എഴുത്തുകാര്‍ക്ക് നേരെ വാളോങ്ങുമ്പോൾ

അസഹിഷ്‌ണുത വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, അതിനിരയായ എഴുത്തുകാരെ പരിചയപ്പെടാം...

കല കലയ്ക്കുവേണ്ടിയാണോ കല ജീവിതത്തിന് വേണ്ടിയാണോ എന്ന പൊരുത്തക്കേട് കലകളുടെ ആരംഭം മുതല്‍ എവിടെയുമുണ്ടായിരുന്നു. നമ്മുടെ പല സാഹിത്യസിദ്ധാന്തങ്ങള്‍ രൂപപ്പെട്ടതുപോലും അത്തരം ചില ആശയക്കുഴപ്പങ്ങളില്‍ നിന്നായിരുന്നു. കല ജീവിതത്തിന് വേണ്ടിയാകുമ്പോള്‍ അവിടെ കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും സര്‍ഗ്ഗാത്മകതയ്ക്കും ചില അതിരുകളൊക്കെ നിശ്ചയിക്കേണ്ടിവരും. ധാര്‍മ്മികതയും സാമൂഹ്യനന്മയും അതിന്റെ ഉപോല്പന്നങ്ങളായി മാറുന്നു. എന്നാല്‍ കല കലയ്ക്കു വേണ്ടിയാകുമ്പോള്‍ അവിടെ കലാകാരന്റെ സൃഷ്ടി വൈഭവത്തിന് അതിരുകളില്ലാതാകുന്നു. ആകാശത്തുപറന്നുപൊങ്ങുന്ന പക്ഷിയെ സ്വതന്ത്രനാകുന്നു അവിടെ അവന്‍. 

അത്തരം ചില രചനകള്‍ നമ്മുടെ പല നടപ്പുശീലങ്ങളെയും കടപുഴക്കിയെറിയുന്നു. കലാകാരന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെയാണ് അത്തരം സൃഷ്ടികള്‍ അടയാളപ്പെടുത്തുന്നത്.

മലയാളത്തില്‍ കലാകാരന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആദ്യമായി ആരംഭമിട്ടത് പിഎം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകമായിരുന്നു. ദൈവപുത്രനല്ലാത്ത യേശു, ഒറ്റുകാരനല്ലാത്ത യൂദാസ്, വേശ്യയല്ലാത്ത മറിയം, കൊള്ളക്കാരനല്ലാത്ത ബറാബാസ് എന്നായിരുന്നു നാടകത്തിന്റെ പരസ്യവാചകം. 

കസന്‍ദ്‌സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തെ ആസ്പദമാക്കിയായിരുന്നു ആന്റണി ഈ നാടകം രചിച്ചതെങ്കിലും ക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചിരുന്നതായും മറ്റുമുള്ള വ്യാഖ്യാനം ക്രൈസ്തവസഭാവിശ്വാസത്തെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. അതേതുടര്‍ന്നാണ് മാര്‍ കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രതിഷേധ റാലി നടത്തിയതും  തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ നാടകം നിരോധിച്ചതും.

എഴുത്തിന്റെ പേരില്‍ വധഭീഷണി നേരിട്ടപ്പോള്‍ ജന്മനാട് വിട്ടോടിപോരേണ്ടി വന്ന ഗതികേട് വന്ന എഴുത്തുകാരിയാണ് ബംഗ്ലാദേശികാരിയായ തസ്ലീമ നസ്രിന്‍. ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവവും തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയകലാപവുമായിരുന്നു നോവലിന്റെ ഇതിവൃത്തം. ഒരു വിഭാഗം ജനങ്ങളെ ഈ നോവല്‍ പ്രകോപിതരാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ജീവന്‍ പൊതിഞ്ഞുപിടിച്ച് തസ്ലീമയ്ക്ക് ഓടേണ്ടിവന്നത്.

സല്‍മാന്‍ റഷ്ദിയാണ് മതതീവ്രവാദികളില്‍ നിന്ന് വധഭീഷണി നേരിട്ട മറ്റൊരു എഴുത്തുകാരന്‍. ദ സാറ്റാനിക് വേഴ്‌സസ് എന്ന അദ്ദേഹത്തിന്റെ നാലാമത്തെ നോവലാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത് വയെ തുടര്‍ന്ന് ഏറെ വര്‍ഷങ്ങളോളം  അദ്ദേഹത്തിന് അജ്ഞാതവാസം നയിക്കേണ്ടതായും വന്നു.

എഴുത്തിന്റെ പേരില്‍ അടുത്തകാലത്ത് പീഡിപ്പിക്കപ്പെട്ട എഴുത്തുകാരില്‍ മുമ്പനാണ് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് നോവലിസ്റ്റ്. മാതൊരു പാകന്‍ എന്ന നോവലാണ് പെരുമാള്‍ മുരുകന്റെ എഴുത്തുജീവിതത്തെ പ്രതിസന്ധിയിലാക്കിയത്. കുട്ടികളില്ലാത്ത സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെ രഥോത്സവരാത്രിയില്‍ അന്യപുരുഷന്മാരുമായി ഇണചേര്‍ന്നു ഗര്‍ഭിണികളാകുന്നുവെന്ന നോവലിലെ പരാമര്‍ശമാണ്  ചില ഹൈന്ദവതീവ്രവാദികളെ പ്രകോപിപ്പിച്ചതും മുരുകനും നോവലിനും എതിരെ അവര്‍ രംഗത്തെത്തിയതും. ഒടുവില്‍ താന്‍ എഴുത്ത് അവസാനിപ്പിക്കുകയാണ് എന്ന് വരെ മുരുകന് പ്രഖ്യാപിക്കേണ്ടിവന്നു.

എഴുത്തിന്റെ പേരിലല്ല വരയുടെ പേരില്‍ ക്രൂശിക്കപ്പെട്ട കലാകാരനായ ഹുസൈനെയും ഇവിടെ ഓര്‍മ്മിക്കുന്നു. ഹിന്ദുദേവതമാരെ നഗ്നരായി ചിത്രീകരിച്ച് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നു എന്നായിരുന്നു ഹുസൈനെതിരെയുള്ള ആരോപണം. എഴുത്തിന്റെ പേരിലല്ലെങ്കിലും മതമൗലികവാദത്തിന്റെ ഇരയായിട്ടാണ് കഴിഞ്ഞ ദിവസം  ജോര്‍ദാനിയന്‍ എഴുത്തുകാരനായ നാഹെദ് ഹട്ടര്‍ വെടിയേറ്റ് മരിച്ചത്. 

മനുഷ്യന് വേണ്ടി പൊരുതുവാന്‍ ആളില്ലാത്തപ്പോഴും ദൈവത്തിന് വേണ്ടി വെട്ടി മരിക്കുവാനും വെട്ടി കൊലപ്പെടുത്തുവാനും ആളുകളുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. ദൈവങ്ങളുടെ സംരക്ഷണം  ദൈവം മനുഷ്യനെ ഏല്പിച്ചിട്ടുണ്ടോ? ഒരു മതത്തിലും അത്തരം ചില ആശയങ്ങളുള്ളതായി അറിയില്ല. എന്നിട്ടും എന്തിനാണാവോ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യന് നേരെ വാളോങ്ങുന്നത്?