പ്രതീക്ഷയുടെ വിധിയെഴുതി വിപ്ലവം; സർഗാത്മക സത്യം അന്വേഷിച്ച രൗദ്രസാത്വികവും
ഒരു നൂറ്റാണ്ടു മുൻപ് പ്രതീക്ഷയുടെ മറുവാക്കായിരുന്നു വിപ്ലവം. സോവിയറ്റ് യൂണിയനു വേണ്ടി ചുവപ്പുപരവതാനി വിരിക്കാൻ ലോകരാജ്യങ്ങൾ കാത്തുനിന്ന കാലം. അതേ വിപ്ലവം ഇന്ന് കൊടിയ ദുരന്തത്തിന്റെ പ്രതീകമായി; പ്രതിരൂപവും. സോവിയറ്റ് യൂണിയന്റെ പ്രമുഖ അവശിഷ്ടമായ റഷ്യ അണുബോംബ് കാണിച്ച് സഹോദര രാജ്യത്തെ
ഒരു നൂറ്റാണ്ടു മുൻപ് പ്രതീക്ഷയുടെ മറുവാക്കായിരുന്നു വിപ്ലവം. സോവിയറ്റ് യൂണിയനു വേണ്ടി ചുവപ്പുപരവതാനി വിരിക്കാൻ ലോകരാജ്യങ്ങൾ കാത്തുനിന്ന കാലം. അതേ വിപ്ലവം ഇന്ന് കൊടിയ ദുരന്തത്തിന്റെ പ്രതീകമായി; പ്രതിരൂപവും. സോവിയറ്റ് യൂണിയന്റെ പ്രമുഖ അവശിഷ്ടമായ റഷ്യ അണുബോംബ് കാണിച്ച് സഹോദര രാജ്യത്തെ
ഒരു നൂറ്റാണ്ടു മുൻപ് പ്രതീക്ഷയുടെ മറുവാക്കായിരുന്നു വിപ്ലവം. സോവിയറ്റ് യൂണിയനു വേണ്ടി ചുവപ്പുപരവതാനി വിരിക്കാൻ ലോകരാജ്യങ്ങൾ കാത്തുനിന്ന കാലം. അതേ വിപ്ലവം ഇന്ന് കൊടിയ ദുരന്തത്തിന്റെ പ്രതീകമായി; പ്രതിരൂപവും. സോവിയറ്റ് യൂണിയന്റെ പ്രമുഖ അവശിഷ്ടമായ റഷ്യ അണുബോംബ് കാണിച്ച് സഹോദര രാജ്യത്തെ
ഒരു നൂറ്റാണ്ടു മുൻപ് പ്രതീക്ഷയുടെ മറുവാക്കായിരുന്നു വിപ്ലവം. സോവിയറ്റ് യൂണിയനു വേണ്ടി ചുവപ്പുപരവതാനി വിരിക്കാൻ ലോകരാജ്യങ്ങൾ കാത്തുനിന്ന കാലം. അതേ വിപ്ലവം ഇന്ന് കൊടിയ ദുരന്തത്തിന്റെ പ്രതീകമായി; പ്രതിരൂപവും. സോവിയറ്റ് യൂണിയന്റെ പ്രമുഖ അവശിഷ്ടമായ റഷ്യ അണുബോംബ് കാണിച്ച് സഹോദര രാജ്യത്തെ ഭീഷണിപ്പെടുത്തുന്നു. സാർ ഭരണകൂടത്തെപ്പോലും തോൽപിക്കുന്ന ഏകാധിപത്യത്തിന്റെ പുതിയ അവതാരമായ പുട്ടിൻ, സാക്ഷാൽ ജോസഫ് സ്റ്റാലിനെപ്പോലെ കടത്തിവെട്ടുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിൽ. എതിരാളികളെ ഉൻമൂലനം ചെയ്യുന്നതിൽ. പ്രതിപക്ഷത്തെ നിർവീര്യമാക്കുന്നതിൽ. ലോകം മൂക സാക്ഷിയാണ്. പുതിയ വിപ്ലവത്തിന്റെ കേളികൊട്ട് എങ്ങും കേൾക്കാനില്ല. പ്രതീക്ഷയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.
കവികളും കലാകാരൻമാർ പോലും നിശ്ശബ്ദരാണ്. മരണം പേടിപ്പിക്കുന്ന സത്യവും അവശിഷ്ട ജീവിതത്തിൽ കടിച്ചുതൂങ്ങാനുള്ള അവസാനത്തെ കച്ചിത്തുരുമ്പുമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചു പാടുന്നതിനേക്കാൾ ഏകാധിപത്യത്തെ സ്തുതിക്കുന്നതിൽ മത്സരിക്കുന്നവരുടെ എണ്ണം കൂടുന്നു. സാത്വികത അപൂർവവും രൗദ്രം സർവസാധാരണവുമായ കാലത്താണ് രൗദ്രസാത്വികത്തിന് പ്രഭാവർമയിലൂടെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സരസ്വതി സമ്മാനം ലഭിക്കുന്നത്. മലയാളത്തിലെ എണ്ണപ്പെട്ട കവികളുടെ നിരയിലേക്ക് ഉയർത്തുന്ന ബഹുമതി. രൗദ്രസാത്വികത്തിന്റെ പശ്ചാത്തലം സോവിയറ്റ് യൂണിയനാണ്. വിപ്ലവമാണ്. പ്രതിവിപ്ലവമാണ്. ത്യാഗവൂം പ്രതിബദ്ധതയും സ്വാർഥതയോടും വഞ്ചനയോടും ഏറ്റമുട്ടുന്ന കാലപരിണതിയാണ്.
സർഗാത്മകമായ സത്യാന്വേഷണമെന്നാണ് രൗദ്രസാത്വികത്തെ കവി വിശേഷിപ്പിക്കുന്നത്. യാഥാർഥ്യത്തിൽ നിന്ന് ഭാവനയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സങ്കീർണ ഘടന. വിപ്ലവകാരിയുടെ വീക്ഷണം വിശകലനം ചെയ്യുന്ന, കവി കർമത്തെ സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കുന്ന, മനസ്സും മനഃസാക്ഷിയും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രമേയമാക്കുന്ന കാവ്യം. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്ന ‘മഹാകാവ്യ’ത്തിന്റെ
പിന്തുടർച്ച എന്നുപോലും വിശേഷിപ്പിക്കാവുന്ന കാവ്യം. അരനൂറ്റാണ്ടിനു ശേഷവും മലയാളിയുടെ സാഹിത്യ ചക്രവാളത്തിൽ പ്രകമ്പനങ്ങളുയർത്താൻ ശേഷിയുള്ളതാണ് കുടിയൊഴിക്കൽ. എന്നാൽ രൗദ്രസാത്വികം എത്ര വർഷം അതിജീവിക്കുമെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് പുരസ്കാരങ്ങളല്ല, കാലമാണ്. വിപ്ലവത്തെ വിരൂപമാക്കിയ അതേ കാലം. പ്രതീക്ഷയെ നിരാശയാക്കിയ അതേ ലോകം. ഏകാധിപത്യത്തെ പുതിയ കാലത്തിന്റെ പ്രത്യയശാസ്ത്രമാക്കിയ അതേ ചരിത്രം.
വിപ്ലവകാരിയായ കാലയേവ് ഒരു മഹാദൗത്യത്തിന് നിയോഗിക്കപ്പെടുന്നു. സാർ ചക്രവർത്തിയെ ബോംബ് എറിഞ്ഞു കൊല്ലാൻ. മോട്ടർ വാഹന പരമ്പരയുടെ അകമ്പടിയോടെ എത്തുന്ന സാറിനു നേരെയാണ് ബോംബ് എറിയേണ്ടത്. മുൾപ്പടർപ്പിൽ അയാൾ ഒളിച്ചിരിക്കുന്നു. വാഹനവ്യൂഹം ഇരമ്പിയെത്തുന്നു. ബോംബുമായി കൈ ഉയർത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. സാറിന്റെ മടിയിൽ ഇരിക്കുന്ന കൊച്ചുകുട്ടിയുടെ മുഖത്തെ നിഷ്കളങ്കത കാലയേവിനെ പിന്തിരിപ്പിക്കുന്നു. ആദർശത്തേക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ എത്രയോ തീവ്രമാണ് ഒരു കൊച്ചുകുട്ടിയുടെ ചിരി. പുസ്തകങ്ങൾ ആഹ്വാനം ചെയ്യുന്ന വിപ്ലവം അപ്രസക്തമാകുന്ന നിമിഷം. ആണയിട്ടു പഠിച്ച ആപ്തവാക്യങ്ങൾ മറന്നുപോകുന്ന സന്ദർഭം.
ഒരു നിമിഷത്തെ വൈകാരിക ദൗർബല്യത്തിന്റെ പേരിൽ കാലയേവ് വേട്ടയാടപ്പെടുന്നു. വിപ്ലവകാരി പ്രതിവിപ്ലവകാരിയാകുന്നു. ഒളിച്ചോടുന്ന കാലയേവ് സഹ വിപ്ലവകാരിയുടെ വീട്ടിൽ അഭയം തേടിയെത്തുന്നു. സുഹൃത്തിന്റെ അമ്മ അയാൾക്ക് അഭയം കൊടുക്കുന്നു. എന്നാൽ തൊട്ടുപിന്നാലെ സൈന്യം ഇരമ്പിയെത്തുന്നു. സാറിനെ വധിക്കാൻ ശ്രമിച്ച വിപ്ലവകാരിയെ പിന്തുടർന്ന്. വീടിനുള്ളിൽ കടന്നവനെവിടെ എന്ന ചോദ്യത്തിന് കാലയേവിനെ കാണിച്ചുകൊടുക്കാതെ ആ അമ്മ ഇളയമകനെ ചൂണ്ടിക്കാണിക്കുന്നു. സൈനിക ജനറൽ നിറയൊഴിച്ചു. ബലിയാക്കപ്പെട്ടത് വിപ്ലവകാരിയല്ലാത്തയാൾ. വിപ്ലവത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വം.
മകനെ മടിയിൽ ചേർത്തു വാവിട്ടു കരയുന്ന അമ്മ. അവിടെ ഭിത്തിയിൽ അവർക്കുമേലെ ഒരു ചിത്രമുണ്ടായിരുന്നു. ക്രൂശിൽ നിന്നിറക്കിയ മകനെ മടിയിൽ കിടത്തി ഇരിക്കുന്ന നിത്യകന്യക.
അവർക്കു മുകളിൽ കാണാ–
മൊട്ടുമങ്ങിക്കറുത്തതാം
ചില്ലനപ്പുറമായ് മങ്ങാ–
തുള്ള ചിത്ര,മൊരോർമ പോൽ
അതിലുണ്ടമ്മ; ക്രൂശിൽ നി–
ന്നിറക്കി പ്രിയപുത്രനെ
മടിയിൽ താങ്ങിയുള്ളാലേ
കരയും നിത്യകന്യക !
രൗദ്രസാത്വികത്തെ മഹാകാവ്യമായി ഉയർത്താൻ ശേഷിയുള്ള സവിശേഷ സന്ദർഭങ്ങളിലൊന്നാണിത്. എന്നാൽ ഉജ്വല നിമിഷത്തിന്റെ വൈകാരികതയെ പൂർണമായി ആവാഹിക്കുന്നതിൽ കവി വിജയിച്ചോ എന്ന സംശയം ബാക്കിയാണ്.പ്രതീക്ഷ വാഗ്ദാനം ചെയ്ത വിപ്ലവത്തെപ്പോലെ എന്നുമോർമിക്കുന്ന വരികളാകാൻ കഴിയാതെ കവിത ഇവിടെ ഉപരിപ്ലവമാകുന്നു. മഹത്തായ നിമിഷത്തിന്റെ നിഴൽച്ചിത്രം വരയ്ക്കാൻ മാത്രമേ കവിക്കു കഴിയുന്നുള്ളൂ. അനശ്വരതയെ ആശ്ലേഷിക്കാൻ കഴിയാതെ വരികളും ഭാവവും വിറകൊള്ളുന്നു.
കാലയേവ് എന്ന വിപ്ലവകാരിയെ സാഹസികമായി പിന്തുടരുകയും അയാളുടെ ജീവിത നാടകങ്ങളെ കഥകളിലൂടെയും ഉപകഥകളിലൂടെയും പിന്തുടരുകയും ചെയ്യുന്ന കവി, ധർമസങ്കടത്തിന്റെ ഒട്ടേറെ നിമിഷങ്ങളെ കവിതയിൽ അവതരിപ്പിക്കുന്നുണ്ട്. കവിത മറ്റേതു കലാരൂപത്തേക്കാളും ഉപരി വെന്നിക്കൊടി പാറിക്കേണ്ട സന്ദർഭങ്ങൾ ഇനിയുമുണ്ട്. കവിതയുടെ ശുദ്ധ സൗന്ദര്യത്തെ പുൽകുന്ന വരികൾ നൈസർഗികമായി ഉയരുന്നുണ്ടെങ്കിലും അപൂർവമാണ്.
പിടഞ്ഞുപിടഞ്ഞൊടുങ്ങീടുമാ ശ്വാസത്തിന്റെ
അതിലോലമാം വീചി നേർത്തുനേർത്തു ചെന്നൊരു
മഴയിൽ മല പോലെ വാർന്നുവീഴുന്നു; വനം
ശ്രുതി മീട്ടുന്നു ; മഴപ്പാട്ടിന്നു കാതോർക്ക നാം.
കാലപ്രവാഹത്തിൽ ഈണവും താളവും തെറ്റി, വാക്കുകളുടെ കരുത്തിൽ മാത്രം ആധുനിക കവിത അതിജീവിക്കാൻ ദയനീയമായി ശ്രമിക്കുമ്പോഴാണ് ശുദ്ധകവിതയുടെ താളം കണ്ടെത്താൻ പ്രഭാവർമ ശ്രമിക്കുന്നത്. നല്ല കവിത ചൂണ്ടിക്കാണിക്കാൻ പോലും ഇല്ലാത്ത കാലത്ത് പുതിയ തലമുറ വായിക്കേണ്ടത് ഉള്ളിൽത്തട്ടുന്ന കവിതയാണ്. വരികൾ വാർന്നുവീഴുന്നതിന്റെ നൈസർഗികത, ഒറ്റ വായനയിൽ തന്നെ മനഃപാഠമാകുന്ന വരികൾ, ഹൃദയത്തിൽ ആവർത്തിക്കുന്ന മാറ്റൊലികൾ എന്നിവയാൽ സമ്പന്നമായ നമ്മുടെ സ്വന്തം കവിത. മലയാളത്തിന്റെ കരുത്ത് വെളിപ്പെടുത്തിയ വരികൾ. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ തന്നെ മികച്ച ഉദാഹരണം.
ആയിരം പേജിൽ അനായാസം പറയാവുന്ന പ്രതിവിപ്ലവത്തിന്റെ കഥ കാച്ചിക്കുറുക്കി നൂറു പേജിൽ താഴെ ചുരുക്കിയപ്പോൾ ഓരോ വരിക്കുമുണ്ട് ഒരു വലിയ കവിതയുടെ ധ്വനനശേഷി. സാന്ദ്രത. അഗാധത. ആഴവും പരപ്പും വിശാലതയും. എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് എന്നു കവി ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞത് കാലമാണ്. കാലത്തിന് ഇന്നും മങ്ങലേൽപിക്കാൻ കഴിയാത്ത ഭാവപ്രപഞ്ചത്തെ ആവിഷ്കരിച്ച്. ഉചിത വാക്കുകളും വരികളും സഹജ സംഗീതവും നിറച്ച്. അനുവാദം ചോദിക്കാതെ ഓർമയിൽ ഓടിയെത്തുന്ന വരികളുടെ സമ്പന്നത നഷ്ടമായ കാലത്താണ് പ്രഭാവർമ നല്ല കവിതയിലേക്ക് വായനക്കാരെ മടക്കി വിളിക്കുന്നത്. ആ ശ്രമത്തിനു തന്നെയാണ് പുരസ്കാരം ലഭിച്ചതും.
രൗദ്രസാത്വികം ആഖ്യായിക എന്ന നിലയിൽ ധർമം നിറവേറുന്നുണ്ട്. സങ്കീർണമായ ജീവിതവും ഏറെ മാനങ്ങളുള്ള ചരിത്ര സന്ദർഭവും അതിസാഹസികമായി കവിതയ്ക്കു വിഷയമാക്കി ആദിമധ്യാന്തത്തോടെ കഥ അവതരിപ്പിക്കുന്നതിൽ വിജയിക്കുന്നുമുണ്ട്. എന്നാൽ, കാവ്യം എന്ന നിലയിൽ അസ്തിത്വം കണ്ടെത്തുന്നത് അപൂർവമായി മാത്രമാണ്. ശൈലിയുടെ പരിമിതിയെ അതിലംഘിക്കുന്നതിൽ കവി (കവിതയും) വിജയിക്കുന്നില്ല. കവിതയ്ക്കു പകരം വയ്ക്കാൻ ആഖ്യായികയ്ക്കു കഴിയില്ല. കവിതയുടെ കടലിനു പകരമാവാൻ നാടകീയതയുടെ പുഴയ്ക്കോ അരുവിക്കോ കഴിയില്ല. കവിതയ്ക്കു പകരം കവിത മാത്രം എന്ന തിരിച്ചറിവ് കൂടി പകർന്ന് കവിത അവസാനിക്കുന്നു.
ഇത്രമേൽ തേജസ്സോടെ, ഇത്രയാനന്ദത്തോടെ
അസ്തമിച്ചിട്ടില്ലേതു സൂര്യനുമിന്നേവരെ.
ഇത്രശാന്തിയോടിത്ര സൗന്ദര്യപൂരത്തോടെ
അസ്തമിക്കയില്ലേതു സൂര്യനുമൊരിക്കലും !