വികെഎൻ ഡൽഹിയിലൂടെ ബസിൽ യാത്രചെയ്യുന്നു. തൊട്ടടുത്ത സീറ്റിൽ ഒരു ചെറുപ്പക്കാരൻ. വികെഎൻ മലയാളത്തിലുള്ള ഏതോ വാരിക വായിക്കുന്നതു പയ്യൻ കണ്ടു. ആളറിയാതെ പയ്യൻ സ്വയം പരിചയപ്പെടുത്തി. താൻ മലയാളിയാണ്. മലയാളത്തിൽ കഥകൾ എഴുതാറുണ്ടെന്നും എം.ടി.വാസുദേവൻ നായർ എന്ന പേരിലാണ് എഴുതുകയെന്നും പയ്യൻ പറഞ്ഞു .
വികെഎൻ പറഞ്ഞു; അതു കൊള്ളാമല്ലോ. പയ്യൻ ഉടനെ, ‘‘ഞാൻ യാത്രാവിവരണവും എഴുതാറുണ്ട്. അതുപക്ഷേ, എസ്.കെ.പൊറ്റെക്കാട്ട് എന്ന പേരിലാണെന്നു മാത്രം. ‘‘വികെഎൻ ഒട്ടും അദ്ഭുതം കാണിക്കാതെ പറഞ്ഞു, ആഹാ, അതും കൊള്ളാം . വിദ്വാൻ വീണ്ടും; ഞാൻ കവിതകളും ഇടയ്ക്ക് എഴുതും. പി.കുഞ്ഞിരാമൻ നായർ എന്നാണു കവിതയെഴുതുമ്പോഴുള്ള തൂലികാനാമം . അടുത്തതായി അയാൾ പറഞ്ഞു; ഞാൻ നന്നായി ഹാസ്യസാഹിത്യവും കൈകാര്യം ചെയ്യും. വികെഎൻ എന്ന പേരിലാണു ഹാസ്യം എഴുതുക.
പയ്യനെ കൈകാര്യം ചെയ്യാൻ വികെഎന്നിനു കൊതിയായി. ഇത്രയും പറഞ്ഞപ്പോഴേക്കു പയ്യന് ഇറങ്ങേണ്ട സ്ഥലമായി. അയാൾ തിരക്കു പിടിച്ച് എഴുന്നേറ്റിട്ടു ചോദിച്ചു, അല്ലാ, താങ്കളുടെ പേരു പറഞ്ഞില്ല. വികെഎൻ ചോദിച്ചു, ‘‘നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?
ഇല്ലെന്നു യുവാവ്. ‘‘എങ്കിൽ ഞാനാണു ദൈവം. ഈ ലോകം ഇങ്ങനെ പരിപാലിക്കുന്നയാൾ’’– എന്നായി വികെഎൻ. ഈ പയ്യനുമായി തട്ടിച്ചുനോക്കുമ്പോൾ തന്റെ പയ്യനൊക്കെ എത്ര നിസാരം എന്നു വികെഎന്നിനു തോന്നിയോ ആവോ?