എഴുതിയ വരികളും പറഞ്ഞ വാക്കുകളും കടന്നുപോയ വഴികളും കൂട്ടിച്ചേർത്താൽ സി.ജെ. തോമസിന്റെ ജീവിതം ഒരു നാടകമാണ്. സന്തോഷവും സങ്കടവും പ്രേമവും സഹനവും വിപ്ലവവും സമരവും പ്രതീക്ഷയും ദുരന്തവും കഥാപാത്രങ്ങളായി നിറയുന്ന നാടകം. 14നു സിജെയുടെ ജൻമശതാബ്ദി ആഘോഷിക്കുമ്പോൾ മലയാളിയുടെ സാംസ്കാരിക മണ്ഡലത്തിൽ ധീരവും സ്വതന്ത്രവുമായ ശബ്ദം മുഴക്കിയ വിപ്ലവകാരിയുടെ ഓർമകളിലേക്കു തിരശ്ശീല ഉയരും.
പലർക്കും പലതായിരുന്നു സിജെ. വിദ്യാർഥികൾക്കു പ്രിയപ്പെട്ട അധ്യാപകൻ. പഠനകാലത്തു കമ്യൂണിസത്തെ പുണർന്ന വിപ്ലവകാരി. റോസിയുടെ ഹൃദയം കവർന്ന കാമുകൻ, പ്രിയ ഭർത്താവ്. സാഹിത്യതൽപരരെ വിസ്മയിപ്പിച്ച വിമർശകൻ. സമൂഹത്തെ പൊള്ളിച്ച നാടകകൃത്ത്. വായനക്കാരെ കോരിത്തരിപ്പിച്ച വിവർത്തകൻ. സിജെയുടെ കൈപതിഞ്ഞിടത്തെല്ലാം പ്രതിഭയുടെ സ്പർശം ആവോളമുണ്ടായിരുന്നു. ‘ബോൺ ജീനിയസ്’ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രതിഭാശാലി.
മലയാളിയെ പിടിച്ചുകുലുക്കിയ നാടകങ്ങളായിരുന്നു സിജെയുടെ തൂലികയിൽനിന്നു വേദിയിലെത്തിയത്. ആദ്യം നാടകം ‘അവൻ വീണ്ടും വരുന്നു.’ ആ മനുഷ്യൻ നീ തന്നെ, 1128ൽ ക്രൈം 27, പിശുക്കന്റെ കല്യാണം, വിഷവൃക്ഷം തുടങ്ങിയ രചനകൾ നാടകചരിത്രത്തിൽ ഇടംപിടിച്ചവയാണ്. ‘ധിക്കാരിയുടെ കാതൽ’ നിരൂപണത്തിൽ സിജെയുടെ പ്രതിഭ തെളിയിച്ചു. ചിത്രരചനയിലും അദ്ദേഹം കഴിവു കാട്ടി. എൻബിഎസിന്റെ മുദ്രയുടെ (താറാവിന്റെ രൂപം) സ്രഷ്ടാവ് സിജെയാണ്.
പച്ചക്കുതിരയുടെ കാമുകൻ
സി.ജെ.തോമസിനെ അദ്ദേഹത്തിന്റെ ഭാര്യ റോസിയുടെ സഹോദരി പ്രഫ. ലൂസി വർഗീസ് ഓർമിക്കുന്നത് ഇങ്ങനെ- എന്റെ പ്രിയപ്പെട്ട ചേച്ചിയുടെ പ്രിയങ്കരനായ ഭർത്താവു മാത്രമായിരുന്നില്ല ഞങ്ങൾക്കു സി.ജെ.തോമസ്. ഞങ്ങൾക്ക് അദ്ദേഹം ഒരു മൂത്ത സഹോദരനായിരുന്നു. എന്റെ അമ്മയ്ക്ക് അദ്ദേഹം മൂത്ത മകനെപ്പോലെയായിരുന്നു. എന്റെ ചേച്ചി റോസിയും അദ്ദേഹവും തമ്മിലുള്ള അടുപ്പത്തെ ആദ്യമൊന്നും കുടുംബം പിന്തുണച്ചിരുന്നില്ല. പക്ഷേ, കല്യാണശേഷം എല്ലാം മാറി.
പ്രണയകാലത്ത് പച്ചക്കുതിരയെന്നായിരുന്നു ചേച്ചിയെ സിജെ വിളിച്ചിരുന്നത്. എത്രയോകാലം പ്രണയത്തിന്റെ പച്ചത്തുരുത്തുകളിലൂടെ അവർ ഇരുവരും സഞ്ചരിച്ചു. ഡിഗ്രി പൂർത്തിയാക്കിയിട്ടു മതി കല്യാണമെന്ന അപ്പന്റെ നിർദേശം ചേച്ചി അനുസരിച്ചതുകൊണ്ടാണു വിവാഹം വൈകിയത്.
അവരുടെ വിവാഹം കഴിഞ്ഞു 2 വർഷം കഴിഞ്ഞപ്പോൾ എന്റെ പിതാവ് എം.പി.പോൾ മരിച്ചു. എനിക്ക് അന്ന് 17 വയസ്സ്. ഏറ്റവും ഇളയ സഹോദരി ഉഷയ്ക്കു 2 വയസ്സുമാത്രം. ആ ഘട്ടത്തിൽ കുടുംബത്തിലെ മുതിർന്ന സ്ഥാനീയന്റെ വേഷം സിജെ ഏറ്റെടുത്തു. ഞങ്ങളുടെ പഠനകാര്യത്തിൽ മാർഗദർശിയായി അദ്ദേഹം നിന്നു. ഞങ്ങളുടെ യാത്രകളിൽ സംരക്ഷകനായിരുന്നു അദ്ദേഹം.
കായികതാരമായിരുന്ന ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി മൈതാനിയിൽ പരിശീലനം നടത്തുമ്പോൾ സ്റ്റേഡിയത്തിന്റെ മുകൾനിലയിൽ ഞാനറിയാതെ അദ്ദേഹം കാവൽനിൽക്കുമായിരുന്നു. പരിശീലനത്തിനു മുടക്കം വരുത്താനോ ശല്യപ്പെടുത്താനോ ആരെങ്കിലുമെത്തിയാൽ സിജെ ഇടപെടുമായിരുന്നു. എന്റെ അനിയത്തി തങ്കം എറണാകുളം മഹാരാജാസിൽ പഠിക്കുന്നകാലം. കോളജിലേക്കുള്ള യാത്രയിൽ പൂവാലശല്യം രൂക്ഷമായി. സിജെ റോഡിലിറങ്ങി. അദ്ദേഹത്തിന്റെ വാക്കുകൾകേട്ട് യുവാക്കൾ പാഞ്ഞു. എന്റെ സഹോദരൻമാരായ ബാബുവിന്റെയും വിൻസെന്റിന്റെയും ഞങ്ങൾ 5 സഹോദരിമാരുടെയും ജ്യേഷ്ഠസ്ഥാനത്തു സ്വയം പ്രതിഷ്ഠിച്ചാണു സിജെ ഇടപെട്ടത്.
രോഗം ഗുരുതരമായ അവസാനകാലത്ത് അദ്ദേഹത്തെ കുറെക്കാലം ഞങ്ങളുടെ തറവാട്ടിലേക്കു കൊണ്ടുവന്നിരുന്നു. നാട്ടിലെ കുമാരൻ വൈദ്യരെ വിളിച്ചു ചികിത്സ ഏർപ്പാടാക്കിയത് അമ്മയാണ്. ഞങ്ങൾ മക്കളെ വീട്ടിൽ ബന്ധുക്കളുടെ മേൽനോട്ടത്തിൽ നിർത്തി ഇടയ്ക്കിടെ സിജെയെ പരിചരിക്കാനും അമ്മ പോകുമായിരുന്നു. സഹോദരനെപ്പോലെ, രക്ഷിതാവിനെപ്പോലെ ഞങ്ങൾക്കൊപ്പം നിന്ന്, ഞങ്ങളെ പ്രോത്സാഹിപ്പിച്ച, ഞങ്ങൾക്കു ധൈര്യം പകർന്ന സിജെ ഓർമകളിലെ സ്നേഹത്തുരുത്തായി എന്നുമുണ്ടാകും.
സിജെ ജീവിതരേഖ
1918 നവംബർ 14 – കൂത്താട്ടുകുളം ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെയും അന്നമ്മയുടെയും മകനായി ജനനം
1934 – സ്കൂൾ ഫൈനൽ ജയിച്ചു. പിതാവിന്റെ ആഗ്രഹത്തിനു വഴങ്ങി സെമിനാരിയിൽ ചേർന്നെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് കുപ്പായമൂരി.
1937 – ആലുവ യുസി കോളജിൽ ബിഎയ്ക്കു ചേർന്നു.
1939 – വടകര ഹൈസ്കൂളിൽ അധ്യാപകനായി
1943 – തിരുവനന്തപുരം ലോ കോളജിൽനിന്നു നിയമബിരുദമെടുത്തു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടിഷുകാർക്കെതിരെ ശബ്ദമുയർത്തിയതിനു സ്കൂളിലെ ജോലി പോയി. തുടർന്നാണു നിയമപഠനത്തിനു ചേർന്നത്. അക്കാലത്തു സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനായി.
1944 – പഠനത്തിനുശേഷം കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. പിന്നീടു കുറച്ചുനാൾ മുഴുവൻസമയ പാർട്ടിപ്രവർത്തകനായി.
1948 – സോഷ്യലിസം, മതവും കമ്യൂണിസവും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു
1949 – ആദ്യ നാടകമായ ‘അവൻ വീണ്ടും വരുന്നു’ പുറത്തിറക്കി
1950 – എം.പി.പോൾ കോട്ടയത്തു നടത്തിയിരുന്ന ‘പോൾസ് കോളജി’ൽ അധ്യാപകനായി.
1951 – എം.പി.പോളിന്റെ മകൾ റോസിയുമായുള്ള വിവാഹം. നിരൂപണ സമാഹാരമായ ‘വിലയിരുത്തൽ’ പ്രസിദ്ധീകരിച്ചു.
1952 – താമസം കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്കു മാറ്റി.
1954 – ‘1128ൽ ക്രൈം 27’ എന്ന നാടകം പുറത്തിറങ്ങി.
1955 – ഗ്രീക്ക് ദുരന്തനാടകങ്ങളുടെ ഘടനയിൽ ബൈബിൾ പശ്ചാത്തലമാക്കി രചിച്ച ‘ആ മനുഷ്യൻ നീ തന്നെ’ പുറത്തിറങ്ങി.
1957 – ആകാശവാണിയിൽ പ്രൊഡ്യൂസർ.
1960 ജൂലൈ 14 – മരണം.