Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കാത്തിരിക്കുന്നത് ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിനാണ്!

odiyan ശ്രീകുമാർ മേനോൻ, മോഹൻ ലാൽ, ലിജീഷ് കുമാർ. (ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്)

ഒരു ചിത്രത്തിന്റെ പേരിൽ ഒരു സംവിധായകനെ അളക്കുന്നത് ശരിയല്ല– എഴുത്തുകാരൻ ലിജീഷ് കുമാർ എഴുതുന്നു...

''മൈ ഫോണ്‍ നമ്പര്‍ ഈസ് 

ഡബിള്‍ ടു ഡബിള്‍ ഫൈവ്."

ഓർമയില്ലേ രാജാവിന്റെ മകൻ, മോഹൻലാലിന്റെ തലവര മാറ്റിയെഴുതിയ തമ്പി കണ്ണന്താനത്തിന്റെ പടം? 1986 ലാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകൻ സംവിധാനം ചെയ്യുന്നത്. അതിന് മുന്‍പ് 81ല്‍ താവളവും 82 ല്‍ പാസ്പോര്‍ട്ടും 85 ല്‍ ആ നേരം അല്‍പദൂരം എന്ന മമ്മൂട്ടി പടവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ബോക്സോഫീസിൽ സമ്പൂർണ്ണ പരാജയമായിരുന്ന മൂന്ന് സിനിമകൾ. തമ്പി കണ്ണന്താനം പണി നിർത്തി പോകണം എന്ന് അന്നാരും പ്രകടനം വിളിച്ചിരുന്നില്ല. കേരള സംസ്ഥാന ചലച്ചിത്ര സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഫിലിംഫെയർ അവാർഡും അന്ന് മമ്മൂട്ടിക്ക് നേടിക്കൊടുത്ത നിറക്കൂട്ടിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തമ്പി കണ്ണന്താനത്തെപ്പോലെ പണിയറിയാത്ത ഒരു ഡയറക്ടർക്ക് തിരക്കഥ കൊടുക്കരുത് എന്ന് മുറവിളി കൂട്ടിയിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ രാജാവിന്റെ മകനും ഭൂമിയിലെ രാജാക്കന്മാരും ഇന്ദ്രജാലവും നാടോടിയും മാന്ത്രികവും ചെയ്യാൻ മലയാളിക്ക് ഒരു തമ്പി കണ്ണന്താനം ഉണ്ടാകുമായിരുന്നില്ല.

അന്നോളമിറങ്ങിയതിൽ ഏറ്റവും മുടക്കു മുതലുള്ള പടമെന്ന പരസ്യത്തോടെ വൻ പ്രതീക്ഷയുത്പാദിപ്പിച്ചാണ് റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് കൂട്ടുകെട്ടിൽ കാസനോവ വന്നത്. അത് ബോക്സോഫീസിൽ മൂക്കു കുത്തി വീണപ്പോൾ റോഷനും ബോബി സഞ്ജയ് ടീമും സിനിമ നിർത്തിപ്പോയിരുന്നെങ്കിൽ തീയേറ്ററിൽ പണം വാരാൻ ഇന്ന് ഒരു കായംകുളം കൊച്ചുണ്ണി സംഭവിക്കില്ല. താനാദ്യമായി സംവിധാനം ചെയ്ത ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമ പരാജയപ്പെട്ട് 2005 ൽ കരയ്ക്ക് കയറിയിരുന്ന രാജേഷ് പിള്ള ആറ് വർഷങ്ങൾക്ക് ശേഷം 2011ൽ മലയാള സിനിമയിൽ ന്യൂജൻ വേവ് കൊണ്ടുവന്ന ട്രാഫിക്കുമായാണ് തിരികെ വന്നത്. നായകനും സിറ്റി ഓഫ് ഗോഡും പരാജയപ്പെട്ടപ്പോൾ നാടു വിട്ടിരുന്നെങ്കിൽ ആമേനുമായി മടങ്ങി വരാൻ നമുക്കൊരു ലിജോ ജോസ് പെല്ലിശ്ശേരി ഉണ്ടാകുമായിരുന്നില്ല. ആമേന് ശേഷം വൻ പ്രതീക്ഷയുണർത്തി വന്ന ഡബിൾ ബാരൽ കുത്തനെ വീണിട്ടും ലിജോ കുലുങ്ങാഞ്ഞത് കൊണ്ടാണ് അങ്കമാലി ഡയറീസും ഈ.മ.യൗവും സംഭവിച്ചത്. ഡാഡി കൂൾ എന്ന സിനിമ ചെയ്ത ആഷിഖ് അബുവിനെയാണോ പിന്നെ നിങ്ങൾ കണ്ടിട്ടുള്ളത്. ഗ്യാംഗ്സ്റ്റർ എന്ന ബിഗ് ബഡ്ജറ്റ് മൂവി നിലം പൊത്തിയപ്പോൾ നിങ്ങൾ ആഷിഖിന് ഗോ ബാക്ക് വിളിച്ചവരാണോ? സ്മാർട്ട്സിറ്റി എന്ന പടം കണ്ടിറങ്ങിയ ദിവസം ഇനി ബി. ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെ പടം കാണില്ല എന്ന് തീരുമാനിച്ചവരാണോ?

ഈ നിര എണ്ണിപ്പറഞ്ഞാൽ തീരില്ല. നമ്മളിന്നാഘോഷിക്കുന്ന ഒന്നാം നിര ഡയറക്ടർമാരൊന്നും ഒന്നാമത്തെ സിനിമ കൊണ്ട് അമ്പരപ്പിച്ചവരല്ല. ഒന്നാമത്തെ പടം, ഒന്നാമത്തെ പടമാണ്. പണിക്കുറ്റം തീർന്ന പ്രതിമയിലേക്കുള്ള പ്രയാണത്തിന്റെ ഒന്നാമത്തെ പടവാണത്. ഒന്നാമത്തെ സിനിമയിൽ ഫ്ലോപ്പായ ഡയറക്ടർമാർ പിൽക്കാലം ഗംഭീര സിനിമകൾ ചെയ്തമ്പരപ്പിച്ച ചരിത്രം നമുക്കുണ്ട്. 2001 ൽ ചെയ്ത സ്റ്റുഡന്റ് നമ്പർ വൺ തൊട്ട് 2007 ലെ യമദോങ്ക വരെയുള്ള 6 സിനിമകൾ കടന്നാണ് എസ്.എസ്. രാജമൗലി മഗധീരയിലെത്തുന്നത്.

ഒടിയൻ സമ്പൂർണ്ണ പരാജയമാണെന്ന അഭിപ്രായം എനിക്കില്ല. ട്രെയിലറിലെ ആക്ഷനും പീറ്റർ ഹെയ്നിന്റെ പേരും കണ്ട് ഒരു മാസ് മസാല പ്രതീക്ഷിച്ചു പോയവർക്ക് മുമ്പിൽ അതിന് വിരുദ്ധമായ ഒരു പടം വരുമ്പോൾ സ്വാഭാവികമായും കൂവലുയരും. ഒടിവിദ്യകൾ കണ്ടമ്പരക്കാൻ പോയവർ ഒടിയന്റെ ഇമോഷണൽ ലൈഫിനെ ചിത്രീകരിച്ച ഡയറക്ടറോട് പരിഭവിക്കുക സ്വാഭാവികം. ഇത് ചതിയായിപ്പോയി എന്ന് പറയുക സ്വാഭാവികം. പക്ഷേ ഈ ആക്രോശം അതല്ല. കല്ലെറിയുന്നവരിൽ കണ്ടവരും കാണാത്തവരുമുണ്ട്. അവർക്ക് പലർക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഇനി ഒടിയൻ പരാജയമാണെന്ന് തന്നെ ഇരിക്കട്ടെ. ശ്രീകുമാർ മേനോൻ എന്ന ഡയറക്ടർ ഇതോടെ പണി നിർത്തിപ്പോകണം എന്നലറുന്നവരുടെ ക്ഷോഭത്തിന്റെ നിഷ്കളങ്കതയിൽ എനിക്ക് സംശയമുണ്ട്.

കോഴിക്കോട്ടെയും കണ്ണൂരിലെയും തീയേറ്ററുകളിൽ ആർട്ടിസ്റ്റിനെയും കൊണ്ട് സിനിമ പ്രൊമോട്ട് ചെയ്യാൻ പോയ സംവിധായകൻ ആളൊഴിഞ്ഞ കൊട്ടകകൾ കണ്ട് കരഞ്ഞുപോയ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? പത്മരാജനെ നിങ്ങൾക്കറിയില്ലേ, ഞാൻ ഗന്ധർവ്വൻ തീയേറ്ററിൽ വീണ നിരാശയിലാണ് കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ വെച്ച് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുന്നത്. ആ മരണത്തിന് ശേഷമാണ് ഞാൻ ഗന്ധർവൻ വിജയിക്കുന്നത്. പത്മരാജനെക്കൊന്ന ഇൻഡസ്ട്രിയാണിത്. ഒരു മരണം കണ്ടിട്ടും നിങ്ങൾക്ക് മതി വന്നിട്ടില്ലേ?

സിനിമ പരാജയപ്പെടുമ്പോൾ സംവിധായകന്റെ മുഖപുസ്തകത്തിൽ പോയി തെറിവിളിക്കുന്ന സംസ്കാരം വൃത്തികേടാണ്. വിളിച്ചവരുടേതും അതിന് കൈയ്യടിക്കുന്നവരുടേതും. ശ്രീകുമാർ മേനോനെ ദയവായി പത്മരാജനാക്കരുത്. അദ്ദേഹത്തിൽ നിന്ന് ഗംഭീര സിനിമകൾ ഇനിയും വരാനുണ്ട്. ഞാൻ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനാണ്.