ഒരിക്കല്‍ കാശി രാജാവ് കോസലം ആക്രമിച്ചു കീഴടക്കി, കോസല രാജാവിന്റെ ഗര്‍ഭിണിയായ ഭാര്യയെ പിടിച്ചുകൊണ്ടുപോയി. പിന്നീട് രാജ്ഞി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. കനിഹ എന്ന ഈ പെണ്‍കുട്ടിയെ കാശി രാജാവ് സ്വന്തം മകളായി വളര്‍ത്തി. അവള്‍ക്കു പ്രായപൂര്‍ത്തിയായി, സ്വയംവരത്തിന്റെ സമയമായി. സ്വയംവരത്തില്‍ പാണ്ഡുരാജാവിന്റെ മക്കളായ അഞ്ചു രാജകുമാരന്‍മാരെയും ഭര്‍ത്താക്കന്‍മാരായി വേണമെന്ന് കനിഹ ആവശ്യപ്പെടുന്നു. അഞ്ചുപേരെയും ഭര്‍ത്താക്കന്‍മാരാക്കുന്ന പരിപാടി രാജാവിനെ വിഷമിപ്പിച്ചെങ്കിലും മകളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാമെന്ന് മുമ്പു വരം കൊടുത്തിരുന്നതുകൊണ്ട് മനസ്സില്ലാമനസ്സോടെ അദ്ദേഹം അതിനു സമ്മതിക്കുന്നു. അഞ്ചു ഭര്‍ത്താക്കന്‍മാരെ ലഭിച്ച കനിഹ അതും പോരാഞ്ഞിട്ട് കൂനനും വികലാംഗനുമായ ഒരു ഭൃത്യനെയും കൂടി കാമുകനാക്കിയത്രെ. ഈ വഞ്ചനയില്‍ മനംനൊന്ത് അഞ്ചു ഭര്‍ത്താക്കന്‍മാരും സ്ത്രീവിരോധികളായി കുടുംബജീവിതം ഉപേക്ഷിച്ചു ഹിമാലയത്തില്‍ പോയി തപസ്സു ചെയ്ത് പുണ്യം നേടി. ആ അഞ്ചു ഭര്‍ത്താക്കന്‍മാരുടെയും പേരുകള്‍ അര്‍ജ്ജുനന്‍, നകുലന്‍, ഭീമസേനന്‍, യുധിഷ്ഠിരന്‍, സഹദേവന്‍ എന്നായിരുന്നു..
കേട്ടിട്ടു പാഞ്ചാലിയുടെയും പാണ്ഡവരുടെയും കഥ പോലെ തോന്നുന്നുണ്ടോ?! തോന്നലല്ല, കഥ ഏതാണ്ട് അതുതന്നെ. പക്ഷേ ഈ കഥയില്‍ അര്‍ജ്ജുനനാണ് മൂത്ത ആള്‍. മഹാഭാരതത്തിലെ പാഞ്ചാലി പതിവ്രതയായി പരിഗണിക്കപ്പെടുമ്പോള്‍ കനിഹ അമിത ലൈംഗികാസക്തിയുള്ള, കൂനനായ ഒരു കുള്ളനുമായിപോലും വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന വഞ്ചകിയാണ്. ഒരു സ്ത്രീ തെറ്റുകാരിയാകുന്നത് ഒമ്പതു രീതിയിലാണെന്ന് ഈ കഥ സ്ഥാപിക്കുന്നുണ്ട്. നല്ല വസ്ത്രം ധരിക്കുമ്പോള്‍, മദ്യപിക്കുമ്പോള്‍, ഉദ്യാനങ്ങളിലും കൂട്ടുകാരുടെ വീട്ടിലും കറങ്ങി നടക്കുമ്പോള്‍, വാതില്‍ക്കല്‍ കടാക്ഷം വിതറി നിന്നുകൊണ്ട്... അങ്ങനെ പോകുന്നു ആ വഴിപിഴയ്ക്കല്‍ രീതികള്‍. സ്ത്രീ ഭര്‍ത്താവിന്റെ കഴുത്തു കണ്ടിച്ചു രക്തം കുടിക്കുന്നവളാണ്, നുണ പറയുന്നവളാണ്, വിശ്വസിക്കാന്‍ കൊള്ളാത്തവളാണ്, സ്വര്‍ണം മോഹിച്ച് അപഥസഞ്ചാരം നടത്തുന്നവളാണ് തുടങ്ങി സ്ത്രീകളെക്കുറിച്ച് തീര്‍ത്തും നിരാശാഭരിതവും പ്രതിലോമവുമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ബൗദ്ധസാഹിത്യമായ കുനാല ജാതകത്തില്‍ കാണാം (കുനാല ജാതക Chapter. 536)
കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിക്കുന്ന, ഡോ. മനോജ് ബ്രൈറ്റിന്റെ 'ബോധിവൃക്ഷത്തിലെ മുള്ളുകള്‍: ബുദ്ധന്‍ വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ കനിഹയുടെ കഥ വിവരിക്കുന്നുണ്ട്. ജാതക കഥകള്‍ ത്രിപിടകങ്ങളുടെ ഭാഗമാണ്. ബുദ്ധന്റെ പ്രസംഗങ്ങളിലെ കഥകള്‍ മാത്രം സമാഹരിച്ചാണ് അവയുടെ നിര്‍മിതി. ഇന്ന് ലോകമെമ്പാടും വേരുകളുള്ള ബുദ്ധമതത്തിലെ ആഭ്യന്തരവൈവിധ്യം അമ്പരപ്പ് ഉളവാക്കുന്നതാണ്. ഇന്ത്യയില്‍ വളര്‍ച്ച മുരടിച്ചപ്പോഴും വിദേശരാജ്യങ്ങളില്‍ മെച്ചപ്പെട്ട സ്വാധീനം ഉണ്ടാക്കാന്‍ ബുദ്ധമതത്തിനു സാധിച്ചു. ജന്മദേശത്ത് ആരംഭത്തില്‍ കത്തിപ്പടര്‍ന്ന ബുദ്ധിസം പില്‍ക്കാലത്തു ദുര്‍ബലപ്പെട്ടതിന്റെ കാരണങ്ങള്‍ ചികയാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. മഹദ്‌വ്യക്തികള്‍ സ്വന്തം ഇടങ്ങളില്‍ പരാജയപ്പെടുന്നതിന് ചരിത്രത്തില്‍ത്തന്നെ ഉദാഹരണങ്ങള്‍ നിരവധി. അവരില്‍ പലരും അന്യജനത്താല്‍ ആഘോഷിക്കപ്പെടുന്നതും നാം കാണുന്നു. വമ്പന്‍ സാമ്രാജ്യനിര്‍മിതികള്‍ക്കു ശേഷമാണ് ബുദ്ധമതം ഇന്ത്യയില്‍ ക്ഷയിച്ചത്. മത്സരസാഹചര്യങ്ങളില്‍ അതിജീവനസാധ്യത കുറയ്ക്കുന്ന പലതും ബൗദ്ധദര്‍ശനങ്ങളുടെ ഉള്ളടക്കത്തിലുണ്ട് എന്നതും അനിഷേധ്യമാണ്.
2014 ഡിസംബറിലാണ് ഞാന്‍ 'ബുദ്ധനെ എറിഞ്ഞ കല്ല്' (DC Books Kottayam) എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബുദ്ധനെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നില്ല അത്. കുരുക്ഷേത്രയുദ്ധ വേളയില്‍ കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനസാരഥിയെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന സാങ്കല്‍പിക ചോദ്യത്തിന്റെ സാധ്യമായ ഉത്തരങ്ങളില്‍ നിന്നാണ് ഈ പേരു വന്നത്. അങ്ങിങ്ങു ചില മായംചേര്‍ക്കലുകള്‍ കാണാമെങ്കിലും മതജീവിതത്തില്‍ ഉടനീളം അഹിംസയെ മുറുകെ പിടിക്കുന്ന സമീപനമായിരുന്നു ബുദ്ധന്റേത്. അഹിംസയുടെ കാര്യത്തില്‍ ബൗദ്ധരെക്കാള്‍ കടുത്ത നിലപാടുകള്‍ കാണാനാവുക ജൈനരില്‍ മാത്രമാണ്. ബുദ്ധനായിരുന്നു പാര്‍ത്ഥസാരഥിയെങ്കില്‍ കുരുക്ഷേത്രഭൂമിയില്‍വെച്ച് ഗീത പോലൊരു രണഗീതം നിര്‍മിക്കപ്പെടുമായിരുന്നോ? സാധ്യതയില്ല. അര്‍ജ്ജുനന്‍ യുദ്ധവിരുദ്ധനായി കളംവിട്ടേനെ, ഒരുപക്ഷേ, കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു.
അധികാരവ്യാകുലതകള്‍ക്കൊപ്പം ഉറ്റവരെയും കൈവിട്ട് സന്യാസത്തിന്റെ നിഗൂഢലഹരിയിലേക്ക് ആഴ്ന്നിറങ്ങിയ ബുദ്ധന്‍, രക്തംചിന്തിയും സ്വകര്‍മം അനുഷ്ഠിക്കണമെന്ന് അനുശാസിക്കുന്ന ഗീതസാരത്തെ തള്ളിക്കളയുന്നുണ്ട്. രാജാവായ ബുദ്ധന്‍ സന്യാസത്തിലേക്ക് ഓടിയൊളിക്കുന്നതും പരധര്‍മാനുഷ്ഠാനം വിഗുണമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഗീതയ്ക്കു വിരുദ്ധമാണ്. ക്ഷത്രിയര്‍ ബ്രാഹ്മണരെക്കാള്‍ മുന്തിയവരാണെന്ന വിശ്വാസമുണ്ടായിരുന്ന ബുദ്ധന്‍ ഹൈന്ദവസാഹിത്യം പരിചയപ്പെടുത്തുന്ന വര്‍ണവ്യവസ്ഥയെ പൂര്‍ണമായും തള്ളിപ്പറയുന്നുവെന്ന വാദം അതിചിന്തയാണ്. സത്യത്തില്‍ ആരായിരുന്നു ബുദ്ധന്‍? അദ്ദേഹം അടിസ്ഥാനപരമായി ഒരു മതനേതാവായിരുന്നു. ദൈവത്തെ സംബന്ധിച്ച് ഏറെക്കുറെ അജ്ഞേയവാദപരമോ നിരീശ്വരവാദപരമോ ആയ സമീപനമാണ് ബുദ്ധന്‍ കൈക്കൊണ്ടതെന്നു പറയപ്പെടാറുണ്ട്. പക്ഷേ ഇതൊന്നും ബുദ്ധിസത്തിന്റെ മതാത്മകസ്വഭാവത്തെ റദ്ദാക്കുന്നില്ല. മതങ്ങളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രശ്‌നങ്ങളും ഏറിയും കുറഞ്ഞും ബുദ്ധമതത്തിലുമുണ്ട്. പല ദേശങ്ങളിലും ഹിന്ദുമതത്തെക്കാള്‍ അന്ധവിശ്വാസനിബിഡമായാണ് ഈ മതം ആചരിക്കപ്പെടുന്നത്.
ബൗദ്ധ മതസാഹിത്യത്തിന് പുറത്തുള്ള ഗ്രന്ഥങ്ങള്‍ പലതും ഏറെക്കുറെ ന്യൂനതാരഹിതനായ വ്യക്തിയായിട്ടാണ് ബുദ്ധനെ പരിചയപ്പെടുത്തുന്നത്; വിശേഷിച്ചും ഡോ. ബി.ആര്‍ അംബേദ്കറിനെപ്പോലുള്ള എഴുത്തുകാര്‍. അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിന്റെ ആശയ അടിത്തറ തകര്‍ക്കാനുള്ള ഒരായുധമായിരുന്നു ബുദ്ധന്‍. അംബേദ്ക്കര്‍ക്കും ബുദ്ധനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ദീര്‍ഘകാല പഠനങ്ങള്‍ക്കു ശേഷം അദ്ദേഹം പുല്‍കിയ ബുദ്ധമതം സ്വന്തം മസ്തിഷ്‌കസൃഷ്ടിയായ 'വേറൊരു ബുദ്ധമതം' ആയിരുന്നു. ഇന്ന് പ്രചാരത്തിലുള്ള ബുദ്ധമതശാഖകളുമായി പ്രസ്തുത മതത്തിനുള്ള ബന്ധം തീര്‍ത്തും ദുര്‍ബലമാണ്. ബുദ്ധനോടുള്ള ഇഷ്ടവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ബുദ്ധിസം സംബന്ധിച്ച് ആരോഗ്യകരവും വസ്തുനിഷ്ഠവുമായ ഒരു വിമര്‍ശന പദ്ധതി രൂപീകരിക്കുന്നതില്‍ നിന്ന് അംബേദ്കറെ തടഞ്ഞു.
ചരിത്രപരമായി നോക്കിയാല്‍ മറ്റു മതനേതാക്കളെപ്പോലെയുള്ള ബൗദ്ധികവിചാരണ ബുദ്ധനോ ബുദ്ധമതത്തിനോ നേരിടേണ്ടി വന്നിട്ടില്ല. ആട്ടിയോടിക്കപ്പെട്ട മതനേതാവായി അദ്ദേഹം ഭാരതീയ വിചാരധാരകളില്‍ സര്‍വാനുകമ്പ ഏറ്റുവാങ്ങി തിളങ്ങിനിന്നു. ഹിന്ദുമത പരിഷ്‌ക്കരണപ്രസ്ഥാനമായിരുന്നു ബുദ്ധന്റേതെന്നും ഹിന്ദുമതമാലിന്യങ്ങള്‍ അപ്പടി അദ്ദേഹത്തിന്റെ എതിര്‍പ്പിനു പാത്രമായി എന്നുമുള്ള പൊതുബോധം രൂപപ്പെട്ടു. ബുദ്ധന്‍ സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായിരുന്നു എന്ന കാര്യത്തില്‍ രണ്ടു പക്ഷമുണ്ടാകാനിടയില്ല. പക്ഷേ ആ മേഖലയില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചു? ബുദ്ധമതതത്വങ്ങള്‍ ഹൈന്ദവദര്‍ശനങ്ങളെ എത്രമാത്രം നിരാകരിക്കുന്നുണ്ട്? ഏതൊക്കെ ഹൈന്ദവമത മാലിന്യങ്ങള്‍ വര്‍ജ്ജിക്കാനാണ് ബുദ്ധിസം നമ്മോട് ആവശ്യപ്പെടുന്നത്? ഉത്തരം സങ്കീര്‍ണമാണ്.
ബൗദ്ധ-ഹൈന്ദവ മതസാഹിത്യങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അമ്പരപ്പിക്കുന്ന സമാനതകള്‍ക്കു കാരണമെന്തെന്ന ഒരന്വേഷണം കൂടിയാണ് മനോജ് ബ്രൈറ്റിന്റെ പുസ്തകം. ശാസ്ത്രീയവും യുക്തിനിഷ്ഠവുമായ നിര്‍ധാരണരീതി അവലംബിക്കാന്‍ ഇഷ്ടപ്പെടുന്ന ഗ്രന്ഥകര്‍ത്താവിന് ഇക്കാര്യത്തില്‍ വൈകാരിക പക്ഷപാതിത്വങ്ങളില്ല. ബുദ്ധനു വേണ്ടി അല്ലെങ്കില്‍ ബുദ്ധനെതിരെ എന്നതല്ല, മറിച്ച് ബൗദ്ധസാഹിത്യത്തിന്റെ ആധികാരിക സ്രോതസ്സുകള്‍ അനുസരിച്ച് ബുദ്ധിസത്തിന്റെ താത്വികവും മതപരവുമായ ആശയപരിസരങ്ങളെ വിമര്‍ശനപരമായി നോക്കിക്കാണാനാണ് ഗ്രന്ഥകാരന്‍ പരിശ്രമിക്കുന്നത്. സ്വയം സംസാരിക്കുന്നതിനെക്കാള്‍ ബുദ്ധനെക്കൊണ്ടു പറയിപ്പിക്കുക എന്ന തന്ത്രമാണ് മനോജ് പുസ്തകത്തില്‍ ഉടനീളം ആവിഷ്‌കരിച്ചിരിക്കുന്നത്. റഫറന്‍സുകളുടെ മലവെള്ളപ്പാച്ചിലില്‍ മുങ്ങിമരിക്കാതിരിക്കാന്‍ വായനക്കാര്‍ ശ്രദ്ധിക്കുക.
സ്ത്രീകളോടുള്ള നിലപാടിലും അവര്‍ക്ക് മതകാര്യങ്ങളില്‍ പ്രവേശനം നല്‍കുന്ന കാര്യത്തിലും ബുദ്ധന്‍ പരമ്പരാഗത നിലപാടുകളില്‍നിന്ന് ഏറെ മുന്നോട്ടുപോയി എന്നൊരു പൊതുധാരണ നിലിവിലുണ്ടല്ലോ. ഇതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. സ്ത്രീകളോടുള്ള ബുദ്ധനിലപാട് നിരാസത്തിന്റേതായിരുന്നു. 'അസംഗശസ്‌ത്രേണ ദൃഢേന ഛിത്വാ..' എന്നൊക്കെ ഗീതാകാരന്‍ പറയുന്ന ചിന്താപദ്ധതിയാണ് ബുദ്ധനും മുറുകെപ്പിടിക്കുന്നത്. ഭൗതിക സാധ്യതകളെ നിരസിക്കാന്‍ ആവശ്യപ്പെടുന്ന ഏതൊരു തത്വസംഹിതയും വ്യാജവും മനുഷ്യവിരുദ്ധവുമാണ്. ശരീരത്തെ മാലിന്യമായി കാണുന്ന ചിന്താരീതി ചികിത്സ ആവശ്യപ്പെടുന്ന മനോവൈകൃതമാകുന്നു. സ്ത്രീത്വത്തെയും ലിംഗനീതിയെയും അവയുടെ സമഗ്രമായ ഉള്ളടക്കത്തില്‍ ഗ്രഹിക്കാന്‍ ബുദ്ധമതത്തിനു സാധിക്കുന്നില്ല എന്നാണ് മനോജിന്റെ നിലപാട്.
ഗ്രന്ഥകാരന്‍ എന്ന നിലയില്‍ കളത്തിലിറങ്ങുന്നത് വൈകിയാണെങ്കിലും ബ്ലോഗ് രചനകളുമായി രണ്ടു പതിറ്റാണ്ടായി രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് ഡോ. മനോജ് ബ്രൈറ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ഗവേഷണത്തിലും പഠനത്തിലും അവലംബിക്കുന്ന നിര്‍ദയമായ ശാസ്ത്രപക്ഷപാതിത്വമാണ് അദ്ദേഹത്തിന്റെ എടുത്തുപറയാവുന്ന സവിശേഷത. ഇത്തരം വ്യക്തികള്‍ നമുക്കിടയില്‍ അത്യപൂര്‍വമാണ്. ചില സന്ദര്‍ഭങ്ങളില്‍ കിളച്ചിട്ടതിന് അപ്പുറം ചാടുന്ന സ്വഭാവം പ്രകടമാണ്. എന്നാല്‍ അത്തരം കുതിപ്പുകള്‍ക്കും അഗാധ പാണ്ഡിത്യത്തിന്റെ അകമ്പടിയുണ്ടെന്നത് കൗതുകജന്യമാണ്. പുരോഗമനവാദിയായി സ്വയം അവരോധിക്കുന്ന പലരെയും ഈ പുസ്തകം വൈകാരികമായി മുറിപ്പെടുത്തിയേക്കാം. ബുദ്ധന്‍ 'കറരഹിത യുക്തിവാദി' ആയിരുന്നുവെന്ന വിശ്വാസം താലോലിക്കാന്‍ ഇഷ്ടപ്പെടുന്ന യുക്തിവാദികള്‍ക്കും ഇടതുചിന്തകര്‍ക്കും ഈ ചക്ക മുള്ളില്ലാതെപോലും വിഴുങ്ങാന്‍ സാധിക്കണമെന്നില്ല.
വൈകാരിക അലോസരം പലപ്പോഴും ബൗദ്ധികനവീകരണത്തിനുള്ള നിര്‍മല സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ബുദ്ധമതസാഹിത്യം കമ്പോടുകമ്പ് വിലയിരുത്തി ബുദ്ധനെ സത്യവിചാരണ നടത്തുന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ മുമ്പു വായിച്ചതായി ഓര്‍ക്കുന്നില്ല. 'ബോധിവൃക്ഷത്തിലെ മുള്ളുകള്‍' വായിച്ചിട്ട് ''ഇത് എന്റെ ബുദ്ധനല്ല, എന്റെ ബുദ്ധന്‍ ഇങ്ങനല്ല'' എന്നൊരു നെടുവീര്‍പ്പില്‍ കുതിര്‍ന്ന പ്രതിഷേധം നിങ്ങള്‍ക്കുളളില്‍ തളംകെട്ടുന്നുവെങ്കില്‍, അതൊരു ശുഭലക്ഷണമാണ്. മനോജ് വെട്ടുന്ന ചിന്താസരണികളിലൂടെ കുറെ ദൂരമെങ്കിലും സഹിഷ്ണുതയോടെ സഞ്ചരിക്കാന്‍ തയാറാണോ? നിങ്ങളുടെ അസ്വസ്ഥതകള്‍ സ്വയം നിര്‍വചിക്കപ്പെടും. ബുദ്ധമതസാഹിത്യം സാക്ഷ്യപ്പെടുത്തുന്ന ബുദ്ധന്‍ തുളകള്‍ വീണ സങ്കല്‍പമാണെന്ന് ഈ പുസ്തകം അടിവരയിട്ടു കാണിക്കുന്നു. പക്ഷേ ബുദ്ധന്റെ രാഷ്ട്രീയപ്രാധാന്യം പ്രഘോഷിക്കുന്നവര്‍ക്ക് അവയൊക്കെ 'ദേവന്റെ തിരുമുറിവുകളാ'യി അനുഭവപ്പെട്ടെന്നു വരാം. ആ തിരുമുറിവുകളിലൂടെ കിനിഞ്ഞിറങ്ങുന്നത് പഴുത്തൊലിക്കുന്ന സ്വന്തം ചോര തന്നെയാണെന്നു ബോധ്യപ്പെടുന്നിടത്ത് സ്വതന്ത്രചിന്തയുടെ സുഗന്ധം മണക്കും.
(ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ലേഖകന്റെ അഭിപ്രായം ആണ്)