ടി.പി.വധവും പോണോഗ്രാഫിക് ധാർമ്മികതയും
പ്രിയ സുഹൃത്തേ, നമ്മുടെ ധിഷണാമണ്ഡലത്തിലെ ആദരണീയനായ വ്യക്തികളിലൊരാളാണ് ഉദയകുമാർ. സനിൽ വി.യുടെ 'കൊലയുടെ കൊറിയോഗ്രഫി' (പ്രസാധനം പ്രസക്തി/ഉരു ആർട്ട് ഹാർബർ) എന്ന പുസ്തകത്തെക്കുറിച്ച് ഉദയകുമാർ നടത്തിയ സംഭാഷണത്തിൽ (ദില്ലി ദാലി പോഡ്കാസ്റ്റ്, എസ് ഗോപാലകൃഷ്ണനുമായുള്ള സംഭാഷണം. 4/2021) സനിലിനെ അദ്ദേഹം
പ്രിയ സുഹൃത്തേ, നമ്മുടെ ധിഷണാമണ്ഡലത്തിലെ ആദരണീയനായ വ്യക്തികളിലൊരാളാണ് ഉദയകുമാർ. സനിൽ വി.യുടെ 'കൊലയുടെ കൊറിയോഗ്രഫി' (പ്രസാധനം പ്രസക്തി/ഉരു ആർട്ട് ഹാർബർ) എന്ന പുസ്തകത്തെക്കുറിച്ച് ഉദയകുമാർ നടത്തിയ സംഭാഷണത്തിൽ (ദില്ലി ദാലി പോഡ്കാസ്റ്റ്, എസ് ഗോപാലകൃഷ്ണനുമായുള്ള സംഭാഷണം. 4/2021) സനിലിനെ അദ്ദേഹം
പ്രിയ സുഹൃത്തേ, നമ്മുടെ ധിഷണാമണ്ഡലത്തിലെ ആദരണീയനായ വ്യക്തികളിലൊരാളാണ് ഉദയകുമാർ. സനിൽ വി.യുടെ 'കൊലയുടെ കൊറിയോഗ്രഫി' (പ്രസാധനം പ്രസക്തി/ഉരു ആർട്ട് ഹാർബർ) എന്ന പുസ്തകത്തെക്കുറിച്ച് ഉദയകുമാർ നടത്തിയ സംഭാഷണത്തിൽ (ദില്ലി ദാലി പോഡ്കാസ്റ്റ്, എസ് ഗോപാലകൃഷ്ണനുമായുള്ള സംഭാഷണം. 4/2021) സനിലിനെ അദ്ദേഹം
പ്രിയ സുഹൃത്തേ,
നമ്മുടെ ധിഷണാമണ്ഡലത്തിലെ ആദരണീയനായ വ്യക്തികളിലൊരാളാണ് ഉദയകുമാർ. സനിൽ വി.യുടെ 'കൊലയുടെ കൊറിയോഗ്രഫി' (പ്രസാധനം പ്രസക്തി/ഉരു ആർട്ട് ഹാർബർ) എന്ന പുസ്തകത്തെക്കുറിച്ച് ഉദയകുമാർ നടത്തിയ സംഭാഷണത്തിൽ (ദില്ലി ദാലി പോഡ്കാസ്റ്റ്, എസ് ഗോപാലകൃഷ്ണനുമായുള്ള സംഭാഷണം. 4/2021) സനിലിനെ അദ്ദേഹം 'ചിന്താപരീക്ഷകനായ സനിൽ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗം എല്ലാ അർത്ഥത്തിലും സനിലിന് ചേരുന്നതുമാണ്. അന്വേഷകനും പരീക്ഷകനും തമ്മിൽ അജവും ഗജവും തമ്മിലുള്ള വ്യത്യാസമുണ്ട്. അന്വേഷകൻ എന്തിനേയോ തേടിപ്പുറപ്പെടുന്നു. അത് സത്യമാവാം ശാന്തിയാവാം ഉണ്മയാവാം ദൈവമാവാം. പരീക്ഷകനിൽ അന്വേഷകന്റെ ശാന്തത പ്രതീക്ഷിക്കുക വയ്യ. അയാൾ തന്റെ ചിന്തയുടെ രാസശാലയിൽ ഏകനായിരുന്ന് കൂട്ടിച്ചേർക്കുന്ന രാസലായനികൾ അയാളെത്തന്നെ നിഗ്രഹിച്ചേക്കാം. ചിലപ്പോൾ പ്രകോപനകരമായ ഔദ്ധത്യമായി മാറാം. പരീക്ഷണങ്ങളിൽ എന്തും സംഭവിക്കാം. സനിലിന്റെ ഈ പുസ്തകം വായിച്ചു തീരുമ്പോൾ 'രാഷ്ട്രീയ ശരികളിൽ' അഭിരമിക്കുന്ന 'പുതുശരി' ലോകത്തിന് ഇയാൾ ശരിയല്ല എന്ന തോന്നലുണ്ടാവാം. ഇവിടെയാണ് സനിലിന്റെ ചിന്ത മൗലികതയുടെ മുഴക്കം സൃഷ്ടിക്കുന്നത്.അതാവട്ടെ നമ്മുടെ ദഹനക്രിയയിൽ ചേരാൻ വിസമ്മതിക്കുന്നു.
സനിൽ ചിന്തിക്കുന്നു. സമകാലികനാകുവാൻ ഒട്ടുമേ ആഗ്രഹവുമില്ല. നിത്യേനയുള്ള പത്രപാരായണമോ, വാർത്താ ചാനലുകളുടെ പ്രേക്ഷകനോ അല്ല. പരീക്ഷകനായ ഒരാൾ പൂർണമായും അയാളുടെ രാസശാലയിലാണ് എന്ന് ഇതിനാൽത്തന്നെ ഉറപ്പിക്കാം. ലോകഗതിയെ നിത്യമെന്നോണം കാണാത്ത ഇയാൾ ദന്തഗോപുരവാസിയാണെന്ന് ഒരാൾ പരിഹസിച്ചാൽ സനിൽ ചിരിക്കുകയാവും ചെയ്യുക. ഇത്രയുമൊക്കെ എഴുതേണ്ടിവരുന്നത് സനിലിന്റെ ചിന്താലോകത്തേക്ക് കയറുമ്പോൾ നിങ്ങൾ അൽപ്പനേരം ശ്രദ്ധയോടെ ചിലവിടുവാൻ വേണ്ടി മാത്രമാണ്. പ്രത്യേകിച്ച് 'കൊല്ലലിനോട് പ്രതികരിക്കേണ്ടതെങ്ങനെ' എന്ന ലേഖനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ. ജീവിതവും മരണവും നിത്യസത്യമായിരിക്കേ ഇടയ്ക്ക് കയറുന്ന കൊല എന്ന ദുർമൂർത്തിയെ മനുഷ്യരെല്ലാം അറപ്പോടെ നോക്കിക്കാണുന്നു. ഈ അറപ്പിനെക്കുറിച്ചും നാം പുലർത്തുന്ന ലിബറൽ ധാർമികതയെയും കുറിച്ചാണ് സനിൽ ഈ ലേഖനത്തിൽ വിശദമാക്കാൻ ശ്രമിക്കുന്നത്. ഈ ലേഖനം അശ്രദ്ധയോടെ വായിച്ചു പോയാൽ സനിലിനോളം രക്തദാഹിയായ ഒരാൾ ഈ ഭൂമിയിൽ ജനിച്ചിട്ടുണ്ടാവില്ല എന്ന് നിശ്ചയിക്കാം. അതുകൊണ്ടാണ് മുൻധാരണകൾ വെടിഞ്ഞ് ശ്രദ്ധയോടെ ഈ ചിന്തയെ പിൻതുടരൂ എന്ന് ആദ്യമേ പറഞ്ഞത്. ഈ ലേഖനം കൊലയ്ക്കുള്ള പരിഹാരമോ കൊലപാതകിയോടുള്ള നീരസമോ ഇരയ്ക്കുവേണ്ടിയുള്ള നീതിയാചനയോ അല്ല. നമ്മുടെ ധാർമികതയുടെ (ലിബറലും ആധുനികവുമായ) ഉള്ളിനെ തുറന്നു കാണിക്കുവാനുള്ള ശ്രമമായി മാത്രം കാണുക.
കടമ്മനിട്ടയുടെ 'ചാക്കാല' എന്ന കവിതയെ ഓർമിപ്പിക്കും പോലെയാണ് ഈ ലേഖനത്തിന്റെ തുടക്കം:കൊല നടന്നാൽ കണ്ടില്ലന്നു നടിക്കാനാവില്ല.പ്രതികരിച്ചേ പറ്റൂ. പ്രതികരണത്തിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്.കൊലയെ നിന്ദിച്ചുകൊണ്ടേ തുടങ്ങാവൂ. (അങ്ങേലെ മൂപ്പീന്ന് ചത്തോടീ?/ നമ്മളും പോയൊന്നറിയെണ്ടേ?) 'കൊലയാളി ആരായാലും പിടികൂടുക തന്നെ വേണം' അവരാരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 'ശിക്ഷിക്കണം' ഇത്രയുമൊക്കെയാണ് നമ്മൾ പറയുന്നത്. ഇതിനപ്പുറം ഒന്നും പറയുരുത്. കൊലപാതകത്തെ ന്യായീകരിക്കരുത്. ആരാണ് കൊലപാതകി എന്നോ എന്തിനു കൊന്നു എന്നോ ഊഹിച്ചെടുക്കരുത്. ഇതിനെല്ലാം അവകാശമുള്ളത് പോലീസിനും കോടതിക്കുമാണ്. അതായത് പ്രതികരണം ക്രിയയോടും കർമ്മത്തോടും മതി. പൊതുസംവാദം സാധ്യമാകുന്ന അപൂർവ്വം ചില കൊലകളുണ്ട്. യുദ്ധം, വധശിക്ഷ, ദയാവധം, ഭ്രൂണഹത്യ. യുദ്ധവും വധവും സ്റ്റേറ്റിനും ദയാവധവും ഭ്രൂണഹത്യയും വൈദ്യശസ്ത്രത്തിനും അധികാരപ്പെട്ടതാണ്. ഈ കൊലകൾ ക്രൂരമാകാം. കുറ്റങ്ങളല്ല. കൊല അരുതെന്ന് നാം പറയുന്നു. എന്നാൽ എന്തിന് കൊന്നു എന്ന ജനകീയവിചാരണ പാടില്ല. ഇതു രണ്ടും ഒരേ സ്രോതസിൽ നിന്നാണ് വരുന്നത്. ഇത് അടുത്തറിയുവാനാണ് സനിൽ ശ്രമിക്കുന്നത്. സനിലിന്റെ വാദങ്ങളെ ഈ കത്തിൽ അതേപടി പകർത്തുക മാത്രമാണ് ചെയ്യുന്നത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടുള്ള പ്രതികരണങ്ങളെയാണ് സനിൽ ഈ വിഷയത്തിൽ പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 51 -വെട്ടുകളാൽ വികൃതമാക്കപ്പെട്ട ഒരു ശരീരത്തെ മലയാളിപുരുഷാരം ഞെട്ടലോടെയാണ് കണ്ടത്. ഒറ്റവെടിക്ക് തീർക്കാമായിരുന്നുവെന്നും ഇത് മത തീവ്രവാദത്തിന്റെ പ്രാകൃത്യത്തിലേക്കുള്ള മടക്കമായും എഴുത്തുകാരിൽ ചിലർ കണ്ടു. ഗോഡ്സേയുടെ ഗാന്ധിക്കൊലപാതകം ആധുനികഭാവുകത്വത്തിനോട് ചേർന്നു നിൽക്കുന്നതായിരുന്നു (ഗാന്ധിയുടെ ഈ രക്തസാക്ഷിത്വമാണ് അദ്ദേഹത്തെ മഹാനാക്കിയതെന്ന് പി.കെ.ബാലകൃഷ്ണൻ) ടി.പി.യുടേതോ? വെട്ടിവികൃതമാക്കപ്പെട്ട ചേതനയറ്റ ശരീരത്തിൽ കൊലയുടെ പ്രാകൃതത്വം കാണുന്ന നമ്മിലെ പ്രതികരണം അറിവിന്റെ തലത്തിൽ നിന്നും അറപ്പിന്റെ തലത്തിലേക്ക് മാറുന്നു. ആര് എന്തിന് കൊലചെയ്തു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്റെ അറപ്പോടെയുള്ള പ്രതികരണത്തിനാണ് ധാർമ്മികതയുടെ ലോകത്ത് പ്രസക്തിയും നിലനിൽപ്പും ഉള്ളൂ. അറപ്പിന്റെ ഊർജത്തിലാണ് ആധുനിക ധാർമികത ചലിച്ചു കൊണ്ടിരിക്കുന്നതെന്ന് സനിൽ പറയുന്നു. അതുമാത്രമല്ല,അദ്ദേഹം തന്റെ മൗലികമായ കാഴ്ചപ്പാട് ഇങ്ങനെ അവതരിപ്പിക്കുന്നു: കാട്ടാളന്റെ മനസ്താപത്തിലോ കവിയുടെ വിവേകത്തിലോ നന്മയെ തിരിച്ചറിയാൻ നമുക്കാവുന്നില്ല. അമ്പേറ്റ പക്ഷിയുടെ ദീനമായ കരച്ചിലിൽ നിന്നാണ് നമ്മുടെ ധാർമ്മികത ഉണർന്നു വരുന്നത്. ഇരകളുമായുള്ള ഐക്യമോ ഇരകളോടുള്ള കരുണയോ അല്ല ഈ ധാർമ്മികതയുടെ അടിസ്ഥാനം. ദൈന്യതയുടെ വലിയ ഫോട്ടോഗ്രാഫിക് ഇമേജുകൾക്ക് മാത്രം ഉണർത്താൻ കഴിയുന്ന പോണോഗ്രാഫിക് ധാർമ്മികതയാണ് നമ്മുടേത്.
ഇത്രയും സത്യസന്ധവും ധീരവുമായൊരു ചിന്ത അപൂർവ്വമാണ്. കാരണം ഈ പോണോഗ്രാഫിക് ധാർമ്മികതയിൽ വിരാജിക്കുന്ന നമ്മൾക്ക് മിനിമം ഞെട്ടാൻ അമ്പത്തിയൊന്ന് വെട്ടെങ്കിലും വേണം. ഈ ലേഖനം അഴിച്ചെടുക്കുവാൻ ശ്രമിക്കുന്നത് കാരുണ്യം വഴിഞ്ഞൊഴുകുന്ന നമ്മുടെ ലിബറൽ ഹൃദയങ്ങളുടെ പൊള്ളത്തരത്തെയാണ്.സനിൽ എഴുതുന്നു: താൻ തന്നെ ഏൽപ്പിക്കുന്ന നിയമത്തിന് സ്വയം വഴങ്ങാനുള്ള സ്വാതന്ത്ര്യത്തിന്റെ ധീരതയും പക്വതയുമാണ് ആധുനികത ആവശ്യപ്പെടുന്നത്. എന്നാൽ' കൊല ഏതായാലും നിന്ദ്യമാണ്' എന്ന പോപ്പുലർ നിലപാടിന് പിന്നിലുള്ളത് ആധുനിക ധാർമികതയുടെ 'വികൃതമാക്കപ്പെട്ട' മുഖമാണ്. മാധ്യമങ്ങൾ വലിയ സംഭവങ്ങളാക്കുന്ന കൊലകളോടെ നാം ഈ വിധത്തിൽ പ്രതികരിക്കാറുള്ളൂ.കൊലയുടെ അസാധാരണത്വത്തോടുള്ള പ്രതികരണമാണ് ' കൊല ഏതായാലും'. ആധുനികതയിൽ പൊതിഞ്ഞതെങ്കിലും ആധുനികതയിൽ നിന്നും ഏറെ ദൂരെ രൂപമെടുക്കുന്നതാണീ നിലപാട്. 'ഇത്രവേണ്ടിയിരുന്നില്ല' എന്നു പറഞ്ഞ് ഒഴിയാൻ വെമ്പുന്ന ഒരു തരം അഴകൊഴമ്പൻ സൗന്ദര്യബോധമാണ് ഇവിടെ ആധുനിക ധാർമികതയുടെ അവതാരമെടുത്ത് നിൽക്കുന്നത്.
സനിലിന്റെ പരീക്ഷണശാലയിലെ പ്രധാന മൂലകം ഗാന്ധിയുടെ ഈ വാചകമാണ്: 'കൊല്ലാൻ അറിയുന്നവനേ അഹിംസ അനുഷ്ഠിക്കാനാവൂ' (1918, ഗുജറാത്തിലെ റാസ്ൽ ചെയ്ത പ്രസംഗം)
സുഹൃത്തേ ചിന്തയുടെ സ്വഭാവം രേഖീയമാകണമെന്നില്ല. സനിലിന്റെ ചിന്തയെ സാവകാശം പിൻതുടരുമ്പോൾ നാം ശീലിച്ച ബുദ്ധിയുടെ ഉടയാടകൾ ഉപേക്ഷിക്കേണ്ടി വരും. ക്ഷമാശീലമില്ലങ്കിൽ പാതിയിൽ നിർത്തി പ്രകോപിതരാവും. ഭാഷയിൽ ബോധപൂർവ്വമായി സമകാലികമായ ചില ജനപ്രിയ പ്രയോഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേ സമയം ചില ഖണ്ഡികകൾ കാവ്യത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു. അത്രയെളുപ്പത്തിൽ പ്രവേശം സാധ്യമായ ചിന്താ പദ്ധതിയല്ല സനിലിന്റേത്. പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഭിഷഗ്വരന്റേയോ അറിവ് പ്രസാദമായി പകരുന്ന ജ്ഞാനിയുടെ ലാളിത്യമോ സനിലിൽ ഇല്ല. അയാൾ ലോകത്തിന്റെ നടപ്പുശീലങ്ങൾക്ക് മുഖം തിരിഞ്ഞ് നിൽക്കുന്നു. ചിന്തിക്കുന്നു. ആ ചിന്തയെ തോന്നിയപടി എഴുതുന്നു. ഈ തോന്നിയ പടിയിലാണ് പ്രശ്നം കൂടി കൊള്ളുന്നത്.അവിടെയാണ് നമ്മുടെ സാധാരണ ചിന്താശീലങ്ങൾക്ക് മുറിവേൽക്കുന്നത്.
ഒന്ന് രണ്ട് ചെറിയ കാര്യങ്ങൾ കൂടി എഴുതി ഈ കത്ത് അവസാനിപ്പിക്കാം. 'ചിന്ത നിവർത്തനമാകുമ്പോൾ' എന്ന ലേഖനം 'ഒരു സാമൂഹിക കാഴ്ചപ്പാടിൽ നിന്ന്' എന്ന പുസ്തകത്തെക്കുറിച്ചാണ്. താങ്കൾ ആ പുസ്തകം കണ്ടിട്ടുണ്ടെങ്കിൽ അറിയാം അതിൽ ഗ്രന്ഥകർത്താവിന്റെ പേരില്ല. ഗ്രന്ഥകർത്താവിന്റെ പേര് വെയ്ക്കരുതെന്ന അപേക്ഷയെ മാനിച്ചുകൊണ്ട് പ്രസാധകർ ആ പേര് ഒഴിവാക്കിയിരിക്കുന്നു. എന്നാൽ നാട്ടുകാർക്കെല്ലാം ഇതെഴുതിയത് ആരെന്നറിയാം എന്നു പറഞ്ഞുകൊണ്ട് ഗ്രന്ഥകർത്താവിന്റെ പേര് (സനിൽ എഴുതിയത് വെച്ച് നോക്കിയാൽ ആ പേരിൽ ഒരാൾ ഇങ്ങനെയൊന്നും എഴുതിയിട്ടില്ല. പേര് പ്രസക്തമെങ്കിൽ നിസാർ എന്നയൊരാൾ ഇല്ല. സൗഹൃദനാമത്തിൽ ഉണ്ടാവാം) എഴുതിക്കൊണ്ടാണ് ലേഖനം തുടങ്ങുന്നത്. പിന്നീടദ്ദേഹം ചരിത്രത്തിൽ ചിന്തകരുടെ പേരിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കുന്നു.ഈ വിശദീകരണമാണ് അദ്ദേഹം ഗ്രന്ഥകർത്താവിന്റെ അപേക്ഷയെ മാനിക്കാതിരിക്കുന്നതിനുള്ള ന്യായീകരണമായി പറയുന്നത്. ഒരാളുടെ മറഞ്ഞിരിക്കുവാനുള്ള താത്പര്യത്തെ മറ്റൊരാൾ മാനിക്കേണ്ടതില്ലേ? അതോ ഇങ്ങനെ പേരുച്ചരിക്കുന്നതിലൂടെ നമ്മുടെ മാധ്യമ പപ്പരാസി സ്വഭാവത്തിന്റെ ആവർത്തനമാവേണ്ടതുണ്ടോ? ഇതുകൊണ്ടൊന്നും സനിൽ ഈ പുസ്തകത്തെക്കുറിച്ച് നടത്തുന്ന വിശകലനങ്ങൾക്ക് ഒട്ടും തന്നെ ക്ഷീണം വരുത്തുന്നില്ല.
അഞ്ച് ഭാഗങ്ങളായി ഇരുപത്തിയേഴ് ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഈ ലേഖനങ്ങൾ താങ്കളുടെ ക്ഷമയെ പരീക്ഷിക്കാം. ജനപ്രിയനാവാൻ താത്പര്യമില്ലാത്ത ഒരാൾക്ക് തന്റെ ചിന്ത മറ്റൊരാളെ പരീക്ഷിക്കുന്നു എന്നറിയുമ്പോൾ ചിരിയാണുണ്ടാവുക. സനിലിൽ ആ ചിരി വേണ്ടുവോളമുണ്ട്. 'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനത്തിൽ- 'കൂട്ടക്കൊലകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ 'അതു ഞമ്മളാ'ണെന്നു പറഞ്ഞു തീവ്രവാദിസംഘടനകൾ ക്യൂ നിൽക്കുന്നു' എന്ന് സനിൽ എഴുതുന്നുണ്ട്. മലപ്പുറത്തെ ഒരു സാധാരണ മുസ്ലീം കച്ചവടക്കാരന്റെ അല്ലെങ്കിൽ കല്ലായിയിലെ ഒരു മുസ്ലീം തൊഴിലാളിയുടെ ശബ്ദത്തിലാണ് 'അതു ഞമ്മളാ'ന്ന് നമ്മുടെ ചെവിയിൽ മുഴങ്ങുക. അല്ലാതെ അതൊരു യൂണിവേഴ്സിറ്റി പ്രൊഫസറുടെ ഉച്ചാരണമായിട്ടാണോ?സനിൽ അതിനെക്കുറിച്ച് അത്തരത്തിൽ ചിന്തിക്കുന്നില്ല എന്നുവേണം കരുതാൻ. സാത്താന്റെ അമ്പലം എന്ന് എഴുതുന്ന അതേ ഭാഷാകൗശലമാണ് ഇതിലും അദ്ദേഹം പുലർത്തുന്നത്. ലെനിൻ മുതൽ ഗ്രാംചിവരെയുള്ളവരെ വലതുപക്ഷം അവരുടെ ആവശ്യാനുസരണം സ്വീകരിക്കുമ്പോൾ വ്യത്യസ്ത തത്വചിന്താധാരകളിലൊന്നിന്റെ ഇങ്ങേയറ്റത്ത് നിൽക്കുന്ന എന്നെയും നിങ്ങൾക്ക് എങ്ങനെയും സ്വീകരിക്കാം നിരാകരിക്കാം എന്ന തോന്നലാവാം ഇങ്ങനെ അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിക്കുന്നത്.
സ്നേഹപൂർവ്വം
UiR