തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ആ കൃതി നിരോധിക്കുമായിരുന്നു എന്ന് നെരൂദ ഒരിക്കൽ പറഞ്ഞു. സ്വന്തം കൃതിയായ റസിഡൻസ് ഓഫ് എർത്തിനെക്കുറിച്ചായിരുന്നു നെരൂദയുടെ വാക്കുകൾ. അതുപോലെ ഒരിക്കൽ പി. സുരേന്ദ്രനോട് നരേന്ദ്രപ്രസാദും സ്വന്തം കൃതിയെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്; നരേന്ദ്രപ്രസാദിന്റെ തന്നെ ഒരു നോവലിനെക്കുറിച്ച്. ഒരിക്കൽ കണ്ടപ്പോൾ സുരേന്ദ്രൻ നരേന്ദ്രപ്രസാദിനോടു ചോദിച്ചു, അലഞ്ഞവർ അന്വേഷിച്ചവർ എന്ന നോവലിന്റെ പുതിയ പതിപ്പ് കിട്ടാനില്ല, അത് വീണ്ടും അച്ചടിക്കാൻ എന്തുകൊണ്ടാണ് അനുവാദം കൊടുക്കാത്തത് എന്ന്. തെല്ലിട മൗനത്തിനു ശേഷം നരേന്ദ്രപ്രസാദ് ചോദിച്ചു, ‘സുരേന്ദ്രൻ ആ നോവൽ സൂക്ഷ്മമായി വായിച്ചിട്ടുണ്ടോ?’ വാരികയിൽ പ്രസിദ്ധീകരിച്ച കാലത്ത് ശ്രദ്ധിച്ചു വായിച്ചതാണെന്ന് മറുപടി. ഉടൻ വന്നു അടുത്ത ചോദ്യം , സുരേന്ദ്രൻ പിൽക്കാലത്ത് ആ കൃതി വായിച്ചിട്ടുണ്ടോ? ഇല്ലെന്ന് പറഞ്ഞതും നരേന്ദ്രപ്രസാദ്: അത് ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിഴലാണ്. ‘ഖസാക്ക്’ രചിക്കപ്പെട്ടതുകൊണ്ടു മാത്രം ഉണ്ടായ നോവലാണ് അത്. പ്രത്യക്ഷത്തിൽ തോന്നില്ലെങ്കിലും തന്റേത് മൗലികരചനയല്ല എന്നായിരുന്നു നരേന്ദ്രപ്രസാദിന്റെ വിശദീകരണം. സ്വന്തം കൃതികളെ മഹത്വവൽക്കരിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ കൂട്ടത്തിലല്ല നരേന്ദ്രപ്രസാദിന് സ്ഥാനം എന്ന് സുരേന്ദ്രൻ തിരിച്ചറിഞ്ഞത് അന്നാണ്. രാഷ്ട്രീയമാപിനി വച്ച് ചിലർ വായിച്ചപ്പോൾ സുരേന്ദ്രന് ഗ്രീഷ്മമാപിനി എന്ന നോവൽ പിൻവലിക്കേണ്ടി വന്നു.
സുരേന്ദ്രൻ ആഗ്രഹിച്ചിട്ടുണ്ട്, തന്റെ കഥകൾക്ക് നരേന്ദ്രപ്രസാദ് അവതാരിക എഴുതണമെന്ന്. പല തവണ അതിനായി സുരേന്ദ്രൻ നരേന്ദ്രപ്രസാദിനെ സമീപിച്ചു. അവതാരിക എഴുതിക്കൊടുത്തില്ല. ഒരിക്കൽ അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു, ഈ കഥകൾക്ക് അവതാരിക എഴുതാവുന്ന തലത്തിലേക്കുള്ള സന്നാഹം തനിക്ക് ഇപ്പോഴില്ല എന്ന്. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല താനെന്നും. അത് ഈ കഥകൾക്ക് നൽകുന്ന അഭിനന്ദനമായി കരുതണമെന്നും പറഞ്ഞു. അവതാരിക എഴുതിത്തരാത്തത് അഭിനന്ദനമാണെന്നത് സുരേന്ദ്രന് പുതിയ അറിവായിരുന്നു. നരേന്ദ്രപ്രസാദിന്റെ ആ മറുപടി ആത്മാർഥതയോടെയായിരുന്നു എന്നറിയണമെങ്കിൽ അതിനു തൊട്ടുമുൻപ് ഇവരെ തമ്മിൽ ബന്ധപ്പെടുത്തിയ സന്ദർഭം അറിയണം. സുരേന്ദ്രന്റെ ചൈനീസ് മാർക്കറ്റ് എന്ന കഥയ്ക്കാണ് വി.പി.ശിവകുമാർ സ്മാരക കേളി അവാർഡ് എന്ന വിവരം സുരേന്ദ്രനെ വിളിച്ചറിയിച്ചത് നരേന്ദ്രപ്രസാദായിരുന്നു.
എഴുപതുകളുടെ അവസാനം ഒറ്റപ്പാലത്ത് ഒരു സാഹിത്യസമ്മേളനത്തിൽ വച്ചാണ് സുരേന്ദ്രൻ നരേന്ദ്രപ്രസാദിനെ ആദ്യമായി കണ്ടത്. അന്ന് പ്രീഡിഗ്രി വിദ്യാർഥിയായ സുരേന്ദ്രൻ കവിതകളെഴുതുമായിരുന്നു. പി.പി. രാമചന്ദ്രനും സുരേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് അവരുടെ കവിതകൾ ചേർത്ത് ഒരു ചെറുപുസ്തകം പുറത്തിറക്കി. അതു വിൽക്കാൻ സമ്മേളനസ്ഥലത്തു വന്നപ്പോഴാണ് സുരേന്ദ്രൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്. നാളേറെക്കഴിഞ്ഞ് കുന്നംകുളത്ത് ഒരു സിനിമാചിത്രീകരണത്തിന് എത്തിയപ്പോൾ സുരേന്ദ്രനെ നരേന്ദ്രപ്രസാദ് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി. ദിവസം മുഴുവൻ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് തുടങ്ങിയ സംഭാഷണം രാത്രി വൈകുവോളം നീണ്ടു. സിനിമ വിട്ട് എന്തുകൊണ്ട് നിരൂപണത്തിലേക്ക് തിരിച്ചുവരുന്നില്ല എന്നു സുരേന്ദ്രൻ അന്വേഷിച്ചു. മനസ്സ് വല്ലാത്ത സംഘർഷത്തിലാണ്. അതു മൂടി വയ്ക്കാനുള്ള മറ മാത്രമാണ് അഭിനയം എന്നു നരേന്ദ്രപ്രസാദ് പറഞ്ഞത് സുരേന്ദ്രൻ ഓർക്കുന്നു. ‘ഇനി അതൊന്നും സാധിക്കുമെന്നു തോന്നുന്നില്ല. ഏതോ ഒരു ശാപം എന്നെ പിന്തുടരുന്നുണ്ട്. ആ ശാപമാണ് എന്നെ എഴുത്തിൽനിന്നകറ്റിയത്’ എന്നു പറയുന്ന നരേന്ദ്രപ്രസാദിന്റെ മുഖത്തേക്ക് സുരേന്ദ്രൻ നോക്കി. അദ്ദേഹത്തിന്റെ കവിളുകളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. തന്നെ അവസാനമായൊന്നു കണ്ടോളൂ എന്നു പറഞ്ഞ് സുരേന്ദ്രനെ നരേന്ദ്രപ്രസാദ് വിളിച്ചു വരുത്തിയതുപോലെയായി അത്. പിന്നെ ഏതാണ്ട് രണ്ടു മാസമേ നരേന്ദ്രപ്രസാദിന് ആയുസ്സുണ്ടായുള്ളൂ.
സൗപർണിക എന്ന യക്ഷിക്കും വേളിയായ താത്രിക്കും ഇടയിൽപ്പെട്ട് ധർമസങ്കടത്തിലായ വെൺമണിയെ ‘സൗപർണിക’യിൽ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്നുണ്ട്. നിരൂപണത്തിനും അഭിനയത്തിനുമിടയിൽപ്പെട്ട് ധർമസങ്കടത്തിലായ നരേന്ദ്ര പ്രസാദിനെയാണ് അപ്പോൾ ഓർത്തുപോയത്.