Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിന്റെ കവി, മലയാളത്തിന്റെ മകൾ...

English Poet Meena Alexander

അലഹബാദ്, തിരുവല്ല, കോഴഞ്ചേരി, ഖാർത്തും, നോട്ടിങ്ഹാം, ന്യൂഡൽഹി, ഹൈദരാബാദ്, ന്യൂയോർക്ക്...

മീന അലക്സാണ്ടർ എന്ന കവിയുടെ രചനകളിൽ പലവട്ടം കടന്നു വന്ന വാക്കുകൾ, സ്ഥലപ്പേരുകൾ എന്നതിലുപരി സ്വാധീനിച്ച സംസ്കാരങ്ങൾ, കടന്നു പോയ ജന്മങ്ങളും ജീവിതങ്ങളും വിട്ടുപോകാൻ മടിക്കുന്ന ഓർമകളുടെ വിലപ്പെട്ട സ്വത്തുമായി അന്യലോകങ്ങളിൽ അലയാൻ വിധിക്കപ്പെട്ട ജീവിതത്തിന്റെ ശേഷിപത്രങ്ങൾ സ്വപ്നത്തിനും യാഥാർഥ്യത്തിനും മധ്യേ നിരന്തരം വേരുകൾ തിരഞ്ഞും നഷ്ടപ്പെട്ട ആകാശത്തെ സ്വപ്നം കണ്ടും നയിച്ച പ്രവാസ ജീവിതത്തിന്റെ സുകൃതങ്ങൾ പല ഭാഷകൾ അറിയാമായിരുന്നിട്ടും മലയാളത്തിന്റെ മണവും മാധുര്യവും അകന്നു പോയപ്പോൾ നിരക്ഷര എന്നു വിശേഷിപ്പിക്കേണ്ടിവന്ന ഹൃദയത്തിന്റെ തേങ്ങലുകൾ, വയലി‍ൽ കെട്ടിക്കിടക്കുന്ന വെള്ളം പോലെ ഓർമകൾ അടിഞ്ഞു കൂടിയ മനസ്സുമായി അക്ഷരങ്ങളിലൂടെ എത്തിപ്പിടിക്കാൻ ശ്രമിച്ച ലോകങ്ങൾ....

അതിർത്തികളും ഭാഷയും ദേശവുമില്ലാത്ത ലോകത്തിന്റെ കവിയായിരിക്കെത്തന്നെ മലയാളത്തിന്റെ മകൾ എന്നറിയപ്പെടാൻ ആഗ്രഹിച്ച കവിയായിരുന്നു മീന അലക്സാണ്ടർ. ഇല്ലിറ്ററേറ്റ് ഹാർ‌ട്ട് എന്ന പ്രശസ്ത കവിതാ സമാഹാരത്തിലെ ഒരു കവിത പൂർണമായും അവർ സമർപ്പിച്ചത് കേരളത്തിന്റെ പ്രകൃതിക്കും പശ്ചാത്തലത്തിനും. ഗോൾഡ് ഹൊറൈസൻ മനസ്സിൽ വീണ്ടും വീണ്ടും കടന്നുവന്ന അരുവികളും പുഴകളും മരങ്ങളും ചില്ലകളും കുറ്റിക്കാടുകളും മീന സുവർണ ചക്രവാളത്തിൽ മായാത്ത വർണങ്ങളിൽ വരച്ചിട്ടു. ആർദ്രമായ വാക്കുകളിൽ രേഖപ്പെടുത്തി വേനലിലും വറ്റാതെയൊഴുകിയ പുഴയുടെ തീരത്തു കാത്തു നിന്ന വിഷാദത്തിന്റെ മാധുര്യം നിറഞ്ഞു നിന്നു. സുവർണ ചക്രവാളത്തിൽ കല്ലുകളോരോന്നായി വെള്ളത്തിലേക്കു വീണ് അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് ചീവീടുകളുടെ ശബ്ദം ഉയർന്നു കേട്ടു കൊണ്ടിരുന്ന രാത്രികളെക്കുറിച്ച് സുവർണ ചക്രവാളത്തിൽ മാത്രമല്ല, ഇല്ലിറ്ററേറ്റ് ഹാർട്ടിലെയും മറ്റു സമാഹാരങ്ങളിലെയും കവിതകളിലും ഒരു പ്രവാസിയുടെ ജീവിതത്തിന്റെ വേദനകളും സന്തോഷങ്ങളുമാണ് മീന കവിതയ്ക്കു വിഷയമാക്കിയത്. 

ഓർമകൾ മാത്രമേയുള്ളൂ, സ്വന്തമെന്നു പറയാൻ.

എന്നെപ്പോലെ കടന്നുപോയ ജന്മങ്ങളെക്കുറിച്ചു ചിന്തിക്കൂ. 

കവിയെന്ന നിലയിൽ ഓർമകളായിരുന്നു മീനയുടെ അസംസ്കൃത വസ്തു. എല്ലാ പ്രവാസികളുടെയും ശക്തിയും ദൗർബല്യവും ഏറ്റവും നന്നായി അറിയാവുന്ന ഭാഷയിലെ ഏറ്റവും നല്ല വാക്കുകൾ തിരഞ്ഞുപിടിച്ച് എഴുതുന്ന കവികൾക്കിടയിൽ മീന വ്യത്യസ്തയായിരുന്നു. അറിയാവുന്ന ഒന്നിലേറെ ഭാഷകളുടെ വെളിച്ചത്തിലാണ് അവർ എഴുതിയത്. പരിചയപ്പെട്ട സംസ്കാരങ്ങളുടെ പൈതൃകമായിരുന്നു അവരുടെ പ്രചോദനം. കടന്നു പോയ ദേശങ്ങളുടെ കാഴ്ചകളും കേൾവികളുമായിരുന്നു കരുത്ത്. മൻഹാറ്റനിലെ വൈകുന്നേരങ്ങളിൽ അകലെയുള്ള കേരളത്തിലെ സായം സന്ധ്യകളും ഹൈദരാബാദിലെ ഉച്ചവെളിച്ചത്തിൽ അമേരിക്കയുടെ വിശാലമായ ആകാശവും സ്വപ്നം കണ്ട കവി. 

എഴുത്ത് ആത്മാവിഷ്കാരമായിരിക്കെ താൻ ഏത് ആത്മാവിനെ ആവിഷ്കരിക്കണം എന്ന് ആശങ്കപ്പെടാതെ തന്നെ സ്വാധീനിച്ച സംസ്കാരങ്ങളെക്കുറിച്ചും ദേശങ്ങളെക്കുറിച്ചും കാലങ്ങളെക്കുറിച്ചും എല്ലാറ്റിനുമുപരി ഓർമകളെക്കുറിച്ചും എഴുതി ജീവിതം എന്ന മധുരമായ അസ്വാസ്ഥ്യത്തെ വാക്കുകളുടെ താളവും ലയവുമാക്കിയ കവി. 

ചിതറിപ്പോയവയെ കൂട്ടിവച്ചാണു ഞാൻ എഴുതിത്തുടങ്ങിയത്. 

എനിക്കും മറ്റുള്ളവർക്കും വേണ്ടി.

ആരാണെന്റെ മനസ്സിൽ?

മനസ്സിനു പ്രതീക്ഷയെ നിലനിർത്താനാവുമോ?

മീന അലക്സാണ്ടർ ഒരു വ്യക്തി മാത്രമായിരുന്നില്ല. പച്ചപ്പുള്ള, പുഴയും കാടും മരങ്ങളുമുള്ള ഒരു കൊച്ചു ദേശത്തിന്റെ മാത്രം കവിയുമായിരുന്നില്ല. ലോകത്തോളം വളർന്ന മാനവികതയുടെ ശബ്ദം ലോകമെല്ലാം വ്യാപിച്ച കവിത്വത്തിന്റെ നിലാവ്.