ജീവൻ പണയം വയ്ക്കും മുൻപ് അനുവാദം ചോദിച്ചില്ല; മാതാപിതാക്കള്ക്കെതിരെ കേസ് കൊടുത്ത പതിമൂന്നുകാരിയുടെ കഥ
‘‘അനാഥർ, വിധവകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന വാക്കുകൾ ഇംഗ്ലിഷ് ഭാഷയിലുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളെ വിളിക്കുവാനൊരു പദം അതിലില്ല.’’ സാറ എന്ന അമ്മയുടെ വാക്കുകളാണിത്. മരിച്ചിട്ടില്ലെങ്കിലും വർഷങ്ങളായി രോഗാവസ്ഥയിൽ കിടപ്പിലായ മകൾ കേറ്റിനൊപ്പം കഴിയവേ അവർ അനുഭവിക്കാത്തതായി
‘‘അനാഥർ, വിധവകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന വാക്കുകൾ ഇംഗ്ലിഷ് ഭാഷയിലുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളെ വിളിക്കുവാനൊരു പദം അതിലില്ല.’’ സാറ എന്ന അമ്മയുടെ വാക്കുകളാണിത്. മരിച്ചിട്ടില്ലെങ്കിലും വർഷങ്ങളായി രോഗാവസ്ഥയിൽ കിടപ്പിലായ മകൾ കേറ്റിനൊപ്പം കഴിയവേ അവർ അനുഭവിക്കാത്തതായി
‘‘അനാഥർ, വിധവകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന വാക്കുകൾ ഇംഗ്ലിഷ് ഭാഷയിലുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളെ വിളിക്കുവാനൊരു പദം അതിലില്ല.’’ സാറ എന്ന അമ്മയുടെ വാക്കുകളാണിത്. മരിച്ചിട്ടില്ലെങ്കിലും വർഷങ്ങളായി രോഗാവസ്ഥയിൽ കിടപ്പിലായ മകൾ കേറ്റിനൊപ്പം കഴിയവേ അവർ അനുഭവിക്കാത്തതായി
‘‘അനാഥർ, വിധവകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന വാക്കുകൾ ഇംഗ്ലിഷ് ഭാഷയിലുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളെ വിളിക്കുവാനൊരു പദം അതിലില്ല.’’
സാറ എന്ന അമ്മയുടെ വാക്കുകളാണിത്. മരിച്ചിട്ടില്ലെങ്കിലും വർഷങ്ങളായി രോഗാവസ്ഥയിൽ കിടപ്പിലായ മകൾ കേറ്റിനൊപ്പം കഴിയവേ അവർ അനുഭവിക്കാത്തതായി ഒന്നുമില്ല. രക്തത്തിലും മജ്ജയിലും പടർന്നു പിടിക്കുന്ന അർബുദമായ അക്യൂട്ട് പ്രോമിയോലോസൈറ്റിക് ലുക്കീമിയ എന്ന രോഗമാണ് മകളെ കീഴ്പ്പെടുത്തിരിക്കുന്നത്. അവളെ നഷ്ടപ്പെടുമെന്ന ഭയം സാറയെ കൊണ്ടെത്തിക്കുന്നത് തന്റെ കുഞ്ഞുങ്ങൾക്കു മേലുള്ള അമിത നിയന്ത്രണത്തിലാണ്. മൂത്ത മകൻ ജെസ്സിയെക്കാൾ ഇത് അനുഭവിക്കേണ്ടി വരുന്നത് ഏറ്റവുമിളയ മകളായ അന്നയാണ്. തന്റെ ചേച്ചിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വയ്ക്കേണ്ട അവസ്ഥയാണ് അന്നയുടേത്.
ജീവിതത്തിലുടനീളം കാൻസർ രോഗിയായി തുടർന്ന കേറ്റിന്റെ ജീവൻ അന്ന ആദ്യം രക്ഷിച്ചത് പൊക്കിൾക്കൊടി ദാനം ചെയ്യുന്നതിലൂടെയാണ്. ശിശുവായിരുന്ന അന്നയുടെ രക്തവും മജ്ജയും കേറ്റിനു യോജിക്കുന്നതാണെന്ന് കണ്ടെത്തിയപ്പോൾ മുതൽ അവ അൽപാൽപമായി അവൾ ചേച്ചിക്കു നൽകുന്നുണ്ട്. 13 വർഷത്തിനിടയിൽ അവൾ മിക്കപ്പോഴും കേറ്റിനൊപ്പം ആശുപത്രിയിലാണ്. ഇപ്പോൾ കേറ്റിന്റെ വൃക്ക തകരാറിലായതിനാൽ അന്നയുടെ ഒരു വൃക്ക ദാനം ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ശസ്ത്രക്രിയ വളരെ വലുതായിരിക്കും. അതിന്റെ സമ്മർദം കേറ്റിന് താങ്ങാനാകുമെന്ന് ഒരു ഉറപ്പുമില്ല. മാത്രമല്ല വൃക്ക നഷ്ടപ്പെടുന്നത് 13 വയസ്സുകാരിയായ അന്നയുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
ഒരേസമയം രണ്ടു മക്കളെയും നഷ്ടപ്പെട്ടേക്കാം എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സാറ തയാറല്ല. കടുംപിടുത്തവുമായി അവള്‍ അന്നയെ സമീപിക്കുന്നതോടെയാണ് അന്ന ആ തീരുമാനം എടുക്കുന്നത്. അന്ന ഫിറ്റ്‌സ്‌ജെറാൾഡ് എന്ന ആ പെൺകുട്ടി തന്റെ മാതാപിതാക്കൾക്കെതിരെ മെഡിക്കൽ മോചനത്തിനായി കേസ് കൊടുക്കുന്നു. വക്കീൽ കാംബെൽ അലക്‌സാണ്ടറിന്റെ സഹായത്തോടെ അവൾ ആവശ്യപ്പെടുന്നത് തന്റെ ചികിത്സയും വൃക്കദാനവും സംബന്ധിച്ച് തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ കഴിയണമെന്നാണ്. തന്റെ ജീവൻ പണയം വയ്ക്കും മുൻപ് അനുവാദം ചോദിക്കാത്ത മാതാപിതാക്കള്‍ക്കെതിരെയുള്ള ഈ കേസ് ചർച്ച ചെയ്യപ്പെടുന്നു.
അമേരിക്കൻ എഴുത്തുകാരൻ ജോഡി പിക്കോൾട്ടിന്റെ പതിനൊന്നാമത്തെ നോവലാണ് ‘മൈ സിസ്റ്റേഴ്‌സ് കീപ്പർ’. 2004 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ റോഡ് ഐലൻഡിലെ അപ്പർ ഡാർബി എന്ന സാങ്കൽപിക പട്ടണത്തിലാണ് കഥ നടക്കുന്നത്. സംഘർഷാവസ്ഥയിൽ കഴിയേണ്ടി വരുന്ന കുടുംബങ്ങളിൽ കുട്ടികളെ അവയെത്രത്തോളം ബാധിക്കുന്നുവെന്ന് നോവൽ പറയുന്നു. അന്നയുടെ വാദം ശ്രദ്ധേയമാണ്. ലളിതമായി അവൾ വാദിക്കുന്നു ‘ഇത് ഒരിക്കലും അവസാനിക്കില്ല’ അന്ന ജനിച്ചപ്പോൾ മുതല്‍ ലിംഫോസൈറ്റുകളും മജ്ജയും ഗ്രാനുലോസൈറ്റുകളും പെരിഫറൽ ബ്ലഡ് സ്റ്റെം സെല്ലുകളും തുടങ്ങി തന്റെ ശരീരത്തെ പകുത്തു നൽകിക്കൊണ്ടേയിരിക്കുകയാണ്. താൻ നിലനിൽക്കുന്നത് കേറ്റിന് വേണ്ടി മാറ്റി വയ്ക്കാനുള്ള ഒരു വസ്തു മാത്രമായിട്ടാണ്. നിരന്തരമായ പരിശോധനകളും ആശുപത്രിവാസവും കാരണം തന്റെ ബാല്യം തന്നെ ഇല്ലാതാകുന്നത് ആരുമറിയുന്നില്ലെന്ന് അന്ന പറയുന്നു.
രോഗിയായ തന്റെ കുട്ടിയിലേക്ക് ശ്രദ്ധ തിരിച്ചിരുന്ന സാറ, തന്റെ മറ്റു രണ്ടു മക്കളെ മറന്നു പോകുന്നു എന്ന യാഥാർഥ്യം ആ കോടതിയിൽ വച്ചാണ് തിരിച്ചറിയുന്നത്. ആ അശ്രദ്ധ കാരണം മൂത്ത മകൻ ജെസ്സി കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടുന്നുണ്ട്. സാറയുടെ ഭർത്താവ് ബ്രയാന് മകളുടെ നിലപാട് മനസ്സിലാകുന്നുണ്ട്. എന്നാൽ അയാൾക്ക് ഭാര്യയ്ക്കൊപ്പം നിൽക്കാതിരിക്കാനാവില്ല. മക്കളോടുള്ള അമിത സ്നേഹമാണ് അവളെ കാർക്കശ്യമുള്ള അമ്മയാക്കിയതെന്ന് അയാൾക്കറിയാം.
എന്നാൽ കഥയുടെ ഗതി മാറുന്നത് കേസിൽ നിയോഗിക്കപ്പെട്ട ജഡ്ജി ഡി സാൽവോ ആ സത്യം കണ്ടെത്തുമ്പോഴാണ്. വിചാരണ വേളയിലാണ് അന്നയും കേറ്റും ചേർന്നൊരുക്കിയ ഒരു പദ്ധതിയാണ് ഈ കേസെന്ന് അദ്ദേഹത്തിനു മനസ്സിലാകുന്നത്. കഴിഞ്ഞ 14 വർഷമായി അർബുദ രോഗിയായി കഴിയുന്ന കേറ്റ് ശാരീരിക കഷ്ടപ്പാടുകൾ മാത്രമല്ല, വൈകാരികവും ആത്മീയവുമായ പീഡകളും അനുഭവിക്കുന്നുണ്ട്. ആശുപത്രി വാസം മാത്രം ജീവിതമാക്കിയ അവൾക്ക് ഈ വേദനയുമായി മുന്നോട്ടു പോകുവാൻ താൽപര്യമില്ല. തന്നെ രക്ഷിക്കാൻ തപം ചെയ്തു നടക്കുന്ന അമ്മയ്ക്ക് അതു പറഞ്ഞാൽ മനസ്സിലാവില്ല എന്നതിനാൽ തന്റെ അനുജത്തിയിലൂടെ ശസ്ത്രക്രിയ തടയുവാൻ ശ്രമിക്കുകയാണവൾ.
മറ്റു രോഗികളുമായി ബന്ധമുണ്ടാകുകയും പിന്നീട് അവരുടെ മരണങ്ങൾക്ക് സാക്ഷിയാക്കേണ്ടി വരികയും ചെയ്യുകയെന്നതാണ് ആശുപത്രിവാസത്തിലൂടെ വർഷങ്ങളായി കേറ്റിന്റെ അവസ്ഥ. തന്റെ ജീവനെക്കാൾ സ്നേഹിക്കുന്ന കുഞ്ഞനുജത്തിയെയെങ്കിലും രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന് അവൾക്ക് തോന്നുന്നു. പക്ഷേ അവളുടെ സ്നേഹത്തെ മറികടക്കുന്നതാണ് അന്നയ്ക്ക് അവളോടുള്ള സ്നേഹമെന്ന് കേറ്റ് അറിയുന്നത് താമസിച്ചാണ്. തന്റെ അമ്മയെപ്പോലെയുള്ള ഏവർക്കും മനസ്സിലാവേണ്ട കുറച്ച് കാര്യങ്ങൾ പറയുകയെന്നത് മാത്രമാണ് അന്നയുടെ ഉദ്ദേശ്യം. രോഗവും അവയവദാനവും വെറും ശാരീരിക അവസ്ഥയല്ല. അതിൽ രോഗിയുടെയും ദാതാവിന്റെയും മാനസികമായ തയാറെടുപ്പുകളും സമാധാനപരമായ അന്തരീക്ഷവും നിയമപരമായ സമ്മതവും ആവശ്യമാണ്. നിർബന്ധിതമായി ചെയ്യുന്ന നല്ല കാര്യങ്ങളും ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
അന്ന ഫിറ്റ്‌സ്‌ജെറാൾഡ് എന്ന പെൺകുട്ടിയുടെ പോരാട്ടം അവിശ്വസനീയമാണ്. വിചാരണയ്ക്കിടെ, അന്ന തന്റെ സഹോദരിയുടെ ആഗ്രഹത്താലാണ് അതു ചെയ്യുന്നതെന്നു വെളിപ്പെടുന്ന നിമിഷം വായനക്കാർ അദ്ഭുതപ്പെട്ടു പോകുന്നു. സ്വന്തം കാര്യത്തിനല്ല അവൾ വാദിക്കുന്നത് എന്നു തിരിച്ചറിയുമ്പോൾ, തന്റെ ചേച്ചി കടന്നു പോകുന്ന വേദനയെ അവൾ എത്രത്തോളം മനസ്സിലാക്കുന്നുവെന്നും കേറ്റ് പറയുവാനാഗ്രഹിച്ചത് അന്ന വിളിച്ചു പറയുക മാത്രമാണെന്നും നാം കാണുന്നു. കേറ്റിന്റെ ഭാഗമാണവൾ. അവരെ വേർപിരിക്കുവാനാവില്ല. ജീവിതം മടുത്തു എന്ന പറയുവാൻ ചേച്ചി ആവശ്യപ്പെട്ടപ്പോൾ അത് ചെയ്ത അന്ന, അനുകൂല വിധി നേടിയെടുക്കുന്നു. അവളുടെ ശരീരത്തിനുമേൽ അവൾക്കാണ് അവകാശം. അത് എന്തു ചെയ്യണമെന്ന് അന്നയ്ക്ക് തീരുമാനിക്കാം.
തന്റെ ചേച്ചിയെ രക്ഷിക്കാൻ എത്ര വലിയ ശസ്ത്രക്രിയയ്ക്കും തയാറാണെന്നും തന്റെ വൃക്ക സ്വന്തം സമ്മതപ്രകാരം നൽകാൻ ആഗ്രഹിക്കുന്നുവെന്നും അന്ന കോടതിയെ അറിയിക്കുന്നു. തനിക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യവും ജീവിതവും കിട്ടണം എന്ന് ആഗ്രഹിച്ച ചേച്ചിക്കായി അവൾ പോരാടി. മാതാപിതാക്കളെ കാര്യങ്ങളുടെ മറുവശം കാട്ടിക്കൊടുത്തു. ഇനി ഈ അവസാന ശ്രമം കൂടി. മരിക്കാൻ തയാറായി നിൽക്കുന്ന കേറ്റിന് ജീവിക്കാൻ തന്റെ ജീവൻ തന്നെ പകുത്ത് നൽകുന്നു. ഈ ആഗ്രഹം അറിയിച്ച് വീട്ടിലേക്കു പോകുമ്പോൾ നടന്ന അപകടത്തിൽ അന്നയ്ക്ക് മസ്തിഷ്കമരണം സംഭവിക്കുന്നു. അന്നയുടെ അവസാന ആഗ്രഹം അവർ നിറവേറ്റണമെന്ന് ഡോക്ടർ പറയുമ്പോൾ സാറനും ബ്രയനും തകർന്നു പോകുന്നു.
എട്ടു വർഷങ്ങൾക്കുശേഷം ബാലെ ടീച്ചറായി ജോലി ചെയ്യുന്ന കേറ്റിലാണ് നോവൽ അവസാനിക്കുന്നത്. തന്റെയുള്ളിലെ ഓരോ ഭാഗവും തന്റെ കുഞ്ഞനുജത്തിയുടെ ദാനമാണെന്ന് അവൾക്കറിയാം. താൻ ജീവിക്കാതെ പോയ ജീവിതമാണ് ചേച്ചിക്കു നൽകി അന്ന വിട വാങ്ങിയത്. തനിക്കായി എല്ലാം മാറ്റി വച്ചവൾ, ഏവരുടെയും കുറ്റപ്പെടുത്തലിനു പാത്രമായവൾ, തന്റെ പാതിയായി ജീവിക്കുകയും താനായി രൂപാന്തരപ്പെടുകയും ചെയ്ത അനുജത്തിയെ ഓർത്ത് കേറ്റ് ഈ കഥ അവസാനിപ്പിക്കുന്നു.
'നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെങ്കിൽ,
അവൾ മരിക്കുകയാണെങ്കിൽ...
ഒരു സഹോദരി ഉണ്ടെന്നു പറയുന്നത് നിങ്ങൾ നിർത്തുമോ?
അതോ ആ സമവാക്യത്തിന്റെ പകുതി ഇല്ലാതാകുമ്പോഴും നിങ്ങൾ എന്നും ഒരു സഹോദരിയായി തുടരുമോ?'