ചരിത്രവിധികൾ പൂക്കുമ്പോൾ...

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന ഒക്ടോബർ രണ്ടിനു മുൻപുള്ള ദിവസങ്ങളിൽ, ജനജീവിതത്തെയും നിയമവ്യവസ്ഥയെയും അടിമുടിമാറ്റുന്ന വിധികൾ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന കാഴ്ചയാണു നാം കാണുന്നത്. ഇവയിൽ ഇന്ത്യൻ ശിക്ഷാനിയമത്തെ സംബന്ധിച്ച വിധികൾ ചരിത്രപ്രാധാന്യം ഉള്ളവയാണ്. ഏതൊരു സമൂഹത്തിന്റെയും മതപരമായ വീക്ഷണങ്ങൾക്കും ധാർമികസങ്കൽപങ്ങൾക്കും അനുസൃതമാണ് അതു നടപ്പിലാക്കുന്ന ശിക്ഷാനിയമങ്ങൾ. പണ്ട് ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ ഭരിച്ചിരുന്ന സ്ഥലങ്ങളിൽ മനുസ്മൃതി അനുസരിച്ചുള്ള ശിക്ഷാനിയമങ്ങളും ഇസ്‍‌ലാമിക നാട്ടുരാജ്യങ്ങളിൽ ശരീഅത്ത് അനുസരിച്ചുള്ളവയുമായിരുന്നു നിലവിലുണ്ടായിരുന്നത്. അസമാധാനവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ ഈ നിയമവ്യവസ്ഥയിൽ ഐകരൂപ്യമുണ്ടാക്കണമെന്ന് ഇന്ത്യ കീഴടക്കിയതു മുതൽ ബ്രിട്ടിഷുകാർ ആഗ്രഹിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്‌സ് മുതലുള്ളവർ ഇതിനായി ചട്ടങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. 

ഇന്ത്യ ഉൾപ്പെടെയുള്ള മുൻ ബ്രിട്ടിഷ് കോളനികളിൽ ഇന്നു നിലവിലുള്ള ശിക്ഷാനിയമത്തിന്റെ കരട് 1835ൽ തോമസ് ബാബിങ്‌ടൻ മെക്കാളെയുടെ അധ്യക്ഷതയിലുള്ള ആദ്യത്തെ നിയമകമ്മിഷനാണു തയാറാക്കിയത്. മെക്കാളെ പ്രഭുവാകട്ടെ, ഇന്ത്യയൊരു അപരിഷ്കൃത രാജ്യമാണെന്നും പാശ്ചാത്യ സംസ്കാരത്തിലൂടെയേ അതിനു മേൽഗതിയുണ്ടാകുകയുള്ളൂ എന്നും വിശ്വസിച്ചിരുന്ന വ്യക്തിയാണ്. അതുകൊണ്ട് അദ്ദേഹം തയാറാക്കിയ ശിക്ഷാനിയമം ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും അമേരിക്കയിലെയും ശിക്ഷാനിയമങ്ങൾ കോർത്തിണക്കി രചിച്ചതായിരുന്നു. പല തിരുത്തലുകൾക്കു ശേഷം 1860ൽ ഇന്ത്യൻ ശിക്ഷാനിയമം നിലവിൽ വന്നപ്പോൾ, പാശ്ചാത്യരാജ്യങ്ങളിൽ അന്നു നിലവിലിരുന്ന ധാർമികതയും മതപരമായ കുറ്റസങ്കൽപങ്ങളും ഇന്ത്യക്കും ബാധകമായി. 

സ്വവർഗരതി നിയമവിരുദ്ധമാക്കുന്ന 377ാം വകുപ്പ് 1861ൽ ആണു നടപ്പിൽ വന്നത്. അതിന്റെ പൂർവരൂപം വളരെ പഴക്കമുള്ളതാണ്. 1533 മുതൽ ഇംഗ്ലണ്ടിൽ നിലവിലിരുന്ന പ്രകൃതിവിരുദ്ധ നിയമം പകർത്തിയതാണത്. ഇന്ത്യൻ ശിക്ഷാനിയമം 497ാം വകുപ്പ് അനുസരിച്ച് പുരുഷന്റെ പരസ്ത്രീഗമനം കുറ്റകരമായിരുന്നു — അതും ഭർത്താവിന്റെ സമ്മതത്തോടെയല്ലെങ്കിൽ മാത്രം. സ്ത്രീയെ സ്വത്തായി കണ്ടിരുന്ന സമൂഹവീക്ഷണമാണ് അതിൽ പ്രതിഫലിച്ചിരുന്നത്. ഈ രണ്ടു വകുപ്പുകളും റദ്ദാക്കുന്നതിനു മുൻപ് സുപ്രീം കോടതി മാറ്റുരച്ചതു മതേതരഗ്രന്ഥമായ ഭരണഘടനയുമായിട്ടായിരുന്നു. ഒടുവിൽ, സ്വാതന്ത്ര്യം കിട്ടി ഏഴു ദശകങ്ങൾക്കു ശേഷം ഇന്ത്യയിലെ ശിക്ഷാനിയമങ്ങളുടെ അപകോളനീകരണം (decolonisation) സംഭവിക്കുന്നു. 

പന്ത്രണ്ടുവർഷപ്പൂക്കൾ 

നീലക്കുറിഞ്ഞി കണ്ടു. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഈ പുഷ്പവിസ്മയം കാണാൻ കൊച്ചിയിൽനിന്നു പോയത് വളഞ്ഞ വഴിയിലൂടെയായിരുന്നു. കിഴക്കൻമലകളിൽ കുറിഞ്ഞി കാണാനുള്ള പ്രധാനകവാടമായ മൂന്നാറിനെ മാറ്റിനിർത്തി അധികം തിരക്കില്ലാത്ത മാർഗത്തിലൂടെയായിരുന്നു യാത്ര. 

നീലക്കുറിഞ്ഞി കൂട്ടമായി പൂത്തുനിൽക്കുന്നതു കാണാൻ മൂന്നാറിൽ നിന്ന് 50 കിലോമീറ്റർ വടക്കുകിഴക്കായി കാന്തല്ലൂരിൽ ചെന്നാലും മതിയാകും. വടക്കൻ കേരളത്തിലുള്ളവർക്കും കേരളത്തിലേക്കു വളരെയധികം ആഭ്യന്തരപര്യടകർ വരുന്ന ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവർക്കും ഉദുമൽപേട്ട്, മറയൂർ വഴി, പ്രളയം ബാധിക്കാത്ത നല്ല റോഡുകളിൽ കൂടി ഇവിടെ എത്തിച്ചേരാനാകും. മറയൂരിലെ ആദിവാസിക്കുടികൾക്കു സമീപം അഞ്ചുനാട്ടാംപാറയിലും കാന്തല്ലൂരിലെ ഒള്ളവയലിന്റെ സമീപം വെള്ളിമലയിലും ലൈലാക്‌പട്ടു വിരിച്ചപോലെ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നതു കാണാം. വഴിയിൽ പലയിടത്തും, സ്വകാര്യവ്യക്തികളുടെ ഭൂമിയിലടക്കം പന്ത്രണ്ടുവർഷപ്പൂക്കൾ വിരിഞ്ഞിരിക്കുന്നു. 

പക്ഷേ, ഒരു പ്രശ്നം, അതും മനുഷ്യനിർമിതം. നീലക്കുറിഞ്ഞി കൂട്ടമായി വിരിഞ്ഞുനിൽക്കുന്നതു കാണാൻ വനംവകുപ്പ് സമ്മതിക്കുകയില്ല. വെള്ളിമലയിലെ നീലഭൂമിയുടെ പ്രവേശനകവാടമായ ഒള്ളവയലിലെ ആദിവാസിക്കുടിക്കു സമീപം അവർ പെട്ടെന്ന് ഒരു താൽക്കാലിക ചെക് പോസ്റ്റ് ഉയർത്തിയിരിക്കുന്നു. വിനോദസഞ്ചാരികളെ വിലക്കാനാണിത്. ചിന്നാർ വന്യമൃഗസങ്കേതത്തിൽ പെട്ട സംരക്ഷിതമേഖല ആയതുകൊണ്ടാണ് ഈ നിരോധനം എന്നാണു പറയുന്നത്. അവർ പറയുന്നതു നിയമമാണെന്നു മറക്കുന്നില്ല. 

മൂന്നാറിൽനിന്ന് ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ സംരക്ഷിതമേഖലകളായ രാജമലയിലേക്കും മറ്റും സന്ദർശകരെ അനുവദിക്കുന്നതിൽ പാലിക്കുന്ന നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ട് നീലക്കുറിഞ്ഞിയിലേക്ക് മറ്റൊരു കവാടം, മറയൂരിൽ അധികൃതർക്കു തുറക്കാവുന്നതേയുള്ളൂ. ആഭ്യന്തര സന്ദർശകർക്കു മാത്രമല്ല, വിദേശികൾക്കും സൗകര്യപ്രദമായിരിക്കും. ചരിത്രകുതുകികൾക്ക് പ്രത്യേകിച്ചും. ഓർക്കുക, മറയൂർ മഹാശിലാകാലത്തു സജീവമായിരുന്നു. പ്രളയത്തിൽനിന്നു തലയുയർത്തുന്ന വിനോദസഞ്ചാരമേഖലയിലേക്കു കൂടുതൽ സഞ്ചാരികളെത്തും. കഴിഞ്ഞ കുറിഞ്ഞിക്കാലത്ത് ജനനിബിഡമായിരുന്ന മറയൂരിലെയും കാന്തല്ലൂരിലെയും വീഥികൾ ഒഴിഞ്ഞുകിടക്കാതെയുമിരിക്കും. 

ജീവരക്ഷ പ്രധാനം 

ഈയിടെ നടന്ന, കേരളത്തെ ദുഃഖിപ്പിച്ച ഒരു കാറപകടം, ആ അപകടവുമായി ബന്ധമില്ലെങ്കിലും, പിൻസീറ്റിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതടക്കം പല സുരക്ഷാനിർദേശങ്ങളെയും  പെട്ടെന്ന് ഓർമിപ്പിച്ചു. 1994ൽ ആണ് ഇന്ത്യയിൽ മുൻസീറ്റുകളിൽ നിർബന്ധമായും സീറ്റ്ബെൽറ്റ് ഉപയോഗിക്കണമെന്ന നിയമം നിലവിൽവന്നത്. 2002ൽ പിൻസീറ്റുകളിലേക്കും അതു വ്യാപിപ്പിച്ചു, പക്ഷേ, നിർബന്ധമായി നടപ്പിലാക്കണമോ വേണ്ടയോ എന്നതു സംസ്ഥാനങ്ങളുടെ ഔചിത്യത്തിനു വിട്ടു.

2014ൽ കേരളമാണ് ആദ്യമായി പിൻസീറ്റിലും ബെൽറ്റ് നിർബന്ധമാക്കി ചട്ടങ്ങൾ പുറപ്പെടുവിച്ചത്. അന്നത്തെ ട്രാൻസ്‌പോർട്ട് കമ്മിഷണറായ ഋഷിരാജ് സിങ്ങായിരുന്നു ഇതിനു പിന്നിൽ. ഒരു പക്ഷേ, അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്, ആയിടെ കാറപകടത്തിൽപെട്ട കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ ദാരുണാന്ത്യമായിരിക്കാം.

ഋഷിരാജ് സിങ്ങിന്റെ ഉത്തരവ് പ്രതിഷേധങ്ങൾക്കു വഴിവച്ചു. പിൻസീറ്റിലെ യാത്രക്കാരുടെ ‘അസൗകര്യം’ ആയിരുന്നു പ്രധാന പ്രശ്നം. നിയമസഭയിലും ഇതിനെതിരെ ചർച്ച വന്നു. ഒരു ദിവസം അസംബ്ലിയിൽ ഒരു സബ്‌മിഷനു മറുപടി പറയവേ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ ഉത്തരവു പിൻവലിച്ചതായി പ്രഖ്യാപിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്നു കരുതിയാണ് താനിതു ചെയ്തതെന്നു മന്ത്രി പറഞ്ഞു.

പല പിൻസീറ്റ് യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിച്ചു യാത്ര ചെയ്യുന്നതാണു കാമ്യമെന്നു കരുതി. അതിലൊരാളായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2016ൽ ഏറ്റുമാനൂരിനടുത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടപ്പോൾ പിൻസീറ്റിൽ സീറ്റ്ബെൽറ്റ് ധരിച്ച് ഉറങ്ങിയിരുന്ന അദ്ദേഹം പരുക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. ജീവരക്ഷയ്‌ക്കുള്ള ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ, അതെത്ര കയ്പുള്ളതാണെങ്കിലും, ജനവികാരം മാനിക്കേണ്ടതുണ്ടോ?

സ്കോർപിയോൺ കിക്ക്:  കന്നഡ നടൻ രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീരപ്പനടക്കം 12 പ്രതികളിൽ, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒൻപതുപേരെ കുറ്റവിമുക്തരാക്കി കോടതിവിധി. വീരപ്പൻ രാജ്‌കുമാറിനെ തട്ടിക്കൊണ്ടു പോയിട്ടേയില്ല!