'പണി തീർത്തേക്കുക, എന്നാൽ കനിവോടെ ചെയ്യുക': അരുന്ധതി റോയി
പ്രിയ സുഹൃത്തേ, ഒരു ലേഖനവും ഒരു അഭിമുഖവും ചേർന്ന പുസ്തകമാണ് അരുന്ധതി റോയിയുടെ 'കനിവോടെ കൊല്ലുക' (ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇംഗ്ലീഷും മലയാള പരിഭാഷയും ഒന്നിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ആർക്കും ആകർഷകത്വം തോന്നുക സ്വാഭാവികം. ഉള്ളടക്കത്തിലാകെ നീറി
പ്രിയ സുഹൃത്തേ, ഒരു ലേഖനവും ഒരു അഭിമുഖവും ചേർന്ന പുസ്തകമാണ് അരുന്ധതി റോയിയുടെ 'കനിവോടെ കൊല്ലുക' (ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇംഗ്ലീഷും മലയാള പരിഭാഷയും ഒന്നിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ആർക്കും ആകർഷകത്വം തോന്നുക സ്വാഭാവികം. ഉള്ളടക്കത്തിലാകെ നീറി
പ്രിയ സുഹൃത്തേ, ഒരു ലേഖനവും ഒരു അഭിമുഖവും ചേർന്ന പുസ്തകമാണ് അരുന്ധതി റോയിയുടെ 'കനിവോടെ കൊല്ലുക' (ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇംഗ്ലീഷും മലയാള പരിഭാഷയും ഒന്നിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ആർക്കും ആകർഷകത്വം തോന്നുക സ്വാഭാവികം. ഉള്ളടക്കത്തിലാകെ നീറി
പ്രിയ സുഹൃത്തേ,
ഒരു ലേഖനവും ഒരു അഭിമുഖവും ചേർന്ന പുസ്തകമാണ് അരുന്ധതി റോയിയുടെ 'കനിവോടെ കൊല്ലുക' (ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇംഗ്ലീഷും മലയാള പരിഭാഷയും ഒന്നിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ആർക്കും ആകർഷകത്വം തോന്നുക സ്വാഭാവികം. ഉള്ളടക്കത്തിലാകെ നീറി നിൽക്കുന്ന വേദനയും ഉത്കണ്ഠയും നമ്മളെയുലയ്ക്കുക തന്നെ ചെയ്യും. ഈ തലക്കെട്ട് തന്നെ ശ്രദ്ധിക്കൂ - കനിവോടെ കൊല്ലുക! ഈ തലക്കെട്ട് പെട്ടന്ന് ഓർമിപ്പിക്കുന്ന ഒരു കഥയിലേക്ക് വരാം.
സാദത്ത് ഹസൻ മൺടോയുടെ 'അസൈൻമന്റ്' എന്ന കഥയാണത് (മൺടോയെക്കുറിച്ച് ഏറെ എഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്ത എം. എൻ. കാരശ്ശേരിയെപ്പോലൊരാൾ ഈ കാലത്തിനായി അത് തർജ്ജമ ചെയ്തിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുന്നു).
കഥയുടെ ചുരുക്കം ഇങ്ങനെയാണ്: അമൃത്‌സറിൽ ഹിന്ദു മുസ്ലിം കലാപം ഇടക്കിടയ്ക്ക് ഉണ്ടാവുകയും തനിയെ അടങ്ങുകയും ചെയ്യും. കലാപകാലത്ത് ഹിന്ദുഭൂരിപക്ഷ സ്ഥലത്തു നിന്ന് മുസ്ലീങ്ങൾ മുസ്ലീങ്ങൾ താമസിക്കുന്നിടത്തേക്കും മുസ്ലീങ്ങൾ ഉള്ളിടങ്ങളിലെ ഹിന്ദുക്കൾ ഹിന്ദുക്കൾ താമസിക്കുന്ന സ്ഥലത്തേക്കും മാറിത്താമസിക്കും. കലാപമടങ്ങുമ്പോൾ അവർ മടങ്ങിയെത്തും. ജീവിതം പഴയതുപോലെ തുടരും. കലാപത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. റമദാൻ കാലമാണ്. മുസ്ലീങ്ങൾ പലരും വീട് വിട്ടുപോയി. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലത്താണ് റിട്ടയർ ജഡ്ജ് മിയാൻ അബ്ദുൾ ഹായും അദ്ദേഹത്തിന്റെ പതിനേഴ് വയസ്സായ മകളും പതിനൊന്ന് വയസ്സായ മകനും എഴുപത് വയസ്സായ പരിചാരകനും താമസിക്കുന്നത്.
കലാപം തുടങ്ങുകയും പെട്ടെന്ന് അടങ്ങുകയും ചെയ്യുമെന്ന് മിയാൻ അബ്ദുൾ ഹായ്ക്ക് മുൻ അനുഭവങ്ങളിൽ നിന്നും അറിയാമായിരുന്നു. അദ്ദേഹം വീട്ടാവശ്യങ്ങൾക്കായി സാധനങ്ങൾ ശേഖരിച്ചു വെച്ചു. എന്നാൽ മുൻ കാലങ്ങളിലേപ്പോലെ കലാപം അവസാനിച്ചില്ല. ഉപ്പയോട് മകൾ പറയുന്നു, നമുക്ക് ഇവിടം വിട്ടുപോകാം എന്ന്. അയാൾ ശുഭാപ്തി വിശ്വാസത്തോടെ പറയുന്നു, എല്ലാം ശരിയാകുമെന്ന്. ഒരു ദിവസം അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടാവുന്നു. പുറത്ത് കലാപത്തിന്റെ ഭീകരത. അനിയൻ മരുന്ന് വാങ്ങാനായി പുറത്ത് പോകുന്നു.
വഴിയിൽ ഒരു ജഡം കണ്ട് അവൻ പേടിച്ച് തിരിച്ചുവരുന്നു. മിയാൻ അബ്ദുൾ ഹായിയുടെ മകൾ പരിചാരകനോട് ദേഷ്യപ്പെടുന്നു. യജമാനൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പേടിച്ച് ഇവിടെ ഇരിക്കുകയാണോ വേണ്ടതെന്ന് ചോദിച്ച്. അയാൾ പോകുന്നു. അയാൾ പിന്നീട് തിരിച്ചുവരുന്നില്ല. മിയാൻ അബ്ദുൾ ഹായിയുടെ ആരോഗ്യം കൂടുതൽ മോശമാകുന്നു. ഒരു ദിവസം വീട്ടിലെ കതകിലാരോ മുട്ടുന്ന ശബ്ദം കേട്ട് പതിനേഴ് വയസുകാരിയായ സുഹറ പേടിക്കുന്നു. അവൾ പേടിയോടെ ആരെന്ന് ചോദിക്കുന്നു. അത് ഗുരുമുഖ് സിംഗിന്റെ മകനായിരുന്നു.
ഗുരുമുഖ് സിംഗിനെ ഒരു കള്ളക്കേസിൽ നിന്നും മിയാൻ അബ്ദുൾ ഹായി രക്ഷപെടുത്തിയതിന്റെ നന്ദിസൂചകമായി കഴിഞ്ഞ പത്ത് വർഷമായി ഈദ് സമയത്ത് ഗ്രാമത്തിൽ നിന്നും സേവയ്യ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. ഗുരുമുഖ് സിംഗ് കഴിഞ്ഞമാസം മരിച്ചു. മരിക്കുംമുൻപ് ഈദിന് ജഡ്ജ് സാഹിബിനും കുടുംബത്തിനും സേവയ്യ കൊണ്ടുവന്ന് കൊടുക്കണമെന്ന് മകനെ ഏൽപ്പിച്ചിരുന്നു. സുഹറ അത് വാങ്ങി. ജഡ്ജ് സാഹിബ് വേഗം സുഖമാവട്ടെ എന്ന് പറഞ്ഞ് അയാൾ തിരിച്ചു പോകുന്നു. ആ വീട്ടിൽ നിന്നുള്ള തിരിവിൽവെച്ച് മുഖം മറച്ച നാലുപേർ അയാൾക്കെതിരെ വരുന്നു. അവർ അയാളോട് ചോദിച്ചു 'സർദാർജി നീ നിന്റെ ജോലി പൂർത്തിയാക്കിയോ?'
അയാൾ തലയാട്ടി. അതിലൊരാൾ ചോദിച്ചു, 'അപ്പോൾ ഞങ്ങൾക്കിനി ഞങ്ങളുടെ ജോലി ചെയ്യാമല്ലോ?'
'നിങ്ങളുടെ ഇഷ്ടം പോലെ', അയാൾ മറുപടി പറഞ്ഞിട്ട് നടന്നു പോയി.
ഈ കഥ നമ്മളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങൾ തന്നെയാണ് അരുന്ധതിയും പങ്കിടുന്നത്. ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ സംഭവിക്കുന്നതെന്തന്ന് നമുക്കറിയാം. ഒരു ജനതയെ തുടച്ചു നീക്കുക എന്ന കർമമാണ് അമേരിക്കൻ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ വലിയ ഒച്ചകൾ ഉണ്ടാക്കുകയും ക്രമേണ ആ ശബ്ദം നിലച്ചു പോവുകയുമാണല്ലോ ഏതൊരു വാർത്തയുടെയും ദുര്യോഗം. നമ്മുടെ ദിനപ്പത്രങ്ങളിൽ ടെലിവിഷൻ വാർത്തകളിൽ പലസ്തീനെതിരായ അക്രമങ്ങളുടെ വാർത്ത നിശ്ശേഷം അപ്രത്യക്ഷമായിരിക്കുന്നു! ഈ സമയത്ത് നമ്മൾ ഓർക്കേണ്ടതും സംസാരിക്കേണ്ടതുമായ ചില കാര്യങ്ങൾ അരുന്ധതി പറയുന്നു:
ഒന്ന് - ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മുടെ ധാർമ്മിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു.
രണ്ട് - നമ്മുടെ രാജ്യത്തെ എഴുത്തുകാരും ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്.
മൂന്ന് - നാം നിശ്ശബ്ദരാവുമ്പോൾ ഇസ്രേയലികൾ നടത്തുന്ന കൂട്ടക്കൊലയിൽ നമ്മളും പങ്കാളികളാവുകയാണ്.
ചില സംഘർഷഭൂമികൾ (കാശ്മീർ, പലസ്തീൻ) ഉയർത്തുന്ന മാനവികതയുടെ പ്രശ്നങ്ങൾ ഇനിയുള്ള കാലത്ത് ഏതുവിധമാവും പരിഹരിക്കപ്പെടുക എന്നുള്ള ചിന്ത കുറച്ചുപേരിലെങ്കിലും അവശേഷിക്കുന്നുണ്ടാവും. അതുകൊണ്ടാണ് അരുന്ധതിയെപ്പോലുള്ളവർ നിരന്തരമായി തങ്ങളുടെ ആവലാതികൾ ജനങ്ങളോട് നിരന്തരം പറയുന്നത്. അരുന്ധതി 1937 ൽ വിൻസ്റ്റൺ ചർച്ചിൽ പലസ്തീൻ ജനതയോട് പറഞ്ഞത് ഉദ്ധരിക്കുന്നു: പുൽത്തൊട്ടിയിൽ കിടന്ന നായ വളരെക്കാലം അതിൽ കിടന്നു എന്നതിനാൽ പുൽത്തൊട്ടിയുടെ അവകാശം നായ്ക്കാണെന്ന വാദത്തെ എനിക്ക് അംഗീകരിക്കാനാവില്ല. ആ അവകാശം ഞാൻ സമ്മതിച്ചു കൊടുക്കുകയില്ല.
അമേരിക്കയിലെ റെഡ് ഇന്ത്യക്കാരോടും ഓസ്ട്രേലിയയിലെ കറുത്തവരോടും മഹാ അപരാധം ചെയ്തുവെന്ന വാദത്തോടും എനിക്ക് യോജിപ്പില്ല. കൂടുതൽ ശക്തരായ ജനത, ഉന്നത ഗണത്തിൽപ്പെട്ട ജനത, ലോകോത്തര ബുദ്ധിവൈഭവമുള്ള ജനത,ഇക്കൂട്ടരുടെ സ്ഥാനം കൈയ്യടക്കിയെന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല. 1969-ൽ ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡാമെയർ പറഞ്ഞു 'പലസ്തീൻ നിൽക്കാൻ പാടില്ല'.
ചരിത്രം ഇങ്ങനെ: 1947ൽ ഐക്യരാഷ്ട്ര സംഘടന പലസ്തീൻ പ്രദേശത്തെ വിഭജിച്ച് 55 ശതമാനം പലസ്തീൻ ഭൂമി സിയോണിസ്റ്റുകൾക്ക് നൽകി. ഒരു വർഷത്തിനുള്ളിൽ അവർ 76 ശതമാനം ഭൂമി ആക്രമിച്ച് കീഴടക്കി. 1948 മെയ് 14ന് ഇസ്രയേൽ രാഷ്ട്രപ്രഖ്യാപനം നടന്നു. പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ അമേരിക്ക ഇസ്രയേലിനെ അംഗീകരിച്ചു. ജോർഡാൻ വെസ്റ്റ് ബാങ്ക് ആക്രമിച്ച് സ്വന്തം ഭൂപ്രദേശത്തോട് കൂട്ടിച്ചേർത്തു. ഗാസ ചീന്ത് ഈജിപ്ഷ്യൻ മിലിട്ടറിയുടെ അധീനതയിലായി. അങ്ങനെ അഭയാർത്ഥികളായി മാറ്റപ്പെട്ട ലക്ഷക്കണക്കായ പലസ്തീനികളുടെ മനസ്സിലൊഴികെ പലസ്തീൻ എന്ന രാഷ്ട്രം ഇല്ലാതായി!
1947 എന്ന വർഷം നമുക്ക് എത്ര പ്രിയപ്പെട്ടതെന്ന് അറിയാം. ചരിത്രത്തിലെ ഈ സ്വാതന്ത്ര്യ വർഷം ഇന്ന് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതോടെ ഇരുണ്ട യുഗത്തിലേക്ക് ആഴ്ന്ന് പോകുന്നതിന് നമ്മൾ സാക്ഷികളാകേണ്ടി വരും. ഇവിടെ നിന്ന് കുടിയിറക്കപ്പെടേണ്ടി വരുന്നവർ, ജയിലുകളിൽ പാർക്കപ്പെടേണ്ടി വരുന്നവർ, അവരുടെ മനസ്സിലെ ഇന്ത്യ എന്തായിരിക്കും? അത് ആരുടെ ഇന്ത്യയായിരിക്കും?
യുദ്ധമെന്നത് മനുഷ്യക്കുരുതിയും മിസൈൽ വർഷങ്ങളും മാത്രമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആഭ്യന്തരമായ യുദ്ധങ്ങളാൽ നിശ്ശബ്ദരാക്കപ്പെടുന്ന ഒരു ജനത ഇവിടുണ്ടെന്ന് നാമറിയാതെ പോവുന്നു. ഇവിടെയാണ് പണ്ട് പ്രധാനമന്ത്രി പറഞ്ഞ കാറിനടിയിൽ പെട്ടുപോയ നായയുടെ ഉദാഹരണം ചർച്ചിൽ പറഞ്ഞ നായയുടെ ഉദാഹരണവുമായി താരതമ്യപ്പെടുത്തേണ്ടത്. എന്തുകൊണ്ട് അധിപത്യത്തിന്റെ ഉപമകൾ പോലും കാല വ്യത്യാസമില്ലാതെ ഒരേ ഭാഷ സംസാരിക്കുന്നു?
പലസ്തീൻ ജനത അന്തസ്സ് നഷ്ടപ്പെട്ട് ജീവിക്കുമ്പോൾ അവർ ചാവേറുകളാവുകയും അത് പലസ്തീൻ ജനതയ്ക്ക്മേൽ കൂടുതൽ സംശയവും വെറുപ്പും പ്രതികാരനടപടിയും സൃഷ്ടിക്കുന്നുവെന്ന് അരുന്ധതി എഴുതുന്നു. അമേരിക്കയുടെ സൈനിക പിന്തുണയോടെയാണ് ഇസ്രയേൽ പലസ്തീനിൽ വംശഹത്യ നടത്തുന്നത്.
അരുന്ധതി ഇങ്ങനെയാണ് ഈ ആക്രമത്തെ വിശദീകരിക്കുന്നത്: ഉദ്യോഗസ്ഥപ്രഭുക്കളിലൂടെ വായിക്കുമ്പോൾ യു. എസ്. പറയുന്നതായി തോന്നിയത്; 'പണി തീർത്തേക്കുക. എന്നാൽ കനിവോടെ ചെയ്യുക' ഈ ആഹ്വാനത്തിന്റെ നിശ്ശബ്ദമായ അംഗീകാരമായിരുന്നു മൺടോയുടെ കഥയിൽ വായിച്ചത്. വർഷങ്ങൾക്കിപ്പുറം നമ്മൾ അവരുടെ 'ജോലി' ചെയ്യട്ടെ എന്ന നിശ്ശബ്ദ അംഗീകാരം നൽകുന്നു. ഭയാനകമാണ് ആ അവസ്ഥ.
അരുന്ധതി ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു: 'ആകയാൽ ദയവായി ഇസ്രായേലിന്റെയും പലസ്തീനിന്റെയും നന്മയ്ക്കായി, ജീവിച്ചിരിക്കുന്നവരുടേയും മരിച്ചുപോയവരുടേയും നന്മയ്ക്കായി, ഹമാസ് ബന്ധികളാക്കി വച്ചിരിക്കുന്നവരുടേയും ഇസ്രയേലി തടവറയിൽ കഴിയുന്ന പലസ്തീനികളുടെ നന്മയ്ക്കുവേണ്ടി, മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി ഈ കുരുതി അവസാനിപ്പിക്കൂ.'
'സാമ്രാജ്യത്തെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിക്കാം' അവ്നി സേജ്പാൽ അരുന്ധതി റോയിയുമായി നടത്തിയ ദീർഘസംഭാഷണമാണ്. അരുന്ധതിയുടെ രണ്ടാമത്തെ നോവൽ 'പരമാനന്ദത്തിന്റെ മന്ത്രാലയ'ത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർത്തമാനം. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യാവസ്ഥയെ, നവലിബറൽ കാലത്തെ, അതിസൂക്ഷമമായി വിശകലനം ചെയ്യുന്നു അവർ.
ഒന്ന് - ദേശീയതുടെ പ്രത്യേക വീര്യമുള്ള ഒരു ധാരയാണ് വംശീയദേശീയത.
രണ്ട് - ആദ്യം അവർ കൊടുങ്കാറ്റിനെ സൃഷ്ടിക്കുന്നു. പിന്നീട് വംശീയദേശീയവാദികൾ പുറത്തിറങ്ങി കാറ്റിനെ ഉപയോഗിക്കാൻ തുടങ്ങുന്നു.
മൂന്ന്- ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യ, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ധൃതിപിടിച്ച് അധിനിവേശ പ്രവർത്തനങ്ങൾ നടത്തുന്നു.
നാല് - മുതലാളിത്തമാണ് പുതിയ സാമ്രാജ്യം. വെള്ളക്കാരായ മുതലാളിമാരാണ് മുതലാളിത്തത്തെ പ്രവർത്തിപ്പിക്കുന്നത്.
നുണയുടെയും ആർത്തിയുടെയും അപരവിദ്വേഷത്തിന്റെയും ഈ കാലത്ത് യാഥാർത്ഥ്യം ഒരാൾക്ക് തിരിയുവാൻ ഏറെ ബുദ്ധിമുട്ടാണ്. നേരിലേക്കുള്ള ഈ ദൂരത്തെ പലവിധ മാർഗങ്ങളാൽ അടച്ചുകളയുക എന്നതാണ് ഭരണകൂട സാമർത്ഥ്യം. ഇതിനോടുള്ള ദുർബലരായ മനുഷ്യരുടെ നിരന്തരമായ പോരാട്ടമെന്നാൽ അവർ തങ്ങൾക്കാവും വിധം അതെത്ര താഴ്ന്ന ഒച്ചയിലാണെങ്കിലും സംസാരിക്കുക എന്നതു മാത്രമാണ്. ഇന്ത്യയിലെ അപൂർവ്വം ധീരമായ ശബ്ദങ്ങളിലൊന്നായി അരുന്ധതി റോയി മാറുന്നത് ഈ വിട്ടുവീഴ്ചയില്ലായ്മയിലാണ്.
സ്നേഹപൂർവ്വം
UiR