Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനിച്ചല്ല ഞാൻ...

Girl Representative Image

നേരം ഇരുട്ടിയെങ്കിലും ഇടവഴിയിൽ കൂടി നടന്നപ്പോൾ അമ്മുവിന് തെല്ലും ഭയം തോന്നിയില്ല... "ഇന്ന് താമസിച്ചോ അമ്മുവേച്ചിയേ" നാട്ടുകാർ 'വഷളന്മാർ' എന്നു വിശേഷിപ്പിക്കുന്ന കുറച്ചു പയ്യന്മാരാണ് അവർ.. "ഉവ്വ്, ഇറങ്ങാൻ വൈകി.." അവർക്കു മറുപടി കൊടുത്തുകൊണ്ട് നടത്തത്തിന്റെ വേഗം കൂട്ടി അവൾ ചിന്തിച്ചു. ഒരുപക്ഷേ, തന്റെ അവസ്ഥ അറിയുന്നതുകൊണ്ടാവും ഒരു രീതിക്കും തന്നോട് മോശമായി അവർ പെരുമാറിയിട്ടില്ല. ഒരുകണക്കിന് തന്റെ അനിയനെക്കാൾ എത്രയോ ഭേദമാണ് അവർ.. ചിന്തകൾ കാടു കയറുന്നതിനു മുൻപ് അവൾ വീടിന്റെ പടിക്കൽ എത്തി. ഇന്നും വിളക്ക് കത്തിച്ചിട്ടില്ല തുളസിത്തറയിലേക്കു തെല്ലു നേരം നോക്കി നിന്നിട്ട് അവൾ അകത്തേക്ക് കയറി.

സീരിയലിൽ രണ്ടാനമ്മയുടെ ക്രൂരതകൾ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നോട് ചെയ്യുന്നതിൽ  കൂടുതൽ എന്തുണ്ടാവാനാ ലക്ഷ്മിയമ്മേ ആ സീരിയലിൽ.. പുറത്തേക്കു വരാതെ ആ ചോദ്യത്തിന് മനസ്സിൽ തന്നെ അവൾ കടിഞ്ഞാണിട്ടു.." 

"ചേച്ചിയെ ഞാൻ വിളിക്കാൻ വരുമായിരുന്നല്ലോ? ഈ രാത്രിൽ ഇങ്ങനെ ഒറ്റക്ക് വരുന്നത് ശരിയല്ല" അടുക്കള വാതിൽ തടഞ്ഞ് ഒരു വഷളൻ ചിരിയുമായി നിൽക്കുകയാണ് ശരത്.. ലക്ഷ്മിഅമ്മയുടെ മകൻ. ജീവിതത്തിൽ ഒറ്റപെട്ടു പോകും എന്ന് വീട്ടുകാർ പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ അച്ഛൻ സുധാകരൻ കെട്ടിയതാണ് ലക്ഷ്മി അമ്മയെ.. അവരുടെ ഒപ്പം മകനേം ഇങ്ങു കൊണ്ട് വന്നു.. ആരും ഇല്ലാത്തപ്പോൾ ഉപദ്രവിക്കാൻ ശ്രമിച്ചവനെ തനിക്ക് ഏതു വിധത്തിൽ അനിയൻ ആയി കാണാൻ സാധിക്കും?  

"മുമ്പിൽ നിന്നു മാറി നിൽക്ക്" മുഖത്തു പോലും നോക്കാതെയാണ് അവൾ അതു പറഞ്ഞത്.. "ഓ ശരി, ഞാൻ പോയേക്കാമെ " വാതിൽ ഒഴിഞ്ഞു കൊടുത്ത് അവളെ ഒന്നിരുത്തി നോക്കി അവൻ നടന്നു. 

വർഷങ്ങളായി രാത്രിയിൽ ഭക്ഷണം മിക്കപ്പോഴും കിട്ടാറില്ല.. കിട്ടിയാൽ തന്നെ ഒരു തവി ചോറ് പോലും ഉണ്ടാകില്ല. തന്റെ അച്ഛന് എങ്കിലും എന്തേലും കിട്ടുന്നുണ്ടല്ലോ. അതു തന്നെ വലിയ കാര്യം. അച്ഛനേം വിളിച്ചുകൊണ്ട് ദൂരെ എവിടേയ്ക്കെങ്കിലും പോണം, അറിയാതെ ഒരു ചിരി അവളുടെ ചുണ്ടിലേക്കു വന്നു. പാത്രങ്ങൾ കണ്ടപ്പോൾ തന്നെ മനസിലായി ഇന്നും ഭക്ഷണം ഇല്ല എന്ന്. അടുക്കളയിൽ നിന്ന് തിരികെ മുറിയിൽ എത്തി. പതിയെ അവൾ നിലത്തേയ്ക്ക് ഇരുന്നു "മോളെ".. ഞെട്ടി എഴുന്നേറ്റ് അവൾ ചിതലരിച്ച ജനൽ പാളി തുറന്നു. 

അച്ഛനാണത് അവൾക്ക് ഉറപ്പുണ്ടായിരുന്നു. തന്നോട് സംസാരിക്കുന്നതിനു വരെ അച്ഛന് വിലക്ക് ഉണ്ട്. വയസായ ആ പാവത്തിന് അവരെ അനുസരിക്കാതെ മറ്റു വഴിയും ഇല്ല. എങ്കിലും പാത്തും പതുങ്ങിയും അച്ഛൻ വന്നു തന്നോട് സംസാരിക്കും. ലക്ഷ്മി അമ്മയെ ജീവിതത്തിന്റെ ഇടയിൽ കൊണ്ടുവന്നതിനു ക്ഷമ ചോദിക്കും. അച്ഛന് കഴിക്കാൻ കൊടുക്കുന്നതിന്റെ പാതി ആരും കാണാതെ കൊണ്ടുത്തരും.. 

" എന്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ലല്ലോ... മോള് ഇതു കഴിച്ചോളൂ" അവരുടെ മുന്നിൽ വെച്ച് ചോറും പാത്രത്തിൽ കയ്യിട്ടു എന്നേ ഉള്ളു... എന്റെ കുട്ടി കഴിക്ക്.." പാത്രം കൈ നീട്ടി വാങ്ങുന്നതിനു മുൻപു തന്നെ ലക്ഷ്മി അമ്മ എത്തി.

"ഓ അപ്പോൾ ഇതായിരുന്നു അല്ലേ പരിപാടി. നാണമില്ലല്ലോ നിങ്ങൾക്ക് ഇങ്ങനെ... ഒളിച്ചും പാത്തും വന്നേക്കുന്നു. പണ്ട് ഇതുപോലെ അച്ഛനേം മോളേം പിടിച്ചപ്പോൾ അത് ഒന്നും അറിയാത്ത എന്റെ കുഞ്ഞിന്റെ തലേൽ കൊണ്ടിട്ടു.. .ഇപ്പോൾ രണ്ടു പേരും നിൽക്കുന്നത് കണ്ടില്ലേ? "

"ലക്ഷ്മി ഞാൻ ഇവൾക്ക്..." വാക്കുകൾ മുഴുവനാക്കാൻ സമ്മതിക്കാതെ ശബ്ദം കേട്ട് എത്തി നോക്കിയ അയൽക്കാരോടായി ലക്ഷ്മി ഒന്നുറക്കെ പറഞ്ഞു .." നിങ്ങളും കണ്ടല്ലോ അല്ലെ? ഇല്ലേൽ നാളെ കഥ വരുമ്പോൾ അച്ഛന് പകരം എന്റെ മോൻ ആകും.." ഉറഞ്ഞു തുള്ളി ലക്ഷ്മി കടന്നു പോയി..

അമ്മു പതിയെ അച്ഛനെ നോക്കി..." അച്ഛൻ പോയി കിടന്നോളു ഇതൊന്നും കാര്യമാക്കേണ്ട " ഒന്ന് കരയാൻ പോലും ആവാതെ നിൽക്കുകയാണ് ആ പാവം. അമ്മുവിനെ ഒന്ന് ദയനീയമായി നോക്കിയിട്ട് തിരിഞ്ഞു നടന്നു.സഹിക്കാവുന്നതിന്റെ അതിരും കടന്നിരിക്കുന്നു. ഓർമ വെച്ചപ്പോൾ മുതൽ ഉള്ള ഉപദ്രവങ്ങൾ, അനിയൻ എന്നു വിശേഷിപ്പിക്കുന്നവനെ പേടിച്ചു കഴിഞ്ഞ രാത്രികൾ, കള്ളി, അഹങ്കാരി, അനുസരണയില്ലാത്തവൾ അങ്ങനെ അനേകം വിശേഷണങ്ങൾക്ക് ഒപ്പം മറ്റൊന്നും കൂടി.. അതും സ്വന്തം അച്ഛനെ ചേർത്ത്. ഒരു തളർച്ചയോടെ അവൾ കിടക്കയിലേക്ക് ഇരുന്നു...

"മോളെ... " ഒരലർച്ചയോടെ സുധാകരൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. ഒരു കയറിനു തുമ്പിൽ തൂങ്ങി ആടുന്ന അമ്മുവിന്റെ മുഖം. അയാൾ ഒരു ഭീതിയോടെ എഴുന്നേറ്റു തിടുക്കത്തിൽ അമ്മുവിന്റെ അരികിലേക്ക് പോവാനായി തിരിഞ്ഞു. മുറിയുടെ വാതിൽ തുറക്കാൻ നേരമാണ് അയാൾ ശ്രദ്ധിച്ചത് നിലാ വെളിച്ചത്തിൽ തുളസി തറയുടെ അരികിൽ... അത് ആരാണ്?  അമ്മു.. അതെ അമ്മു തന്നെയാണ് ആ നിൽക്കുന്നത്.. "മോളെ.. വാതിൽ തുറന്ന് സർവ ശക്തിയും എടുത്ത് ആ വൃദ്ധൻ പുറത്തേക്ക് ഓടി.." "അവിവേകം ഒന്നും .... " വാക്കുകൾ മുഴുവിപ്പിക്കാൻ അയാൾക്ക് ആയില്ല. ചോര കിനിയുന്ന കത്തിയുമായി അമ്മു തിരിഞ്ഞു.. "ഇനിയും അവർ വരില്ല അച്ഛാ നമ്മളെ ഉപദ്രവിക്കാൻ.. ഇനി പോകാം.. അങ്ങ് ദൂരെ.." അകലേക്ക് നോക്കിയാണ് അവളുടെ നിൽപ്പ്.. " ഞാൻ തനിച്ചല്ല അച്ഛാ... ഒന്നു നിർത്തിയിട്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി അവൾ തുടർന്നു...

"അമ്മയുടെ അടുത്തേക്ക് നമ്മൾ ഒരുമിച്ചാണ് പോകുന്നത്".. മുൻപ് ഒരിക്കലും കാണാത്ത ഒരു ക്രൂര ഭാവം തന്റെ മകളുടെ മുഖത്തു വിരിയുന്നത് പേടിയോടെ ആ വൃദ്ധൻ നോക്കി നിന്നു.