മധ്യവയസ്സിലെ പ്രണയവും അടുപ്പവും ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നതു തന്നെയാണ്, ആ ഒരു സത്യസന്ധമായ തുറന്നു വയ്ക്കലിലേക്കാണ് വൺസ് എഗയ്ൻ (once again) എന്ന കണവാൾ സേത്തിയുടെ സിനിമ കടന്നു വരുന്നത്. ഒറ്റ വായനയിൽ അനിത നായരുടെ പ്രണയപാചകം എന്ന നോവലുമായി ചേർത്ത് വച്ച് കാണാൻ കഴിയുന്ന കഥാതന്തു.
വൺസ് എഗയ്ൻ പറയുന്നത്
ജീവിതത്തിന്റെ മധ്യം കടന്നു വാർദ്ധക്യത്തിന്റെ പടവിലെത്തി നിൽക്കുന്ന രണ്ടു പേരിലേക്ക് അവരുടെ ഒറ്റപ്പെടൽ വിഷയമാവുകയും ആ ശൂന്യസ്ഥലിയിലേയ്ക്ക് അപരൻ കടന്നു വരുകയും ചെയ്യുന്നു. വളരെ സ്വാഭാവികമാണ് ഈ നടന്നു പോക്ക്. അമർ എന്ന സിനിമാ നടന്റെ ജീവിതത്തിൽ താര എന്ന ബിസിനസുകാരി സ്ത്രീയ്ക്ക് എത്രമാത്രം പ്രാധാന്യമാകാം? ആകസ്മികമായുണ്ടാകുന്ന ഒരു ഫോൺ സംഭാഷണത്തിൽ നിന്നും ഇരുവരുടെയും ബന്ധം വളരുകയാണ്. അമറും താരയും മധ്യവസ്സിന്റെ അറ്റത്ത് ഒറ്റപ്പെട്ടു നിൽക്കുന്നവരാണ്. വലിയ മക്കളുള്ളവർ, സ്വന്തമായി ചെയ്യാൻ ഒരുപാടുള്ളവർ, പക്ഷേ അവർ ഒന്നിച്ചു വരുന്ന പല സന്ദർഭങ്ങളിലും അമറിന്റെ പ്രശസ്തി അവരുടെ സൗഹൃദത്തെ മുറിവേൽപ്പിക്കുന്നുണ്ട്.
എന്താണ് ചില ബന്ധങ്ങളുടെ നിർവചനം? അത്രയെളുപ്പമല്ല ചിലർക്കത് പറഞ്ഞു മനസ്സിലാക്കാൻ. അതെ വൈഷമ്യത്തിൽ അമറും പെട്ടുപോകുന്നുണ്ട്. അയാളുടെ സഹപ്രവർത്തകർക്കു മുന്നിൽ താരയെ പരിചയപ്പെടുത്താൻ അയാൾക്കു കഴിയാതെ വരുന്നതോടെ അവർ ഇരുവരും ജീവിതത്തിന്റെ ആ ട്വിസ്റ്റിലേയ്ക്ക് അതിവേഗം എത്തപ്പെടുന്നു. പക്ഷേ ഒന്നും എളുപ്പമല്ല, ചില ബന്ധങ്ങൾ അടയാളപ്പെടുത്തലുകൾ ഇല്ലാതെ തുടരുന്നത് തന്നെയാണ് നല്ലത്.
അനിത നായരുടെ പ്രണയ പാചകം
ഇംഗ്ലീഷ് അക്ഷരമാലയുടെ ക്രമത്തിൽ അധ്യായങ്ങൾ ചേർത്ത് വയ്ക്കുന്ന നോവലാണ് പ്രണയപാചകം. ശൂലപാണി എന്ന സിനിമാ നടനും അയാൾ മറ്റൊരിടത്ത് താമസിക്കാനായി എത്തുമ്പോൾ പരിചയപ്പെടുന്ന സ്ത്രീയും തമ്മിലുള്ള ബന്ധമാണ് പ്രണയപാചകം പറഞ്ഞു വയ്ക്കുന്നത്. സിനിമയുടെ താരത്തിളക്കത്തിന്റെ ഇടയിലും ശൂലപാണി എല്ലായ്പ്പോഴും ഏകാന്തചിത്തനാണ്, അയാൾക്കുള്ളിലുമുണ്ട് ഒരു ശൂന്യമായ ഇടം. അത് നികത്തുന്നതാകട്ടെ ലെന എന്ന യുവതിയും. പക്ഷേ ലെനയ്ക്കും ശൂലപാണിയ്ക്കും സ്വന്തമായി അവരവരുടെ ജീവിതങ്ങളുണ്ട്, ആ ജീവിതമുപേക്ഷിച്ചാണ് അവർ അവരിലേക്ക് ചാഞ്ഞു പോകുന്നത്.
ഒരിക്കൽ കൂടി പ്രണയം വായിക്കുമ്പോൾ
വൺസ് എഗയ്ൻ എന്ന സിനിമയും പ്രണയപാചകവും തമ്മിലുള്ള പ്രധാന ചേർത്ത് വയ്ക്കലുകൾ സിനിമാ നടനും മധ്യവയസ്കനുമായ നായകനും അയാളിലേക്ക് ചായുന്ന നായികയുമാണ്, ഒപ്പം മധ്യവയസ്സിലെ പ്രണയം പറഞ്ഞു വയ്ക്കുന്ന കഥാതന്തുവും. നോവലിന്റെയും സിനിമയുടെയും ഒടുവിൽ നായകനും നായികയും ചെന്നു കയറുന്ന അവരുടേതു മാത്രമായ ഒരു തുരുത്തുണ്ട്, അവിടെ നിന്നുമാണ് ഈ വിഷയത്തിൽ ചർച്ചകൾ തുടങ്ങേണ്ടതും.
മിഡിൽ ഏജിലെ ക്രൈസിസുകൾ
മധ്യവയസ്സ് മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗത്തിലേയ്ക്കെന്നോ നരകത്തിലേയ്ക്കെന്നോ അറിയാതെ വഴുതി പൊക്കോണ്ടിരിക്കുന്ന സമയമാണ്, തെറ്റിദ്ധരിക്കണ്ട, സ്വർഗ്ഗവും നരകവും തൊട്ടു മുന്നിൽ കണ്ടെത്തുന്ന അനുഭവങ്ങൾ തന്നെ. ജോലിയുടെ ഈർഷ്യകൾ, വിവാഹം കഴിഞ്ഞ് ആവർത്തിക്കപ്പെടുന്ന മടുപ്പുകൾ, ഒരേ പോലെ യാന്ത്രികമായ ജീവിതം, പ്രാരാബ്ധങ്ങൾ, എല്ലാം വല്ലാതെ മനുഷ്യനെ മടുപ്പിച്ചുകൊണ്ടേയിരിക്കുന്നു, പക്ഷേ അതിൽ നിന്നൊക്കെ ഒന്ന് ഒഴിവാകാൻ എല്ലായ്പ്പോഴും അവൻ പദ്ധതിയിടുന്നു, അതിനുള്ള വഴികളെ കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കുന്നു. ആ ശൂന്യസ്ഥലിയിലേക്കാണ് മറ്റൊരു അനുഭവം വന്നു കൂടുന്നത്. മുന്നോട്ട് ഒരിഞ്ച് നീങ്ങണമെങ്കിൽ തെല്ല് ഊർജ്ജം കൂടിയേ കഴിയൂ എന്ന കണ്ടെത്തലിലേയ്ക്ക് പ്രചോദനത്തിന്റെ വലിയ ഭാണ്ഡക്കെട്ടുമായി അവരെത്തി ചേരും. ഈ വിഷയത്തെ കുറിച്ചാണ് once again പറയുന്നത്. ഇതേ വിഷയത്തിൽ മലയാളത്തിൽ രവിവർമ്മ തമ്പുരാൻ എഴുതിയ ശയ്യാനുകമ്പയും പറയേണ്ടതുണ്ട്.
മധ്യവയസ്സുകാരനായ ആനന്ദിന്റെ ജീവിതവും പ്രണയവുമാണ് ശയ്യാനുകമ്പ പറയുന്നത്. പ്രണയത്തിനു മുൻപും പിൻപും എന്ന് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തേണ്ടി വരും.സമൂഹവും കുടുംബവും തങ്ങളുടെ ബന്ധത്തെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവസ്ഥ അവരെ കൊണ്ടെത്തിക്കുന്ന ഏറ്റവും വലിയ ട്രാജിക് അവസ്ഥയാണ് ശയ്യാനുകമ്പയിലെ നായകൻ നേരിടുന്നത്. സമൂഹത്തേയും സ്വന്തം കുടുംബത്തിലെയും കല്ലേറുകൾ വൺസ് എഗയ്നിൽ താരയെ തേടിയെത്തുന്നുണ്ട്. സമൂഹം പുരുഷനു കുറച്ചു കൂടി ഇത്തരുണത്തിൽ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന് തോന്നുന്നു, ഒരു പരിധിവരെ അമർ സ്വന്തം ആത്മാവിന്റെ ചോദ്യങ്ങൾക്ക് മുന്നിലാണ് പകച്ചു നിൽക്കുന്നത്, പക്ഷേ താര അവളുടെ പ്രായപൂർത്തിയായ മകന്റെ ചോദ്യങ്ങൾക്ക് മുന്നിലും മകന്റെ അമ്മായിയമ്മയുടെ രൂക്ഷമായ വാക്കുകൾക്കു മുന്നിലും തകർന്നു നിൽക്കുന്നുണ്ട്. പക്ഷേ അവിടെയും താരയുടെ ബലം സ്ത്രീകളാണ്. അവളുടെ കയ്യിൽ മുറുകെ പിടിച്ച് മരുമകൾ നൽകുന്ന ധൈര്യം തന്നെയാകും താരയുടെ മുന്നോട്ടുള്ള ജീവിതത്തെ വരഞ്ഞിട്ടത്.
ഷെഫാലി ഷായുടെയും നീരജ് കബിയുടെയും അത്യുഗ്രൻ പ്രകടനം ഒരു സാധാരണ ബോളിവുഡ് സിനിമ എന്ന നിലയിൽ നിന്നും ഏതോ മനോഹരമായ ചേതൻ ഭഗത് നോവൽ വായിക്കുന്ന പ്രതീതിയിലേയ്ക്ക് കൊണ്ട് പോയെന്നതാണ് നേര്. മധ്യവയസ്സിൽ ഒറ്റയ്ക്കായി പോകുന്നവരുടെ ഏകാന്തതയും സങ്കടങ്ങളും ഒരുപക്ഷേ അവരെ ചുറ്റി നിൽക്കുന്ന മറ്റൊരാൾക്കും മനസ്സിലാക്കണമെന്നില്ല, അത് അവർക്ക് മാത്രം മനസ്സിലാകുന്ന ബോധമാണ്. താര അവളുടെ എല്ലാ ആകുലതകളിൽ നിന്നും യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അമറുമായി ഉണ്ടായിരുന്ന പേരില്ലാത്ത ബന്ധത്തെയാണ് അവൾ വീണ്ടും കൂട്ടി യോജിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഒരു ബന്ധവും ഏതെങ്കിലും പേരിന്റെയുമപ്പുറം അവർ തമ്മിലുള്ള പൂർണത്വത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അമറിന്റേയും താരയുടെയും ബന്ധവും സ്നേഹവും പോലെ,