Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎംഎസ് സഖാവോ തമ്പ്രാനോ? എംജിഎസിന് പറയാനുള്ളത്...

ems-mgs

ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി ജനമനസ്സുകളില്‍ സ്ഥാനം നേടിയ ചരിത്രപുരുഷനാണ് ഇഎംഎസ് നമ്പൂതിരിപ്പാട്. ചരിത്രത്തിനു മുന്നേ നടന്നയാള്‍ എന്നു പ്രകീര്‍ത്തിക്കപ്പെടുകയും ചരിത്രത്തിനൊപ്പം പോലും നടന്നിട്ടില്ല എന്ന വിമര്‍ശകരാല്‍ ആക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കേരള രാഷ്ട്രീയത്തെയും മാര്‍ക്സിസ്റ്റ് ചിന്തയേയും മുന്നോട്ടു നയിക്കുകയും വഴിതിരിച്ചുവിടുകയുമൊക്കെ ചെയ്തിട്ടുള്ള ഇഎംഎസിനെക്കുറിച്ച് വ്യത്യസ്തമായ ചില അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ട് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്. ‘ജാലകങ്ങള്‍’ എന്ന കഴിഞ്ഞദിവസം പ്രകാശനം ചെയ്ത തന്റെ ആത്മകഥയില്‍ വ്യക്തിരേഖയ്ക്കൊപ്പം കേരളത്തിന്റെ ചരിത്രവും അദ്ദേഹം വിശകലന വിധേയമാക്കുന്നു. ചരിത്രത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും ഇഎംഎസിന്റെ സാന്നിധ്യവും അനിവാര്യം. പക്ഷേ, പാര്‍ട്ടി അണികളും അനുഭാവികളും ആഗ്രഹിക്കുന്ന രീതിയിലല്ല ഇഎംഎസിനെ ചിത്രീകരിക്കുന്നതെന്നു മാത്രം. 

മാര്‍ക്സിസ്റ്റ് ചിന്താഗതിയോടുള്ള തന്റെ യോജിപ്പും വിയോജിപ്പും എംജിഎസ് ആത്മകഥയില്‍ തുറന്നുപറയുന്നുണ്ട്. ചരിത്രത്തിന്റെ മാര്‍ക്സിസ്റ്റ് വ്യാഖ്യാനം ഒരു പരിധിവരെ അദ്ദേഹം അംഗീകരിക്കുന്നുമുണ്ട്. പക്ഷേ, ശക്തമായ വിയോജിപ്പുകള്‍ കാലാകാലങ്ങളില്‍ തുറന്നെഴുതുന്നുമുണ്ട്. 

എംജിഎസ് ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന കാലം. സുഹൃത്തുക്കളില്‍ ഏറെയും കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടര്‍. അന്നത്തെ നമ്പൂതിരിമാര്‍ അധികവും കല്‍ക്കത്ത തീസിസിനെ അനുകൂലിച്ച തീവ്രവാദികളായിരുന്നുവെന്നു പറയുന്നു എംജിഎസ്. പാർട്ടി നേതാക്കള്‍ മിക്കവരും അന്ന് ഒളിവിലാണു പ്രവര്‍ത്തിച്ചിരുന്നത്. ഇഎംഎസ് അടക്കമുള്ള വിപ്ലവ നേതാക്കള്‍ അക്കാലത്ത് ഒളിച്ചുതാമസിക്കാന്‍ തിരഞ്ഞെടുത്തത് വലിയ ജന്‍മിവീടുകള്‍ ആയിരുന്നു എന്നത് ഇന്നും ഒരു വിരോധാഭാസമായാണ് എംജിഎസ് കാണുന്നത്. കേരളത്തില്‍ ജന്മിമാരുടെ കൂട്ടുകുടുംബങ്ങളിലെ അനന്തരവന്‍മാരാണ് മൂത്തവരെ ധിക്കരിച്ച് കമ്യൂണിസ്റ്റുകളായി കര്‍ഷകരെ നയിക്കാന്‍ പുറപ്പെട്ടതെന്ന് ചരിത്രകാരന്‍ റോബിന്‍ ജെഫ്രി നിരീക്ഷിച്ചിട്ടുമുണ്ട്. ചെറുപ്പക്കാര്‍ക്ക് അനുയായികളായി, പാവങ്ങള്‍ക്ക് ഒരു താങ്ങുമായി. അങ്ങനെ ഒരു പരസ്പര സഹായ സംവിധാനമായിട്ടാണ് പാര്‍ടി ഉയര്‍ന്നുവന്നത്. പാര്‍ടി മലബാറില്‍ വേരുപിടിക്കാന്‍ കാരണങ്ങളിലൊന്നും ഇതുന്നെയാണെന്നാണ് എംജിഎസിന്റെ അഭിപ്രായം. 

എംജിഎസിന്റെ അക്കാലത്തെ സുഹൃത്തുക്കളിലൊരാളായിരുന്നു കോയക്കുഞ്ഞി നഹ. അദ്ദേഹത്തിന്റെ വീട്ടില്‍ ഇഎംഎസ് ഒളിച്ചുതാമസിക്കുന്നുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സ്റ്റഡി ക്ലാസുകളുമെടുത്തിരുന്നു. ഒരുദിവസം സ്റ്റഡി ക്ലാസില്‍ പങ്കെടുക്കാന്‍ നഹ എംജിഎസിനെയും വിളിച്ചുകൊണ്ടുപോയി. അവിടെ വിശാലമായ പറമ്പിലുള്ള ഒരു ‘ ഭാര്‍ഗവീനിലയത്തിന്റെ’ തട്ടിന്‍പുറത്താണ് ഇഎംഎസ് ഇരുന്നത്. താഴെ, എംജിഎസ് ഉള്‍പ്പെടെ കുറച്ചുപേര്‍ കാത്തുനിന്നു. പാതിരാവായി. ഇഎംഎസ് ഇറങ്ങിവന്നു. ഒരു മണിക്കൂറോളം മാർക്സിസത്തെക്കുറിച്ചു പ്രസംഗിച്ചു. പിന്നെ സംശയങ്ങള്‍ക്കുത്തരം പറഞ്ഞു. പുലര്‍ച്ചയ്ക്ക് അദ്ദേഹത്തിനു മറ്റൊരു സ്ഥലത്തേക്ക് മാറണം. ഷെല്‍ട്ടര്‍ എന്നാണ് ആ സ്ഥലങ്ങളെക്കുറിച്ചു പറഞ്ഞിരുന്നത്. അന്ന് അദ്ദേഹത്തെ ഒരു ചെറുമക്കുടിയിലേക്ക് എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന സഖാവ് എന്തുകൊണ്ടോ എത്താതെ പോയി. ആ ചെറുമക്കുടി എംജിഎസിന്റെ തറവാട്ടുമുതലായ ഒരു പാടത്താണ് നിന്നിരുന്നത്. 

ഒടുവില്‍ കോയക്കുഞ്ഞി നഹ ജോലി എംജിഎസിനെ ഏല്‍പിച്ചു. സന്തോഷത്തോടെ ജോലി സ്വീകരിച്ചുവെന്ന് എംജിഎസ് ഓര്‍മിക്കുന്നു. പുലര്‍ച്ചെ നാലുമണി. നമ്പൂതിരിപ്പാട് തലയില്‍ ഒരു കെട്ടും കെട്ടി ഇറങ്ങിവന്നു. വഴിക്ക് ഒന്നും സംസാരിച്ചില്ല. വിക്ക് ഉള്ളതുകൊണ്ടാവും സംസാരിക്കാത്തതെന്നാണ് എംജിഎസ് വിചാരിച്ചത്. ഒടുവില്‍ ചെറുമച്ചാളയില്‍ എത്തി. 

തന്തച്ചെറുമന്‍ ‘തമ്പ്രാ’ എന്നു വിളിച്ചുകൊണ്ടാണ് നമ്പൂതിരിപ്പാടിനെ ആദരപൂര്‍വം സ്വകരിച്ചത്. അതിലദ്ദേഹം ഒരു പ്രതിഷേധവും കാണിച്ചില്ല. ആ പ്രായമുള്ള ചെറുമന്റെ മകന്‍ എംജിഎസിന്റെ സമപ്രായക്കാരനും കളിക്കൂട്ടുകാരനുമാണ്. 

ഇനി എംജിഎസിന്റെ വാക്കുകള്‍: 

അയാള്‍ എന്നെ ‘തമ്പ്രാ’ എന്നു വിളിക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. എന്റെ സമത്വബോധം അങ്ങനെയായിരുന്നു. എന്തുകൊണ്ട് കമ്യൂണിസ്റ്റ് നേതാവിന് അതുണ്ടായില്ല എന്ന ചോദ്യം എന്റെ മനസ്സിലുദിച്ചു. അതുകാരണം അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് കുറയുകയും ചെയ്തു. 

ആത്മകഥയിലെ മറ്റൊരധ്യായത്തില്‍ എംജിഎസ് മദ്രസില്‍ പഠിക്കുന്ന കാലത്ത് സ്റ്റഡി ക്ലാസുകള്‍ എടുക്കാന്‍ ഇഎംസ് അവിടെയെത്തിയതിനെക്കുറിച്ചും ക്ലാസുകള്‍ നയിച്ചതിനെക്കുറിച്ചും എഴുതുന്നുണ്ട്. പഠിച്ചുവച്ച പാര്‍ട്ടി ആശയങ്ങള്‍ ആവര്‍ത്തിക്കുക എന്നതിനപ്പുറം പുതിയ ചിന്തയോ മൗലികമായ ആശയങ്ങളോ അന്നും ഇഎംഎസ് അവതരിപ്പിച്ചിട്ടില്ല എന്ന് എംജിഎസ് വിമര്‍ശിക്കുന്നു. പക്ഷേ, കേരളത്തില്‍ ചരിത്രപഠനം പ്രോത്സാഹിപ്പിക്കാനും ചരിത്ര പഠനത്തിനു വ്യക്തിത്വമുണ്ടാക്കാനും ഇഎംഎസ് നടത്തിയ പ്രയത്നങ്ങളെ എംജിഎസ് പ്രശംസിക്കുന്നുമുണ്ട്.