ജാപ്പനീസ്-ജര്‍മന്‍ എഴുത്തുകാരി യോക്കോ തവാഡയുടെ ‘പോള്‍ സെലാന്‍ ആന്‍ഡ് ദ് ട്രാന്‍സ്-ടിബറ്റന്‍ ഏഞ്ചല്‍’ എന്ന നോവല്ലയ്ക്കു സൂസന്‍ ബെര്‍നോഫ്‌സ്‌കി നല്‍കിയ മനോഹരമായ ഇംഗ്ലിഷ് പരിഭാഷയെപ്പറ്റി സ്മരിച്ചു 2024ന്‌റെ ചില വായനാനുഭവങ്ങളെക്കുറിച്ചു പറയാം. ഭാഷാസ്വത്വം,വംശീയസ്വത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന

ജാപ്പനീസ്-ജര്‍മന്‍ എഴുത്തുകാരി യോക്കോ തവാഡയുടെ ‘പോള്‍ സെലാന്‍ ആന്‍ഡ് ദ് ട്രാന്‍സ്-ടിബറ്റന്‍ ഏഞ്ചല്‍’ എന്ന നോവല്ലയ്ക്കു സൂസന്‍ ബെര്‍നോഫ്‌സ്‌കി നല്‍കിയ മനോഹരമായ ഇംഗ്ലിഷ് പരിഭാഷയെപ്പറ്റി സ്മരിച്ചു 2024ന്‌റെ ചില വായനാനുഭവങ്ങളെക്കുറിച്ചു പറയാം. ഭാഷാസ്വത്വം,വംശീയസ്വത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ്-ജര്‍മന്‍ എഴുത്തുകാരി യോക്കോ തവാഡയുടെ ‘പോള്‍ സെലാന്‍ ആന്‍ഡ് ദ് ട്രാന്‍സ്-ടിബറ്റന്‍ ഏഞ്ചല്‍’ എന്ന നോവല്ലയ്ക്കു സൂസന്‍ ബെര്‍നോഫ്‌സ്‌കി നല്‍കിയ മനോഹരമായ ഇംഗ്ലിഷ് പരിഭാഷയെപ്പറ്റി സ്മരിച്ചു 2024ന്‌റെ ചില വായനാനുഭവങ്ങളെക്കുറിച്ചു പറയാം. ഭാഷാസ്വത്വം,വംശീയസ്വത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ്-ജര്‍മന്‍ എഴുത്തുകാരി യോക്കോ തവാഡയുടെ ‘പോള്‍ സെലാന്‍ ആന്‍ഡ് ദ് ട്രാന്‍സ്-ടിബറ്റന്‍ ഏഞ്ചല്‍’ എന്ന നോവല്ലയ്ക്കു സൂസന്‍ ബെര്‍നോഫ്‌സ്‌കി നല്‍കിയ മനോഹരമായ ഇംഗ്ലിഷ് പരിഭാഷയെപ്പറ്റി സ്മരിച്ചു 2024ന്‌റെ ചില വായനാനുഭവങ്ങളെക്കുറിച്ചു പറയാം.

ഭാഷാസ്വത്വം,വംശീയസ്വത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന അധീശത്വത്തെയും ഹിംസയെയും മറികടക്കാനുള്ള സാഹിത്യഭാവനയുടെ  വെമ്പലാണിത്‌. അതിനാല്‍ ഈ കൃതി ഫസ്റ്റ് പഴ്‌സന്‍, തേഡ് പഴ്‌സന്‍ ആഖ്യാനങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. യുക്രെയ്ന്‍ കുടിയേറ്റക്കാരുടെ മകനായിപ്പിറന്ന്  ബര്‍ലിനില്‍ താമസിക്കുന്ന പോള്‍ സെലാന്‍ പണ്ഡിതനായ പാട്രിക്ക് ആണു മുഖ്യകഥാപാത്രം. ചിലനേരം പേഷ്യന്‌റ് എന്ന പേരിലുള്ള  ഇയാള്‍ മറ്റുനേരങ്ങളില്‍ ഞാന്‍ എന്ന ആത്മത്തിലേക്കു മാറുന്നു. 

ADVERTISEMENT

രണ്ടാം ലോകയുദ്ധാന്തര ജര്‍മന്‍ കവിതയില്‍ നിര്‍ണായകമായ സ്വാധീനശക്തിയായിരുന്നു പോള്‍ സെലാന്‍. പക്ഷേ അദ്ദേഹം ജര്‍മനിയില്‍ ജീവിച്ചിട്ടില്ല. പാരിസില്‍ പോള്‍ സെലാനെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സിനു ക്ഷണം കിട്ടിയ പാട്രിക്കിനോടു സംഘാടകര്‍ വിമാനടിക്കറ്റ്, താമസ സൗകര്യം എന്നിവ ഏര്‍പ്പെടുത്താനായി ഏതു രാജ്യത്തെ പൗരനാണെന്നു ചോദിക്കുന്നു. അപ്പോള്‍ പാട്രിക് പ്രകോപിതനാകുന്നു. 

പാട്രിക്കിനു യുക്രെയ്ന്‍ സംഗീതമോ യുക്രെയ്ന്‍ ഭാഷയോ അറിയില്ല. യുക്രെയ്‌നിനെപ്പറ്റി ചോദിക്കുമ്പോഴെല്ലാം അയാളുടെ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറുന്നു. യുക്രെയ്‌നുമായി നിനക്കെന്തു ബന്ധം, നീ ജര്‍മന്‍കാരനാണ്, മാതാപിതാക്കള്‍ അയാളോടു പറയുന്നു.

ജൂതവംശഹത്യയെ അതിജീവിച്ച റൊമേനിയന്‍ വംശജനായ പോള്‍ സെലാന്‍ പാരിസിലാണ് ജീവനൊടുക്കിയത്. ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍ എന്നീ ഭാഷകളില്‍ പാണ്ഡിത്യം. 6 ഭാഷകളെങ്കിലും സംസാരിക്കാന്‍ അറിയാമായിരുന്നു. സെലാനിലെ ബഹുഭാഷാസ്വത്വമാണ് പാട്രിക്ക് തന്‌റെയും സ്വത്വമായി സങ്കല്‍പിക്കുന്നത്. ഡസന്‍കണക്കിനു ഭാഷയുടെ അകത്ത് ജീവിക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. അതിനായി ഭാഷാസ്വത്വമേധാവിത്വമില്ലാതെ, ദൂരെയൊരിടത്തുപോയി അവിടെത്തെ ഭാഷ പഠിക്കുക അയാളുടെ സ്വപ്‌നമാണ്. ഈ സ്വപ്‌നത്തില്‍ വരുന്ന ഒരിടം ടിബറ്റ് ആണ്‌. ടിബറ്റന്‍ ഭാഷാകുടുംബമെന്നത് ഡസന്‍കണക്കിനു ഭാഷകള്‍ ഉള്‍ക്കൊള്ളുന്നതാണ്. 

സെലാന്‍ ജനിച്ച സെര്‍നോവിറ്റ്‌സ് എന്ന സ്ഥലം ഇപ്പോള്‍ യുക്രെയ്‌നിലാണെന്ന് ഒരു ദിവസം അയാള്‍ കണ്ടുപിടിക്കുന്നു. താനും സെലാനും ഒരേ ദേശക്കാരാണെന്നത് അയാളെ കുറച്ചുനേരത്തേക്കെങ്കിലും ആഹ്ലാദചിത്തനാക്കുന്നു. അതേസമയം അയാളുടെ അനിയന്‍ തീവ്രജര്‍മന്‍ദേശീയതയിലും നവനാത്സി ആശയങ്ങളിലും അഭിരമിക്കുകയാണ്. കുടിയേറ്റക്കാരായ മുസ്ലിംകളുടെ പള്ളികള്‍ക്കു തങ്ങള്‍ ബോംബ് വയ്ക്കാന്‍ പോകുകയാണെന്ന് അയാള്‍ പാട്രിക്കിനോടു പറയുന്നുണ്ട്. 

ADVERTISEMENT

ഭാഷാദേശീയതാ സങ്കുചിതത്വങ്ങളുടെ അതിരുകള്‍ ഭേദിച്ച് പറന്നുപോകാനുള്ള പാട്രിക്കിന്‌റെ മോഹത്തിനിടെയാണ് അയാള്‍ കോഫി ഹൗസില്‍ വച്ച് ലീയോ-എറിക് ഫു എന്നയാളെ കണ്ടുമുട്ടുന്നത്. സെലാന്‌റെ കവിതയിലെ ട്രാന്‍സ് ടിബറ്റന്‍ എന്ന പദം അപ്പോഴാണ് പാട്രിക്ക് ഉപയോഗിക്കുന്നത്. അതിരുകള്‍ക്കപ്പുറമുള്ള ബഹുസ്വരത എന്ന അര്‍ഥത്തിലാണ് ട്രാന്‍സ്ടിബറ്റല്‍ ഏയ്ഞ്ചല്‍ എന്ന വിശേഷണം യോക്കോ തവാഡ നല്‍കുന്നത്. 

യോക്കോ തവാഡയില്‍നിന്നു ഞാൻ ഒരുപലസ്തീന്‍ എഴുത്തുകാരിയിലേക്ക്‌ പോകുന്നു. അത്‌ അദനിയ ഷിബ്ലി ആണ് . ഷിബ്ലിയുടെ അറബിക് നോവലായ മൈനര്‍ ഡീറ്റെയില്‍ എലിസബത്ത് ജാക്വറ്റാണ് ഇംഗ്‌ളിഷിലേക്കു വിവര്‍ത്തനം ചെയ്തത്. വംശഹത്യയുടെ യാഥാര്‍ഥ്യം ആവിഷ്‌കരിക്കാന്‍ ഒരാൾക്കു ഭാഷയോ ഭാവനയോ  മതിയാവില്ല. ഭാഷയിലൂടെ ഹിംസ ചിത്രീകരിക്കപ്പെടുമ്പോള്‍, അത് അക്രമത്തിനെതിരെ പ്രതിവിഷമായി പ്രവര്‍ത്തിക്കണമെന്നാണ് എഴുത്തുകാരി ഉദ്ദേശിക്കുന്നത്. മൈനര്‍ ഡീറ്റൈയില്‍ അതാണു ചെയ്യുന്നത്. 

1949 ൽ ഇസ്രയേൽ പട്ടാളം പലസ്തീൻ പ്രദേശങ്ങൾ ആക്രമിക്കുന്നതിനിടെ ഒരു പലസ്തീൻ പെൺകുട്ടി ബലാൽസംഗത്തിനിരയായി വധിക്കപ്പെടുന്നു. ഈജിപ്ത് അതിർത്തിയിലെ  പലസ്തീൻ ഗ്രാമത്തിൽ നടന്ന ഈ സംഭവത്തിന്റെ വികാരരഹിതവും സൂക്ഷ്മവുമായ വിവരണമാണ് ആദ്യഭാഗം. രണ്ടാം ഭാഗത്ത് വർത്തമാനകാലത്തെ റാമല്ലയിലിരുന്ന് ഒരു യുവതിക്ക്‌ ഈ സംഭവത്തെപ്പറ്റി വായിച്ച് ഉറക്കം നഷ്ടമാകുന്നു. ക്രൂരതയ്ക്കിരയായ പലസ്തീൻപെൺകുട്ടിയുടെ ഭാഗത്തുനിന്ന് കഥ പറയണമെന്ന് അവൾ ആഗ്രഹിക്കുന്നു. അതിനായി സംഭവം നടന്നതും ഇപ്പോഴും ഇസ്രയേൽ അധിനിവേശത്തിലുള്ളതുമായ സ്ഥലത്തേക്ക് അവൾ പോകുന്നതാണു നാം കാണുന്നത്. ബർലിനിൽ താമസിക്കുന്ന അദനിയ ഷിബ്‌ലിയുടെ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയുടെ ഒരുചർച്ച 2023ലെ ഫ്രാങ്ക്ഫുർട്ട് ബുക്ക് ഫെയറിൽ നിശ്ചയിച്ചിരുന്നു. ഇസ്രയേലിന്റെ  എതിർപ്പു മൂലം ഇതു റദ്ദാക്കേണ്ടിവന്നു. 

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ‘വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു, ഇരുളോ അതിനെ കീഴടക്കിയില്ല’എന്ന വാക്യത്തെ,ഒരു മെറ്റഫർ എന്ന നിലയിൽ ഒരു വലിയ നോവലായി എഴുതുകയാണു ‘സെപ്റ്റോളജി’യിലൂടെ യോൻ ഫോസെ ചെയ്തെന്ന് എനിക്കു തോന്നുന്നു. ആ നോവലിൽ ഏറ്റവുമധികം ആവർത്തിക്കുന്നത് തിളങ്ങുന്ന ഇരുട്ട് എന്ന വാക്യമാണ്. 2019ൽ പ്രസിദ്ധീകൃതമായ 'സെപ്റ്റോളജി'യിലെ, ഇരുളിലെ കിരണം 2000ൽ നോർവേയിൽ പ്രസിദ്ധീകരിച്ച ‘മോണിങ് ആൻഡ് ഈവനിങ്’ എന്ന നോവല്ലയിലുമുണ്ട്. ഇംഗ്ലിഷ് പരിഭാഷ 2015. 'സെപ്‌റ്റോളജി'യുടെ ലഘുവായ ആദ്യരൂപം എന്നും ഈ നോവല്ലയെ വിശേഷിപ്പിക്കാം. 

ADVERTISEMENT

സ്പിരിച്വൽ റിയലിസം എന്നാണു സ്വന്തം ഗദ്യത്തെ ഫോസെ ഒരിടത്തു വിശേഷിപ്പിച്ചത്. ഭാര്യയുടെ മരണശേഷം നോർവേയിലെ വിദൂരമായ ഒരു ദ്വീപിൽ തനിച്ചുകഴിയുന്ന മീൻപിടുത്തക്കാരൻ യോഹന്നാസിന്റെ കഥയാണിത്. മരണത്തെക്കുറിച്ചുള്ള അഗാധമായ വിചാരങ്ങൾക്കൊപ്പം ജനനവും ഇവിടെ ആഖ്യാനം ചെയ്യപ്പെടുന്നു. ആത്മീയതയുടെ ഗൂഢമായ ഏകാന്തതയിലിരുന്നു ദുരൂഹവും അജ്ഞേയവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ധ്യാനം ഭാഷയെ എപ്രകാരം മാറ്റിമറിക്കുന്നുവെന്നതിന് ഉദാഹരണം. 

രാത്രിവണ്ടിയിൽ പോകുന്ന ദൂരെയെവിടെയോ കാണുന്ന മിന്നുന്ന വിളക്കുകൾ താമസിയാതെ അടുത്തുവരുമെന്നു നാം പ്രതീക്ഷിക്കാറുണ്ടല്ലോ. പക്ഷേ, ആ വിളക്കുകൾ നാം അടുത്തുകാണുകയില്ല, പകരെ ദൂരെയുള്ള മറ്റേതോ വിളക്കുകൾ ഇരുളിൽ തിളങ്ങുന്നത്‌ വീണ്ടും നാം കാണുന്നു.  ഇപ്രകാരം  അകന്നുപോകുന്ന സാമൂഹികപ്രതീക്ഷകളെ ഒരു ജനത നിരാശയോടെ നോക്കിനിൽക്കേ, നിങ്ങൾ തോൽപിക്കപ്പെട്ടിട്ടില്ലെന്ന് അവരെ ധൈര്യപ്പെടുത്തുന്ന  പുസ്തകം; ഈജിപ്ഷ്യൻ ബുദ്ധിജീവിയും വിപ്ലവകാരിയുമായ അലാ അബ്ദല്ല ഫത്തായുടെ ജയിൽക്കുറിപ്പുകളുടെ സമാഹാരമായ 'You have Not Yet Been Defeated'. 

ദശകങ്ങളോളം നീണ്ട ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ അലാ തുടർന്നുവന്ന മുഹമ്മദ് മുർസി, ഫത്താ അൽ സിസി ഭരണകൂടങ്ങൾക്കുമെതിരെയും  നിരന്തരം എഴുതുകയും യുവാക്കളെ സംഘടിപ്പിപ്പിക്കുകയും ചെയ്തു. 2011 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ ഈജിപ്തിലെ കുപ്രസിദ്ധമായ തോറാ ജയിലിൽവച്ചെഴുതിയതും പിന്നീടു രഹസ്യമായി പുറത്തെത്തിച്ചതുമാണു ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവയിലേറെയും.  ജയിലിനു പുറത്ത്‌ സമരരംഗത്തുണ്ടായിരുന്ന കാലത്ത് ട്വിറ്ററിനും ഫെയ്സ്ബുക്കിലുമെഴുതിയ മൂന്നുലക്ഷത്തോളം ട്വീറ്റുകളുകളിൽനിന്നും തിരഞ്ഞെടുത്തവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ പുസ്തകം എഡിറ്റ് ചെയ്തതും പരിഭാഷപ്പെടുത്തിയതും അലായുടെ കുടുംബവും സുഹൃത്തുക്കളും ചേർന്നാണ്. ചരിത്രം മിടിക്കുന്ന പുസ്തകം, ജനാധിപത്യാവകാശ സമരത്തിന്റെ ഉജ്വല പ്രതീകം എന്നെല്ലാം ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.  

ഇംഗ്ലിഷിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള 'ലാസ്റ്റ് ഈവനിങ്സ് ഓൺ എർത്ത്' (2006) , 'ദ് റിട്ടേൺ' (2010), 'ദി ഇൻസഫറബിൾ ഗൗച്ചോ' (2010) എന്നീ സമാഹാരങ്ങൾക്കൊപ്പം മുൻപ് ഇംഗ്ലിഷിൽ വരാത്തവ കൂടി ഉൾപ്പെടുത്തിയ ചിലിയൻ എഴുത്തുകാരൻ ബൊലാനോയുടെ  കഥകളുടെ തിരഞ്ഞെടുത്ത സമാഹാരമാണു മറ്റൊരു ശ്രദ്ധേയമായ പുസ്തകം. 

വിഖ്യാതരായ ക്രിസ് ആൻഡ്രൂസും നടാഷ വിമ്മറും  ചേർന്നുള്ള പരിഭാഷ.  2003ൽ മരിച്ച ബൊലാനയുടെ ജീവിതത്തിലെ അവസാന വർഷങ്ങളിൽ, കുടുംബം പുലർത്താൻ മെച്ചപ്പെട്ട വരുമാനം പരിഗണിച്ചാണു നോവലെഴുത്തിലേക്ക് അദ്ദേഹം തിരിഞ്ഞത്. കഥകളിലേറെയും 1996നുശേഷമാണ് എഴുതിയവയാണ്.  2666, സാവേജ് ഡിറ്റക്ടീവ്സ് എന്നീ ബൃഹദ് നോവലുകളിലേതു പോലെ പ്രണയം, ലൈംഗികത, ഭ്രാന്ത്, ഹിംസ, രണ്ടാംലോകയുദ്ധം,  സർവവ്യാപിയായ തിന്മ തുടങ്ങിയവ കഥകളിലും ആവർത്തിക്കുന്നു. പരാജിതരോ പ്രതിഭാശൂന്യരോ ആയ എഴുത്തുകാർ, രതിചിത്രനടിമാർ, ജേണലിസ്റ്റുകൾ,കൊലയാളികൾ എന്നിവർ ഇവിടെയും കഥാപാത്രങ്ങളാകുന്നുണ്ട്.  വിചിത്രമായ സഞ്ചാരങ്ങൾക്കൊടുവിൽ ഓരോ കഥയും അന്ധകാരനിബിഡമായ തുറസ്സിലേക്കു തുറക്കുന്ന വാതിലുകളാകുന്നു. 

മധ്യയൂറോപ്യൻ സാഹിത്യത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട നോവലിസ്റ്റുകളിലൊരാളായ അറ്റില ബാർട്ടിസിന്റെ പുതിയ നോവൽ 'ദി എൻഡ്' ആണ്‌ ഈ വർഷം എന്നെ ഏറ്റവും സ്വാധീനിച്ച നോവലുകളിലൊന്ന്. 

രണ്ടാം ലോകയുദ്ധാനന്തരം കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിലായിരുന്ന ഹംഗറിയാണു പശ്ചാത്തലം. അന്ദ്രാസ്‌ എന്ന ഫൊട്ടോഗ്രഫർ  അൻപതാം വയസ്സിൽ സ്റ്റോക്കോമിലേക്ക് വിമാനത്തിൽ കയറാനായി പോകുന്ന നേരം,  അയാൾ തന്റെ കഥ പറയുകയാണ്. 1956 ലെ ആഭ്യന്തരവിപ്ലവത്തിൽ അണിചേർന്നതിനെത്തുടർന്നു മൂന്നു വർഷം തടവുശിക്ഷ കഴിഞ്ഞിറങ്ങിയ അന്ദ്രാസിന്റെ പിതാവാണ് മറ്റൊരു പ്രധാന കഥാപാത്രം.. 

ഒരു കാലിനു സ്വാധീനക്കുറവുള്ള അന്ദ്രാസിന്‌റെ പിതാവ് പ്രഫഷനല്‍ ഫൊട്ടോഗ്രഫറാകാന്‍ ആഗ്രഹിച്ചു  ധാരാളം ചിത്രങ്ങളെടുത്തിരുന്നു. ഇതിലേറെയും മേഘങ്ങളുടെ പടങ്ങളായിരുന്നു. പുസ്തകത്തിന്‌റെ പുറംചട്ടയില്‍ കൊടുത്തിരിക്കുന്ന ചിത്രം അവയിലൊന്നാണ്. ജയിലില്‍നിന്നു മടങ്ങിവന്നശേഷം പതിനേഴുകാരനായ മകനൊപ്പം ബുഡാപെസ്റ്റിലെ ഒരു ചെറിയ ഫ്‌ളാറ്റില്‍ താമസിക്കുമ്പോള്‍ അച്ഛന്‍ മകന് ഒരു ക്യാമറ വാങ്ങിക്കൊടുക്കുന്നു. ഈ ക്യാമറയിലൂടെ കമ്യൂണിസ്റ്റ് കാലത്തെ ഹംഗറേനിയന്‍ നാഗരികതയും അതിലെ മനുഷ്യരെയും  നിരീക്ഷിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. സങ്കീര്‍ണമായ ആഖ്യാനഘടനയുള്ള ഈ നോവലിലെ ചെറുഅധ്യായങ്ങള്‍ ഓരോന്നും ഓരോ കഥാചിത്രങ്ങളാണെന്നു പറയാം.

English Summary:

Exploring Multilingualism and Identity in 2024's Must-Read Books