തെരുവ് വീടാക്കിയ പ്രതിഭകളിൽ കവി അയ്യപ്പനോളം കൊണ്ടാടപ്പെട്ട മറ്റൊരാളില്ല. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും പ്രതിഭ എന്നത് മദ്യത്തിന്റെ മണത്തോടും, നാടും വീടും വിട്ടുള്ള ഇറങ്ങി പോക്കലുകളോടും, അരക്ഷിത യൗവ്വനത്തോടും ചേർത്തു വായിക്കപ്പെട്ടിരുന്നു എന്നതും സത്യം. മദ്യം മരണത്തിന്റെ വക്കിൽ എത്തിച്ച് തള്ളിയിട്ട് ഇല്ലാതാക്കിയ മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭ ജോൺ എബ്രഹാമിനെ എങ്ങനെ മറക്കാൻ കഴിയും?
അയ്യപ്പന്റെ കവിതകൾ പ്രണയവും വിരഹവും തുടങ്ങി ഉള്ളിലെ എല്ലാ ഭാവങ്ങളെയും തൊട്ടുണർത്തി ഇന്നും മുഴങ്ങുമ്പോൾ അയ്യപ്പന്റെ ഓർമകൾ ചെന്നവസാനിക്കുന്നത് മദ്യത്തിന്റെ മണം പരക്കുന്ന അന്തരീക്ഷത്തിൽ നൂറു രൂപയ്ക്കായി യാചനാഭാവത്തിൽ നീട്ടിപിടിച്ച കയ്യിലാണ്. കവി വിടവാങ്ങി എട്ടുവർഷങ്ങൾക്കിപ്പുറം മീ ടൂ തുറന്നു പറച്ചിലിൽ ദിവ്യപരിവേഷം നൽകി ആസ്വാദകർ കൊണ്ടാടി വന്ന അയ്യപ്പന്റെ അരാജകജീവിതത്തിന്റെ ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്ത മറുപുറം തുറക്കപ്പെടുന്നു.
പത്തു വയസ്സിൽ കവി അയ്യപ്പനിൽ നിന്നു നേരിട്ട ദുരനുഭവം തുറന്നു പറയുകയാണ് നിമ്നഗ എന്ന യുവതി. 'എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ, പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.' എന്ന് പത്തു വയസ്സിന്റെ ഓർമയുടെ പൊള്ളലിൽ നിമ്നഗ എഴുതുമ്പോൾ അതേ പൊള്ളൽ സാഹിത്യലോകം മുഴുവൻ അനുഭവിക്കുന്നുണ്ട്. കുട്ടിക്കവിതകൾ താളത്തിൽ ചൊല്ലിത്തന്ന, കുട്ടികളെ പാട്ടുകൾ പാടിപഠിപ്പിച്ച, താളം തെറ്റിച്ചപ്പോൾ വഴക്കു പറഞ്ഞ അയ്യപ്പൻ മാമൻ ഒരു പൊള്ളുന്ന ഓർമയായി പത്തു വയസ്സുകാരിയുടെ ഉള്ളിൽ ഒരിക്കലും മായാതെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ ആ അരാജക ജീവിതത്തെ പണ്ടത്തെ പോലിനി കൊണ്ടാടാനാവില്ല.
പ്രസവം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ കവിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്ന് എഴുതിയിട്ടുണ്ട് മറ്റൊരു പെൺകുട്ടി. അമ്മയായി ഇരുപത്തിയഞ്ചു ദിവസം തികഞ്ഞപ്പോൾ മുതൽ കോളജിൽ പോയി തുടങ്ങിയ പെൺകുട്ടിക്ക് കോളജിൽ വെച്ച് അനുഭവിക്കേണ്ടി വന്ന അനുഭവത്തെകുറിച്ച് എച്ച്മുക്കുട്ടി എഴുതുന്നു. 'എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നല്‍കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി വീണ്ടും വന്നു.' എച്ച്മുക്കുട്ടി തുടരുന്നു– 'കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്‍റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല.'
കവിതകളെ കവിയുടെ വ്യക്തിജീവിതവുമായി കൂട്ടിവായിക്കേണ്ടതില്ല. അയ്യപ്പന്റെ കവിതകൾ മലയാള കാവ്യശാഖയിൽ തങ്കലിപികളിൽ അടയാളപ്പെട്ടു കഴിഞ്ഞതാണ്. ഒരിക്കലും ഇളക്കം തട്ടാത്ത വിധം തന്നെ, എന്നാൽ ആവശ്യത്തിലധികം ആഘോഷിക്കപ്പെട്ട ആ അരാജകജീവിതത്തിന്റെ മറുപുറം കണ്ടില്ലെന്ന് നടിക്കാനാവില്ല. 'ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല' എന്നു വിളിച്ചു പറഞ്ഞ് ഇന്നും നീറുന്നവർ നമ്മുക്കൊപ്പം ജീവിച്ചിരിക്കുമ്പോൾ...
കാരണം അയ്യപ്പനെ അങ്ങനൊക്കെയാക്കിയതിനു ചെറുതല്ലാത്തൊരു പങ്ക് ആരാധകകൂട്ടത്തിനും ഉണ്ടായിരുന്നു എന്നു പറയാതെ വയ്യ. ചോദിക്കുമ്പോൾ കാശ് കയ്യിൽ വെച്ചുകൊടുത്തും, കവിക്കൊപ്പം മദ്യപിച്ചിരുന്നു കവിത ചൊല്ലി എന്ന വീമ്പുപറച്ചിലിനായി കാണുമ്പോൾ കാണുമ്പോൾ മദ്യം വാങ്ങി നൽകിയും, പ്രതിഭയുടെ ജീവിതം അലഞ്ഞു തിരിയലിലും അരാജകത്വത്തിലുമാണെന്നു തെറ്റിധരിച്ചും കുറയൊക്കെ സാംസ്കാരിക കേരളം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ആ ജീവിത രീതികളെ.. കവിയുടെ അഭാവത്തിൽ മനസ്സുകൊണ്ടെങ്കിലും നമ്മൾ മാപ്പു പറയേണ്ടതുണ്ട് ആ പെൺകുട്ടികളോട്...
'ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചെങ്ങാതികൾ മരിച്ചവരാണ്...'