Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തികളിൽ ഒതുങ്ങാത്ത എഴുത്തും എഴുത്തുകാരനും

amitav-ghosh-1 അമിതാവ് ഘോഷ്

എല്ലായിടത്തും ശബ്ദങ്ങള്‍. മുറിയില്‍. അയാളുടെ തലയില്‍. ചെവിയില്‍. മുറിയില്‍ ഒരാള്‍ക്കൂട്ടം ഒന്നിച്ചു ചിലയ്ക്കുന്നതുപോലെ. അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു: നീ തനിച്ചല്ല, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. മുന്നോട്ടുള്ള വഴിയില്‍ ഞങ്ങള്‍ നയിക്കാം. 

ചാരിയിരുന്നുകൊണ്ട് അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു; വര്‍ഷങ്ങളായി ദീര്‍ഘനിശ്വാസം നടത്തിയിട്ടില്ലെന്നതുപോലെ...

മുരുഗന്റെ ദീര്‍ഘനിശ്വാസത്തിലാണ് ദ് കല്‍ക്കട്ട ക്രോമസോം എന്ന നോവല്‍ അവസാനിക്കുന്നത്. പക്ഷേ, അവിടെയെത്താന്‍ ക്ഷമയും കരുത്തുമുള്ള വായനക്കാര്‍ക്കു മാത്രമേ കഴിയൂ. അവരാണ് അമിതാവ് ഘോഷ് എന്ന എഴുത്തുകാരന്റെ ആരാധകര്‍; അവര്‍ മാത്രം. 

ഘോഷിന്റെ മാസ്റ്റര്‍പീസ് കല്‍ക്കട്ട ക്രോമസോം വായിക്കാനെടുത്ത്, വായന പൂര്‍ത്തിയാക്കാതെ മടക്കിവച്ചവര്‍ ഏറെയുണ്ട്. വായന പുരോഗമിക്കുന്നില്ലെന്നും കടുപ്പമാണെന്നും പരാതിപ്പെട്ടവരുമുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ടത് എന്താണോ അതാണ് ജ്ഞാപീഠ പുരസ്കാരത്തിന്റെ മൂല്യം. ക്ഷമയോടെ, ബുദ്ധിയും വിവേകവുമുപയോഗിച്ചു വായിച്ചവര്‍ക്ക് നേടാനായതും ഇന്ത്യയിലെ ഉന്നതമായ പുരസ്കാരത്തിലുണ്ട്. 

ജനിച്ച കൊല്‍ക്കത്തയിലോ ബംഗാളിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങാതെ ധാക്കയും ബംഗ്ലാദേശും പിന്നെയും അമേരിക്കയുമെല്ലാം തന്റെ നാടും വീടുമാക്കി വളര്‍ന്ന എഴുത്തുകാരനാണ് അമിതാവ് ഘോഷ്. വിശ്വപൗരന്‍. അദ്ദേഹത്തിന്റെ കൃതികളും ഒരു രാജ്യത്തോ ദേശത്തിലോ കാലത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നവയല്ല. 21-ാം നൂറ്റൂണ്ടില്‍ അമേരിക്കയിലെ മന്‍ഹാട്ടനിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിലാണ് കല്‍ക്കട്ട ക്രോമസോം തുടങ്ങുന്നത്. 19-ാം നൂറ്റാണ്ടിലെ ഇന്ത്യയിലൂടെ സഞ്ചരിക്കുന്ന നോവല്‍ വീണ്ടും കറങ്ങിത്തിരിഞ്ഞ് വര്‍ത്തമാനകാലത്തില്‍ എത്തുമ്പോഴേക്കും ഒരു ലോകപര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ടാകും വായനക്കാരന്‍. ചരിത്രത്തിലൂടെ സഞ്ചരിച്ചിട്ടുണ്ടാകും. വ്യത്യസ്ത കാലങ്ങളിലൂടെ സ്ത്രീ-പുരുഷന്‍മാരുടെ മാനസിക വ്യാപാരങ്ങളിലൂടെയും കടന്നുപോയിരിക്കും. സമ്പന്നവും സമ്പൂര്‍ണവുമായ ഒരു വായനാനുഭവം. നോവലുകളിലൂടെ അമിതാവ് ഘോഷ് വായനക്കാര്‍ക്കു നല്‍കിയതും സ്വയം സമ്പൂര്‍ണമായ ഒരു പ്രപഞ്ചമാണ്. ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും കാലദേശങ്ങളെക്കുറിച്ചുമുള്ള വ്യാപകവും വിസ്തൃതവുമായ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും. ജീവിതത്തെയും മരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളുടെ ഉത്തരം തേടല്‍. 

വിവിധ ജലപ്രവാഹങ്ങളുടെ ഉറവിടം അന്വേഷിക്കുന്ന ഒരു സ്ഥാപനത്തിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്ന ഈജിപ്ഷ്യന്‍ വംശജനായ അമേരിക്കന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ അന്തറിന്റെ മന്‍ഹാട്ടനിലെ വസതി. പഴകിയ ഒരു ഐഡി കാര്‍ഡ് അയാളുടെ ശ്രദ്ധയില്‍പ്പെടുന്നു. മുരുഗന്റേത്. 1995- കാലത്ത് കൊല്‍ക്കത്തിയില്‍ അപ്രത്യക്ഷനായ സഹപ്രവര്‍ത്തകന്റേത്. തന്റെ സൂപ്പര്‍ കംപ്യൂട്ടറിലൂടെ ഐഡി കാര്‍ഡിന്റെ ദുരൂഹത അന്വേഷിക്കുന്ന അന്തര്‍ എത്തിച്ചേരുന്നത് മുരുഗന്‍ നടത്തിയ വ്യത്യസ്തമായ ഒരു അന്വേഷണത്തില്‍. മുരുഗന്‍ യാത്ര ചെയ്ത് ഒരു രഹസ്യ ചരിത്രം തേടി. 1902- ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമാനം നേടിയ കേണല്‍ റൊണാള്‍ഡ് റോസില്‍. റോസിനെക്കുറിച്ച് എല്ലാം അറിയുന്ന ആള്‍ എന്നു മുരുകന്‍ സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്നു. മലേറിയ പരത്തുന്ന കൊതുകുകളെക്കുറിച്ചുള്ള പഠനത്തിനാണ് റോസിന് നൊബേല്‍ ലഭിക്കുന്നത്. റോസിലേക്ക് അന്വേഷണം നീളുന്നതോടെ മുരുഗന്‍ ഊര്‍മിള റോയ് എന്ന യുവ പത്രപ്രവര്‍ത്തകയില്‍ എത്തുന്നു. മുന്‍കാല നടി സൊനാലി ദാസില്‍ എത്തുന്നു. മലേറിയയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം മരണമില്ലാതെ ജീവിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന അത്ഭുത മരുന്നില്‍ എത്തിയതിനെക്കുറിച്ച് അറിയുന്നു. ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍ മാറ്റമില്ലാതെ മറ്റൊരു വ്യക്തിയിലേക്കു പകരുന്നതിലൂടെ അനശ്വരത ആര്‍ജിക്കുന്ന മനുഷ്യനില്‍. 

മരണത്തില്‍നിന്നു മനുഷ്യനെ അകറ്റുകയാണ് ഓരോ മരുന്നും. ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരുന്നു. മലേറിയയ്ക്കു മരുന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് ആ രോഗത്തെ ശമിപ്പിക്കുന്ന മരുന്നിനൊപ്പം മരണം അപ്രസക്തമാക്കി ജീവിതം നിരന്തരമായി മുന്നോട്ടുകൊണ്ടുപോകുന്ന അത്ഭുതമരുന്നില്‍. കല്‍ക്കട്ട ക്രോമസോം ചരിത്രനോവലാണ്; എന്നാല്‍ ചരിത്രനോവല്‍ മാത്രവുമല്ല.  ശാസ്ത്രനോവലും ത്രില്ലറും ജീവിത-മരണങ്ങളെക്കുറിച്ചുള്ള ആത്മീയ പുസ്തകവുമാണ്. ഇന്നത്തെ ഇന്ത്യയില്‍ ഒരു പക്ഷേ അമിതാവ് ഘോഷ് എന്ന എഴുത്തുകാരനു മാത്രമായിരിക്കും സങ്കീര്‍ണമായ വിഷയങ്ങളെ അനായസതയോടെ യോജിപ്പിച്ച് അത്ഭുതകരമായ ഒരു നോവല്‍ എഴുതാന്‍ കഴിയുക. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ഒപ്പം സ്വന്തം വേരുകള്‍ മറക്കാതിരിക്കുകയും ചെയ്ത ഒരു എഴുത്തുകാരനു മാത്രം. 

1956 ജൂലൈ 11 ന് കൊല്‍ക്കത്തയില്‍ ജനിച്ച് 1986-ല്‍ പുറത്തുവന്ന സര്‍ക്കിള്‍ ഓഫ് റീസണിലൂടെ തുങ്ങിയ സാഹിത്യജീവിതത്തില്‍ അമിതാവ് ഘോഷ് കാലത്തിനും ചരിത്രത്തിനും സാഹിത്യത്തിനും സമ്മാനിച്ചത് അവിസ്മരണീയമായ ഒരുപിടി പുസ്തകങ്ങള്‍. ഒരോന്നും ഒരിക്കല്‍ മാത്രം വായിച്ച് വലിച്ചെറിഞ്ഞുകളനാവാത്തത്. വീണ്ടും വീണ്ടും വായിക്കാനുള്ള ഉള്‍ക്കരുത്തുള്ള രചനകള്‍. അനായസമായ വായനയുടെ രാജാവല്ല, സൂക്ഷ്മത ആവശ്യമുള്ള പഠനം ആവശ്യമുള്ള മികച്ച എഴുത്തുകാരനാണ് അമിതാവ് ഘോഷ്. ചരിത്രത്തിന്റെ വിരസതയ്ക്കും ശാസ്ത്രത്തിന്റെ സങ്കീര്‍ണതയ്ക്കുമപ്പുറം എഴുത്തിന്റെ വശ്യതയും ഭാവനയുടെ മാസ്മരികതയും ഘോഷിലുണ്ട്. ദ് ഷാഡോ ലൈന്‍സിലും ആന്റിക് ലാന്‍ഡിലും ദ് ഗ്ലാസ് പാലസിലുമെല്ലാം ഘോഷിന്റെ എഴുത്തിന്റെ മികവു കാണാം. ദര്‍ശനങ്ങളുടെ പൂര്‍ണതയും കാഴ്ചപ്പാടുകളുടെ മൗലികതയും കാണാം. 

അമിതാവ് ഘോഷ് എന്ന എഴുത്തുകാരന്റെ ആര്‍ദ്രതയും മനുഷ്യത്വവും ഏറ്റവും പ്രകടമാകുന്നത് ഗ്ലാസ് പാലസ് എന്ന നോവലിലാണ്. പിതാവ് ലഫ്റ്റനന്റ് കേണല്‍ ശൈലേന്ദ്ര ചന്ദ്ര ഘോഷിനാണ് നോവല്‍ അദ്ദേഹം സമര്‍പ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത, ബര്‍മ യുദ്ധത്തില്‍ വിരോചിത സേവനം അനുഷ്ഠിച്ച ധീര സേനാനിയായിരുന്നു ശൈലേന്ദ്ര ചന്ദ്ര ഘോഷ്. പിതാവിന്റെ അനുഭവങ്ങളാണ് ഗ്ലാസ് പാലസിന്റെ ഉള്ളടക്കം. പക്ഷേ പിതാവ് ജീവിച്ചിരിക്കെ നോവലെഴുതി വായിപ്പിക്കാന്‍ ഷോഷിനു കഴിഞ്ഞില്ല. ആ സ്വകര്യ ദുഃഖം പങ്കിട്ടുകൊണ്ടാണ് ഗ്ലാസ് പാലസ് തുടങ്ങുന്നതും.