അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സിംഹാസനങ്ങളെ കടപുഴക്കി മുന്നേറുന്ന മീ ടൂ മാന്‍ ബുക്കര്‍ പുരസ്കാരത്തിലും. വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള അന്ന ബേണ്‍സ് 'മില്‍ക്മാന്‍' എന്ന നോവലിലൂടെ പുരസ്കാരം നേടുമ്പോള്‍ ഒരു പതിനെട്ടുകാരി പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍ നല്‍കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് ബുക്കര്‍ പുരസ്കാരത്തിന്റെ ജഡ്ജിങ് കമ്മിറ്റി. ഇതുവരെയും ഞങ്ങള്‍ ഇങ്ങനെയൊന്ന് വായിച്ചിട്ടേയില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുമ്പോള്‍ അന്ന ബേണ്‍സ് പറയുന്നു: ഇത് ഇന്നിന്റെ യാഥാര്‍ഥ്യം. ആസക്തി ചുര മാന്തുന്ന കണ്ണുകളുമായി പിന്നാലെ കൂടി ഇതെന്റെ സ്വത്ത് എന്ന് സ്ത്രീയെ മുദ്രവയ്ക്കുന്ന ആണധികാരത്തിന്റെ സത്യമാണ് ഈ നോവല്‍.
വിടാതെ പിന്തുടരുന്ന അര്‍ധസൈനിക ഉദ്യോഗസ്ഥനും മധ്യവയസ്കനുമായ പുരുഷനില്‍നിന്നു രക്ഷപ്പെടാന്‍ ഒരു പതിനെട്ടുകാരി പെണ്‍കുട്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് മില്‍ക്മാന്‍. മാറിടത്തില്‍ ഒരു കൈത്തോക്ക് ഒളിപ്പിച്ചുവച്ച് ജീവിക്കേണ്ടിവരുമോ എന്നു സംശയിക്കുന്ന സ്ത്രീത്വത്തിന്റെ ആശങ്കയുടെ കഥ.
വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള എഴുത്തുകാരിയാണ് അന്ന ബേണ്‍സ്- മില്‍ക്മാന്‍ മൂന്നാമത്തെ നോവലും. ഇതാദ്യമായാണ് വടക്കന്‍ അയര്‍ലന്‍ഡിലേക്കു ബുക്കര്‍ പുരസ്കാരമെത്തുന്നത്. 2012-ല്‍ ഹിലാരി മാന്റലിനു ശേഷം ഒരു വനിത പുരസ്കാരം നേടുന്നതും.
മില്‍ക്മാനുമായി എനിക്കൊരു ബന്ധവുമില്ല. എനിക്കയാളെ ഇഷ്ടമേയല്ല എന്നുമാത്രമല്ല എനിക്കയാളെ പേടിയുമാണ്. അയാളെന്നെ പിന്തുടരുന്നതില്‍ ഞാന്‍ അസ്വസ്ഥയാണ്; ഞാനുമായി ബന്ധം സ്ഥാപിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ പേടിപ്പിക്കുന്നുമുണ്ട്.
നടക്കുമ്പോഴും പുസ്തകത്തില്‍ മൂഖം പൂഴ്ത്തുന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ മീ ടൂവില്‍ അണിചേര്‍ന്നുകൊണ്ടിരിക്കുന്ന ഒരോ പെണ്‍കുട്ടിയുടെയും മനസ്സുണ്ട്. ആത്മാവുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ശബ്ദവും നിരാധാരമായ നിലവിളിയുമുണ്ട്.
പുതിയ പുസ്തകങ്ങളെ ഇഷ്ടമില്ലാത്ത, കഴിഞ്ഞ നൂറ്റാണ്ടിന്റെ ക്ലാസിക്കുകളില്‍ സാഹിത്യാഭിരുചി കണ്ടെത്തുന്ന പെണ്‍കുട്ടിയെ മില്‍ക്മാന്‍ അനുവാദമില്ലാതെ, സമ്മതം ചോദിക്കാതെ സ്വന്തം സ്വത്താക്കി മാറ്റുന്നു. അയാള്‍ അവളെ നിരന്തരമായി പിന്തുടരുന്നു. നോക്കിലും വാക്കിലും അധീശത്വം സ്ഥാപിക്കുന്നു. ഇവള്‍ അയാളുടെ സ്വത്തു തന്നെ എന്ന് എല്ലാവരും വിശ്വസിച്ചുതുടങ്ങുമ്പോള്‍ കൗമാരത്തില്‍നിന്നു യൗവ്വനത്തിലേക്കു കാലെടുത്തുവയ്ക്കുന്ന പെണ്‍കുട്ടി സ്വന്തം ഭാവിയില്‍ തനിക്കുള്ള സ്വാതന്ത്ര്യവും അധികാരവും പ്രഖ്യാപിക്കാനുള്ള വഴികള്‍ ആലോചിക്കുന്നു. അതോടെ ഇഷ്ടം തോന്നുന്ന ഏതു പെണ്‍കുട്ടിയെയും അടിമയാക്കിവയ്ക്കാന്‍ കഴിയുമെന്ന മില്‍ക്മാന്റെ അഹങ്കാരത്തിനു മങ്ങലേറ്റുതുടങ്ങുന്നു. മില്‍ക്മാന്‍ ഇന്നത്തെ കാലത്തിന്റെ കഥ മാത്രമല്ല; ഇന്നലെയുടെ ചരിത്രവും ഭാവിയുടെ പ്രവചനവും കൂടിയാണ്.
ബുക്കര്‍ സമ്മാന പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മറുപടി പറയാന്‍ വാക്കുകള്‍ക്കുവേണ്ടി തിരയുകയായിരുന്നു അന്ന ബേണ്‍സ്. 2002-ല്‍ രണ്ടാമത്തെ നോവലെഴുതി പൂര്‍ത്തിയാക്കിയ ശേഷം പതിനാറു വര്‍ഷത്തെ നിശ്ശബ്ദതയെ ഭേദിച്ചാണ് ബേണ്‍സ് പുതിയ നോവലുമായി ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. മില്‍ക്മാന്റെ കഥ ആലോചിച്ചുതുടങ്ങിയപ്പോള്‍ ഒരു കഥയായിരുന്നു അന്നയുടെ മനസ്സില്‍. ചെറുകഥ. എഴുതിത്തുടങ്ങിയപ്പോള്‍, അയര്‍ലന്‍ഡില്‍നിന്നുള്ള പതിനെട്ടുകാരി സംസാരിച്ചു തുടങ്ങിയപ്പോള്‍ എഴുത്തുകാരിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് കഥ വികസിച്ച് നോവല്‍ രൂപത്തിലെത്തി- ക്ഷമയോടെ വായിക്കുന്ന, സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്നവരെ സംതൃപ്തിപ്പെടുത്തുന്ന പുസ്തകം.
പുരസ്കാരമായി ലഭിക്കുന്ന വലിയ തുക എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
ആദ്യം കടങ്ങളൊക്കെ വീട്ടണം. ബാക്കിത്തുക കൊണ്ട് ജീവിക്കണം- ഒരു ലോട്ടറി കിട്ടിയാലെന്ന സന്തോഷത്തോടെ അന്ന ബേണ്‍സ് പറയുന്നു. ബെല്‍ഫാസ്റ്റില്‍ ജനിച്ച് ഇപ്പോള്‍ കിഴക്കന്‍ സസക്സില്‍ താമസിക്കുന്ന അന്ന ബേണ്‍സ് ജീവിച്ചുവളര്‍ന്ന സാഹചര്യത്തില്‍നിന്നുമാണ് തന്റെ ഇഷ്ടകൃതിയുടെ വിഷയം കണ്ടെത്തുന്നത്. അസ്വസ്ഥതകളും അസമാധാനവും നിലനില്‍ക്കുന്ന പ്രദേശം. അക്രമം നിത്യസംഭവം. അവിശ്വാസവും സംശയവും പ്രകടമാക്കുന്ന മുഖങ്ങള്‍. അങ്ങനെയൊരു സ്ഥലത്തുനിന്നുമാണ് അര്‍ധ സൈനിക ഉദ്യോഗസ്ഥനായ മില്‍ക്മാന്‍ വരുന്നത്. ഇരയായ പതിനെട്ടുകാരിയെ കണ്ടുപിടിക്കുന്നതും.
അയാള്‍ ആരുടെ മില്‍ക്മാന്‍ ആണെന്ന് എനിക്കറിയില്ല. എന്തായാലും അയാള്‍ ഞങ്ങളുടെ ആരുമല്ല. അയാള്‍ ഇവിടെ വരേണ്ട ഒരു ആവശ്യവും ഇല്ല. എന്തിനാണയാള്‍ വരുന്നതെന്നും എനിക്കറിയില്ല- മിഡില്‍ സിസ്റ്റര്‍ എന്നു വിളിക്കപ്പെടുന്ന പതിനെട്ടുകാരി പറയുന്നു.
സമൂഹത്തിലെ വിഭജനവും വേര്‍തിരിവും പരസ്പര വിശ്വാസമില്ലായ്മയുമാണ് മില്‍ക്മാന്‍ മുതലെടുക്കുന്നത്. ഇരയാക്കപ്പെടുന്നതോ യൗവ്വനത്തെ പ്രതീക്ഷയോടെ കാണുന്ന ഒരു പെണ്‍കുട്ടിയും.
മാറിടത്തിലേക്കു തോക്കു ചൂണ്ടി, പൂച്ച എന്നു വിളിച്ചുകൊണ്ട് കൊല്ലുമെന്ന് എന്നെ ഭീഷണിപ്പെടുത്തിയ ദിവസം... അന്നാണയാള്‍ മരിച്ചത്. മിഡില്‍ സിസ്റ്റര്‍ മില്‍ക്മാന്റെ കൊലപാതകത്തിന്റെ കഥയാണു പറയുന്നത്. ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ മാറിടത്തില്‍ കൈത്തോക്കുമായി പെണ്‍കുട്ടികള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ച്.