ഒരു മൗലിക രചന സാധ്യമാണ് ആർക്കും; അത് പുസ്തകം ആകണമെന്നില്ല
ആരുടെയും ശല്യമില്ലാതെയിരുന്നു എഴുതാൻ പറ്റിയ സ്ഥലമെന്നു പറഞ്ഞ് ഒരു സുഹൃത്ത് നവംബറിൽ മനോഹരമായ കാലാവസ്ഥയുള്ള മലയോരത്ത് എന്നെ മൂന്നു ദിവസം പാർപ്പിച്ചു. അവിടെപ്പോയിരുന്ന് എഴുതാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സമതലങ്ങളിൽ,ഏതെങ്കിലും നഗരത്തിൽ , ഉയർന്ന നിലയിലെ ഹോട്ടൽമുറിയിൽ ഇരുന്ന് അതിരാവിലെ
ആരുടെയും ശല്യമില്ലാതെയിരുന്നു എഴുതാൻ പറ്റിയ സ്ഥലമെന്നു പറഞ്ഞ് ഒരു സുഹൃത്ത് നവംബറിൽ മനോഹരമായ കാലാവസ്ഥയുള്ള മലയോരത്ത് എന്നെ മൂന്നു ദിവസം പാർപ്പിച്ചു. അവിടെപ്പോയിരുന്ന് എഴുതാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സമതലങ്ങളിൽ,ഏതെങ്കിലും നഗരത്തിൽ , ഉയർന്ന നിലയിലെ ഹോട്ടൽമുറിയിൽ ഇരുന്ന് അതിരാവിലെ
ആരുടെയും ശല്യമില്ലാതെയിരുന്നു എഴുതാൻ പറ്റിയ സ്ഥലമെന്നു പറഞ്ഞ് ഒരു സുഹൃത്ത് നവംബറിൽ മനോഹരമായ കാലാവസ്ഥയുള്ള മലയോരത്ത് എന്നെ മൂന്നു ദിവസം പാർപ്പിച്ചു. അവിടെപ്പോയിരുന്ന് എഴുതാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സമതലങ്ങളിൽ,ഏതെങ്കിലും നഗരത്തിൽ , ഉയർന്ന നിലയിലെ ഹോട്ടൽമുറിയിൽ ഇരുന്ന് അതിരാവിലെ
ആരുടെയും ശല്യമില്ലാതെയിരുന്നു എഴുതാൻ പറ്റിയ സ്ഥലമെന്നു പറഞ്ഞ് ഒരു സുഹൃത്ത് നവംബറിൽ മനോഹരമായ കാലാവസ്ഥയുള്ള മലയോരത്ത് എന്നെ മൂന്നു ദിവസം പാർപ്പിച്ചു. അവിടെപ്പോയിരുന്ന് എഴുതാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സമതലങ്ങളിൽ,ഏതെങ്കിലും നഗരത്തിൽ , ഉയർന്ന നിലയിലെ ഹോട്ടൽമുറിയിൽ ഇരുന്ന് അതിരാവിലെ മുതൽ ഉച്ചവരെ എഴുതാനും ഉച്ചകഴിഞ്ഞ് കിടന്നുറങ്ങാനും രാത്രി ഇറങ്ങിനടക്കാനുമാണ് ഇഷ്ടം. എന്നിട്ടും എന്തൊക്കെയോ വിചാരിച്ച് ലാപ്ടോപ്പും ഒരു വലിയ പുസ്തകവുമായി ഞാൻ അവിടെപ്പോയി. വാസ്തവത്തിൽ, അയാളുടെ സാമീപ്യം എനിക്ക് ഇഷ്ടമായിരുന്നു. ഏതാണ്ടു വിജനമായ അയാളുടെ ഉടമസ്ഥതയിലുള്ള ആ റിസോർട്ടിൽ താമസിച്ച മൂന്നു ദിവസവും വൈകിട്ട് മാത്രം അയാൾ മുറിയിൽ വന്നു. ഞാൻ എഴുതാൻ വന്നതാണെന്ന കാര്യമൊക്കെ മറന്ന് രാത്രി വൈകും വരെ അവിടെയിരുന്നു സംസാരിക്കുകയോ എന്നെയും വിളിച്ചു നടക്കാൻ പോകുകയോ ചെയ്തു. നാലാം ദിവസം രാവിലെ മടങ്ങുമ്പോൾ ഞാൻ ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. എന്നാൽ, അവിടെയിരുന്നു കഠിനമായ ഒരു പുസ്തകം വായിച്ചുതീർത്തു.
അത് എങ്ങനെയെന്നു വച്ചാൽ, ഒരു ദിവസം ഉച്ചകഴിഞ്ഞാണു ഞാനവിടെ ചെന്നത്. അന്ന് രാത്രി വൈകും വരെയുള്ള സമയം ഞാനും സുഹൃത്തും സംസാരിച്ചുതീർത്തു. പിറ്റേന്നു രാവിലെ ആറു മണിയോടെ ഞാൻ ഞെട്ടിയെണീറ്റു, ഞാൻ ഒരു സ്വപ്നം കാണുകയായിരുന്നു. വേനലിൽ ഞങ്ങളുടെ നാട്ടിൽ വെള്ളത്തിനു ബുദ്ധിമുട്ട് വരുന്ന ദിവസങ്ങളിൽ ചെയ്തിരുന്നതുപോലെ, എന്റെ വീടിന് അടുത്ത പറമ്പിൽ ഒരു കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ പോകുകയായിരുന്നു ഞാൻ. കിണറ്റിൻകരയിലെ കൽപ്പാളികൾക്കിടയിൽ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ ചെറുപക്ഷികൾ വന്നിരുന്നു. ഞാൻ രണ്ടു ബക്കറ്റുകളിൽ വെള്ളം കോരിക്കഴിഞ്ഞു നോക്കുമ്പോൾ കിണറിന്റെ മറുവശത്തെ തിട്ടയിൽ ഇരുന്ന് ചന്ദ്രൻ ചേട്ടൻ സിഗരറ്റ് വലിക്കുകയായിരുന്നു. എനിക്ക് അമ്പരപ്പായി.
മാസങ്ങളായി അയാളെ കാണാനില്ലായിരുന്നു. പക്ഷികൾ വരുന്നതും വെള്ളം കുടിച്ചുപോകുന്നതും നോക്കി അവിടെയിരുന്നുപോയെന്ന് അയാൾ പറഞ്ഞു. ചേട്ടൻ എവിടെപ്പോയിരുന്നുവെന്നു ഞാൻ ചോദിച്ചു. ദൂരെ ഒരിടത്ത് താൻ ധ്യാനത്തിലായിരുന്നുവെന്നും ഒരു ദിവസം ഒരു പെണ്ണ് വന്ന് തന്നെ ഉമ്മ വച്ച് മയക്കിയശേഷം തന്റെ ഉടുപ്പുകൾ മോഷ്ടിച്ചുകൊണ്ടുപോയെന്നും പറഞ്ഞു. തുണിയില്ലാതെ എങ്ങനെ പുറത്തിറങ്ങും? ഒടുവിൽ പുസ്തകത്താളുകൾ കീറി ഒരു ഉടുപ്പാക്കേണ്ടിവന്നെന്ന് ചന്ദ്രൻചേട്ടൻ പറഞ്ഞുകൊണ്ടിരിക്കേ ഞാൻ ഞെട്ടിയെണീറ്റു.
ആ സ്വപ്നം എന്നെ സങ്കടപ്പെടുത്തി. വെള്ളക്കുഴികൾക്കരികിലേക്ക് കുരുവികൾ വരുന്നതും ആ പെണ്ണ് ചുണ്ടിൽ ഉമ്മ വയ്ക്കുന്നതും ഓർത്തപ്പോൾ, ആ സ്വപ്നത്തിനു മുൻപേ എന്തോ സംഭവിച്ചെന്നും ഉണർന്നതോടെ അത് മറന്നതാകുമെന്നും തോന്നി. തണുപ്പിൽ ചുരുണ്ടുകിടന്ന് ഒന്നുകൂടി ഉറങ്ങിയാൽ സ്വപ്നത്തിന്റെ ആ വിസ്മൃത ഘട്ടം തെളിഞ്ഞേക്കും. കുറച്ചുകൂടി ആ കിടപ്പു തുടർന്നെങ്കിലും ഉറക്കം കിട്ടാതെ എണീറ്റു.
അവിടെനിന്ന് പത്തു മിനിറ്റ് നടന്നാൽ അതിരാവിലെ തുറക്കുന്ന ഒരു കടയുണ്ടെന്ന് സുഹൃത്ത് എന്നോടു പറഞ്ഞിരുന്നു. ഞാൻ പുറത്തിറങ്ങി. പാതിയിരുട്ടും പുലരിയുടെ ഈർപ്പവുമുള്ള ഇടവഴിയിലൂടെ നടന്നു റോഡിലെത്തി. രാവിലെ പട്ടണത്തിലേക്കുള്ള ബസ്, നിറയെ ആളുകളായി, പോകുന്നതു കണ്ടു. ഒരു റബ്ബർതോട്ടത്തോടു ചേർന്നിരിക്കുന്ന കടയിൽ നല്ല തിരക്കായിരുന്നു. പുലർച്ചെ നാലുമണിക്കു തുറക്കും. തോട്ടത്തിൽ പണിക്കുപോകുന്നവര്‍ക്ക് എന്തെങ്കിലും കഴിക്കാനും കുടിക്കാനുമുള്ള ഇടമായിരുന്നു അത്. പുലരിയുടെ വിജനതയിൽ ആ കട ശബ്ദവും വെളിച്ചവും ഗന്ധവും നിറഞ്ഞ ഒരിടമായി ഉത്സാഹം പകർന്നു. ഓരോ പുലരിയിലും ഇങ്ങനെ കാലം മൃദുവായ അലകളുയർത്തുന്ന ഇടങ്ങൾ എല്ലാ നാട്ടിലും ഉണ്ടാവും. ഒരു എഴുത്താളിനും ആ സംഗീതം എഴുതാൻ കഴിയുന്നില്ല, പക്ഷേ അയാൾ അതെപ്പറ്റി എന്നും ഓർത്തുകൊണ്ടിരിക്കും, ഒരു ദിവസം അവ വാക്കുകളാകുമെന്ന ഉറച്ച വിശ്വാസത്തിൽ.
ചായ കുടിച്ച് തിരിച്ചെത്തിയശേഷം ഞാൻ എഴുതാനിരുന്നു. പക്ഷേ ഒന്നും എഴുതിയില്ല. ഒരു കത്തെങ്കിലും എഴുതണമെന്നു ആഗ്രഹിച്ചു. ഒരൊറ്റ കത്തിൽനിന്ന് കഥ ഉണ്ടായി വരാറുണ്ട്. അല്ലെങ്കിൽ പ്രീമോ ലെവിയെയോ കാഫ്കയെയോ വിവർത്തനം ചെയ്യുകയാണെന്നു കരുതിയാലും മതി. എഴുതണ്ട, എഴുതുന്നതായി, വിവർത്തനം ചെയ്യുന്നതായി സങ്കൽപിച്ചാൽ മതി.
ഇരുപത്തിയഞ്ചാം വയസ്സിൽ 1944 ഫെബ്രുവരിയിലാണു പ്രീമോ ലേവി അധിനിവേശ പോളണ്ടിലെ നാത്സി തടങ്കൽപാളയമായ ഓഷ്‌വിറ്റ്സിൽ. ഓഷ്‌വിറ്റ്സിലെ 39 ക്യാമ്പുകളിലൊന്നായ ലാഗറിലായിരുന്നു പ്രീമോ ലേവിയെ തടവിലിട്ടത്. രണ്ടുവർഷം കഴിഞ്ഞ് രണ്ടാം ലോകയുദ്ധത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയിട്ടാണ് ഓഷ്വിറ്റ്സ് ജീവിതം വിവരിക്കുന്ന ‘ഈഫ് തിസ് ഈസ് എ മാൻ’ എഴുതിയത്. ആദ്യം അതിനു പ്രസാധകരെ കിട്ടിയില്ല. ഒടുവിൽ ഒരു ചെറുകിട പ്രസാധകൻ ഇറക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1950 കളിൽ പുതിയൊരു പതിപ്പിറങ്ങിയപ്പോൾ അതിനു വായനക്കാരുണ്ടായി.
വായന നല്ല മനുഷ്യനെയുണ്ടാക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. എന്നാൽ അത് എല്ലാവരെയും നല്ല മനുഷ്യരാക്കില്ല. ഭൂമിയിലെ ഒന്നും ചിലരിൽ നല്ലത് ഉണ്ടാക്കില്ല, അപ്പോൾപ്പിന്നെ പുസ്തകത്തിന്റെ കാര്യം പറയണോ! എങ്കിലും എനിക്ക് എന്നും പുസ്തകത്തിൽ നല്ല വിശ്വാസമുണ്ട്. പുസ്തകങ്ങൾക്ക് വിഷാദം, സ്നേഹം, സഹാനുഭൂതി, പ്രതീക്ഷ എന്നിവ പ്രസരിപ്പിക്കാൻ കഴിയും. ‘ഈഫ് തിസ് ഈസ് എ മാൻ’ അങ്ങനെയൊന്നാണ്.
1983 ൽ ഇറ്റാലിയൻ ഭാഷയിലേക്ക് പ്രീമോ ലേവി കാഫ്കയുടെ ദ് ട്രയൽ വിവർത്തനം ചെയ്തു. “കാഫ്കയെ വിവർത്തനം ചെയ്യുക പ്രയാസകരമായിരുന്നില്ല” , ലേവി എഴുതി, “പക്ഷേ, വേദനാജനകമായിരുന്നു. ആ വിവർത്തനം എന്നെ രോഗിയാക്കി. അതിനുശേഷം മാസങ്ങളോളം ഞാൻ വിഷാദത്തിൽ ആണ്ടുപോയി. എന്തിനാണെന്ന് ഒരിക്കലും അറിയാതെ ഞങ്ങൾ ഓരോരുത്തരെയും കുറ്റം ചുമത്തി, വിചാരണ ചെയ്തു കൊന്നേനേ”. കാഫ്കയുടെ ദ് ട്രയൽ ഓഷ്‌വിറ്റ്സിനെ പ്രവചിച്ചതായി ആ കൊലയറയിൽനിന്ന് തിരിച്ചെത്തിയ പ്രീമോ ലേവിക്ക് അനുഭവപ്പെട്ടതിൽ അദ്ഭുതപ്പെടാനില്ല. പുസ്തകം അങ്ങനെയാണു മനുഷ്യരിൽ പ്രവർത്തിക്കുക.
ഞാൻ ജനിച്ചു വളർന്നത് ഒരു മലയോരപ്രദേശത്താണ്. അതിനാൽ അവിടങ്ങളിലെ പരിചിതമായ നോട്ടങ്ങൾ എന്നെ ആകർഷിക്കുന്നില്ല. അവിടെനിന്നു വേഗം മറ്റൊരിടത്തേക്ക്, മനുഷ്യരാരും എന്നെ തിരിച്ചറിയാത്ത ഇടത്തേക്ക് നഗരത്തിലേക്ക് ഒളിച്ചോടാനായിരുന്നു ചെറുപ്പത്തിലേ മുതൽ ഞാൻ ആഗ്രഹിച്ചത് ഭാഗ്യവശാൽ എനിക്ക് വീടു വിട്ടുപോകാൻ സാധിച്ചു. അതിനാൽ മലയോരത്തേക്കുള്ള മടങ്ങിവരവുകൾക്ക് എനിക്ക് അവസരം കിട്ടി. അങ്ങനെയുള്ള സ്ഥലം നിങ്ങളെ എഴുതിക്കുന്നതിനു പകരം മയക്കിക്കിടത്തും. ആരോ ഏറ്റവും മോഹനമായ ഉമ്മകൾ പകരുന്നതായും എഴുത്ത് കവർന്നു പോകുന്നതായും അനുഭവപ്പെടും.
രണ്ടാം ദിവസം രാവിലെ മുതൽ ഞാൻ വായിച്ചു. ഉച്ചയോടെ ഉറങ്ങിപ്പോയി. വിശക്കുന്ന വയറോടെ ഉണർന്നത് സന്ധ്യയ്ക്ക് സുഹൃത്ത് വന്നു വിളിക്കുമ്പോഴാണ്. അയാൾ എന്നോട് എത്രയെഴുതി എന്നു ചോദിച്ചു. ഞാൻ വായിച്ച പേജുകൾ ഓർത്തു, അത്രയും എഴുതിയെന്നു പറഞ്ഞു.
ആ രാത്രിയും ഞാൻ ഉറക്കംതൂങ്ങുംവരെ വായിച്ചു. പിറ്റേന്ന് രാവിലെ ഞാൻ അലാം വച്ചുണർന്നു. പുലരും മുൻപേ ആ കടയിലേക്കു പോയി. രാവിലെ ഭക്ഷണശാലയിലെ ഗന്ധങ്ങളും ഒച്ചകളും മനുഷ്യരെ സ്വതന്ത്രരാക്കുന്നു, അവരെ തിളക്കമുള്ളവരാക്കുന്നു. ഓഷ്‌വിറ്റ്സിൽ തടവുകാർ കൂട്ടത്തോടെ കാണുന്ന സ്വപ്നം ഭക്ഷണം കഴിക്കുന്നതാണെന്ന് പ്രീമോ ലേവി എഴുതി. ഉറക്കത്തിൽ മനുഷ്യർ ചവയ്ക്കുന്ന ഒച്ചകൾ ക്യാപിലെ രാത്രികളിൽ കേൾക്കാമായിരുന്നു.
മൂന്നാം ദിവസവും ഉച്ചയ്ക്കു മുൻപേ പുസ്തകം അടുത്തു വച്ചു ഞാൻ ഉറങ്ങിപ്പോയി. ഉറക്കം ഉണരുമ്പോൾ സന്ധ്യയായിരുന്നു. പ്രീമോ ലേവി എഴുതി: “ഏതു തരം മനുഷ്യനും ഒരു മൗലിക സൃഷ്ടി നടത്താനാകും എന്നു ഞാൻ കരുതുന്നു. അത് ഒരു പുസ്തകം ആയിരിക്കണമെന്ന് നിർബന്ധമില്ല. വാസ്തവത്തിൽ, വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനു മാത്രമാണു പുസ്തകം എഴുതാനാവുക. പക്ഷേ എന്തെങ്കിലുമൊന്ന് തീർച്ചയായും സാധ്യമാണ്. ഉദാഹരണത്തിന് ,ഒരു കുട്ടിയെ വളർത്തിവലുതാക്കുക, രോഗികളെ സുഖപ്പെടുത്തുക, ദുരിതബാധിതരെ ആശ്വസിപ്പിക്കുക…”
ഞാൻ അവിടെയിരുന്ന് ഒരു നോവലിന്റെ ആദ്യ അധ്യായങ്ങൾ എഴുതിയെന്ന് നാലാം ദിവസം ഞാൻ ആ സുഹൃത്തിനോടു കളവു പറഞ്ഞാണു മടങ്ങിയത്. എന്റെ മനസ്സിൽ ഒരു നോവലുണ്ടായി വന്നിട്ടുണ്ടാവണം, അത് എന്താണെന്ന് എനിക്കറിയില്ലെങ്കിലും.
പക്ഷേ, ഞാൻ അവിടെ ചെലവഴിച്ച ദിവസങ്ങളിൽ നന്നായി വായിക്കുകയും ഉറങ്ങുകയും മിക്കവാറും ചില സ്വപ്നങ്ങൾ കാണുകയും ചെയ്തു. പുലർച്ചെ നാലുമണിക്ക് തുറക്കുന്ന ആ കട ഇരുട്ടിൽ ഭക്ഷണഗന്ധമുള്ള പ്രകാശം പരത്തുന്നതും അവിടെ മനുഷ്യർ തീൻമേശയിൽ ഒരുമിച്ചുകൂടിയിരിക്കുന്നതും ഞാൻ എന്നും ഓർമിക്കും.