Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് മലയാളിക്ക് മഴ ക്ലാരയായിരുന്നു; ഇനിയോ?

clara പദ്മരാജന്റെ തൂവാനത്തുമ്പികളിൽ നിന്ന് ഒരു രംഗം

ലോകസാഹിത്യവുമായി താരതമ്യം ചെയ്ത് മലയാളത്തിന്റെ പോരായ്മകൾ എടുത്തുപറയുമ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന പോരായ്മകളിലൊന്നാണ് തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന സാഹിത്യത്തിന്റെ അഭാവം. അസ്തിത്വത്തിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്ന യുദ്ധം പോലെ, ഭൂകമ്പം പോലെ പ്രകൃതി പ്രതിഭാസങ്ങളോ പലായനമോ ഒന്നും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ഒരു ജനത സൃഷ്ടിക്കുന്ന സാഹിത്യം കേവലം ഭാവനാസഞ്ചാരങ്ങൾ മാത്രമാണെന്ന്. അനുഭവതീക്ഷ്ണതയുടെ ക്രിയാത്മകമായ ആഖ്യാനങ്ങൾ നമുക്കന്യമാണെന്ന്. തീക്ഷ്ണമായ അനുഭവത്തിന്റെ അഭാവത്തെക്കുറിച്ചും ശുഷ്കമായ വേദനകളെക്കുറിച്ചും വേവലാതിപ്പെട്ടിരുന്നവർക്കുമുന്നിലേക്കാണ് ഇത്തവണ പ്രളയം വന്നത്; കേരളത്തെ നടുക്കിയ മഹാദുരന്തം. അപ്രതീക്ഷിതമായി അനുഭവപ്പെട്ട ദുരന്തത്തിൽ നാടും നഗരവും വിറങ്ങലിച്ചു. ഒന്നോ രണ്ടോ ജില്ലകളെയും ചില പ്രദേശങ്ങളെയും മാറ്റിനിർത്തിയാൽ നാടൊന്നായി മുങ്ങിപ്പോയ അവസ്ഥ. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ, സ്ഥാപനമെന്നോ വീടെന്നോ വ്യത്യാസമില്ലാതെ ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുകയും ജനജീവിതം നിശ്ഛലമാകുകയും ചെയ്ത അസാധാരണ സ്ഥിതിവിശേഷം. പ്രിയപ്പെട്ടവരുടെ മരണം. പലായനം. വീടുകളുടെ തകർച്ച. പ്രിയപ്പെട്ടതായി സ്വരുക്കൂട്ടിയ വീട്ടുസാധനങ്ങളുടെ നഷ്ടം. ദുരിതാശ്വാസ ക്യാംപുകളിലെ ദയനീയ സാഹചര്യങ്ങൾ. സൈന്യത്തിന്റെ ഇടപെടൽ. ഒടുവിൽ നഷ്ടങ്ങളുടെ മരുപ്പറമ്പിലേക്കു തിരിച്ചുള്ള യാത്ര. 99–ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറഞ്ഞുകേൾക്കുകയും വായിക്കുകയും മാത്രം ചെയ്ത ജനത ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം സമാനമായ മറ്റൊരു ദുരന്തത്തെ മുന്നിൽക്കണ്ടു. പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തുകയും താളം തെറ്റിക്കുകയും ചെയ്തെങ്കിലും പ്രളയം ഇനി മികച്ച സാഹിത്യം സൃഷ്ടിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. 

മഴ മലയാളിക്കു ക്ലാരയാണ്. പദ്മരാജന്റെ തൂവാനത്തുമ്പികളിലെ നായിക. ആദ്യം അവർ കാണുമ്പോൾ മഴ പെയ്തു. പിന്നീടുള്ള അവരുടെ ഒത്തുചേരലുകൾക്കും പ്രണയത്തിന്റെ താളമിട്ടു മഴ. പ്രണയത്തിന്റെ മഴ. ആസക്തിയുടെ, വേർപാടിന്റെ, വേർപിരിയലിന്റെ, അസാന്നിധ്യത്തിന്റെ മഴ. എന്നെന്നും നിറയുന്ന അസാന്നിധ്യത്തിന്റെ ക്രൂരവേദനയുണ്ടായിട്ടും ആ മഴ മലയാളി ആസ്വദിച്ചു. അതിനൊരു കാൽപനിക ഭംഗിയുണ്ടായിരുന്നു. വെള്ളിത്തിരയിൽ വീണ്ടും വീണ്ടും കണ്ട് ആസ്വദിച്ചു. പിന്നീടു പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴയും അനുരാഗപ്പുതുമഴയുമൊക്കെ മലയാളിയുടെ ഭാവനയുടെ ചക്രവാളത്തിൽ മഴവില്ലഴകു വിരിയിച്ചു. പക്ഷേ, ഇപ്പോൾ ഇതാദ്യമായി കാൽപനികതയുടെ താളമിട്ട മഴ ക്രൂരതയുടെ കരാളതയായി. ഇനിയെന്ത് എന്ന ചോദ്യം പോലും ജീവിതത്തിലാദ്യമായി നേരിട്ടു. 

മലയാളത്തിലെ ഏറ്റവും മികച്ച അഞ്ചു കഥകളുടെ കൂട്ടത്തിലുണ്ട് തകഴിയുടെ വെള്ളപ്പൊക്കത്തിൽ. എം.കൃഷ്ണൻനായർ ഉൾപ്പെടെ ലോകസാഹിത്യത്തെ നെഞ്ചേറ്റിയവർപ്പോലും ആവർത്തിച്ചുചൂണ്ടിക്കാണിച്ച റിയലിസത്തിന്റെ ഉദാത്തമാതൃക. 99–ലെ വെള്ളപ്പൊക്ക അനുഭവത്തിൽനിന്നുമാണു തകഴി നിസ്സഹായനായ ഒരു നായ അനുഭവിക്കുന്ന ഒറ്റപ്പെടലിലൂടെ മലയാളത്തിലെ മികച്ച കഥകളിലൊന്ന് എഴുതിയത്. ചരിത്രരേഖയേക്കാൾ വിലപ്പെട്ടതായി ഇന്നും കാത്തുവച്ചിരിക്കുന്ന സ്മാരകം കൂടിയാണ് വെള്ളപ്പൊക്കത്തിൽ. മലയാള വർഷത്തിന്റെ കണക്കിൽ അറിയപ്പെട്ട 99–ലെ വെള്ളപ്പൊക്കത്തിനുശേഷം വഴിത്തിരിവ് ആയിരിക്കുകയാണ് 2018 ലെ മഹാമാരി. പ്രളയം നക്കിത്തുടച്ച ഭൂമിയിൽനിന്നു പുതിയ പൊടിപ്പുകളും നാമ്പുകളും ഉണ്ടായിവരുന്നതുപോലെ 18–ലെ പ്രളയത്തിൽനിന്നും ഇനി ഉയിർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു പുതിയ സാഹിത്യവും പുതിയ ഭാവുകത്വവും. 

പ്രളയവുമായി ബന്ധമില്ലെങ്കിലും അസ്തിത്വദുഃഖത്തിന്റെ വേദന മലയാളി മനസ്സിലാക്കിയ ഖസാക്കിലുമുണ്ട് മഴ. കാലവർഷത്തിന്റെ വെളുത്ത മഴ. ശരീരത്തെ ഉടനീളം മുക്കിയ, നിർത്താതെ പെയ്ത മഴ. ആ മഴയിലാണല്ലോ രവി ബസ്സു വരാനായി കാത്തുകിടന്നത്. ഒരു തലമുറ തന്നെ ആ കാത്തിരിപ്പിന്റെ വേദന ഏറ്റുവാങ്ങിയത്.  

സ്വയം അനുഭവിക്കാത്ത ജീവിതം കെട്ടുകഥ മാത്രമാണെന്ന് പറയുന്നുണ്ട് മരുഭൂമിയുടെ ദത്തുപുത്രനായ നജീബ്. പൊൻമുട്ടയിടുന്ന താറാവായി മാത്രം കണ്ടിരുന്ന പ്രവാസം അതോടെ പൊള്ളുന്ന മരുഭൂമിയും അസഹനീയമായ യാതനകളുടെ മരുപ്പറമ്പും മരണവും നിസ്സഹായതയുമായി. ഇപ്പോഴിതാ അനുഭവങ്ങളെ പുതിക്കിപ്പണിഞ്ഞു പ്രളയം. അനുഭവാഖ്യാനങ്ങൾ ഏറെയുണ്ടാവാം. അതിലുപരി മലയാളം കാത്തിരിക്കുന്നത് ഉള്ളു കടഞ്ഞെഴുതുന്ന, സർഗാത്മകതയുടെ നൂതന ആഖ്യാനങ്ങൾക്ക്. വരാനിരിക്കുന്ന തലമുറകൾ ഒരുപക്ഷേ ആ കൃതികളിലൂടെവേണം കേരളം കടന്നുപോയ യാതന അറിയാൻ. അനുഭവമെഴുത്തിനുപകരം ഉള്ളു പിടയുന്ന നോവും ആഴത്തിലുലയ്ക്കുന്ന അക്ഷരങ്ങളുമെല്ലാം ഉൾപ്പെട്ട സർഗാത്മകതയുടെ സൗന്ദര്യം. വരാനിരിക്കുന്ന ആ കാന്തികമണ്ഡലത്തിലൂടെ വേണം മലയാളത്തിനു കര കയറാൻ. മുങ്ങിപ്പോയ അക്ഷരങ്ങൾക്കു പുതുജീവൻ ലഭിക്കാൻ. വെള്ളത്തിലാണ്ടുപോയാലും വീണ്ടും കാത്തുവയ്ക്കും പുസ്തകങ്ങൾ എന്ന പ്രിയം മലയാളിയിലുണ്ടാക്കാൻ.