Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം ഒന്നിപ്പിച്ചവരുടെ ഓണം

x-default സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

ഓണംനാൾ മഹാബലി ആണ്ടുവിരുന്നിനെത്തുമ്പോൾ പതിവുപോലെ അദ്ദേഹത്തിന്റെ കണ്ണുകൾ ആദ്യമായി പതിയുക തന്റെ പ്രജകളിലേക്കായിരിക്കും. അപ്പോൾതന്നെ അദ്ദേഹം മാറ്റം ശ്രദ്ധിക്കും, എന്നിട്ട് എന്തെന്നില്ലാതെ ആഹ്ലാദിക്കും. താൻ ഭരിച്ച കാലത്ത് ആളുകൾ എങ്ങനെ ജീവിച്ചുവോ അതുപോലത്തെ ഒരുമയോടും നന്മയോടും കൂടി മലയാളികൾ ജീവിക്കുന്നതു കണ്ട് പ്രജാവത്സലൻ മനസ്സിൽ ആർപ്പുവിളിക്കും. 

ദാനശീലനായിരുന്നു ചക്രവർത്തി. ആ ശീലം പ്രജകൾക്കും കിട്ടി. പ്രളയം കാരണം കേരളത്തിലെ ജനസംഖ്യയുടെ നാലു ശതമാനം ആളുകൾ വീടും കുടിയും നഷ്ടപ്പെട്ട് അഭയകേന്ദ്രങ്ങളിൽ താമസിക്കുമ്പോൾ മലയാളി മനസ്സും പഴ്‌സും തുറന്നു. വർഷാവർഷം സംഭവിക്കുന്ന വടക്കേ ഇന്ത്യയിലെ വെള്ളപ്പൊക്കത്തിലും മറ്റു പ്രകൃതിദുരന്തങ്ങളിലും കണ്ടുവരുന്നതു സഹായപ്രവർത്തനത്തിനായി മിക്കവാറും സർക്കാരിനെ ആശ്രയിക്കുക എന്നതാണ്. ഇവിടെ അഭയാർഥികളുടെ ആവശ്യം കണ്ടെത്തി വ്യക്തികളും കുടുംബങ്ങളും സംഘടനകളും, പുറത്തുനിന്നുള്ള ധനസഹായം കാത്തിരിക്കാതെ, പലപ്പോഴും സ്വന്തം പോക്കറ്റിൽനിന്നു ചെലവാക്കി സാമഗ്രികൾ സംഭരിച്ചു. നടന്നതു മനുഷ്യത്വത്തിന്റെ മഹാപ്രകടനമായിരുന്നു. കളവും ചതിയും ഉണ്ടായിരുന്നു; പക്ഷേ, എള്ളോളം മാത്രം. അവ പെട്ടെന്നുതന്നെ പൊളിച്ചുകൊടുത്തു.

എങ്ങനെ നമ്മുടെ സമൂഹത്തിൽ നിന്ന് ഇത്ര മഹത്തായ പ്രതികരണം സാധ്യമായി? നൂറ്റാണ്ടുകളായി താരതമ്യേന ശാന്തി അനുഭവിച്ച സമൂഹമാണു കേരളത്തിന്റേത്. ഇതിനുപുറമേ സമൂഹത്തിൽ ധാരാളമായി വിള്ളലുകൾ നിലനിൽക്കെത്തന്നെ അതു സ്വസ്ഥജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള സഹവർത്തിത്വവും നാം ശീലമാക്കിയിട്ടുണ്ട്. 

പിന്നെ മലയാളികളെ പരസ്പരം സംഘടിപ്പിക്കുന്ന അനേകതരത്തിലുള്ള ബന്ധങ്ങൾ. ക്ലബ്ബുകൾ, കമ്മിറ്റികൾ, സമൂഹമാധ്യമത്തിലെ കൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബങ്ങൾ, അടിത്തട്ടിലെ ജാതി/മത/ദേശ/രാഷ്ട്രീയ കൂട്ടായ്മകൾ, അങ്ങനെ എത്ര ആൾക്കൂട്ടങ്ങളാണു രക്ഷാപ്രവർത്തനത്തിനു മുൻപോട്ടു വന്നത്. ഇത്തരം ശൃംഖലകളാൽ സമൃദ്ധമായ സമൂഹങ്ങളെ സാമൂഹികശാസ്ത്രജ്ഞന്മാർ വിവരിക്കുന്നതു സാമൂഹികമൂലധനം (social capital) ധാരാളമുള്ള ഇടങ്ങളെന്നാണ്. ആ സാമൂഹികമൂലധനത്തിന്റെ ലീലയാണ് ഈ ദിനങ്ങളിൽ കേരളത്തിൽ കണ്ടത്. 

പ്രജകളെ കണ്ടതിനുശേഷം മഹാബലി കണ്ണുയർത്തി താൻ പണ്ടു ഭരിച്ചിരുന്ന നാടിനെ നോക്കും. അപ്പോൾ അദ്ദേഹത്തിന്റെ ചങ്കു പൊട്ടും. അങ്ങനെ ഒരു പകുതി പ്രജ്ഞയിൽ അപാരസന്തോഷവും മറുപകുതി പ്രജ്ഞയിൽ അതീവദുഃഖവുമായി സന്ദർശകൻ മടങ്ങും. 

നന്മ നിറഞ്ഞ നവതലമുറ 

ഇന്ത്യയിൽ ഇന്ന് ഏതാണ്ട് അഞ്ചിലൊരു ഭാഗത്തോളം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നവയൗവനം പ്രാപിച്ചവരാണ്. ജനസംഖ്യയുടെ പ്രമുഖഭാഗമായ ഇവരെ മിലെനിയൽസ് (millennials) എന്നു വിളിക്കുന്നു; ആ വാക്കിനെ സഹസ്രാബ്ദികൾ എന്ന് തർജമ ചെയ്യാം. ഇവരുടെ ഉപഭോഗവും പെരുമാറ്റരീതികളും മറ്റും ഇപ്പോൾ കൂലങ്കഷമായി പഠിക്കുന്ന വിഷയങ്ങളാണ്. പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇവർക്കു വീട് വാങ്ങുന്നതിനെക്കാൾ വീട് വാടകയ്‌ക്ക് എടുക്കുകയോ മാതാപിതാക്കളുടെ കൂടെ താമസിക്കുന്നതോ ആണ് ഇഷ്ടം. വാഹനം വാങ്ങുന്നതിനെക്കാൾ ഊബർ, ഓല തുടങ്ങിയ ആപ്പുകളുടെ ഉപയോഗം ഇഷ്ടപ്പെടുന്നു. ലാഭിക്കുന്ന കാശ് അവർ യാത്രകൾക്ക് ഉപയോഗിക്കുന്നു. സഹസ്രാബ്ദികൾ ആരോഗ്യത്തെപ്പറ്റി ബോധവാന്മാരാണ്; പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇവരുടെ ഇടയിൽ മുൻതലമുറകളെക്കാൾ കുറവാണ്. ആത്മവിശ്വാസം ഏറിയ ഇവർക്ക് പരിസ്ഥിതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും പറ്റിയുള്ള ജാഗ്രതയും കൂടുതലാണ്.  

പ്രളയക്കെടുതി കാരണം വീട് ഉപേക്ഷിച്ചു വന്നവരെ വസിപ്പിച്ചിരുന്ന കൊച്ചിയിലെ ക്യാംപുകളുടെ മുൻപിൽ കണ്ട ബൈക്കുകളുടെ സംഖ്യ എന്നെ അദ്ഭുതപ്പെടുത്തി. അവ കാരുണ്യപ്രവർത്തനത്തിനെത്തിയവരുടെ നല്ലൊരു ശതമാനം വരുന്ന സഹസ്രാബ്ദികളുടേതായിരുന്നു. പ്രകടനാത്മകത ഇല്ലാതെ അവർ ഭാരം ചുമക്കുന്നതു മുതൽ ഭക്ഷണം നൽകുന്നതുവരെയുള്ള പണിയെടുത്തു. ചിലയിടങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതൽ പെൺകുട്ടികളെ കണ്ടു. “ചേട്ടാ”, “ചേച്ചീ” എന്നു വിളിച്ച് അവർ അഭയം തേടി വന്നവരെ സമാശ്വസിപ്പിച്ചു– പലപ്പോഴും നിസ്സങ്കോചം കെട്ടിപ്പിടിച്ചു തന്നെ.

സ്മാർട് ഫോൺ പ്രചരിച്ചതിനുശേഷം പ്രായപൂർത്തിയായ അവരുടെ ഐടി കൗശലവും സമൂഹമാധ്യമബന്ധങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് ഊർജം കൂട്ടി. ഒരിടത്ത് സാനിറ്ററി നാപ്‌കിനുകളുടെ ആവശ്യമുണ്ടായിരുന്നു. സാമഗ്രിയുടെ സ്വകാര്യതയൊന്നും അവരെ ബാധിച്ചതായി തോന്നിയില്ല. മൊബൈൽഫോണുകളിൽ പലരുടെയും വിരലുകൾ ചലിച്ചു; തുടർന്ന് മറുപടി വരുന്ന ശബ്ദങ്ങളും കേൾക്കാമായിരുന്നു. ഒടുവിൽ ഒരു മോട്ടോർസൈക്കിളിൽ ഒരാൾ വലിയ കാർഡ്‌ബോർഡ് പെട്ടിയുമായി എത്തി. അയാൾ ഹെൽമറ്റ് മാറ്റിയപ്പോൾ ഫ്രീക്കൻ എന്ന് ഇന്നത്തെ കാലത്ത് വിളിപ്പേരു കിട്ടാവുന്ന ഒരു കക്ഷി. മഹാവിപത്തിനിടയിൽ ആത്മാർഥതയും ഉത്തരവാദിത്തബോധവുമുള്ള സഹസ്രാബ്ദികളുടെ നവതലമുറ കേരളത്തിൽ അവരുടെ വരവ് അസന്ദിഗ്ധമായി അറിയിച്ചു. 

അണക്കെട്ടുകളെക്കുറിച്ച് സംസാരിക്കാം

വെള്ളത്തിനെ വെള്ളമായിത്തന്നെ കാണണം. അതിനെ മറ്റെന്തെങ്കിലുമായി കാണുന്നത് അപകടകരമായിരിക്കും. അതുകൊണ്ട് പ്രളയത്തെയും അണക്കെട്ടുകളെയും കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. 

ദേശീയ ദുരന്തനിവാരണ എജൻസിയുടെ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള നിർദേശങ്ങളിൽ താഴെ പറയുന്നതു കേരളത്തിലെ പ്രളയത്തിനു പ്രസക്തമാണ്: ‘നദികളിലൂടെ വെള്ളം ഒഴുകുവാനുള്ള ശേഷിയും അണക്കെട്ടുകളുടെ സുരക്ഷയും കണക്കിലെടുത്തുകൊണ്ട് ഒഴുക്കിനെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ തയാറാക്കിയില്ലെങ്കിൽ അണക്കെട്ടുകളുടെ ജലസംഭരണികൾ താഴെ കിടക്കുന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കപ്രശ്നം വർധിപ്പിക്കും. അതുപോലെതന്നെ പ്രവർത്തനപുസ്തകം (ഓപ്പറേഷൻ മാനുവൽ) അനുസരിച്ച് ജലസംഭരണികളിൽ നിന്നുള്ള ഒഴുക്കിനെ നിയന്ത്രിച്ചില്ലെങ്കിലും, ജലസേചനം, ജലവൈദ്യുതി, കുടിവെള്ളം, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വെള്ളം എന്നിവയ്‌ക്കായി മൺസൂൺ തുടങ്ങുമ്പോൾ തന്നെ ജലസംഭരണികളിൽ വെള്ളം നിറച്ചു സൂക്ഷിച്ചാലും, ജലസംഭരണികളിലെ ഏറ്റവും കൂടുതൽ വെള്ളം സംഭരിക്കാവുന്നതു കാണിക്കുന്ന വര കടക്കാതിരിക്കാനും അണക്കെട്ടിന്റെ സുരക്ഷയ്‌ക്കും വേണ്ടി പെട്ടെന്നു വളരെയധികം വെള്ളം തുറന്നുവിടേണ്ടി വരും. അതു കാരണം താഴെ കിടക്കുന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലേക്കു നയിക്കും.’

ഇതുകൊണ്ടും തീരുന്നില്ല, ദേശീയ ദുരന്തനിവാരണ എജൻസിയുടെ നിർദേശങ്ങൾ. അടുത്തതും കേരളത്തിലെ പ്രളയത്തിനു ബാധകമാണ്: ‘വൃഷ്ടിപ്രദേശത്തു പെയ്യുന്ന കനത്ത മഴയും അതുമൂലം ജലസംഭരണികളിലേക്ക് ഉണ്ടാകുന്ന വമ്പിച്ച ജലപ്രവാഹവും മുൻകൂട്ടി കാണുന്നതിൽ ജലസംഭരണികൾ നിയന്ത്രിക്കുന്ന അധികൃതർ പരാജയപ്പെടുമ്പോഴും വൻതോതിലുള്ള വെള്ളപ്പൊക്കമായിരിക്കും ഫലം.’

പത്തുവർഷങ്ങളായി ഈ നിർദേശങ്ങൾ നിലവിൽ വന്നിട്ട്. കേരളത്തിലെ അണക്കെട്ടുകളിൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ച ചട്ടങ്ങൾ നിലവിലുണ്ടെങ്കിൽ അവ നടപ്പിലാകുന്നില്ലെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം, കാലാകാലമായി അണക്കെട്ടുകളിലെ വെള്ളത്തെ വെള്ളമായിട്ടല്ല കാണുന്നത്, മറിച്ച് വൈദ്യുതി യൂണിറ്റുകളായിട്ടാണ്. അതുകൊണ്ട്, പിശുക്കൻ ചില്ലിക്കാശെന്ന മട്ടിൽ അണക്കെട്ടുകളിൽ വെള്ളം തുള്ളിതുള്ളിയായി അവയുടെ നടത്തിപ്പുകാർ, കെഎസ്ഇബി, സംഭരിച്ചു വയ്‌ക്കുന്നു. 

ഇതിനു പുറമേയാണ് ഈ വർഷത്തെ അഭൂതപൂർവമായ അതിവൃഷ്ടി. അണക്കെട്ടുകളുടെ അപ്പുറത്തും ഇപ്പുറത്തും, അതായത്, വൃഷ്ടിപ്രദേശങ്ങളിലും നദീതടങ്ങളിലും നിർത്താതെ മഴ പെയ്തു. അതുകൊണ്ടാണ് അണക്കെട്ടുകളില്ലാത്ത നദികളും കുത്തിയൊഴുകിയത്. മഴ പ്രകൃതി നൽകുന്നതാണ്; അണക്കെട്ടുകൾ മനുഷ്യരുടെ നിയന്ത്രണത്തിലും. അതുകൊണ്ട് അവയുടെ പ്രവർത്തനം നിയന്ത്രിക്കുവാനായി വ്യക്തമായ നിർദേശങ്ങൾ നടപ്പിലാക്കണം. അവയില്ലെങ്കിൽ ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ ഉണ്ടാക്കണം. അടുത്ത പ്രളയത്തിനു നൂറുവർഷത്തെ സാവകാശം കിട്ടിയെന്നിരിക്കില്ല. 

സ്കോർപ്പിയോൺ കിക്ക്: മന്ത്രി കെ. രാജു ജർമനിയിൽ നിന്നു തിരിച്ചെത്തി. മഴയും തോർന്നു.