കയറി വന്നതേ ബാഗ് സോഫയിലേക്കെറിഞ്ഞു, ഒരു കാലിൽ മറ്റേക്കാൽ കയറ്റി വച്ച് അവൾ പ്രഖ്യാപിച്ചു.
"മമ്മ, ഞാനാ ഋഷിയെ വേണ്ടെന്നു വെച്ചു "
വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്തി, മൂക്കിൻ തുമ്പിലേക്കൂർന്നു വന്ന കണ്ണട നേരെ വച്ചു. ശ്യാമ അവളുടെ കൈ കാലുകൾ ചലിപ്പിച്ചുള്ള സംസാരം ശ്രദ്ധിച്ചു...
എത്രയോ കാലം തന്റെ കൂടെ കഴിഞ്ഞിട്ടും അവൾ തന്റെ ഗണത്തിലോ, കുലത്തിലോ പെടുന്നില്ലെന്ന് തോന്നി. ഓരോ ദിവസവും പുതിയ പുതിയ വിപ്ലവങ്ങൾ. ആൺകുട്ടികൾ ഇല്ല എന്നു തോന്നിപ്പിച്ചിട്ടേയില്ല.
അവളിൽ സ്ത്രൈണത ഇല്ലേ എന്ന ഭീതി ഉണ്ടായിരുന്നു. ഋഷിയുമായുള്ള ബന്ധത്തിലൂടെ അവൾ തന്നെയാണ് അങ്ങനെ അല്ല എന്നു തെളിയിച്ചത്.
അവനു ഭക്ഷണം തയാറാക്കാനും, അവനു വേണ്ടി സാരി ഉടുത്തു പോകാനും അവൾ ഉത്സാഹിക്കുന്നത് അത്ഭുതത്തോടെയാണു കണ്ടു നിന്നത്. പിന്നിപ്പോൾ എന്താണോ?
"മമ്മ, കേൾക്കുന്നുണ്ടോ? അവനിപ്പോ പറയുകയാ ആഫ്റ്റർ മാര്യേജ് ഗവേഷണത്തിനു പോകുന്നത് ബുദ്ധിമുട്ടാന്ന് അമ്മ പറഞ്ഞെന്ന്".
ശ്യാമയുടെ ശാന്തത പോയി. കഴിഞ്ഞ മെയ് ഒന്നിനാണ് ബാലയും, ഋഷിയുമായുള്ള എൻഗേജ്മെന്റ് നടന്നത്. അന്നവർ തിസീസ് ഒക്കെ സമ്മതിച്ചതാണല്ലോ.
താൻ അന്നേ ഗോപേട്ടനോട് ഷെർലക്ഹോംസ് ബുദ്ധി വച്ചു പറഞ്ഞതാണ് ഋഷിയുടെ അമ്മയുടെ നിയന്ത്രണത്തിലാണ് ആ പയ്യനെന്ന്.
അവന്‍ നമ്മുടെ മോളേക്കാൾ മാസ ഇളപ്പം ഉള്ള കുട്ടിയല്ലേ സാരമില്ല എന്ന് അതിനു ഇളവ് നൽകിയതും ഗോപേട്ടനാണ്. മുറ്റത്തെ ചെടികൾക്കിടയിൽ നിന്നും ഗോപൻ വന്നപ്പോൾ ശ്യാമ വിവരം പറഞ്ഞു.
ബാല കണ്ടുപിടിച്ച പയ്യൻ ആണ് ഋഷി, അവളെപ്പോലെ തന്നെ ഒറ്റയ്ക്ക് സ്നേഹം അനുഭവിക്കുന്നവൻ. എട്ടു വർഷം ഈ വീട്ടിൽ കയറി ഇറങ്ങി മാനസപുത്രനായവൻ. ബാലയുടെ പെട്ടെന്നുള്ള ദേഷ്യം പോലും മാറ്റുന്നവൻ. ബാലയുടെ ഈ ചോയ്സും തെറ്റിയില്ല എന്നു കരുതി.
മറുതലയ്ക്കൽ ശാന്തവും, സുഖദവുമായ ഋഷിയുടെ ശബ്ദം ലൗഡ് സ്പീക്കറിൽ ഇട്ടു ഗോപനൊപ്പം ശ്യാമയും ബാലയും കേട്ടു.
"അമ്മയെ എതിർക്കാൻ കഴിയുന്നില്ല അങ്കിൾ. നിശ്ചയം കഴിഞ്ഞു ബാല സമ്മതിക്കും എന്നാണ് ഞാനും കരുതിയത്. തിസീസ് പിന്നെ ചെയ്യാമല്ലോ. "
അച്ഛൻ ഒരു കോംപ്രമൈസ് പാതയിൽ ആണെന്നു കണ്ടു ബാല ഫോൺ പിടിച്ചു വാങ്ങി...
"ഋഷീ.. ഒരു പകലിനൊടുവിലും നിനക്ക് തിരുത്താനാവാത്ത ഒന്ന് മാറ്റേണ്ട ഋഷീ... ഫോൺ വെച്ചോ..."
അമ്മയുടെ മൗനത്തിന്റെ അർഥം അറിയുന്ന ബാല, ശ്യാമയുടെ കഴുത്തിലൂടെ കൈകൾ ചുറ്റി മുഖം അടുപ്പിച്ചു കൊണ്ടു പറഞ്ഞു...
"അമ്മുക്കുട്ട്യേ.. leave it.. ചക്ക നല്ലതാണോന്നു മുറിച്ചു നോക്കാം. മനുഷ്യരെ പറ്റില്ല എന്ന് അമ്മുവല്ലേ പറയാറുള്ളത്.. ഇപ്പോൾ തിസീസ്, നാളെ എന്റെമ്മുവിനെ കാണരുതെന്ന് പറഞ്ഞാലോ..
അവനു യോഗമില്ല, എന്തോ തിസീസ് ആണേലും, എന്റെ കൈ കൊണ്ടുണ്ടാക്കിയ മീൻകറിയില്ലേ?, അവന്റെ ഇഷ്ടവിഭവം? പിന്നെ ഒരു അഞ്ചെണ്ണത്തിനെ ഇതിനിടയിൽ പെറ്റു കൊടുക്കാമെന്നു പറഞ്ഞതാ, ഇന്നത്തെ കാലത്ത് ആരും ചെയ്യും ഇതൊക്കെ.. അതാ ഞാൻ പറഞ്ഞത് unlucky fellow. "
അന്നാദ്യമായി അവൾക്കു തന്റെ ഒരു ഗുണവും ഇല്ലാത്തതിൽ ശ്യാമ അഭിമാനം കൊണ്ടു. താനായിരുന്നെങ്കില്‍ ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ത്തേനേ.. ഷോ കേസിലെ അലങ്കാര വസ്തുക്കൾ ആയി വിശ്രമിക്കുന്ന ബ്രഷും, ചിലങ്കകളും നിനക്ക് ഈ ധൈര്യം ഇല്ലാഞ്ഞതുകൊണ്ടാണ് അടുക്കളയിൽ കരികൊണ്ട് ചിത്രമെഴുതി തവികൊണ്ട് താളം പിടിയ്ക്കേണ്ടി വന്നതെന്ന് ശ്യാമയെ ഓർമിപ്പിച്ചു.
ബാല അവളുടെ മുഖത്ത് അമര്‍ത്തി ഒരുമ്മ നല്‍കി.
അടുക്കളയിലെ അവളുടെ ഇന്നത്തെ പരീക്ഷണം കാണാന്‍ അവളെ ഉന്തിക്കൊണ്ടുപോയി.