ഗാനങ്ങളിൽ നിന്ന് കവിതയെ അടർത്തി മാറ്റിയാൽ ബാക്കിയാവുന്നത് ഈണം മാത്രം. സുന്ദരമായ ഈണവും ഒപ്പം കവിതയും കലരുമ്പോൾ മനോഹരഗാനങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെ ഭാഷയുടെ സർവസാധ്യതകളും പ്രയോജനപ്പെടുത്തിയ മനോഹരഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലചിത്രഗാന ശാഖ. വയലാർ, ഒ.എൻ.വി, റഫീക്ക് അഹമ്മദ്, അൻവർ അലി... ഇങ്ങനെ സാഹിത്യത്തെ സംഗീതത്തിലേയ്ക്ക് പകർത്തിയ എത്ര പേർ...
ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം... എന്ന ഗാനമാണ് ഇപ്പോൾ തരംഗം. പാലക്കാടൻ സൗന്ദര്യത്തെ വരികളിലേയ്ക്ക് ഒപ്പിയെടുത്ത ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റഫീക്ക് അഹമ്മദാണ് രചന.
നിപ വൈറസും ഒടിയനും ഈ ഗാനവും തമ്മിൽ എന്താണ് ബന്ധം? അധികം ആലോചിച്ച് തലപുകയ്ക്കേണ്ട. ഗാനത്തെ കുറിച്ച് തമാശ രൂപേണ കവി റഫീക്ക് അഹമ്മദ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ–
"സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റില്‍പറത്തി ഒടിയൻ-
തെങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടർന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പർക്കം പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശം നിലനിൽക്കെ ഒടിയൻ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് "വാവലുകൾ തേനിനുപായും മലവാഴത്തോപ്പിൽക്കൂടി" അലനെല്ലൂരും അന്ത്യാളൻകാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു
എന്തായാലും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഒടിയൻ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു
വാൽക്കഷണം- ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നു."
ഭാഷയുടെ സുന്ദരമായ പ്രയോഗങ്ങൾ പാട്ടിന്റെ വരികളിലുടനീളം കാണാം...
വാവലുകൾ തേനിനു പായും
മലവാഴത്തോപ്പും കേറി
അലനെല്ലൂർ മലയിൽ കൊണ്ടോകാം
പൊന്നേ,
വന്നോളം വന്നോളാം
നീ ചായും കൂട്ടിൽ വന്നോളം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി നിന്നോളാം
എന്തായാലും ഒടിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ....