എഴുത്തുകാർ എന്നത് എഴുത്തുകൊണ്ടു ഉപജീവനം കഴിക്കുന്നവർ എന്ന് മാത്രമല്ല. ഒരു ജോലിയായി എഴുത്തിനെ കണ്ടെത്താനുള്ള മാനസിക വലിപ്പം മലയാളികളായ വായനക്കാരും എഴുത്തുകാരും കാണിക്കാത്തത് കൊണ്ടുതന്നെ എഴുത്ത് എന്നത് ഒരു അഭിനിവേശം എന്ന തലത്തിലേയ്ക്കും കൂടി കാണുന്നവർ തന്നെയാണ് അവർ. എഴുത്തുകാർ പല ഉപവിഭാഗങ്ങളായി തരം തിരിക്കപ്പെട്ടിരിക്കുമ്പോഴും അതിൽ ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. പെണ്ണെഴുത്തെന്നും ദളിത് എഴുത്തെന്നും ഒക്കെ പറഞ്ഞു അക്ഷരങ്ങൾ വിഘടിക്കപ്പെടുത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ നേരിടേണ്ടത് വായനക്കാരുടെ മാത്രം ബാധ്യതയാകുന്നുണ്ടോ?
ദലിത് എഴുത്തെന്നു പറയുമ്പോഴും പെണ്ണെഴുത്തെന്നു പറയുമ്പോഴും വായനക്കാർ പ്രതീക്ഷിക്കുന്ന ഒരു വായനയുടെ തലമുണ്ട്. ദലിത് എഴുത്തുകൾ ദലിതന്മാർക്കു മാത്രം എഴുതാനുള്ളതാണെന്നോ പെണ്ണെഴുത്തുകൾ സ്ത്രീകൾ മാത്രം എഴുതേണ്ടതാണെന്നോ ഇതിനർത്ഥം ഉണ്ടെന്നും തോന്നുന്നില്ല. പക്ഷെ ഈ വിഷയത്തിൽ ഇപ്പോഴും സാഹിത്യ സദസ്സുകളിൽ ചർച്ചകൾ നിരന്തരം നടക്കാറുണ്ട്. സ്ത്രീപക്ഷ വായനകൾ മിക്കപ്പോഴും സ്ത്രീകളുടെ കൂടി സാമീപ്യത്തിൽ നടക്കേണ്ടതിന്റെ പ്രാധാന്യത്തിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ തന്നെ പെണ്ണിനെ കുറിച്ചു അതിമനോഹരമായി എഴുതിയ ആണെഴുത്തുകാരെയും മറക്കാൻ ആവില്ല.
പെണ്ണെഴുത്ത്, എന്ന പദം എത്രമാത്രം ലിംഗ വിവേചനം എടുത്തണിയുന്നു എന്നത് സ്ത്രീകളെങ്കിലും തിരിച്ചറിയണം. കാരണം എഴുത്ത് എന്നത് പുറപ്പെടുന്നത് ഒരിക്കലും ആൺ ലിംഗ അവയവങ്ങളിൽ നിന്നോ പെൺ അവയവങ്ങളിൽ നിന്നോ അല്ല, മറിച്ച് ചിന്തയുടേതായ ബുദ്ധിയുടെയും വികാരത്തിന്റേതുമായ പ്രവർത്തനങ്ങൾ നടത്തുന്ന തലച്ചോറിൽ നിന്ന് തന്നെയാണ്. വൈകാരികമായ അനുഭൂതികളിൽ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ അതിനെ വായനയുടെ തലത്തിൽ നിന്ന് കൊണ്ട് വ്യത്യാസപ്പെടുത്താം എന്നല്ലാതെ എഴുതുന്നയാൾ സ്ത്രീയാണോ പുരുഷനാണോ എന്ന വായന അരാഷ്ട്രീയമായ രീതിയാണ്.
സ്ത്രീ ശരീരത്തെ കുറിച്ചും സ്ത്രീയുടെ രതിയെ കുറിച്ചുമൊക്കെ അവളെക്കാൾ മനോഹരമായി വ്യക്തമായി വർണിയ്ക്കാൻ ഒരുപക്ഷെ പുരുഷ എഴുത്തുകാരന് കഴിഞ്ഞു എന്ന് വരില്ല. ഉടലുകളുടെ ഭംഗി വർണിക്കുന്ന പോലെയാകില്ല, ഓരോ സ്ത്രീകളുടെയും മാനസികമായ, ശരീരത്തിനുള്ളിൽ നടക്കുന്ന വികാര വിചാരങ്ങളെ ഇളക്കി മറിച്ച് വായനയ്‌ക്കെടുക്കുന്നത്.
കാരണം ഓരോ മനസുകളും ഓരോ തുരുത്തുകൾ പോലെ തന്നെയാണ്, ഒരുപക്ഷെ പുരുഷമനസുകളേക്കാൾ ഏറെ സങ്കീർണവുമാണ് സ്ത്രീമനസ്സുകളുടെ വായന. അതുകൊണ്ടുതന്നെ പരമ്പരാഗതമായി പുരുഷ മേധാവിത്വമുണ്ടായിരുന്ന എഴുത്തുലോകത്ത് അവൻ സ്ത്രീയെ കുറിച്ച് എഴുതിയതേ വായിക്കപ്പെട്ടിരുന്നുമുള്ളൂ. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി അക്കാലത്ത് പുറത്തിറങ്ങിയപ്പോൾ അതിലെ ആശയങ്ങൾ ഏറെ ചർച്ചയാകാൻ കാരണമായതും അതിനാൽ തന്നെയാണ്. സ്ത്രീയുടെ ഉള്ളിലെ അദമ്യമായ സ്വാതന്ത്ര്യത്തിന്റെ മോഹങ്ങൾ ആ സമയത്ത് പോലും ഒരു സ്ത്രീ തന്നെ വേണ്ടി വന്നു വിവരിയ്ക്കാൻ എന്നത് തന്നെയാണ് സത്യം.
സ്ത്രീയുടെ ഉടലിന്റെ അഴകളവുകളിൽ മാത്രം ഒതുങ്ങി നിന്ന സ്ത്രീ വായനകൾ അവളുടെ മനസ്സിലേക്കും എത്തിയത് ഇത്തരം എഴുത്തുകളിലൂടെ തന്നെയായിരുന്നു. മാധവിക്കുട്ടിയുടെ 'എന്റെ കഥ' സാഹിത്യലോകത്തുണ്ടാക്കിയ മാറ്റത്തിന്റെ പ്രതീതി പിന്നീട് സത്യമായി. തങ്ങളെ കുറിച്ച്, മനസിനെയും അതിന്റെ ഉദാത്തത്തെയും കുറിച്ച് എഴുതാൻ മടിയില്ലാതെ നിരവധി സ്ത്രീ എഴുത്തുകാർ മുന്നിലേക്കെത്തി. അപ്പോൾ തന്നെയാണ് പെണ്ണെഴുത്തെന്ന വേർതിവുണ്ടാകുന്നതും. എന്നാൽ എന്തിനു വേർതിരിവുകൾ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. പെണ്ണെഴുത്ത് പോലെ തന്നെ വിഭാഗീയവത്കരിക്കപ്പെട്ട മറ്റൊന്നാണ് ദലിതെഴുത്തും. അവഗണന നേരിടുന്ന വിഭാഗങ്ങളെ കുറിച്ച് മറ്റൊരാൾ എഴുതുന്നതിനേക്കാൾ ഒരുപക്ഷെ അത് സത്യസന്ധതയും നീതിയും പുലർത്തുക അതേ വിഭാഗത്തിൽ പെടുന്നവർ ചെയ്യുമ്പോൾ മാത്രമാകും എന്നത് ഒരു സത്യമായിരിക്കെ തന്നെ വാക്കുകൾ ഉപയോഗിച്ച് കൊണ്ടുള്ള വിഭാഗീയവത്കരണം ആവശ്യമാണോ?
എഴുത്തുകൾ വൈകാരികമാണെങ്കിൽ പോലും അവ വരുന്നത് എല്ലാ വിഭാഗങ്ങൾക്കും ഒരേ ഇടത്തുനിന്നായതു കൊണ്ടുതന്നെ പേരുകളിൽ ഉള്ള വിഭാഗീയത എഴുത്തുകാർക്ക് ആവശ്യമില്ല. പെണ്ണെഴുത്തെന്നോ, ദളിത് എഴുത്തെന്നോ ഒക്കെയുള്ള വേർതിരിക്കലുകൾ ഒരു ന്യൂനപക്ഷ പ്രതീതി പലപ്പോഴും ഉണ്ടാക്കുന്നുണ്ട്, അങ്ങനെ ഒതുക്കപ്പെടേണ്ട ഒരു വിഭാഗമാണോ ആൺ എഴുത്തുകാരെ പോലെ തന്നെ, ഒരുപക്ഷെ അതിലുമേറെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളിൽ നിന്നും എഴുത്തുകൾ തുടരുന്ന സ്ത്രീ- ദളിത് എഴുത്തുകാർ?
കാലം മറുപടി നൽകുന്നുണ്ട്, കാരണം വ്യത്യാസങ്ങൾ വായനക്കാരുടെ ഇടയിൽ ഇല്ലാതാകുമ്പോഴും ഇപ്പോഴും എഴുത്ത് എന്നാൽ ആൺ മേൽക്കോയ്മയാണെന്നു തെറ്റിദ്ധരിക്കുന്ന ചില ഫ്യൂഡൽ ആൺ പ്രഭുക്കന്മാരെങ്കിലും പെണ്ണെഴുത്തിനേയും ദലിത എഴുത്തുകളെയുമൊക്കെ ഇപ്പോഴും അങ്ങനെ തന്നെ വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം സ്ത്രീ എഴുത്തുകൾ കുറച്ചങ്ങോട്ട് മാറ്റി നിർത്തണം എന്ന തോന്നൽ ഉള്ളതുകൊണ്ട് തന്നെ ആയിരിക്കണമല്ലോ.
ദലിത് വിഭാഗങ്ങളെ കുറിച്ചും അവരുടെ വൈകാരികമായ ബുദ്ധിമുട്ടുകളെ കുറിച്ചും എഴുതുന്നവർ ഇന്ന് നിരവധിയുണ്ട്, എന്നാൽ എഴുത്തുകാർ എന്ന ഒരു ഒറ്റ പദത്തിൽ വരുമ്പോഴേക്കും ഇത്തരം പ്രത്യേക വിഭാഗങ്ങൾ അവഗണിക്കപ്പെട്ടേക്കാമോ എന്ന സങ്കടം ചിലർക്കെങ്കിലും ഉണ്ടാകുമോ എന്നും സംശയിക്കണം. മാറ്റി നിർത്തപ്പെടുന്നത് കൊണ്ട് മാത്രം പരിഗണിക്കപ്പെടുന്നു എന്നതിലല്ല, ഒരു ജനറൽ വിഭാഗത്തിൽ നിന്നുകൊണ്ടുതന്നെ എഴുത്തുകളുടെയും വൈകാരികതയുടെയും പ്രത്യേകതയും അനുഭൂതിയുടെ തീവ്രതയും കൊണ്ട് തന്നെ എഴുത്തുകൾ ശ്രദ്ധിക്കപ്പെടണം, അതുതന്നെയാണ് എഴുത്തുകാരുടെ, എഴുത്തിന്റെ മേന്മയും.