ഭക്ഷണം എന്ന രാഷ്ട്രീയ ആയുധം
പ്രിയ സുഹൃത്തേ, നാം മലയാളികൾ (ആരാണ് നാം പറയുന്ന ഈ മലയാളികൾ?) കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് താങ്കളെപ്പോലെ ഭക്ഷണപ്രിയനായ ഒരാൾക്ക് കത്ത് എഴുതുന്നതിൽ ഏറെ സന്തോഷമുണ്ട്. കത്ത് വായിച്ചു തീരുമ്പോൾ താങ്കൾ കാണിക്കുന്ന ആകാംക്ഷയുടെ രുചി കെട്ടുപോകുമോ എന്ന ഭയം ഇല്ലാതില്ല. ഭക്ഷണ വിഷയത്തിൽ രണ്ട് പുസ്തകങ്ങളെ
പ്രിയ സുഹൃത്തേ, നാം മലയാളികൾ (ആരാണ് നാം പറയുന്ന ഈ മലയാളികൾ?) കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് താങ്കളെപ്പോലെ ഭക്ഷണപ്രിയനായ ഒരാൾക്ക് കത്ത് എഴുതുന്നതിൽ ഏറെ സന്തോഷമുണ്ട്. കത്ത് വായിച്ചു തീരുമ്പോൾ താങ്കൾ കാണിക്കുന്ന ആകാംക്ഷയുടെ രുചി കെട്ടുപോകുമോ എന്ന ഭയം ഇല്ലാതില്ല. ഭക്ഷണ വിഷയത്തിൽ രണ്ട് പുസ്തകങ്ങളെ
പ്രിയ സുഹൃത്തേ, നാം മലയാളികൾ (ആരാണ് നാം പറയുന്ന ഈ മലയാളികൾ?) കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് താങ്കളെപ്പോലെ ഭക്ഷണപ്രിയനായ ഒരാൾക്ക് കത്ത് എഴുതുന്നതിൽ ഏറെ സന്തോഷമുണ്ട്. കത്ത് വായിച്ചു തീരുമ്പോൾ താങ്കൾ കാണിക്കുന്ന ആകാംക്ഷയുടെ രുചി കെട്ടുപോകുമോ എന്ന ഭയം ഇല്ലാതില്ല. ഭക്ഷണ വിഷയത്തിൽ രണ്ട് പുസ്തകങ്ങളെ
പ്രിയ സുഹൃത്തേ,
നാം മലയാളികൾ (ആരാണ് നാം പറയുന്ന ഈ മലയാളികൾ?) കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് താങ്കളെപ്പോലെ ഭക്ഷണപ്രിയനായ ഒരാൾക്ക് കത്ത് എഴുതുന്നതിൽ ഏറെ സന്തോഷമുണ്ട്. കത്ത് വായിച്ചു തീരുമ്പോൾ താങ്കൾ കാണിക്കുന്ന ആകാംക്ഷയുടെ രുചി കെട്ടുപോകുമോ എന്ന ഭയം ഇല്ലാതില്ല. ഭക്ഷണ വിഷയത്തിൽ രണ്ട് പുസ്തകങ്ങളെ താങ്കൾക്കായി പരിചയപ്പെടുത്താം. ഒന്ന്, സുമ ശിവദാസും ഡോ. ദീപ ജിയും ചേർന്നെഴുതിയ 'കേരള ഭക്ഷണ ചരിത്രം' (ഡി. സി. ബുക്സ്) രണ്ട് സി. ഗണേഷ് രചിച്ച 'രുചിയും മനുഷ്യരും കേരള ഭക്ഷണത്തിന്റെ സംസ്കാരചരിത്രം' (ആത്മ ബുക്സ്). ആദ്യ പുസ്തകത്തിൽ ഭക്ഷണ സംസ്ക്കാരം, സാമൂഹിക ശാസ്ത്രം, രുചികൾ എന്ന ചേരുവയിലൂടെയാണ് പ്രസ്തുത കൃതി രൂപപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഭക്ഷണചരിത്രത്തെക്കുറിച്ച് അറിയുവാൻ താത്പര്യമുള്ള ഒരാൾക്ക് ഈ കൃതി വലിയൊരളവോളം സഹായകരമാണ്. മാത്രവുമല്ല പാചകവിധികളും ഇതിൽ ഉണ്ട്. മധുരവണ്ട് എന്ന പലഹാരത്തിന്റെ ചേരുവകൾ നോക്കാം:
മധുരത്തിന് ശർക്കര ചീകി പൊടിയിലിട്ട് ഉണ്ടാക്കുന്നതാണ് മധുരവണ്ട്. തേങ്ങയിൽ ശർക്കര ഇടരുത്. നനച്ച പൊടിയിലേക്കാണ് ഇടേണ്ടത്. മധുരവും തേങ്ങയും ഇടകലർന്നു കാണണം.
വെള്ളുകപ്പപ്പൊടി - 2 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം ചതച്ചത്- 1 ടീസ്പൂൺ
തേങ്ങ ചുരണ്ടിയത്-1 ½ കപ്പ്
ശർക്കര ചീകിയത് - 1 ഉണ്ട
കപ്പപ്പൊടി ഉപ്പും വെള്ളവും തളിച്ച് നനയ്ക്കുക. സാധാരണ പുട്ടിനുപോലെ. പകുതിതേങ്ങയിട്ട് ഇളക്കുക. ഇഡ്ഡലിപ്പാത്രത്തിൽ വെള്ളം തിളപ്പിക്കുക. തട്ടുകളിലും കുഴികളിലും ലേശം നെയ്യ് തടവുക. ഓരോ കുഴിയിലും കുറേശ്ശ തേങ്ങ വിതറുക. ഇഡ്ഡലി കോരിയൊഴിക്കുന്ന പോലെ നനച്ച പൊടി വാരിവെക്കുക. ഓരോന്നിന്റെയും മുകളിൽ വീണ്ടും തേങ്ങ വിതറുക. തട്ടുകൾ ഉള്ളിൽ വെച്ച് 10-15 മിനിറ്റ് ആവി കയറ്റുക. വെന്താൽ തിരിച്ചെടുക്കുക. മിച്ചം വീണ്ടും പൊടി നനച്ചതുണ്ടെങ്കിൽ ആവർത്തിക്കുക. ഈ വിഭവം മീൻകറിയോ ഇറച്ചിക്കറിയോ ചേർത്ത് കഴിക്കാം. ഈ പുട്ടിന് ചെറിയ ഒരു ഒട്ടൽ ഉണ്ടാകും.
വളരെ നാളുകളുടെ അന്വേഷണഫലമായി സുമാ ശിവദാസ് കണ്ടെത്തിയതാണ് വ്യത്യസ്തവും അപൂർവ്വവുമായ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ. പാചകക്കുറിപ്പുകൾക്കൊപ്പം ഭക്ഷണത്തിന്റെ സാംസ്കാരിക ചരിത്രമെഴുതുകയാണ് ഡോ. ദീപ. ഭക്ഷണത്തിന്റെ ചരിത്രമെന്നാൽ ഭക്ഷണം ലഭിക്കാത്ത മനുഷ്യരുടെ പശിയുടെകൂടി ചരിത്രമാണതെന്ന് പറയുകയാണ് ഗവേഷക. അതായത് ദീപ വായനയുടെ രസമുകളങ്ങളിലേക്ക് ഭൂതകാലത്തിന്റെ ചവർപ്പുകൂടി പകരുന്നു എന്നർത്ഥം.
കേരളത്തിൽ അത്രയൊന്നും വ്യാപകമായി പഠനത്തിന് വിധേയമാവാത്ത മേഖലയാണ് ഭക്ഷണം. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളമെന്ന കൃതിയിലെ ഭക്ഷണമെന്ന ആദ്യ അദ്ധ്യായത്തിൽ ശ്രീ പി. ഭാസ്ക്കരനുണ്ണിയുടെ കണ്ടെത്തലുകളാണ് പിൽക്കാല പഠിതാക്കൾക്ക് പ്രയോജനകരമായതെന്ന് താങ്കൾക്ക് അറിയാം(19-20 നൂറ്റാണ്ടുകളുടെ ജീവചരിത്രമെഴുതിയ പി. ഭാസ്‌ക്കരനുണ്ണിയെപ്പോലൊരു വലിയ മനുഷ്യനെക്കുറിച്ച് നമുക്കെന്തറിയാം?എത്ര വേഗം വിസ്മരിക്കപ്പെട്ടു അദ്ദേഹം! )അദ്ദേഹത്തിന്റെ പഠനത്തിൽ ഇല്ലായ്മയുടെ വലിയൊരു ലോകവും കൂടി നമുക്ക് കാണാം. കേരളമെന്നാൽ ഉള്ളവന്റേയും ഇല്ലാത്തവന്റേയും നാടായിരുന്നു എന്ന് മനസിലാക്കാം. അതിനെ ഉണ്ണുന്നവന്റേയും ഉണ്ണാത്തവന്റേയും എന്ന് പറയുന്നതാവും നല്ലത്. ഊണിന്റെ സവിസ്തര പ്രതിപാദ്യങ്ങൾ കുഞ്ചൻ നമ്പ്യാരിൽ കാണാം. അതുപോലെ ആദ്യകാലകൃതികളിലെ ഭക്ഷണ സന്ദർഭങ്ങൾ കവിതയ്ക്ക് വിഷയമായത് സി. ഗണേഷ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1891 ൽ ജൂൺ ആറിലെ മലയാള മനോരമ കവിതാ പംക്തിയിൽ വന്ന ഒരു കവിത അദ്ദേഹം ഉദ്ധരിക്കുന്നു:
ആട്ടിറച്ചി അഴകോടു വെച്ചു ന-
ല്ലിഷ്ടുവാക്കി യതിലിഷ്ടരെത്തുടൻ
റൊട്ടി മുക്കിയ ശനത്തിനുള്ളൊരാ
തുഷ്ടിവാസവനു മൊട്ടറിഞ്ഞതോ?
കുഞ്ഞിക്കുട്ടൻ തമ്പുരാൻ മുതൽ ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ തുടങ്ങി ഇരുപത്തിയേഴ് കവികളാണ് ശ്ലോകം രചിച്ചിരിക്കുന്നത്.
എന്നാൽ ഇതിന് തൊട്ടു പിന്നാലെ വരുന്ന ഒരു കാലത്തെ ഇവിടെ സൂചിപ്പിക്കാം. ജാതി എങ്ങനെ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്നതിന് ഇതിലും നല്ലൊരു ഉദാഹരണമില്ല. പണ്ഡിറ്റ് കറുപ്പൻ കൊച്ചി നിയമസഭാ സാമാജികനായിരുന്നു എന്ന് താങ്കൾക്ക് അറിയാമല്ലോ. 1926-ൽ മദ്രാസ് ഗവർണർ ഘോഷൻ പ്രഭു കൊച്ചി സന്ദർശിച്ചപ്പോൾ കൊച്ചിരാജാവ് നടത്തിയ ഉദ്യാനവിരുന്നിൽ വാല സമുദായാംഗം ആയതുകൊണ്ട് കറുപ്പനെ ക്ഷണിച്ചില്ല. ഇതിനോടുള്ള പ്രതിഷേധമായാണ് അദ്ദേഹം ഉദ്യാനവിരുന്ന് എന്ന കവിത രചിക്കുന്നത്. സാമൂഹ്യശുദ്ധിയിൽ ഭക്ഷണത്തിന്റെ പാത്രധർമമെന്നത് ഈ സമൂഹത്തിൽ എത്ര രൂഢമൂലമായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുമല്ലോ. പന്തിഭോജനമാണ് ഈ ശുദ്ധിവാദത്തെ പാടെ ഇല്ലാതാക്കുവാനുള്ള സമരമാർഗ്ഗമെന്ന് സഹോദരൻ അയ്യപ്പന് അറിയാമായിരുന്നു. അതുമാത്രമല്ല,1935 ൽ അദ്ദേഹം പോഷകാഹാരകുറവിനെക്കുറിച്ച് വളരെയേറെ ബോധ്യത്തോടെ എഴുതുകയും ചെയ്യുന്നുണ്ട്. പന്തിഭോജനം മാത്രമല്ല അധസ്ഥിത ജനതയ്ക്ക് പോഷകാംശമുള്ള ഭക്ഷണവും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ചൂഷക വ്യവസ്ഥയുടെ കാലത്തുപോലും മോറൽ ഇക്കോണമി ഉണ്ടായിരുന്നു എന്ന് താങ്കൾക്കറിയാം. അതിൽ വിശ്വാസവും ദയയുമെല്ലാം ഉണ്ടായിരുന്നു (അതിന്റെ ഏറ്റക്കുറച്ചിലുകൾ പലവിധത്തിലായിരുന്നു). ഇന്ന് സ്റ്റാർബക്സ് പോലൊരു ഭക്ഷണക്കടയിൽ ആദ്യം നാം പണം കൊടുക്കണം. എങ്കിലേ ഭക്ഷണം ലഭിക്കൂ. ലേറ്റ് ക്യാപിറ്റലിസത്തിൽ ഈ മോറൽ ഇക്കോണമിയുടെ തകർച്ച മാത്രമല്ല ഹൈജീൻ എന്ന പ്രയോഗത്തിലൂടെ പഴയ ' ശുദ്ധി'യെ പുനരവതരിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ അപരിചിതനായ ഒരാൾ ഭക്ഷണം തന്നാൽ കഴിക്കരുതെന്ന ഭയവും വെറുപ്പും സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ളൊരു സങ്കീർണമായ സാമൂഹ്യാവസ്ഥയിൽ ഭക്ഷണമെന്നത് വിശപ്പടക്കുവാനുള്ള വഴി മാത്രമല്ലന്നും അതിന്റെ രാഷ്ട്രീയമാനങ്ങൾ വിപുലമാണന്നും താങ്കൾക്ക് ബോധ്യമുണ്ടാവുമല്ലോ.
മനുഷ്യർക്കിടയിലെ ബന്ധത്തിന്റെ മാധ്യമമാണ് ഭക്ഷണമെന്ന് അർജുൻ അപ്പാദുരെ പറയുന്നു. അതുപോലെ കാർഷിക സമൂഹങ്ങളിൽ ഷെയറിംഗ്, റീഡിസ്ട്രിബ്യൂഷൻ അധികാരം ഇതെല്ലാം ആവിഷ്ക്കരിച്ചിരുന്നതും ഭക്ഷണത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ ' ഗ്യാസ്ട്രോ പൊളിറ്റിക്സ്' എന്ന പ്രബന്ധത്തിൽ കുടുംബം, വിവാഹം, വിരുന്ന്, ക്ഷേത്രം ഇവയാണ് ബ്രാഹ്മണരെ ഒന്നിപ്പിക്കുന്നതെന്നും പാചകസംബന്ധമായ വിശ്വാസങ്ങൾ മാമൂലിനെ രക്ഷിക്കുവാനുള്ള ഒരു കടൽഭിത്തിയാണന്നും നിരീക്ഷിക്കുന്നുണ്ട്. അതുപോലെ അഷീസ് നന്ദി വിഭജനകാലത്ത് ദില്ലിയിലേക്ക് എത്തിയവർ ഓർമയിൽ സൂക്ഷിച്ചത് അവരുടെ ഭക്ഷണമായിരുന്നുവെന്ന് എഴുതുന്നു. ഭക്ഷണത്തിന്റെ രുചിയും വികാരവും അവർക്ക് മറ്റെന്തിനേക്കാളും പ്രധാനമായിരുന്നു. ഇവിടെയാണ് നാം നേരിടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് പ്രസക്തമാകുന്നത്. ഒരാൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഭരണകൂടം തീരുമാനിക്കേണ്ടതാണോ? ഒസല്ലയുടെ കേരളത്തിലെ ഭക്ഷണസംസ്ക്കാരത്തെക്കുറിച്ചുള്ള പഠനത്തിൽ ഗ്ലോബൽ ഹിന്ദുയിസം പ്രമോട്ട് ചെയ്യുന്ന വെജിറ്റേറിയനിസത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ട്രിനിഡാഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ മാംസാഹാരമായ കൊളംബി കാബ്രി പച്ചക്കറി സംസ്ക്കാര പ്രചാരകർക്ക് വലിയൊരു തിരിച്ചടിയായി. എന്നാലത് ഇന്ത്യയിൽ നിന്നുള്ളതല്ല എന്ന നിഷേധനിലപാടിൽ നിൽക്കുകയാണ് അവർ. നമ്മൾ പലപ്പോഴും ' നമ്മുടെ' ഭക്ഷണം എന്നു പറയാറുണ്ടല്ലോ. ഈ ഭക്ഷണങ്ങളെ തനത് എന്ന് വിശേഷിപ്പിക്കുകയും ചെയ്യാറുണ്ട്. ഭക്ഷണത്തിൽ 'ഓഥന്റിക്' എന്നൊന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിനടുത്ത് കിടക്കുന്നതിനാൽ ഒരുപാട് സഞ്ചാരികൾ ഈ ഈ നാട്ടിലേക്ക് വരികയും ഭക്ഷണക്കലർപ്പുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടന്നും ഇവർ നിരീക്ഷിക്കുന്നു.
അഷീസ് നന്ദിയുടെ ഒരു വാദം കൂടി പറഞ്ഞുകൊണ്ട് കത്ത് അവസാനിപ്പിക്കാം. നമുക്കും നമ്മുടെ പാത്രത്തിനുമിടയിൽ ഒരു മധ്യസ്ഥൻ കൂടി അവതരിച്ചിരിക്കുന്നു എന്ന്. ദൈവത്തിനും ഭക്തനുമിടയിലെന്ന പോലെ ഈ ഇടനിലക്കാരനാണ് നമ്മുടെ ഭക്ഷണക്രമം നിശ്ചയിക്കുന്നത്.
ഭക്ഷണത്തെക്കുറിച്ച് നീണ്ടൊരു കത്തെഴുതണമെന്ന ആഗ്രഹമുണ്ട്. പിന്നീടൊരിക്കലാവാം.
സ്നേഹപൂർവ്വം
UiR