Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അവരോട് സഹതപിക്കരുത്. കാൽക്കൽ വീണു പ്രണമിക്കുക. അവരാകാൻ നിങ്ങൾക്കാവില്ല'

anna-pooranadevi-saradakutty

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂർണ ദേവിക്ക് ആദരം അർപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. 'ആധ്യാത്മിക സ്വാതന്ത്ര്യവും സന്നദ്ധതയും തേടി സ്വന്തം ഉള്ളിലേക്ക് തന്നെ സഞ്ചരിച്ച സംഗീതജ്ഞ' എന്നാണ് ശാരദക്കുട്ടി അന്നപൂർണ ദേവിയെ വിശേഷിപ്പിച്ചത്. 'സുർബഹാര്‍' എന്ന സംഗീതോപകരണം ഉപയോഗിച്ചിരുന്ന ഏക സംഗീതജ്ഞ കൂടിയായിരുന്നു അന്നപൂര്‍ണ ദേവി.

അന്നപൂർണ ദേവിക്ക് ആദരം അർപ്പിച്ച് ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്–

ഇവരൊറ്റക്കല്ല. ചരിത്രത്തിലിതു പോലെ എത്രയധികം അന്നപൂർണ്ണാദേവിമാർ... ഭൗതികതയ്ക്കുള്ളിൽ നിന്നുകൊണ്ട് ആത്മീയതയെ തിരിച്ചറിയാൻ കഴിഞ്ഞ ശ്രേഷ്ഠയായ സ്ത്രീക്ക് ആദരം. ആധ്യാത്മിക സ്വാതന്ത്ര്യവും സന്നദ്ധതയും തേടി സ്വന്തം ഉള്ളിലേക്ക് തന്നെ സഞ്ചരിച്ച സംഗീതജ്ഞ.

സ്വന്തം വീടിനു പുറത്തിറങ്ങാതെ പ്രപഞ്ചത്തെയും യഥാർത്ഥ ആനന്ദവും സ്വാതന്ത്ര്യവും അവരനുഭവിച്ചിരുന്നുവെന്ന് വിശ്വസിച്ചാൽ മാത്രമേ ഇന്നെനിക്കു മനഃസമാധാനമാകൂ. .

''ഒരു മുറിയിൽ തനിച്ച് മൗനമായി ഇരിക്കാൻ കഴിയാത്തതിൽ നിന്നാണ് മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളെല്ലാം ഉത്ഭവിക്കുന്നത്'' എന്ന് ബ്ലെയ്സ് പാസ്കൽ പറയുന്നുണ്ട്. നിങ്ങൾ എവിടെയാണോ നിൽക്കുന്നത്, അവിടെ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നതിലാണ് ആധ്യാത്മിക സ്വാതന്ത്ര്യം. ജീവിത പങ്കാളികളായ വീരപുരുഷന്മാരെ വരെ ഇത്തരം സ്ത്രീകൾ പരാജയപ്പെടുത്തിക്കളയും.

സ്വന്തം മനോനിലയുടെ താളം താറുമാറാക്കാതെ അവർ സ്വയം സംരക്ഷിക്കുന്ന ആ രീതിയോട് പുരുഷാധികാര ലോകം സഹതപിക്കരുത്. .

നിങ്ങൾ തേടി പോകുന്നതായിരിക്കണമെന്നില്ല ഉന്നതവും വികസിതവുമായ നിലകൾ. നിങ്ങളുടെ നിലവിലുള്ള അവസ്ഥയെ നന്മ-തിന്മ, ക്രമം-അക്രമം, പ്രാഥമികം-വികസിതം എന്നീ മാനദണ്ഡങ്ങൾ വെച്ച് ഇത്തരം സ്ത്രീകളെ അളക്കാതെയിരിക്കുക. അവർ എന്താണോ അതാണ്‌ പ്രധാനം. കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലങ്ങളെ നിർവീര്യമാക്കാൻ ആ സ്ത്രീകൾ മനസിനെ ശീലിപ്പിക്കുകയായിരുന്നു.

അവരോട് സഹതപിക്കരുത്. നിങ്ങളുടെ ചുറ്റുമുണ്ട് അത്തരം സ്ത്രീകളനേകായിരം.. പ്രണമിക്കുക അവരുടെ കാൽക്കൽ. അവരുടെ മുന്നിൽ നിങ്ങൾക്ക് ഒന്നുമാകാനാകില്ല. ആരുമാകാനാകില്ല.