പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുടെ ഭാരം; സർഗ്ഗാത്മകതയിലെ ഭ്രാന്തായി മാറിയ കമല സുരയ്യയും വെർജീനിയ വൂൾഫും
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടേയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്.
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടേയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്.
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടേയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്.
മാർച്ചുമാസം വർധിച്ചു വരുന്ന സൂര്യതാപത്തോടെ മാർച്ച് ചെയ്യുകയാണ്. ഈ മാസം 8-ാം തിയതി അന്താരാഷ്ട്ര വനിതാദിനം ആയിരുന്നെങ്കിൽ മാസം മുഴുവനും സ്ത്രീകളുടെ ചരിത്ര മാസമായി ആചരിക്കുവാൻ പല രാഷ്ട്രങ്ങളും തീരുമാനമെടുത്തത് ആവേശകരമായ കാര്യമാണ്. ആദ്യകാല ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെത്തുടർന്ന് സ്ത്രീകളുടെ തുല്യാവകാശങ്ങൾക്കു വേണ്ടി, തൊഴിൽ സമയം കുറച്ച് ന്യായമായ വേതനത്തിനും വോട്ടവകാശത്തിനും വേണ്ടി, അക്രമ വിരുദ്ധ, യുദ്ധവിരുദ്ധ സമരങ്ങളുടെ സമാധാന സന്ദേശവുമായി മാർച്ച് 8 വനിതാദിനമായി ആഘോഷിക്കുവാനുള്ള തുടക്കം കുറിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെയായി.
ഇന്ന് സ്ത്രീകളുടെ അവകാശങ്ങളെയും സമരങ്ങളെയും കുറിച്ചു മാത്രമല്ല അവർ നടത്തിയ സുപ്രധാന കാൽവെയ്പുകളെയും കൈവരിച്ച നേട്ടങ്ങളെയും കുറിച്ചുള്ള അവബോധം വളരെയധികം മേഖലകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സാഹിത്യത്തിലും മറ്റ് വിജ്ഞാന മണ്ഡലങ്ങളിലും ലോകമെമ്പാടുമുള്ള സ്ത്രീകളായ എഴുത്തുകാരും അവരുടെ രചനകളും അതിന്റെ ചാലകശക്തിയായിരുന്നു.
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടെയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്. ഈ രണ്ടെഴുത്തുകാരികളും മിഥ്യക്കും തഥ്യക്കുമിടയിൽ, ഭ്രാന്തവിഭ്രാന്തികളുടെ അതിർവരമ്പുകളിൽ, സർഗ്ഗാത്മകമായി എങ്ങനെ കാലത്തിലൂടെ സഞ്ചരിക്കുന്നുവെന്നത് ആഴത്തിലുള്ള ഒരു താരതമ്യ പഠനത്തിന് സാധ്യത നൽകുന്നുണ്ട്. താരതമ്യം എന്ന് പറയുമ്പോൾ അവരിലുള്ള വ്യത്യാസങ്ങളും നിരവധിയാണ്. എന്നാൽ അവരുടെ സ്വത്വകൽപനകൾ കൂട്ടിമുട്ടുന്ന പല നിർണായക സന്ധികളുണ്ട്.
History-യെ his story എന്ന് പിരിച്ചെഴുതുന്നതിൽ വലിയ അതിശയോക്തിയില്ല. പുരുഷാധിപത്യപരമായ നോട്ടത്തിലൂടെയാണ് മാനവ ചരിത്രം പൊതുവെ രചിക്കപ്പെട്ടിട്ടുള്ളത്. ഷേക്സ്പിയർക്കൊരു സഹോദരിയുണ്ടായിരുന്നെങ്കിൽ അവർ അദ്ദേഹത്തെ പോലെ ഒരു മഹാകവിയാകുമായിരുന്നോ എന്ന് വെർജീനിയ വൂൾഫ് തന്റെ 'സ്വന്തമായൊരു മുറി' എന്ന ലേഖനത്തിൽ ചോദിക്കുന്നുണ്ട്. സ്ത്രീ ചരിത്രത്തെ, Her story-യെ, സംബന്ധിച്ച നിർണായകമായ ഒരു ചോദ്യമായിരുന്നു അത്. ജീവിതത്തെയും എഴുത്തിനെയും സ്വന്തം കർതൃത്വത്തിൽ അനിഷേധ്യമായി പ്രതിഷ്ഠിച്ച 'My Story' യുടെ കഥാകാരി - മാധവിക്കുട്ടി എന്ന കമലാ ദാസ് എന്ന കമല സുരയ്യ ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വലിയൊരു ഗെയിം ചേഞ്ചർ ആയി മാറി.
കമലാ ദാസ് തന്റെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, സ്വന്തം ശബ്ദത്തിൽ, സ്വന്തം ജീവിതത്തെക്കുറിച്ച് മുൻപ് കണ്ടിട്ടില്ലാത്ത വിധം തുറന്നതും വിശദാംശങ്ങളിലൂന്നിയതും, വികാര തീവ്രവുമായ ശൈലിയിൽ സംസാരിച്ചു. സ്ത്രീ ലൈംഗികതയും ആഗ്രഹങ്ങളും ആദ്യമായി ഇത്ര വ്യക്തമായും ആർദ്രമായും പകർത്തിയത് ഈ 'എന്റെ കഥ'യുടെ കഥാകാരിയാണ്. അവർ ഒരു ഇതിഹാസമാണ്. ഇന്ത്യയിലെ സ്ത്രീകളുടെ എഴുത്തിന്റെ നിയമങ്ങൾ അവർ മാറ്റിമറിച്ചു. ഒരു സ്ത്രീ ഇന്ന് ഇത്ര തുറന്ന മനസ്സോടെയും ധൈര്യത്തോടെയും തന്റെ എല്ലാ ആഗ്രഹങ്ങളും പോരാട്ടങ്ങളോടു കൂടി സ്വയം മനസ്സിലാക്കി എഴുതുന്നുവെങ്കിൽ, ആമി, അവരെ സ്നേഹപൂർവ്വം വിളിക്കുന്നതുപോലെ, ഈ മേഖലയിലെ അനിഷേധ്യ ശബ്ദമായിരുന്നു. അവരുടെ ഭാഷയും ചിത്രങ്ങളും, അതിരുകൾ ഭേദിച്ച്, വസ്തുതയ്ക്കും കെട്ടുകഥയ്ക്കും ഇടയിൽ സ്വതന്ത്രമായി ഒഴുകുന്നു, അതിശയിപ്പിക്കുന്നു.
വെർജീനിയ വൂൾഫാകട്ടെ, സാഹിത്യത്തിലും സിനിമയിലും ഇന്നും ഇത്രയേറെ പുന:സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന എഴുത്തുകാരി; അവരുടെ ജീവചരിത്രത്തിന്റെ ചരടുകളെ, കലയ്ക്കും ജീവിതത്തിനുമിടയ്ക്ക് ഇഴ പിരിച്ചെടുക്കുക അത്ര എളുപ്പമല്ല. സർഗാത്മകതയുടെ ഭ്രാന്തമായ അവസ്ഥയും, ഭ്രാന്തിന്റെ സാമൂഹിക മനഃശാസ്ത്രവും എഴുത്തുകാരികളെന്ന നിലയിൽ നേരിടുന്ന വെല്ലുവിളികളും അതിജീവനവും ഈ വ്യക്തിത്വങ്ങളുടെ ആവിഷ്കാരങ്ങളിൽ കാണാം. കുടുംബവും സമൂഹവും, ശരീരവും മനസ്സും ഈ സർഗ്ഗാത്മക യാത്രകളിൽ എങ്ങനെ കൈകോർക്കുകയും വഴിപിരിയുകയും ചെയ്യുന്നുവെന്നും. ആത്മാവ് നഷ്ടപ്പെട്ട് ഭാരമേറിയ ശരീരവുമായി ആശുപത്രി വിടുന്ന 'എന്റെ കഥ'യുടെ കഥാകാരി, ഭാരമേറിയ കല്ലുകൾ വസ്ത്രത്തിന്റെ പോക്കറ്റിൽ നിക്ഷേപിച്ച് വീട് വിട്ടിറങ്ങി മരണത്തിലേക്ക് നടക്കുന്ന വൂൾഫ്.
ഈ എഴുത്തുകാരുടെ ധാരകളിലെ സ്വവർഗരതിയെയും, ഉഭയലൈംഗികതയെയും കുറിച്ച് വളരെയധികം പറഞ്ഞിട്ടുണ്ട്. എങ്കിലും അവ വ്യാഖ്യാനത്തിന് അവസരം നൽകുന്ന ഒരുതരം നിഗൂഢതയുടെ കവചത്തിൽ മൂടപ്പെട്ടിരിക്കുന്നു. ഈ കുറിപ്പ് അവരുടെ സൃഷ്ടികളുടെയും ജീവിതത്തിന്റെയും വിശദമായ വിശകലനം ഉദ്ദേശിച്ചുള്ളതല്ല, എന്നാൽ ലൈംഗികത, സർഗ്ഗാത്മകത, സർഗ്ഗാത്മകതയിലെ ഭ്രാന്ത് എന്നിവയെക്കുറിച്ചുള്ള വ്യവഹാരങ്ങളുടെ സമകാലിക സന്ദർഭങ്ങളിൽ അവയെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചു പരാമർശിക്കാനാണ്. 'എന്റെ കഥ'യിൽ, മാറുന്ന ഋതുക്കളുടെ അടിസ്ഥാനത്തിൽ എഴുത്തുകാരി ജീവിതത്തെ തിരിച്ചറിയുന്നു, എന്നിട്ടും നഷ്ടങ്ങളും പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളും പലപ്പോഴും അതിനെ ഭാരപ്പെടുത്തുന്നു. 'ചിത്തഭ്രമം' എന്ന കഥയിൽ, രണ്ട് സ്ത്രീ കഥാപാത്രങ്ങൾ പരസ്പരം അവരുടെ സ്ത്രീനാമങ്ങൾ അരുണ-അരുൺ, വിമല-വിമൽ എന്നിങ്ങനെ പുല്ലിംഗത്തിലേക്ക് മാറ്റിക്കൊണ്ട് അടുപ്പത്തിൽ നിന്നു കൊണ്ട്, അതിരുകൾക്കപ്പുറത്തേക്ക് ചൂണ്ടുന്നു. കേരളത്തിൽ ഇത് അത്ര അസാധാരണമല്ല, എന്നാൽ ദാസിന്റെ ശൈലിയിൽ അത്, ലിംഗവിഭജനം ദ്വന്ദ്വാത്മക മാതൃകയിൽ മാത്രം പ്രതിഷ്ഠിക്കുന്ന സാഹിത്യ സംസ്കാരത്തിൽ കാണാത്ത, സ്ത്രീകൾ തമ്മിലുള്ള അടുപ്പത്തിന് അടിവരയിടുന്നു. നീർമാതളത്തിലും ചന്ദനമരങ്ങളിലും ഈ അടുപ്പം ലൈംഗികതയിലേക്ക് വളരുന്നുണ്ട്. 'ചിത്തഭ്രമ'ത്തിൽ അയൽക്കാരാണ്, പുറത്തുള്ള സമൂഹമാണ്, അകത്തുള്ള 'രോഗിയായ' വ്യക്തിയെ മാനസിക അഭയകേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് നിർദേശിക്കുന്നത്.
രോഗകഥനങ്ങളിൽ യഥാർഥത്തിൽ ചോദ്യചിഹ്നങ്ങൾ ഇടാതെതന്നെ, ബുദ്ധിപൂർവം ചോദ്യങ്ങൾ ഉൾച്ചേർക്കുന്ന സവിശേഷത ദാസിന്റെ ശൈലിയിൽ കാണാവുന്നതാണ്. വെർജീനിയയിലും കമലയിലും, ഭാവനയിലൂടെ പ്രസക്തമായ സാഹിത്യം സൃഷ്ടിക്കാൻ രോഗാവസ്ഥകളെ എങ്ങനെ സമാഹരിക്കുന്നു എന്ന് നമുക്ക് കാണാം.
എഴുത്തിന്റെ പ്രക്രിയയിൽ നിന്ന് സ്തീകളെ മാറ്റിനിർത്തുന്ന ആയിരക്കണക്കിന് പ്രവാഹങ്ങൾക്കിടയിൽ, ഇരുന്നെഴുതാൻ ഒരിടം സൃഷ്‌ടിക്കുന്നതെങ്ങനെ എന്ന ശാശ്വതമായ ചോദ്യം രണ്ട് എഴുത്തുകാരും നിരന്തരം കൈകാര്യം ചെയ്തിരുന്നു. രണ്ട് പേർക്കും താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ ജനിച്ച് ഒരു സാഹിത്യ- സാംസ്കാരിക വളർച്ചയ്ക്ക് അനുകൂലമായ ചുറ്റുപാടിൽ വളർന്നു എന്ന ആനുകൂല്യം ഉണ്ടായിരുന്നു. എന്നാൽ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും വാരിക്കൂട്ടിയിട്ടല്ല, നേരെമറിച്ച് അനൗപചാരികമായിട്ടാണ് ഇരുവരും എഴുത്തിന്റെ പരിശീലനം നേടുന്നത്. രണ്ടുപേരുടെ കാര്യത്തിലും സവിശേഷമായ ആത്മബന്ധത്തിൽ അവർക്കൊപ്പം നിൽക്കുന്ന സഹോദരിമാരുണ്ട്, സുലോചനയും വനേസയും.
1999-ൽ ഇസ്ലാം മതം സ്വീകരിച്ച കമല സുരയ്യ എഴുതുവാൻ വേണ്ടി ജീവിച്ചു. അവസാന ശ്വാസം വരെ എഴുതുകയും ചെയ്തു. ലോകമെമ്പാടും തന്റെ എഴുത്തിലൂടെ പ്രശസ്തയായ വെർജീനിയ വൂൾഫ് മരണത്തിന്റെ അനുസ്യൂത പ്രവാഹത്തിലേക്ക് സ്വയം നടന്നു പോയി.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ നിറഞ്ഞ വെർജീനിയയുടെ ജീവിതകഥ, അവരുടെ പങ്കാളിയിൽ നിന്ന് അവർക്ക് ലഭിച്ച പിന്തുണയും ബ്ലൂംസ്‌ബറി, ഹൊഗാർത്ത് പ്രസ്സ് തുടങ്ങിയ സാഹിത്യ സംരംഭങ്ങളുടെ താങ്ങും, കവിയായ തന്റെ പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ സിൽവിയ പ്ലാത്തിന്റെ കാര്യവുമായി താരതമ്യം ചെയ്യുമ്പോൾ എടുത്തു പറയേണ്ടതാണ്. 1963-ൽ സ്വന്തം തല ഓവനിലേക്ക് ഇട്ട പ്ലാത്തിന്റെ ആത്മഹത്യ, വെർജീനിയയുടെ ആത്മഹത്യയേക്കാൾ ഒരു പക്ഷേ ഭീകരമായനുഭവപ്പെടുന്നത് സപ്പോർട്ട് സിസ്റ്റത്തിന്റെ അഭാവം കൊണ്ടാവാം. ബോധ പ്രവാഹത്തിന്റെ (stream of consciousness) സാങ്കേതികത പ്രയോഗിച്ച എഴുത്തുകാരി തന്റെ ജീവിത പങ്കാളിയായ ലിയോണാർഡ് വൂൾഫിന് അവസാന യാത്രയ്‌ക്കായി വീടിനടുത്തുള്ള ജലപ്രവാഹത്തിലേക്ക് നടന്നു പോകുന്നതിന് മുമ്പ് വ്യക്തമായ അവബോധത്തിൽ നിന്നുകൊണ്ട് നന്ദി പ്രകാശിപ്പിച്ചെഴുതിയ അവസാന കത്ത് ഔസ് നദിയിൽ നിന്നുയരുന്നു...
വെർജീനിയയെ അവതരിപ്പിച്ച നിക്കോൾ കിഡ്മാന് ഓസ്കാർ അവാർഡ് നേടിക്കൊടുത്ത 'The Hours' എന്ന ചിത്രം ഞാൻ പലയാവർത്തി കണ്ടിട്ടുണ്ട്. വെർജീനിയ വൂൾഫിന്റെ കൃതികൾ പല ലോക ഭാഷകളിൽ ഇന്ന് ലഭ്യമാണ്. ലോക സാഹിത്യ ചരിത്രത്തിൽ അവർക്ക് അർഹമായ സ്ഥാനവും അംഗീകാരവും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ പേരിൽ കലാസാംസ്കാരിക സ്ഥാപനങ്ങളും ആർട്ട് ഇൻസ്റ്റലേഷനുകളും നിരവധിയാണ്.
'എന്റെ കഥ' എന്റെ കൗമാര കാലഘട്ടത്തിലാണ് ഞാനാദ്യം വായിച്ചത്. അമ്പത് വർഷം പിന്നിട്ട ഈ കൃതി പിന്നീട് ഓരോ ഘട്ടത്തിലും വിപ്ലവകരമായ, പുതുമയുള്ള പുസ്തകമായി വളർന്നു കൊണ്ടിരുന്നു. കമലാ സുരയ്യയുടെ കൃതികളുടെ പരിഭാഷകളും അവർക്കർഹമായ അംഗീകാരങ്ങളും ഇനി വരാനിരിക്കുന്ന വസന്തങ്ങളായി നമുക്ക് കാത്തിരിക്കാം.