Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം: അപ്പോൾ മോഹൻലാൽ അഭിനയം നിർത്തുമോ തുടരുമോ

mohanlal-mt-vasudevan-nair

അതൊരു വലിയ പ്രതീക്ഷയായിരുന്നു. മലയാളികൾ ഏറ്റവുമധികം വായിച്ച കൃതിയുടെ സിനിമാ ആവിഷ്ക്കാരം. എം.ടി. വാസുദേവൻനായരുടെ തിരക്കഥയിൽ മോഹൻലാൽ നായകനാകുന്ന രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് സിനിമ. പക്ഷേ, ആ പ്രതീക്ഷയാണിപ്പോൾ കോടതി കയറിയിരിക്കുന്നത്. എംടി നൽകിയ കോടതി വ്യവഹാരത്തെ തുടർന്ന് രണ്ടാമൂഴം സിനിമയാക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.

മഹാഭാരതം യുധിഷ്ഠിരന്റെയും അനുജന്മാരുടെയും വിജയഗാഥയാണ്. എല്ലാ നേട്ടങ്ങളുടെയും ഖ്യാതി ജ്യേഷ്ഠൻ യുധിഷ്ഠിരനും അനുജൻ അർജുനനും സ്വന്തമാക്കുമ്പോൾ ഒന്നും മിണ്ടാതെയിരിക്കുന്ന ഭീമൻ. വൃകോദരൻ എന്ന ഇരട്ടപ്പേരിട്ട് എല്ലാവരും മാറ്റി നിർത്തുന്ന ഭീമനാണ് യഥാർഥത്തിൽ കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവരെ ജയിപ്പിക്കുന്നതെന്ന സത്യം ഇതിഹാസത്തിലെ വരികൾക്കിടയിലൂടെ വായിച്ചെടുത്തത് എം.ടിയായിരുന്നു. രണ്ടാമന്റെ കഥയാണ് യഥാർഥ ഭാരതം. അതായത് ഭാരതമെന്നാൽ രണ്ടാമൂഴം. വാക്കുകളിലും അവതരണത്തിലും നവ്യാനുഭവമായിരുന്നു രണ്ടാമൂഴം മലയാളിക്ക്. വ്യാസഭാരതത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടിലേക്ക് മലയാളിയെ കൊണ്ടുപോകാൻ എംടിക്കു സാധിച്ചു. രണ്ടാമൂഴം വായിച്ചവരൊക്കെ കാലമേറെ ചെന്നാലും അതിലെ ഓരോ മുഹൂർത്തവും ഓർത്തവയ്ക്കും. 

രണ്ടാമൂഴം ഇറങ്ങി മൂന്നു പതിറ്റാണ്ടു പിന്നിട്ടപ്പോഴാണ് അതിനെ സിനിമയാക്കാനുള്ള അണിയറ പ്രവർത്തനം തുടങ്ങിയത്. 1984ൽ ആണ് എംടി രണ്ടാമൂഴം പ്രസിദ്ധീകരിക്കുന്നത്. 34 വർഷത്തിനിടെ എത്രയോ പതിപ്പുകൾ ഇറങ്ങിയ പുസ്തകം. ഇപ്പോഴും മേളകളിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകം. 

വർഷങ്ങളോളം നീണ്ട പഠനംകൊണ്ടാണ് എംടി ഭീമന്റെ ഇതിഹാസം എഴുതിയത്. അതിനായി ഇന്ത്യയിലെ പ്രശസ്തമായ ലൈബ്രറികളിലൊക്കെ കയറിയിറങ്ങി. ഹിന്ദിയിലെയും ഇതരഭാഷകളിലെയും മഹാഭാരത പുനരാഖ്യാനങ്ങൾ വായിച്ചു. അങ്ങനെയാണ് ഭീമന്റെ ജീവിതത്തിന് സ്വന്തമായൊരു ആഖ്യാനം കണ്ടെത്തിയത്. 

രണ്ടാമൂഴം സിനിമയാക്കാനുള്ള ആഗ്രഹം എംടി വളരെ മുൻപു തന്നെ പറഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത പഴശ്ശിരാജയുടെ ഗംഭീരവിജയത്തെ തുടർന്നാണ് രണ്ടാമൂഴം സിനിമയുടെ ആദ്യഘട്ട പ്രവർത്തനം തുടങ്ങുന്നത്. പഴശ്ശിരാജ നിർമിച്ച ഗോകുലം ഗോപാലൻ നിർമാണം, ഹരിഹരൻ സംവിധാനം. ഇതേക്കുറിച്ച് ഹരിഹരൻ മാസങ്ങൾക്കു മുൻപ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

‘‘പഴശ്ശിരാജയ്ക്കു ശേഷം ഞാനും എം.ടിയും ചെയ്യാനിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. ഗോകുലം ഗോപാലൻ ആയിരുന്നു നിർമാതാവ്. പലതവണ ഞങ്ങളിരുന്നു ചർച്ച ചെയ്തു. പലകാരണങ്ങൾ കൊണ്ട് പ്രോജക്ട് നീണ്ടുപോയി. അതിനിടെ ഞാൻ ഏഴാമത്തെ വരവു ചെയ്തു. വർഷങ്ങൾക്കു മുൻപ് എം.ടി എഴുതിയ ‘എവിടെയോ ഒരു ശത്രു’ എന്ന തിരക്കഥയായിരുന്നു അത്. 

രണ്ടാമൂഴത്തെക്കുറിച്ച് എം.ടിയുമായി വീണ്ടും ചർച്ച ചെയ്തു. ഒറ്റ ഭാഗത്തിൽ മുഴുവൻ തീർക്കാനാവില്ല, രണ്ടായി ചെയ്യാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനിക്കാര്യം നിർമാതാവിനോടു പറഞ്ഞു. പിന്നീട് അവരുടെ ഭാഗത്തുനിന്നു ഒരു പ്രതികരണവുമുണ്ടായില്ല. ഇപ്പോൾ അതു രണ്ടുഭാഗമായി വേറെയൊരു സംവിധായകൻ ചെയ്യുന്നതായി കേട്ടു. ഞാനാ പ്രോജക്ടിൽ ഇല്ല’’.

അതിനു ശേഷമാണ് ശ്രീകുമാരമേനോൻ സംവിധാനം ചെയ്യുന്നു, വ്യവസായി ബി.ആർ.ഷെട്ടി നിർമിക്കുന്നു എന്ന വാർത്ത വന്നത്. സംവിധായകൻ തന്നെ ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചു. 1000 കോടി രൂപയുടെ പ്രൊജക്ട്. മോഹൻലാൽ നായകൻ. ഇന്ത്യയിലെ പ്രമുഖരായ താരങ്ങൾ അഭിനയിക്കുന്നു, മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെ എടുക്കുന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. രണ്ടാമൂഴത്തോടെ താൻ അഭിനയം നിർത്തുമെന്ന് മോഹൻലാലും പറഞ്ഞിരുന്നു. ഭീമനിലും വലിയൊരു റോൾ ചെയ്യാനില്ല എന്നായിരുന്നു ലാൽ അഭിമുഖത്തിൽ പറഞ്ഞത്. 

പക്ഷേ, കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. തിരക്കഥ കൈമാറുമ്പോൾ മൂന്നുവർഷത്തിനകം എന്നായിരുന്നു എംടിയും സംവിധായകനും തമ്മിലുള്ള കരാർ. നാലുവർഷമായിട്ടും ചിത്രം നടക്കാതെയായതോടെയാണ് എംടി കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. സിനിമയുമായി മുന്നോട്ടു പോകുമെന്നുതന്നെയാണ് സംവിധായകനും നിർമാതാവും പറയുന്നത്. പക്ഷേ, എംടി നിലപാടു വ്യക്തമാക്കിയിട്ടില്ല. 

കാലഘട്ട സിനിമകൾക്ക് ഏറെ സാധ്യതയുള്ള കാലമാണിത്. മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജയുടെയും സാമൂതിരിയുടെയുമൊക്കെ ജീവിതം സിനിമയാകുകയാണ്. അതിനൊക്കെ പ്രേരണയായത് രണ്ടാമൂഴമായിരുന്നു. എംടിയുടെ തിരക്കഥ ലഭിച്ചാൽ സിനിമയൊരുക്കാൻ എത്രയോ സംവിധായകർ മുന്നോട്ടുവരും. പക്ഷേ, രണ്ടാമൂഴം ഇനിയാരു സിനിമയാക്കുമെന്ന കാര്യത്തിൽ നിലപാട് എടുക്കേണ്ടത് എംടിയാണ്. സിനിമയുടെ ലൊക്കേഷൻ തേടി ശ്രീകുമാരമേനോൻ എത്രയോ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടായിരുന്നു. എല്ലാവർക്കും പ്രതീക്ഷ പകർന്നു മുന്നോട്ടുപോയ ഒരു വലിയ പ്രൊജക്ട് പാതിവഴിയിൽ നിൽക്കുകയാണ്. 

മലയാളികൾ ആഗ്രഹിക്കുന്നതാണ് മോഹൻലാൽ നായകനായ ഭീമന്റെ ജീവിതം. അതു നടക്കുക തന്നെ വേണം. സംവിധായകൻ ആര് എന്നതല്ല പ്രധാനം. എംടിയുടെ തിരക്കഥയാണ്, മോഹൻലാൽ അഭിനയിക്കുന്നു എന്നതാണ് പ്രധാനം. അതു നടക്കുമെന്നു പ്രതീക്ഷിക്കാം.