മലയാള സാഹിത്യത്തിൽ ഫെമിനിസം എന്ന വാദത്തിന്റെ മൂർച്ച കൂട്ടിയ ഇന്ദുലേഖയെ മറക്കാൻ വായനക്കാർക്ക് എന്നെങ്കിലും ആകുമോ? മലയാളത്തിന്റെ ലക്ഷണമൊത്ത നോവലായി ഒ ചന്തു മേനോന്റെ ഇന്ദുലേഖ മാറുമ്പോൾ ഒരു കാലഘട്ടത്തെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റമായിരുന്നു അദ്ദേഹം എഴുത്തിലൂടെ കാട്ടിയത്. 1887 ൽ എഴുതപ്പെട്ടിട്ടുള്ള അപ്പു നെടുങ്ങാടിയുടെ കുന്ദലതയിലാണ് മലയാള നോവൽ സാഹിത്യം തുടങ്ങുന്നതെങ്കിലും നോവൽ എന്ന സാഹിത്യ രൂപത്തിനോട് ഇണങ്ങി നിൽക്കുന്നതായിരുന്നില്ല കുന്ദലത. സാഹിത്യപരമായി മാത്രമല്ല കാലഘട്ടത്തിനു "നിരക്കാത്ത" കഥ പറഞ്ഞത് കൊണ്ടും ഒരുപക്ഷെ കാലങ്ങൾക്കു മുൻപ് നിന്നിരുന്ന ഒരു നോവലാണ് ഇന്ദുലേഖ എന്നും പറയാം.
പഴയ നായർ സമുദായങ്ങളിൽ ബ്രാഹ്മണസമുദായങ്ങളിൽ നിന്നുമുള്ള സംബന്ധങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. നമ്പൂതിരി കുടുംബങ്ങളിലെ ഏറ്റവും മുതിർന്ന കാരണവർ വിവാഹം കഴിക്കുകയും അനുജന്മാർ നായർ തറവാടുകളിൽ നിന്ന് സംബന്ധം കഴിക്കുകയും ചെയ്തിരുന്നു. നായർ തറവാടുകളിലേയ്ക്ക് പെണ്ണന്വേഷിച്ച് നമ്പൂതിരിമാരും രാജകുടുംബങ്ങളും എത്തുമ്പോൾ ഒരുപരിധി വരെ സ്ത്രീ എന്നത് സംബന്ധം കഴിക്കപ്പെടാനായി നിലനിർത്തപ്പെട്ടവൾ മാത്രമായി പോകുന്നു. പിന്നീട് ഇതേ വഴിയിലൂടെ മരുമക്കത്തായം ഉപയോഗിച്ച് തന്നെ സ്ത്രീകൾ അധികാരം വഴി ഫെമിനിസ്റ്റ് ആശയങ്ങളെ ഉപയോഗപ്പെടുത്തി എങ്കിലും അതുവരെ കുടുംബത്തിൽ ഉച്ചത്തിൽ സംസാരിക്കാനോ സംബന്ധത്തിനെ എതിർക്കാനോ കെൽപ്പുള്ളവളായിരുന്നില്ല അവൾ. ഇഷ്ടപ്പെടുന്നവനല്ല, വയസ്സ് ചെന്ന കിഴവൻ നമ്പൂതിരിമാരുടെ സംബന്ധമായി കഴിയേണ്ടി വരുന്നതിന്റെ "അഭിമാനക്കഥകൾ" ഏറെ പറയാൻ ഉണ്ടാകുമ്പോഴും ഇന്ദുലേഖ അത് പ്രതിരോധിയ്ക്കാൻ കാരണം അവൾക്ക് ലഭിച്ച വിദ്യാഭ്യാസവും ചിന്തയ്ക്കാൻ കഴിവുള്ള ബൗദ്ധിക തലവുമായിരുന്നു.
രണ്ടു മാസം കൊണ്ടാണ് ചന്ദുമേനോൻ ഈ നോവൽ എഴുതി തീർത്തത്. എന്നാൽ ആദ്യം നോവൽ, പ്രസാധകർ ആരും പ്രസിദ്ധീകരിയ്ക്കാൻ തയ്യാറായില്ല, അതിനു കാരണം അതിലെ "നായകൻ" ഒരുപക്ഷെ ഇന്ദുലേഖ എന്ന സംസാരിയ്ക്കാൻ അറിയുന്ന സ്ത്രീ ആയതിനാൽ തന്നെയാകാം. സമൂഹത്തെ വിചാരണയ്‌ക്കെടുക്കാൻ തക്ക പ്രാപ്തിയുള്ള ഒരു കഥാപാത്രം പുറത്തിറങ്ങുമ്പോഴുണ്ടാകുന്ന വിചാരണകൾ എപ്പോഴും തടയപ്പെടുകയും എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുകയും ചെയ്യുന്നുണ്ടല്ലോ. പിന്നീട് ചന്ദുമേനോൻ ഇത് തനിയെ പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോൾ വളരെ പെട്ടെന്ന് തന്നെ ആദ്യ പതിപ്പുകൾ വിറ്റു പോവുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് അധികം വൈകാതെ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങിയത് നോവലിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്തു.
ആധുനിക മലയാളി സ്ത്രീകളുടെ ഫെമിനിസമായിരുന്നില്ല ഇന്ദുലേഖ പറഞ്ഞ ഫെമിനിസം ആശയങ്ങൾ. സൂരി നമ്പൂതിരിപ്പാടിന്റെ പോലെ ഒരു സംബന്ധക്കാരനെ "അസംബന്ധമായി" കാണാനും അതേ കുറിച്ച് അയാൾക്കെതിരെ സംസാരിക്കാനുള്ള അറിവും ധൈര്യവും അവൾ ആർജ്ജിച്ചിരുന്നു. ആൺ സമൂഹത്തിന്റെ ധാർഷ്ട്യവും മേൽക്കോയ്മയും പെൺശബ്ദത്തിനു മുന്നിൽ ചിതറിത്തെറിച്ച കാഴ്ച ഇന്ദുലേഖയിൽ ഏറെയുണ്ട്. അവൾക്ക് ഏറെ ഇഷ്ടമായിരുന്ന മാധവനോട് വരെ ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ മറുപടി പറയാനും എതിർപ്പുയർത്താനും ഇന്ദുലേഖയ്ക്കായിരുന്നു. ഒരിക്കലും എതിർപ്പുകൾ ഉയർത്തുന്നതല്ല ഫെമിനിസം, പക്ഷെ തന്റെ മനസ്സിനും ശരീരത്തിനും വേണ്ട ഇഷ്ടങ്ങളെ തുറന്നു പറയാൻ അവൾക്കും അവകാശമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഫെമിനിസം, അതാണ് ഇന്ദുലേഖയെ കൊണ്ടും ചന്തു മേനോൻ ചെയ്യിച്ചത്. ഇന്ദുലേഖ എന്ന സ്ത്രീ സമാന്തരമായ ഒരു ലോകത്തിന്റെ അത്രനാളത്തെ പ്രതിനിധിയെ ആയിരുന്നില്ല എങ്കിൽ പോലും ഇപ്പോഴും ഇന്ദുലേഖയും മാധവനും പലരിലും ജീവിക്കുന്നവരാണ്.
ഇന്ദുലേഖയ്ക്കു വേണ്ടിയാണ് സൂരി നമ്പൂതിരി വന്നതെങ്കിലും അവളെ കിട്ടില്ലെന്നറിഞ്ഞതോടെ അയാൾ അവളുടെ അമ്മയിലും പിന്നീട് തോഴിയിലും അനുരക്തനാകുന്നു. സംബന്ധം കഴിക്കുക എന്നത് അത്യാവശ്യമായ ഒരു ചര്യയായി കൊണ്ട് നടക്കുമ്പോൾ തന്നെ സ്ത്രീകളുടെ അനുവാദം അതിനാവശ്യമില്ല എന്ന വിചാരഗതിയുടെ മുന ആദ്യം തന്നെ ഇന്ദുലേഖ ഒടിച്ചു കയ്യിൽ കൊടുക്കുന്നുണ്ട്. നമ്പൂതിരി ഗൃഹങ്ങളിൽ നിന്നുള്ള സംബന്ധങ്ങൾ അഭിമാനമായി കണ്ടിരുന്ന ഒരു സമൂഹം അന്നുണ്ടായിരുന്നു. എന്നാൽ അത്തരം അഭിമാനങ്ങൾക്കും മീതെയാണ് തന്റെ സ്ത്രീത്വത്തിന്റെ അഭിമാനം ഇന്ദുലേഖ ഉയർത്തിപ്പിടിച്ചത്.
അപ്പോഴും സമാന്തരമായ ജീവിതം നയിക്കുന്ന പല സ്ത്രീകളും ആഗ്രഹിക്കുന്നതും എന്നാൽ സാഹചര്യമില്ലാത്തതുമായ ഒരു ജീവിതമാണ് അവൾ തിരഞ്ഞെടുത്തതും. വിവാഹത്തിനു മുൻപ് മാധവനെ ഒരുവേള ചുംബിക്കാൻ പോലുമുള്ള ധൈര്യം അവൾ കാണിക്കുന്നതൊക്കെ സദാചാര പ്രാധാന്യമുള്ള ഒരു സമൂഹത്തിന്റെ ചോദ്യം ചെയ്യലുകളായാണ് കണ്ടതും. എന്നാൽ സമൂഹത്തെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള അപൂർവ്വം കഥാപാത്രങ്ങളാകുന്നു ഇന്ദുലേഖയും ഒപ്പം മാധവനും.
തന്റെ ഇഷ്ടത്തെ അതിന്റെ പൂർണതയിലെത്തിക്കാനും ഇന്ദുലേഖയ്ക്കാകുന്നുണ്ട്. ഭർത്താവാകുന്ന ആളെ ദൈവതുല്യം കാണുന്ന അന്ധമായ സദാചാരബോധത്തിൽ നിന്നും തനിക്ക് തുല്യമായ സ്ഥാനമാണ് ഇന്ദുലേഖ മാധവനും നൽകിയിരുന്നത്. ഒരുപക്ഷെ ആണധികാരങ്ങൾ നിറഞ്ഞാടിയിരുന്ന ഒരു സമൂഹത്തിൽ നോവലിലെ നായികയുടെ പേര് നൽകി പുസ്തകം പുറത്തിറക്കിയ ചന്തു മേനോനും അതേ നായകത്വം ഉപയോഗപ്പെടുത്തുക തന്നെയായിരിക്കണം ഉദ്ദേശിച്ചതും. അതുമാത്രമല്ല പിന്നീട് അധികം വർഷങ്ങളുടെ ദൈർഘ്യമില്ലാതെ തന്നെ നടപ്പിലായ വ്യക്തി വിവാഹ നിയമ പരിഷ്കരണങ്ങൾ സംബന്ധം പോലെയുള്ള ചടങ്ങുകൾ എതിർക്കുമ്പോൾ ഒരുപക്ഷെ പ്രവാചക സ്വഭാവമുള്ള ഒരു നോവലായും ഇന്ദുലേഖ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു.
സുന്ദരിയും സമർത്ഥയുമായ ഒരു സ്ത്രീയുടെ ഒപ്പം നിന്നുകൊണ്ട് അണുകുടുംബത്തിന്റേതായ ആശയങ്ങൾ കൂടി നിവർത്തീകരിച്ച നായകനാണ് മാധവൻ. കൂട്ടുകുടുംബത്തിന്റെ അന്ത്യം മുൻകൂട്ടി പ്രവചിച്ചതോടെ ഏറെ ചർച്ചകൾക്കും ഇന്ദുലേഖ വഴി തെളിച്ചിരുന്നു. കാലത്തിനു മുൻപേ നടക്കുന്ന എഴുത്തുകൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാകാലത്തും അതിനു പ്രസക്തിയുമുണ്ട്. ഇന്ദുലേഖ എന്ന നോവൽ ഇപ്പോഴും ആധുനിക ഫെമിനിസ്റ്റ് വാദങ്ങളുടെ ഉത്തരങ്ങളുള്ള പുസ്തകമായും അടയാളപ്പെടുത്താൻ കഴിയും. എന്നാൽ ഇന്നത്തെ കാലത്തെ വായനകൾ വ്യക്തികളിൽ മാത്രമായി ഒതുങ്ങിപ്പോകുമ്പോൾ ആശയങ്ങളുടെ ചൂര് നഷ്ടമാകുന്നുണ്ടോ?