പുസ്തകം ആർക്കും കടം കൊടുക്കരുത്, ആരും അതു തിരിച്ചുതരികയില്ല എന്നതു പുസ്തകപ്രേമികൾക്കിടയിൽ പ്രചാരത്തിലുള്ള പഴഞ്ചൊല്ലാണ്. സ്വന്തം ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളെല്ലാം കടം വാങ്ങിയവയാണെന്ന അനുബന്ധവും ഉണ്ട്. അനുവാദം ചോദിക്കാതെയും കടമോ കടപ്പാടോ രേഖപ്പെടുത്താതെയും പ്രിയപ്പെട്ട പുസ്തകങ്ങൾ അജ്ഞാത ഗ്രന്ഥാലയത്തിലേക്കു മാറ്റിയ ഒരു പ്രതിഭാസത്തിന്റെ ഞെട്ടലിലാണു മലയാളികൾ; കേരളത്തിന്റെ ഭൂപ്രകൃതിയെത്തന്നെ മാറ്റിവരച്ച പ്രളയത്തിന്റെ ഞെട്ടലിൽ.
വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടവരുണ്ട്. വിലയിടാനാവാത്ത രേഖകൾ ഓർമയായവരുണ്ട്. വീണ്ടെടുക്കാമെങ്കിലും വേണ്ടിവരുന്ന പ്രയത്നത്തിന്റെ ഞെട്ടലിൽ ഉരുകിത്തീരുന്നവരുണ്ട്. ഈ ഗണത്തിലൊന്നും ഉൾപ്പെടുത്താനാവില്ലെങ്കിലും പ്രളയം പാഴ്ക്കൂമ്പാരമാക്കിയ പുസ്തകങ്ങളെ ഏതു കണക്കിൽ ഉൾക്കൊള്ളിക്കും. നഷ്ടപരിഹാരത്തിന് ആരോടും ചോദിക്കും. എത്ര തുക അനുവദിച്ചാൽ മതിയാകും?
ഇനിയൊരിക്കലും വായിക്കാനാവാത്തവിധം പ്രളയം മായിച്ചുകളഞ്ഞ അക്ഷരങ്ങൾ. നഷ്ടപ്പെട്ട പുസ്തകങ്ങളുടെ പുതിയ പതിപ്പു ലഭിച്ചാൽപ്പോലും വീണ്ടെടുക്കാനാവാത്ത അനുഭൂതികൾ. അക്ഷരങ്ങളെ ആത്മാവിലേക്ക് ഏറ്റുവാങ്ങിയവരുടെ ഉള്ളിലാണിപ്പോൾ പെരുമഴ. സങ്കടപ്പെരുമഴ. എല്ലാം മായ്ക്കുന്ന മഴ.
പതിനാറായിരത്തെട്ടിന്റെ ഇടയനായിരുന്നു.
എന്നിട്ടും ഒരാട്ടിൻകുട്ടി
ചത്തുപോയപ്പോൾ
തൂങ്ങിച്ചത്തു
ലുബ്ധൻ !
പതിനാറായിരത്തെട്ടിന്റെ ഇടയൻ തൂങ്ങിച്ചത്തതെന്തിന് എന്ന ചോദ്യത്തിന്റെ പ്രസക്തി ഒരു കവിക്കേ മനസ്സിലാകൂ. കവിതയെ സ്നേഹിക്കുന്നവർക്കും. മറ്റുള്ളവർക്ക് അയാൾ പരിഹാസപാത്രം. അറുപിശുക്കനെന്ന ആക്ഷേപവും. പരാജയപ്പെടുന്നവർക്കൊപ്പം നിൽക്കുന്നവനാണു കവി. തോൽവിയെ സ്നേഹിക്കുന്നവർ. വേദനകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ.
കിണർ ഒരു ഒറ്റത്തടി വൃക്ഷം എന്നെഴുതിയ കെ.ജി.ശങ്കരപ്പിള്ളയുടെ പുസ്തകത്തിന്റെ മുഖചിത്രം കിണറിനടുത്തുതന്നെയുണ്ട്. പുസ്തകത്തിന്റെ കവർ മാത്രം. കേടുപാടുകളില്ലാതെ. പരുക്കേൽക്കാതെ. പുതുതായി വാങ്ങിയ പുസ്തകത്തെപ്പോലെ. കഴുകിത്തുടച്ച നക്ഷത്രം പോലെ ആ മുഖചിത്രം വെട്ടിത്തിളങ്ങുന്നു. ബാക്കി താളുകളെവിടെ? വീണ്ടെടുക്കാനാവാതെ വിണ്ടുപോയ അക്ഷരക്കൂട്ടത്തിലുണ്ടോ?
ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.
മഴു തിന്ന മാമരക്കൊമ്പിൽ തനിച്ചിരു–
ന്നൊടിയാച്ചിറകിന്റെ താളമോടെ... സുഗതകുമാരിയുടെ ഒരു പാട്ടു പിന്നെയും. എവിടെ രാത്രിമഴ .....
കാളും വിശപ്പിലും നല്ലോണമുണ്ണുന്ന നാളിനെ കിനാവു കണ്ട ഒഎൻവി. കർക്കടക കരിവാവിൽ തെളിവുറ്റ ചിങ്ങപ്പുലരിയെ. സാന്ദ്രമൗനങ്ങളിൽ സംഗീതധാരയെ.... ശാർങ്ഗകപ്പക്ഷികൾ എന്ന സമാഹാരത്തിലെ, ഓർമയിൽ ഇന്നും ഉദിച്ചുനിൽക്കുന്ന കവിത. മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയായ സൂര്യനെക്കുറിച്ചും അതേ സമാഹാരത്തിൽ ഒഎൻവി എഴുതി. പാടിയതിൻ പൊരുളുകൾ പാഴായ്, പാടണമെന്നോ വീണ്ടും എന്നു പാട്ടിലൂടെ ചോദിച്ചു. അമ്മക്കിളി കൊണ്ടുവരുന്ന ഭക്ഷണത്തിനുവേണ്ടി ചുണ്ടു പിളർത്തിയിരിക്കുന്ന രണ്ടു കിളികളുടെ ചിത്രമായിരുന്നു പുറംചട്ട. കത്തുന്ന കാട്ടിൽ, ആളിപ്പടരുന്ന തീയിൽ അമ്മയെ കാത്തിരിക്കുന്ന നിസ്സഹായത. ആ പുറം ചട്ടയല്ലേ നെടുകെ പിളർന്നത്. അരുത്, തൊടരുത്. ഒരുപക്ഷേ, ഒരു സ്പർശനത്തിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം ബാക്കിവന്ന ആ ചിത്രം. വിജയന്റെ ഗുരുസാഗരത്തിലെ കല്യാണി. കുഞ്ഞുണ്ണിക്കു മകളെ തൊടണം എന്നുണ്ട്. അരുത്. സ്പർശനം മകൾക്കു നൽകുന്നതു വേദനയാകാം. മാരകരോഗം ബാധിച്ച മകൾ കല്യാണിക്കു സഹിക്കാനാവില്ല അച്ഛന്റെ സ്പർശനം പോലും. മുന്നോട്ടാഞ്ഞു പിൻവലിച്ച ആ കൈ ഇപ്പോഴിതാ വീണ്ടും ഗുരുസാഗരം തേടുന്നു. സ്പർശനത്തിന്റെ നിമിഷത്തിൽ, സ്പർശനത്തിന്റെ സമൃദ്ധമായ വിഷാദത്തിൽ....
നിരാധാരമായി നിലവിളിക്കുന്നുണ്ട് ഒ.വി. വിജയന്റെ വെള്ളായിയപ്പൻ. കണ്ടുണ്ണിയുടെ ഓർമയിൽ. വിയർപ്പിൽ നനഞ്ഞും, കണ്ണീരിൽ കുതിർന്നും ഉപയോഗിക്കാതെ ബാക്കിവച്ച ഊണ്. ഭാര്യ പൊതിഞ്ഞുകെട്ടിക്കൊടുത്ത ചോറ്. വായിച്ചപ്പോഴൊക്കെ കണ്ണീരു വീണു നനഞ്ഞ അതേ പേജല്ലേ പൂർണമായി കുതിർന്നുപോയത്.
ബാക്കിയുണ്ട്; പേജിനു മുകളിലെ ടൈറ്റിൽ : കടൽത്തീരത്ത്. സംഹാരത്തിന്റെ പുഴ എല്ലാം എടുത്തിനുശേഷം പകച്ചുനിൽക്കുന്നതും അതേ തീരത്തുതന്നെയല്ലേ... ആകാശത്തിന്റെ കോണിൽ കാണുന്നുണ്ടോ ബലിക്കാക്കകളെ....
മരിയോ വർഗാസ് യോസയുടെ മനസ്സിൽ ഇപ്പോഴും ശത്രുത ബാക്കിയുണ്ടോ– ഒരിക്കൽ അടുത്ത സുഹൃത്തായിരുന്ന ഗബ്രിയേൽ ഗാർസിയ മാർക്കേസിനോട്. ഒരു ഹോട്ടലിൽവച്ച് അവർ തെറ്റിപ്പിരിഞ്ഞു. കയ്യാങ്കളിയുമായി. രോഗം സമ്മാനിച്ച മറവിയുമായി മാർക്കേസ് യാത്രയായി. മക്കൊണ്ടയുടെ മരിക്കാത്ത ഇതിസാഹമായി. ഇപ്പോൾ, ഇക്കൊച്ചുകേരളത്തിൽ അവർ ഒട്ടിച്ചേർന്നിരിക്കുന്നു– അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൂടെ. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം പ്രളയത്തിന്റെ നനവിലും ചെളിയുടെ പശയിലും ഒട്ടിച്ചേർന്നത് യോസയുടെ ഫീസ്റ്റ് ഓഫ് ദ് ഗോട്ടുമായി. സരമാഗു ചേർന്നിരിക്കുന്നത് ഓർഹൻ പാമുക്കുമായി. ഷേക്സ്പിയർ മാർലോവുമായി. അടുത്തടുത്തിരുന്ന എമിലി ബ്രോണ്ടിയും ജെയിൻ ഓസ്റ്റിനും ഇപ്പോൾ ഒരൊറ്റ പുസ്തകം. ഒരു മനുഷ്യന് എത്ര അടി മണ്ണുവേണം എന്നു ചോദിച്ച ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എമിലി ഡിക്കിൻസനൊപ്പം. കുറ്റവം ശിക്ഷയും ഗുർഗനേവിനൊപ്പം.
പമ്പാ നദിയുടെ തീരത്തുനിന്നുയരുന്ന വിലാപങ്ങൾ മയ്യഴിപ്പുഴയിലെ വെള്ളിയാങ്കല്ലിനെക്കുറിച്ച് എഴുതിയ മുകുന്ദൻ അറിയുന്നുണ്ടോ? ദാസനും ചന്ദ്രികയും അൽഫോൻസച്ചന്റെ മാജിക് പോലെ വേർപെട്ടുകഴിഞ്ഞു. ആദിത്യനും രാധയും ദളിത് സ്ത്രീയുടെ കദനകഥയും വേറിട്ടു. ഡൽഹി ഗാഥകളും പ്രവാസവും കുട നന്നാക്കുന്ന ചോയിയും ഇനി വീണ്ടെടുക്കാനാവില്ല. അതുപോലെതന്നെ നൃത്തം ചെയ്യുന്ന കുടകളും.
സക്കറിയയുടെ നസ്രാണിയുവാവ് എവിടെ. ഗൗളിശാസ്ത്രം. ഒരിടത്ത്. തീവണ്ടിക്കൊള്ള. ഭാസ്കരപ്പട്ടേലരുടെ തോക്കിൽനിന്നുള്ള പൊട്ടാത്ത വെടിയുടെ വേദനയിൽ നിലവിളിക്കുന്ന തൊമ്മി. അവശേഷിച്ച സക്കറിയ മരുഭൂമിയുടെ ദത്തുപുത്രനോടു ചേർന്നിരിക്കുന്നു; ആടുജീവിതവുമായി. കാണാനേ ഇല്ല മഞ്ഞവെയിൽ മരണങ്ങൾ. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ...
ഒരു ചെറിയ പുസ്തകമുണ്ട്. വേണമെങ്കിൽ പോക്കറ്റിൽ ഒതുങ്ങുന്നത്. എല്ലാ വരിയുടെ താഴെയും വരയിടേണ്ടിവന്നു ആ പുസ്തകം ആദ്യമായി വായിക്കുമ്പോൾ. മനഃപാഠവുമാണ് എല്ലാ വരികളും ഇപ്പോഴും. ചുവന്ന മഷിയാൽ അടിവരയിട്ട പുസ്തകം. എംടിയുടെ മഞ്ഞ്. ഏക്താരയിൽ സർദാർജി മീട്ടിയ വിഷാദരാഗത്തിന്റെ ഏകാന്തശ്രുതി. പ്രളയം ബാക്കിവച്ചതു മഞ്ഞിന്റെ ഏതാനും വരികൾ മാത്രം. വരും, വരാതിരിക്കില്ല എന്ന വരികൾ ബാക്കിവന്ന താളുകളിലുണ്ടോ? ഹൃദയം മുറിച്ചു കടലാസാക്കി, വിരൽ മുറിച്ചു പേനയാക്കി, രക്തത്തിൽ മുക്കിയെഴുതിയ പ്രണയഗാനത്തിന്റെ ഈരടികൾ....?
അസുരവിത്തിൽനിന്ന് അവശേഷിച്ചത് അവസാനതാൾ മാത്രം.
അയാൾ പിന്നെയും നടന്നു.
മേച്ചിൽസ്ഥലങ്ങൾ ഇവിടെ ആരംഭിക്കുന്നു.
വഴുക്കുചാലുകളും ഇളംകാലടികൾക്കു തട്ടിത്തെറിപ്പിക്കാൻ വെള്ളമൊരുക്കിനിൽക്കുന്ന പുൽത്തണ്ടുകളും മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കിനിൽപ്പുണ്ട്. നടുവിൽ, കടന്നുപോയവരുടെയെല്ലാം കാൽപാടുകളിൽ കരിഞ്ഞപുല്ലുകൾ നിർമിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു.
പ്രിയപ്പെട്ടവരേ, തിരിച്ചുവരാൻവേണ്ടി യാത്ര ആരംഭിക്കുകയാണ്.
വീടുമാറ്റത്തിനിടെ പഴയ വീട്ടിൽനിന്നു പുതിയ വീട്ടിലേക്കു കൊണ്ടുപോകാനാകാതെ ആവശ്യം കഴിഞ്ഞ പുസ്തകങ്ങൾ അടുക്കിവയ്ക്കാൻ ശ്രമിച്ച ഒരു ഭർത്താവിന്റെ കഥയുണ്ട്. അഷ്ടമൂർത്തി എഴുതിയത്. ഒരു പുസ്തകം പോലും ഉപേക്ഷിക്കാൻ അയാൾക്ക് ആവുന്നില്ല. ആനുകാലികങ്ങൾ ഒന്നുപോലും വിൽപനക്കാരനു കൊടുക്കാനും മനസ്സുവരുന്നില്ല. പുസ്തകക്കൂമ്പാരത്തിനിടെ അയാൾ തളർന്നിരിക്കുമ്പോൾ സമയമായെന്ന് ഓർമിപ്പിക്കുന്നുണ്ട് അക്ഷമയോടെ ഭാര്യ. നിരത്തിൽ വാഹനം കാത്തുനിൽക്കുന്നു. പഴയ പുസ്തകങ്ങൾ വാങ്ങാനെത്തിയ കച്ചവടക്കാരനുമുണ്ട്. ഇല്ല, പുസ്തകങ്ങൾക്കിടയിൽനിന്ന് അയാൾക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ഒടുവിൽ പരാജയപ്പെട്ടത് അയാളല്ല, ക്ഷമ നഷ്ടപ്പെട്ട ഭാര്യ തന്നെ. അവർ വാഹനം പറഞ്ഞയച്ചു. വിൽപനക്കാരനെ പറഞ്ഞുവിട്ടു. തളർന്ന കാലടികളോടെ ഭർത്താവിന്റെ അടുത്തുവന്നിരുന്നു. വേണ്ട, ഒന്നും വിൽക്കേണ്ട. പുതിയ വീട്ടിലേക്കും ഈ പുസ്തകങ്ങളെല്ലാം നമുക്കു കൊണ്ടുപോകാം. ഒന്നും ഉപേക്ഷിക്കേണ്ട. ഞാനുണ്ട് കൂടെ. നമുക്ക് ഓരോന്നായി അടുക്കിവയ്ക്കാം.....
പ്രളയം എഴുതിയ പുതിയ കഥയിൽനിന്ന് ഇനി തുടങ്ങാം... പുതിയ ഗ്രന്ഥപ്പുരയുടെ നിർമിതി. കടലെടുക്കാത്ത കനിവിന്റെ ബാക്കി. നിറകൺചിരി.