Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസേട്ടാ, ഞങ്ങൾക്കാ പഴയ മധുരം മതിയായിരുന്നല്ലോ

ലിജീഷ് കുമാർ
mittayi-theruvu

മിഠായിത്തെരുവ് കോഴിക്കോടിന്റെ വികാരമാണ്. സാംസ്കാരിക ചരിത്രത്തിന്റെ ഭാഗവും. പാട്ടിനും പ്രകടനങ്ങൾക്കും നിരോധനമുള്ള പുതിയ മിഠായി തെരുവിനെകുറിച്ച് ലിജീഷ് കുമാർ എഴുതുന്നു

പഴയൊരു കഥയാണ്. ഈ കഥ ജോസേട്ടനറിയില്ല. ജില്ലാഭരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായി കോഴിക്കോടിനൊരു കളക്ടറുണ്ടാകുന്നതിനും മുമ്പാണ്. അന്ന് സാമൂതിരിയാണ് കോഴിക്കോട് ഭരിക്കുന്നത്. ചേരമാൻ പെരുമാളിൽ നിന്ന് നാട് ഭരിക്കുവാനുള്ള അവകാശം ചത്തും കൊന്നും നേടിയ സാമൂതിരിമാരാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവർ. മധ്യകാല കേരളത്തിലെ തിളക്കമേറിയ ചരിത്രമാണവരുടേത്. നമുക്ക് കഥയിലേക്ക് മടങ്ങാം. ഒരു ദിവസം നമ്മുടെ സാമൂതിരി രാജാവിന്റെ കൈയ്ക്ക് കടുത്ത വേദന തുടങ്ങി. കൊട്ടാരം വൈദ്യന്മാരെല്ലാം മാറിമാറി ചികിത്സിച്ചു നോക്കി. വേദന മാറിയതേയില്ല. ഒടുവിൽ അന്യനാട്ടിൽ നിന്നെത്തിയ പ്രഗത്ഭനായ ഒരു വൈദ്യൻ മരുന്നൊന്നും വേണ്ടതില്ലെന്നും കയ്യിലൊരു തുണി നനച്ചിട്ടാൽ മതിയെന്നും പറഞ്ഞു. തുണിയെങ്കിൽ തുണി, ഇനി അതായിട്ടെന്തിന് പരീക്ഷിക്കാതിരിക്കണം. തുണി നനച്ച് ചുറ്റിയതും വേദന പമ്പ കടന്നു. രാജാവ് മാത്രമല്ല ദേശം മുഴുവൻ അമ്പരന്നു പോയി !

ദിവസങ്ങൾ കടന്നു പോയി. തന്റെ അസുഖം മാറിയെങ്കിലും രാജ്യത്താകപ്പാടെ ഒരു സുഖമില്ലായ്മയുണ്ടെന്ന് സാമൂതിരിക്ക് തോന്നി. ദേശത്തിന്റെ രോഗശാന്തിയന്വേഷിച്ചലഞ്ഞത് സാമൂതിരിയുടെ പ്രധാനമന്ത്രിയായിരുന്ന മങ്ങാട്ടച്ചനാണ്‌‌. അന്ന് രാജാവിന്റെ കയ്യിൽ തുണി നനച്ചിട്ടപ്പോൾ അദ്ദേഹത്തിന്റെ ചുമലില്‍ നിന്നു ഭാഗ്യദേവത ഇറങ്ങിപ്പോയെന്ന് ദേശക്കാർ വിശ്വസിക്കുന്ന വിവരം മങ്ങാട്ടച്ചനറിഞ്ഞു. ഐശ്വര്യദേവതയെത്തേടി കോഴിക്കോട് നഗരത്തിലൂടെ ഓടിയ മങ്ങാട്ടച്ചൻ ഒടുവിൽ ദേവതയെ കണ്ടെത്തുന്നത് മിഠായിത്തെരുവിലാണ്. തെരുവിൽ നില്‍ക്കുന്ന ദേവതയുടെ കാലുപിടിച്ച് മങ്ങാട്ടച്ചൻ കൊട്ടാരത്തിലേക്കു തിരിച്ചുവിളിച്ചു നോക്കി. ഒരിക്കൽ ഇറങ്ങിയിടത്തേക്ക്‌ താൻ തിരിച്ചില്ലെന്ന് ദേവത തീര്‍ത്തുപറഞ്ഞു. ദേവതയെ കണ്ട വിവരം രാജാവിനെ അറിയിച്ച് താൻ മടങ്ങിവരുവോളം കാത്തു നില്‍ക്കണമെന്നു പറഞ്ഞ് മങ്ങാട്ടച്ചന്‍ മടങ്ങി. പക്ഷേ അയാൾ തിരികെ വന്നില്ല. ദേശത്തിന്റെ ഐശ്വര്യം കാക്കാൻ മങ്ങാട്ടച്ചന്‍ ആത്മഹത്യ ചെയ്തു. ഇന്നും മങ്ങാട്ടച്ചന്‍ മടങ്ങിവരുന്നതും കാത്ത് ഐശ്വര്യദേവത മിഠായിത്തെരുവില്‍ നില്‍ക്കുന്നതിനാലാണ്‌ കോഴിക്കോടിനിത്ര ഐശ്വര്യമെന്നാണ് കഥ. ഇത് ഈ തെരുവിന്റെ കഥയാണ്.

കോഴിക്കോട്ടുകാരുടെ സന്തോഷവും സങ്കടവും നെഞ്ചേറ്റു വാങ്ങിയ തെരുവാണിത്. അനീതികൾക്കെതിരെ തൊണ്ട പൊട്ടുമാറുച്ചത്തിൽ കോഴിക്കോട്ടുകാർ വിളിച്ച എത്രയെത്ര പ്രകടനങ്ങൾക്ക് ഈ തെരുവു വഴികൾ സാക്ഷിയാണ്. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല കാഴ്ചകൾ കണ്ടു സുഖത്തിലങ്ങനെ നടക്കാൻ കൂടിയാണ് മനുഷ്യർ മിഠായിതെരുവിലെത്തുന്നത്. കച്ചവടത്തെരുവ് മാത്രമല്ല കോഴിക്കോട്ടുകാർക്കിത്. ഇതവരുടെ സംഗമകേന്ദ്രം കൂടിയാണ്. കോടികൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മിഠായി തെരുവ് ജനങ്ങൾക്ക് തുറന്നുകൊടുത്തത് യു.വി. ജോസ് ഐഎഎസ് എന്ന കോഴിക്കോട്ടുകാരുടെ ജോസേട്ടനാണ്. മിഠായിത്തെരുവിൽ കന്യാസ്ത്രീകളോട് ഐക്യപ്പെട്ട് പ്രകടനം നടത്തിയവർക്കെതിരേ പോലീസ് കേസെടുത്ത വിവരം അൽപം മുമ്പാണറിഞ്ഞത്. കോഴിക്കോടിന്റെ തെരുവു പാട്ടുകാരൻ ബാബു ഭായിയുടെ പാട്ട് മിഠായിത്തെരുവിൽ പോലീസ് നിരോധിച്ചതിന്റെ പുകിൽ കെട്ടടിങ്ങിയതേയുള്ളൂ.

പാട്ടും പ്രകടനങ്ങളുമെല്ലാം നിരോധിച്ച് നിങ്ങളുണ്ടാക്കിയെടുക്കാൻ പോകുന്ന പുതിയ തെരുവ് ഞങ്ങൾക്കു വേണ്ട സർ. ഒന്നിച്ച് കൊണ്ട വെയിലിന്റെയും ഒന്നിച്ചു കണ്ട സ്വപ്നങ്ങളുടെയും മണമുണർന്നിരിക്കുന്ന ആ പഴയ മിഠായിത്തെരുവ് മതിയായിരുന്നു ഞങ്ങൾക്ക്. കോർപ്പറേറ്റ് യുക്തിയിൽ പുഴുങ്ങിയ തുണി നനച്ചിട്ട് ഭരണകൂടം മങ്ങാട്ടച്ചനെ കാത്തു നിന്നിരുന്ന ഐശ്വര്യദേവതയെ മിഠായിത്തെരുവില്‍ നിന്നും പറഞ്ഞയക്കരുത്. കോഴിക്കോടിന്റെ ഐശ്വര്യം കെടുത്തിയ ജോസേട്ടന്റെ നവീകരണമെന്ന് മിഠായിത്തെരുവ് നവീകരണത്തിന്റെ ചരിത്രമെഴുതാൻ ഞങ്ങൾക്കു സങ്കടമുണ്ട്.