പെട്ടെന്നൊരു ദിവസം കൊണ്ട് ആരെയും, എന്തിനെയും പ്രശസ്തയുടെ കൊടുമുടിയിൽ എത്തിക്കാനും, അനിഷ്ടം തോന്നിയാൽ അക്രമിച്ചു തറപറ്റിക്കാനും സമൂഹമാധ്യമങ്ങൾക്ക് കഴിയുമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഒടിയൻ സമൂഹമാധ്യമത്തിൽ നേരിട്ട അക്രമണമാണ് ഈ ലിസ്റ്റിൽ അവസാനത്തേത്. തന്റെ സിനിമാ അനുഭവങ്ങളെകുറിച്ച് എഴുത്തുകാരി തനൂജ ഭട്ടതിരി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ. ഏത് സിനിമയായാലും അത് നല്ലതോ മോശമോ എന്ന് തീരുമാനത്തിലെത്തുന്നത് ഞാനത് കണ്ടതിനു ശേഷമാണെന്നു പറയുന്നു എഴുത്തുകാരി. 'എത്ര മാത്രം ശരിയാണെന്നറിയില്ല, പറഞ്ഞു കേട്ടതാണ്, ഒരു സിനിമയിറങ്ങുന്നതിനു മുമ്പ് ചില ഗ്രൂപ്പുകൾ നല്ല പോസ്റ്റിടുന്നതിനും കമന്റ്സ് പറയുന്നതിനും പണം വലിയ തോതിൽ ചോദിക്കുമത്രെ. കൊടുത്തില്ലെങ്കിൽ ഫേസ് ബുക്കാക്രമണം തുടങ്ങുമത്രെ. മോശം റിപ്പോർട്ടിങ്ങിലൂടെ സിനിമഫ്ളോപ്പാക്കാൻ അവർക്കാവും എന്നാണ് പറയുന്നത്. ഒടിയൻ ഒരു സിനിമ വെച്ചല്ല ഞാൻ പറയുന്നത്. ആദ്യ ഷോതീരുന്നതിനു മുമ്പു തന്നെ ഇത്തരം പോസ്റ്റുകൾ വരുന്നതിലെ സത്യസന്ധത പരിശോധിക്കേണ്ടതാണ്' എന്നും തനൂജ ഭട്ടതിരി തന്റെ കുറിപ്പിൽ പറയുന്നു.
തനൂജ ഭട്ടതിരിയുടെ കുറിപ്പിന്റെ പൂർണ രൂപം–
ഏത് സിനിമയായാലും അത് നല്ലതോ മോശമോ എന്ന് തീരുമാനത്തിലെത്തുന്നത് ഞാനത് കണ്ടതിനു ശേഷമാണ്. പലതരം സിനിമകളെ പല രീതിയിലാണ് കാണാറുള്ളത്. കുട്ടിയായിരുന്നപ്പോൾ അച്ഛന്റെ കൂടെ സൗണ്ട് ഓഫ് മ്യൂസിക് പോലുള്ള സിനിമകൾ ശ്രീകുമാർ തീയറ്ററിൽ പോയി കാണുമായിരുന്നു. പിന്നീട് സഹോദരനോടൊപ്പം ടവർ ഇൻഫെർണോ പോലുള്ള സിനിമകൾ. കൂട്ടുകാരോടൊപ്പം ബ്ലൂല്ഗൂൺ പോലുള്ളതും. ഇതോടൊപ്പം തന്നെ അരവിന്ദന്റെ യും അടൂരിന്റെയും പി.എ ബക്കറിന്റെയും ജോൺ എബ്രഹാമിന്റെ യും പത്മരാജന്റെയും ഭരതന്റെയും സിനിമകൾ .ഫിലിം ഷോകളിലെ സത്യജിത് റേ, മൃണാൾ സെൻ തുടങ്ങിയവരുടെ ബംഗാളി സിനിമകൾ. എൻ. മോഹനൻ കേരള ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ എംഡിയായിരുന്ന സമയത്തും ഫിലിംഅവാർഡ് നിർണയ സമയത്തും ധാരാളം സിനിമകൾ അമ്മാവനോടാപ്പം . അമ്മാവന്റെ കഥകൾ സിനിമയാക്കിയപ്പോൾ അത് കാണാനും ഷൂട്ടിംഗ് കാണാനും .ഇതൊക്കെ എന്റെ 23 വയസ്സിനകം. പിന്നീട് അമ്പലമേട് ഫിലിം ക്ലബ്ബിൽ വന്ന നിരവധി സിനിമകൾ.
പിന്നെ എപ്പോഴോ സിനിമ ജീവിതത്തിൽ നിലച്ചു. പിന്നീട് വീണ്ടും ഉയർത്തെണീറ്റെങ്കിലും ഒരിക്കലും ചെറുപ്പകാലത്തെ തീവ്രത തിരികെ കിട്ടിയില്ല. എന്നാലും ഒന്നിനെ ആത്മാർഥമായി സ്വീകരിച്ചാൽ മറക്കാൻ പറ്റാത്തതു പോലെ സിനിമ എന്നും നെഞ്ചിൽ വെള്ളിത്തിരയിളക്കി . ഓരോ സിനിമയിലേക്കും നമ്മൾ വളരുകയോ തളരുകയോ വേണം. എസ്തപ്പാൻ എന്ന അസാദ്ധ്യ സിനിമ കാണുന്ന മാനസികാവസ്ഥയിൽ രതിനിർവേദമെന്ന മനോഹര സിനിമ കാണുക പ്രയാസമാണ്.
ജീവിതത്തിൽ പലവിധ വികാരങ്ങളുള്ളതുപോലെ സിനിമയിലേയും വികാര പരിസരങ്ങൾ വ്യത്യസ്തമാണ്. ഓരോന്നും വ്യത്യസ്തമായി സ്വീകരിക്കുക. അതിൽ തന്നെ നമ്മൾക്ക് ഇഷ്ടപ്പെടാത്തത് വന്നുചേരാറുണ്ട്. മദനോത്സവം കണ്ട് കരഞ്ഞെങ്കിൽ പൊട്ടിച്ചിരിച്ച സിനിമകൾ വേറെയുണ്ട്. എന്നാൽ കഥ കൊണ്ടും, ആഖ്യാന രീതി കൊണ്ടും അഭിനയം കൊണ്ടും ഇഷ്ടപ്പെടാത്തവയും ഉണ്ടാവും. സിനിമ കാണുക എന്ന കല അങ്ങനെയാണ് സ്വയം ഉരച്ച് ഉള്ളിൽ വികസിപ്പിച്ചെടുക്കുക. ചില സിനിമകൾ എത്രയെത്ര ദിവസമാണ് നമ്മുടെ ചിന്തയെ 'ഹോണ്ട്' ചെയ്യുക. ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നതിനിടയിൽ നമ്മെ സംസ്കരിക്കുന്നത് നമ്മുടെ ചിന്തകളാണല്ലോ. വായന പോലെ മറ്റു കലകളെ പ്പോലെ ജീവിതം മനസ്സിലാക്കാൻ സിനിമ പ്രയോജനപ്പെടുന്നു.
എത്ര മാത്രം ശരിയാണെന്നറിയില്ല, പറഞ്ഞു കേട്ടതാണ്, ഒരു സിനിമയിറങ്ങുന്നതിനു മുമ്പ് ചില ഗ്രൂപ്പുകൾ നല്ല പോസ്റ്റിടുന്നതിനും കമന്റ്സ് പറയുന്നതിനും പണം വലിയ തോതിൽ ചോദിക്കുമത്രെ. കൊടുത്തില്ലെങ്കിൽ ഫേസ് ബുക്കാക്രമണം തുടങ്ങുമത്രെ. മോശം റിപ്പോർട്ടിങ്ങിലൂടെ സിനിമഫ്ളോപ്പാക്കാൻ അവർക്കാവും എന്നാണ് പറയുന്നത്. ഒടിയൻ ഒരു സിനിമ വെച്ചല്ല ഞാൻ പറയുന്നത്. ആദ്യ ഷോതീരുന്നതിനു മുമ്പു തന്നെ ഇത്തരം പോസ്റ്റുകൾ വരുന്നതിലെ സത്യസന്ധത പരിശോധിക്കേണ്ടതാണ് സ്വയം. ഫെയ്സ് ബുക്കിലെ കൂട്ടുകാരെ നേരിൽ കണ്ടിട്ടില്ലയെങ്കിലും അവരുടെ പോസ്റ്റുകളിൽ കൂടി നമുക്കറിയാമല്ലോ. അവരുടെ വാക്കുകളിലെ നേർബോദ്ധ്യം നമുക്കനുഭവമുണ്ടാകും. അത്തരക്കാർ പറഞ്ഞാൽ മാത്രം പൂർണമായും വിശ്വസിക്കുക. അല്ലാത്ത പക്ഷം ഒരരിക് എങ്കിലും വെറുതെയിടുക. നിങ്ങൾക്ക് എഴുതി ചേർക്കാൻ ആ സ്ഥലം ആവശ്യമായി വരും. ഈ വിഷയത്തിലെന്നല്ല ഒരു കാര്യത്തിലും പേരും ഊരുമില്ലാത്ത ദുരുദ്ദേശ പോസ്റ്റുകൾ മാത്രമിടുന്ന ഐഡികളിലെ അഭിപ്രായമെടുത്ത് നമ്മുടെ ജീവിതം നിയന്ത്രിക്കരുതെന്നാണ് എനിക്ക് പറയാൻ തോന്നുന്നത്.