ശബ്ദം

ആ വായനശാലയിൽ ആരും വരാറില്ല. ആരെങ്കിലും ഒരാൾ പുസ്തകമെടുക്കാൻ വരുമെന്ന പ്രതീക്ഷയിൽ എല്ലാ വൈകുന്നേരങ്ങളിലും വായനശാല തുറന്ന് പഴയ ആ കെട്ടിടത്തിന്റെ അരപ്രൈസിൽ കുറച്ചുനേരം ലൈബ്രേറിയൻ ഇരിക്കും. പിന്നെ, ഉള്ളിലിട്ടിരിക്കുന്ന മേശയ്ക്കു പിന്നിലെ അയാളെക്കാൾ ആരോഗ്യം കുറഞ്ഞ കസേരയിൽ പോയി ഇരുന്ന് വായന തുടങ്ങും. 

കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി വായിക്കലാണ് ശീലം. വായിച്ചശേഷം റഫറൻസ് പുസ്തകങ്ങൾ ഇരിക്കുന്ന അലമാരയിലേക്കു തിരിച്ചുവയ്ക്കും. എത്ര ശക്തിയിൽ അമർത്തിയാലും താഴിന്റെ ചെറുകിണറിലേക്ക് ഇറങ്ങാൻ മടിക്കുന്ന ഇരുമ്പ് 'റ' യുടെ ഒരു തുമ്പിനെ ദുർബലമായ വിരൽകൊണ്ട് താഴ്ത്തിപ്പിടിച്ച് താക്കോലിട്ടു പൂട്ടും. താഴിനു വേദനിക്കാതെ പൂട്ടു വീണോ എന്നറിയാനായി വലിച്ചുനോക്കും. 

മുറ്റത്ത് ഇരുട്ട് എത്തിക്കഴിയുമ്പോൾ വാതിലുകൾ എല്ലാം അടച്ച് ലൈബ്രേറിയൻ മടങ്ങും. അങ്ങനെയൊരു ദിവസം നിഘണ്ടു വായിച്ചശേഷം അലമാരയിൽ വയ്ക്കുമ്പോഴാണ് ലൈബ്രേറിയൻ ശബ്ദതാരാവലിയുടെ ഉള്ളിൽ പെട്ടുപോയത്. ഒന്നുരണ്ടു പ്രാവശ്യം ഉറക്കെ കൂവാൻ ശ്രമിച്ചു. നടന്നില്ല. ഒന്നിറങ്ങി ഓടാൻ ശ്രമിച്ചാലോ എന്നു കരുതി കുതറിനോക്കിയപ്പോൾ കാലുകൾ രണ്ടും വാക്കുകൾക്കിടയിൽ കുരുങ്ങിക്കിടപ്പാണ്. കൈകൾ കൊട്ടി വിളിക്കാൻ ശ്രമിച്ചപ്പോൾ രണ്ടു താളുകൾക്കിടയിൽ അമർന്നിരിപ്പാണ്. താളുകൾ വിടർന്നാലേ കൈകളും വിടരൂ. 

പാതിരാ കഴിഞ്ഞിട്ടും വീട്ടിൽ എത്താത്ത ലൈബ്രേറിയനെ തിരഞ്ഞ് ഭാര്യയും മക്കളും നടന്നു. അവർ വായനശാലയിൽ എത്തി. നിഘണ്ടുവിനുള്ളിൽ ഇരുന്ന് ലൈബ്രേറിയൻ ഞാനിവിടെ ഉണ്ടെന്നു പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിഘണ്ടുവിന്റെ പേരിൽ 'ശബ്ദ'മുണ്ടെങ്കിലും ശബ്ദമുണ്ടാക്കാനാവില്ലെന്നു മനസ്സിലായി. 

ഭാര്യയും മക്കളും വായനശാലയിലെ അലമാരകൾക്കിടയിലും മേശവലിപ്പിലുമെല്ലാം ലൈബ്രേറിയനെ നോക്കി. കണ്ടില്ല. മൂത്തമകൻ അവിടെനിന്നിറങ്ങും മുൻപ്, തുറന്നുകിടന്നിരുന്ന റഫറൻസ് പുസ്തകങ്ങളുടെ അലമാര അടച്ചു താഴിട്ടു പൂട്ടി. വായനശാലയുടെ വാതിലും അടച്ചു. വീട്ടുകാരും നാട്ടുകാരും ലൈബ്രേറിയനെ കാണാതെ നാടുനീളെ നടക്കാൻ തുടങ്ങി. പത്രത്തിൽ പരസ്യം ചെയ്തു. പൊലീസിൽ പരാതി നൽകി. 

പിറ്റേന്നു മുതൽ ലൈബ്രറി തുറക്കാതെയുമായി. ഒരു ദിവസം ഒരു കള്ളൻ പൊലീസുകാരിൽനിന്ന് ഒളിച്ച് വായനശാലയ്ക്കുള്ളിൽ കയറി. തന്നെ അയാളൊന്നു കണ്ടിരുന്നെങ്കിലെന്ന് ലൈബ്രേറിയൻ ആഗ്രഹിച്ചു. കള്ളൻ പക്ഷേ കണ്ടില്ല. രാത്രികളിൽ അയാൾ പുറത്തിറങ്ങും. പകൽ മുഴുവൻ വായനശാലയിലിരിക്കും. വെറുതെ ഇരുന്നു മുഷിഞ്ഞപ്പോൾ കള്ളൻ പുസ്തകങ്ങൾ എടുത്തു മറിച്ചുനോക്കി. ഇതു ലൈബ്രേറിയൻ നിഘണ്ടുവിനുള്ളിൽ ഇരുന്നു കണ്ടു. സന്തോഷം തോന്നി. ആദ്യമായൊരു വായനക്കാരനെ കണ്ടതിലുള്ള ആനന്ദം കണ്ണിന്റെയുള്ളിൽ ഒരൽപം നനവു വരുത്തി. എന്നാൽ അയാളോ, പുസ്തകം മറിച്ചുനോക്കിയതല്ലാതെ വായിച്ചില്ല. എന്നാൽ ഓരോ പുസ്തകത്തട്ടിലും അയാളുടെ കൈകൾ എത്തി പുസ്തകങ്ങളെ തൊട്ടു. അങ്ങനെയെങ്കിലും ഒരാളുടെ വിരൽ തൊടുന്നതിന്റെ സന്തോഷം പുസ്തകങ്ങൾക്കു കിട്ടട്ടെ എന്ന് ലൈബ്രേറിയൻ ആഗ്രഹിച്ചു. 

എന്നാൽ കള്ളനോ, ഉച്ചവെയിൽ മൂക്കുമ്പോൾ രണ്ടു കയ്യിലും പുസ്തകങ്ങൾ പിടിച്ച് വിശറിപോലെ വീശും. ഇതു ലൈബ്രേറിയനു സഹിക്കാൻ കഴിഞ്ഞില്ല. ചീത്ത പറയാനോ, ഉറക്കെ ഒച്ചയിടാനോ കഴിയാത്ത നിസ്സഹായതയോടെ ശബ്ദതാരാവലിക്കുള്ളിൽ കണ്ണുമടച്ച് ലൈബ്രേറിയൻ ഇരുന്നു. 

ഒരു വൈകുന്നേരം ചെറിയൊരു കമ്പികൊണ്ട് റഫറൻസ് പുസ്തകങ്ങളുടെ കാവൽപ്പൂട്ടിന് കള്ളനൊരു തോണ്ടു കൊടുത്തു. അലമാരയുടെ വാതിലുകൾ രണ്ടു കൈകൾ വിടരുമ്പോലെ കള്ളനുനേർക്ക് തുറന്നുചെന്നു. 

കള്ളൻ, തടിയൻമനുഷ്യരെ കാണുന്ന അദ്ഭുതത്തോടെ വലിയ പുസ്തകങ്ങളെ നോക്കി. ആ മുട്ടൻപുസ്തകങ്ങൾ ഓരോന്നായി തുറന്നു. കാണുന്നതിനെക്കാൾ ഭാരം ചില പുസ്തകങ്ങൾക്കുണ്ടല്ലോ എന്ന് അയാൾ അതിശയിച്ചു. ഭാരം നോക്കുക മാത്രമല്ല, അതിനുള്ളിൽ എന്തെങ്കിലുമുണ്ടോ എന്ന് ശീലംകൊണ്ട് കള്ളൻ നോക്കി. 

ഒരു പുസ്തകത്തിനുള്ളിൽനിന്നു പോലും ഒന്നും കിട്ടാത്തതിലെ നിരാശ കള്ളന്റെ തൊഴിലിനു ചേർന്നതല്ലാത്തതിനാൽ അയാളെ മടുപ്പ് ബാധിച്ചില്ല. ഓരോ പുസ്തകമായി എടുത്ത് അയാൾ തുറന്നു. അമരകോശത്തിനടുത്താണ് ശബ്ദതാരാവലി ഇരുന്നിരുന്നത്. അമരകോശമെടുത്ത് കള്ളൻ മറിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ലൈബ്രേറിയനു ഹൃദയമിടിപ്പു കൂടാൻ തുടങ്ങി. 

അടുത്തത് തന്റെ അടുത്തേക്കാണ് കള്ളന്റെ വിരൽ നീണ്ടുവരാൻ പോകുന്നത്. താളുകൾ മറിക്കുമ്പോൾ അയാൾ തന്നെ കാണും. പേടിക്കും. ചിലപ്പോൾ അയാൾ അലറിവിളിക്കും. അല്ലെങ്കിൽ ഏതെങ്കിലും ഒരു പുസ്തകമെടുത്ത് തലയ്ക്കടിച്ചു കൊല്ലും. 

എന്തായിരിക്കും സംഭവിക്കുക എന്ന് നിശ്ചയമില്ലാതെ പേടിച്ചു കണ്ണടച്ചിരിക്കുമ്പോൾ തട്ടിൽനിന്ന് അലമാരയ്ക്കു പുറത്തേക്ക് നിഘണ്ടുവിനെ കള്ളന്റെ കൈകൾ വലിച്ചെടുക്കുന്നതറിഞ്ഞ് ലൈബ്രേറിയനെ വലിയൊരു വിറയൽ പുതപ്പുപോലെ വന്നു ചുറ്റി. 

മറ്റു പുസ്തകങ്ങളെക്കാൾ ഭാരം തോന്നിയപ്പോൾ കള്ളനത് രണ്ടു കൈകൊണ്ടും മേശപ്പുറത്തു കൊണ്ടുപോയി വച്ചു. പിന്നെ, മെല്ലെ അതു തുറന്നപ്പോൾ പേടി മുറുകിയ മുഖത്തോടെ താളുകൾക്കിടയിൽ ഇരിക്കുന്ന ഒരു മനുഷ്യനെ കണ്ടു. പേടിച്ചരണ്ട വൃദ്ധനായ ആ മനുഷ്യനെ നോക്കിയപ്പോൾ കള്ളനു ചിരിവന്നു. കള്ളൻ ചിരിച്ചു. ലൈബ്രേറിയനും ചിരിച്ചു. 

അപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. കള്ളൻ അതു പൊലീസാണെന്നും, ലൈബ്രേറിയൻ അതു താൻ പ്രതീക്ഷിച്ചിരിക്കുന്ന വായനക്കാരനാണെന്നും വിശ്വസിച്ചു. 

(ഈ കഥയ്ക്കു പ്രേരണയായത് ഐനസ്കോയുടെ ലെസൺ എന്ന നാടകമാണ്)