹം തിരഞ്ഞെടുത്തത് കോമൺസ് ലോഡ്ജ്. അവിടെ ഒരു മുറിയെടുത്ത അദ്ദേഹത്തെ പിറ്റേന്നു രാവിലെ മുറി വൃത്തിയാക്കാൻ വന്നവർ മരിച്ച നിലയിൽ കണ്ടെത്തി.ഇപ്പോഴിതാ പട്ടാളക്കാരന്റെ ഏകാന്തതയും വീടിനെയും വീട്ടുകാരെയും കുറിച്ചുള്ള ആധിയും വ്യാധിയും നിറഞ്ഞ കഥകൾക്കു സാക്ഷിയുമായ കെട്ടിടവും തകർന്നിരിക്കുന്നു. അകാലത്തിൽ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരന്റെ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയ ചുമരുകൾ. അവസാനയാത്ര പറയുമ്പോൾ മൂകത മന്ത്രിച്ചുനിന്ന മന്ദിരം. ഒരു കഥ പൂർത്തിയാകുംപോലെ ഒരു ചരിത്രവും അവസാനിക്കുന്നു. ഇനി അവസാനത്തെ കഥയിൽ നന്തനാർ എന്ന പി.സി. ഗോപാലൻ ലോഡ്ജിനെക്കുറിച്ച് എഴുതിയ വാക്കുകൾ മാത്രം ബാക്കി. 

മരണം തീരുമാനിച്ചുറപ്പിച്ച് അത്യാവശ്യം വേണ്ട സാധനങ്ങളും കുറച്ചു രൂപയും മാത്രമെടുത്ത് ഒരു ലോഡ്ജ് മുറിയിൽ മുറിയെടുക്കുന്ന ചെറുപ്പക്കാരനാണ് നന്തനാരുടെ ജീവിതം അവസാനിക്കുന്നില്ല എന്ന കഥയിലെ നായകൻ. വാച്ചു പോലും എടുക്കാതെയാണ് ആ വരവ്. മരിക്കാൻ തീരുമാനിച്ചയാൾ എന്തിനു സമയം അറിയണം.

അയാൾ ലതർബാഗ് മേശപ്പുറത്തുവച്ചു. വീട്ടിൽനിന്നു പുറപ്പെടുമ്പോൾ ഈ ബാഗു പോലും എടുക്കേണ്ടെന്നു വിചാരിച്ചതാണ് ആദ്യം. പിന്നെ തോന്നി വെറുതെ കൈ വീശിപ്പോകേണ്ടല്ലോ, എടുത്തേക്കാമെന്ന്. വികാരാധീനനാകുമ്പോൾ നിസ്സാരകാര്യങ്ങൾപോലും പെട്ടെന്നു തീരുമാനിക്കാനാകാതെവരുന്നു. 

ലഹരിയും നോൺ വെജിറ്റേറിയൻ ഭക്ഷണവും കഴിക്കാമെന്ന് ആദ്യം വിചാരിച്ചു. പിന്നെ അതുവേണ്ടെന്നുവച്ച് ചോറും രസവും മാത്രമാക്കുന്നു. അവസാനത്തെ അത്താഴമല്ലേ. പിന്നെയൊരു സിഗരറ്റ്. അതും കഴിഞ്ഞു മുറിയിലെത്തി ഉറക്കഗുളികയുടെ കുപ്പിയെടുക്കുന്നു. 

മരണം ഗുളികകളുടെ രൂപത്തിൽ കുപ്പിയിൽ പതുങ്ങിയിരിക്കുന്നു. മരണത്തിന്റെ മണിനാദം കേൾക്കുന്നുണ്ടോ? ഗുളികകൾ ഒന്നിനുപുറകെ ഒന്നൊന്നായി കഴിക്കണം. ഇടവേള അരുത്. എണ്ണിനോക്കി. നൂറു ഗുളികകൾ. മൺകൂജയിൽനിന്നു വെള്ളം ഗ്ലാസിൽ പകർന്നുനിറച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലോകത്തിൽ, ബന്ധുക്കൾക്കിടയിൽ, ബന്ധങ്ങൾക്കിടയിൽ താൻ ഏകൻ. ഒറ്റപ്പെട്ട മനുഷ്യൻ. 

ധൈര്യപൂർവം ആദ്യത്തെ ഗുളികയെടുത്തു. പക്ഷേ, തെരുവിൽനിന്നു കേട്ട ഒരു കുട്ടിയുടെ കരച്ചിലിൽ അയാൾ പതറുന്നു. നിർത്താതെ കരയുകയാണു കുഞ്ഞ്. റോഡിന്റെ എതിർവശത്തുനിന്ന് ഒരു സ്ത്രീ ഓടിക്കിതച്ചെത്തി. സാന്ത്വനവാക്കുകൾക്കുശേഷം അമ്മ കുഞ്ഞിനു പാലു കൊടുക്കുന്നു. ദേഹമാസകലം തലോടുന്നു. തല കുനിച്ചു കുഞ്ഞിനെ ഉമ്മവയ്ക്കുന്നു. 

അമ്മയും കുഞ്ഞും. ജീവിതത്തിന്റെ രണ്ടു കണ്ണികൾ. അനർഘനിമിഷങ്ങൾ നിർന്നിമേഷം അയാൾ നോക്കിനിന്നു. ആ കാഴ്ചയുടെ ധന്യതയിൽ അയാൾ പുതിയൊരു മനുഷ്യനായി മാറുകയാണ്. ഗുളികകൾ മുഴുവൻ എടുത്ത് ബാത്ത്റൂമിൽ കൊണ്ടുപോയി നശിപ്പിച്ച് ആശ്വാസത്തോടെ നിൽക്കുമ്പോൾ നവോൻമേഷം. 

ജീവിതം സുന്ദരമാണ്. 

ജീവിതം അവസാനിക്കുന്നില്ല. 

മരണത്തിൽനിന്ന് തന്റെ കഥാപാത്രത്തെ ജീവിതത്തിലേക്കു തിരികെയെത്തിച്ചതിനുശേഷമാണു നന്തനാർ മരണം സ്വയം വരിക്കുന്നത്. ജീവിതം സുന്ദരമാണെന്ന് ആവർത്തിച്ചു കഥാപാത്രത്തെക്കൊണ്ടു പറയിച്ചതിനുശേഷമാണ് ഉറക്കഗുളികകൾ കഴിച്ച് ജീവിതം അവസാനിപ്പിക്കുന്നത്. ജീവിതം അവസാനിക്കുന്നില്ല എന്ന കഥയിലെ നായകന്റെ അതേ ചിട്ടകളിലൂടെ കടന്നുപോയത്. രാവിലെ വീട്ടിൽനിന്നിറങ്ങി ഉച്ചയ്ക്കു പാലക്കാട് നഗരത്തിലെത്തി കോമൺസ് ലോഡ്ജിൽ മുറിയെടുക്കുമ്പോൾ നന്തനാരും വാച്ചും മറ്റു വിലപ്പെട്ട സാധനങ്ങളും എടുത്തിരുന്നില്ല. അമിതമായി ഉറക്കഗുളിക കഴിച്ചാണു മരിച്ചത്. 

യഥാർഥ മരണത്തിനും മുന്നേ കഥയിൽ അദ്ദേഹം മരിച്ചു. ജീവിതം അവസാനിക്കുന്നില്ല എന്നെഴുതി ജീവിതം അവസാനിപ്പിച്ചു. ഇപ്പോഴിതാ ആ മരണത്തിന്റെ സാക്ഷിയും ഒരു പിടി മണ്ണ് മാത്രം. 

എങ്കിലും അറംപറ്റിയതു നന്തനാരുടെ വാക്കുകൾ തന്നെ: 

ജീവിതം സുന്ദരമാണ്. 

ജീവിതം അവസാനിക്കുന്നില്ല. 

Read More  Articles on Malayalam Literature & Books to Read in Malayalam