മാധവിക്കുട്ടിയെക്കുറിച്ച് താനെഴുതിയ ‘ദ് ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പുസ്തകത്തിൽ പലതും സത്യമല്ല എന്ന മാധവിക്കുട്ടിയുടെ മകൻ മോനു നാലപ്പാടിന്റെ അഭിപ്രായം തെറ്റെന്ന് എഴുത്തുകാരി മെറിലി വെയ്സ്ബോഡ്. ‘‘മെറിലി കൊച്ചിയിൽ വന്നാൽ ഒരു അരമണിക്കൂറൊക്കെ അമ്മയുടെ കൂടെയിരിക്കും. എന്നിട്ട് തിരിച്ച് താജ് ഹോട്ടലിൽ പോയി സ്വിമ്മിങ് പൂളിൽ കിടക്കും; അമ്മയുടെ ചെലവിൽ. മെറിലിയുടെ മനസ്സിൽ സെക്സ് മാത്രമേയുള്ളൂ. സ്ത്രീ എന്നു പറഞ്ഞാൽ അവർക്ക് സെക്സ് ആണ്’’ എന്നാണ് മോനു നാലപ്പാട് മെറിലിയെക്കുറിച്ച് എഴുതിയിരുന്നത്. അതിനെതിരെയാണ് മെറിലി പ്രതികരിച്ചിരിക്കുന്നത്.
‘‘ദീർഘകാലമായുള്ള ബന്ധത്തിൽ നിന്നാണ് ഇങ്ങനെയൊരു പുസ്തകം പിറന്നത്. കമല അവരുടെ ജീവചരിത്രം എഴുതാനാണ് എന്നെ നിയോഗിച്ചത്. 'ദ് ലവ് ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകത്തിലൂടെ എല്ലാ സത്യവും പുറത്തുപറയണമെന്നായിരുന്നു കമല ആവശ്യപ്പെട്ടത് ’’– മെറിലി എഴുതുന്നു. ‘‘കമലയെക്കുറിച്ചുള്ള സത്യം എല്ലാം എഴുതാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനുള്ള അനുമതിയും എനിക്കു തന്നിട്ടുണ്ട്. കമലയുമായി ഏകദേശം എഴുപതു മണിക്കൂറോളം ഇരുന്നു സംസാരിച്ചത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അതിൽ നിന്നുള്ള യഥാർഥ വാക്കുകളാണ് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ എന്റെ ഭാവനയല്ല’’.
‘‘എട്ടുതവണ കമലാദാസിനെ കാണാൻ താൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഓരോ വരവിലും ഒരു മാസമെങ്കിലും അവരോടൊപ്പം താമസിക്കും. അന്നേരമെല്ലാം എന്റെ ചെലവ് വഹിച്ചിരുന്നത് സ്വയം തന്നെയായിരുന്നു. രണ്ടുതവണ കമല എന്റെ അതിഥിതിയായി കാനഡയിൽ എത്തിയിട്ടുണ്ട്. അന്നേരം ദിവസങ്ങളോളം എന്റെ കൂടെ താമസിച്ചിട്ടുണ്ട്. കാനഡ കൗൺസിൽ ഓഫ് ആർട്സ്, ശാസ്ത്രി ഇൻഡോ– കനേഡിയൽ ഇൻസ്റ്റിറ്റ്യൂട്ട്, കനേഡിയൻ വിദേശകാര്യ വകുപ്പ് എന്നിവരൊക്കെയായിരുന്നു കമലയുടെ വരവിന്റെ ചെലവു വഹിച്ചിരുന്നത്. ദ് ലവ് ക്വീൻ ഓഫ് മലബാർ എന്ന പുസ്തകം എഴുതാൻ വേണ്ട യാത്രയ്ക്കും മറ്റുമായി ഏകദേശം 30,000 ഡോളർ ചെലവായിട്ടുണ്ട്. അതെല്ലാം ഞാൻ സ്വയം വഹിക്കുകയായിരുന്നു. മോനു നാലപ്പാട് പറയുന്നതുപോലെ കമലയുടെ ചെലവിലായിരുന്നില്ല അതൊന്നും’’– മെറിലി വിശദീകരിക്കുന്നു.
പുസ്തകത്തിൽ മെറിലി, അച്ഛനെക്കുറിച്ച് എഴുതിയത് വായിച്ചപ്പോൾ വേദന തോന്നിയെന്നും അച്ഛനെക്കുറിച്ച് നീചമായിട്ടാണ് എഴുതിയിരിക്കുന്നതെന്നും മോനു പറഞ്ഞിരുന്നു. അതിനും മെറിലി മറുപടി എഴുതിയിട്ടുണ്ട്.
‘‘മാധവദാസുമായുള്ള വിവാഹത്തിന്റെ ആദ്യനാളുകൾ ശാരീരികവും മാനസികവുമായി വേദനിപ്പിക്കുന്നതായിരുന്നെന്ന് കമല എന്നോടു പറഞ്ഞിട്ടുണ്ട്. രക്ഷിതാക്കൾ വരനെ കണ്ടെത്തുന്ന വിവാഹത്തിനെതിരായിരുന്നു കമല. കുടുംബം, സാഹിത്യം, രാഷ്ട്രീയം, കുട്ടിക്കാലം, മതം എന്നുവേണ്ട മിക്ക വിഷയങ്ങളും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം രണ്ടുപേരുടെയും അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. മാധവദാസുമായുള്ള എല്ലാ കാര്യവും കമല എന്നോടു തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളാണ് ഞാൻ എഴുതിയത്. അറിയപ്പെടുന്ന അച്ഛനനമ്മമാരെക്കുറിച്ചുള്ള നിഗൂഢമായ കാര്യങ്ങൾ പറയുമ്പോൾ ചില മക്കൾക്ക് അതംഗീകരിക്കാൻ കഴിയില്ല". അതാണ് കമലാദാസിന്റെ മക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മെറിലി അഭിപ്രായപ്പെടുന്നു.
ഗ്രീൻ ബുക്സ് ആണ് മെറിലിയുടെ പുസ്തകത്തിന്റെ മലയാള പരിഭാഷയായ 'പ്രണയത്തിന്റെ രാജകുമാരി' പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ഒരു ആഴ്ചപ്പതിപ്പിലായിരുന്നു മോനു നാലപ്പാടിന്റെ ലേഖനം വന്നത്. അതുസംബന്ധിച്ച് മനോരമ ഓൺലൈനിൽ വന്ന ഫീച്ചർ ഗ്രീൻ ബുക്സ് മെറിലിക്ക് പരിഭാഷപ്പെടുത്തി അയച്ചുകൊടുക്കുകയായിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മെറിലി എഴുതിയിരിക്കുന്നത്.
മാധവിക്കുട്ടിയുടെ ഭർത്താവ് അങ്ങനെയായിരുന്നോ?...
മാധവദാസിനെക്കുറിച്ച് മാധവിക്കുട്ടി പറയുന്നതായി മെറിലിയുടെ പുസ്തകത്തിൽ ഇങ്ങനെയാണുള്ളത്: ‘‘ ഇത്രയും ചെറുപ്രായത്തിൽ എനിക്ക് ബ്രഹ്മചര്യത്തിൽ വിശ്വാസം വരുവാൻ എന്താണു കാര്യം? എന്റെ ഭർത്താവിനെക്കുറിച്ചുള്ള സത്യം ഞാൻ പറഞ്ഞില്ലെങ്കിൽ എന്റെ കഥ പാതി സത്യം മാത്രമുള്ള പുസ്തകമല്ലേ ആകൂ.
എന്നിൽ നിറയെ ദു:ഖമായിരുന്നു. കമല ഒന്ന് നിർത്തി വീണ്ടും തുടങ്ങി. അവർ മറച്ചുവച്ച സ്വന്തം ജീവിതത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു. എന്റെ ഭർത്താവ് എപ്പോഴും യുവാക്കളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അതിനോടൊപ്പം വയസ്സന്മാർ എന്റെ മേൽ കയറി കിടക്കുന്നതിനെക്കുറിച്ചും. ഒരു പുരുഷന്റെ നഗ്നത മാത്രമേ അയാളിൽ ഉത്തേജനമുണ്ടാക്കൂ എന്ന അവസ്ഥയായി. അദ്ദേഹത്തോടൊപ്പം രാസക്രീഡയിലേർപ്പെട്ട പുരുഷന്മാരെക്കുറിച്ച് എന്റെ അഭിപ്രായം തേടുക പതിവായി. അദ്ദേഹത്തിന് അയാൾ എന്റെയൊപ്പം ശയിക്കുന്നത് മനസ്സിൽ കാണണമായിരുന്നു. അങ്ങനെയായാൽ മാത്രമേ അദ്ദേഹത്തിന് ഉത്തേജനം ലഭിക്കുമായിരുന്നുള്ളൂ. അതിനാൽ എനിക്ക് മനക്കോട്ടകൾ കെട്ടേണ്ടിവന്നു. ഞാൻ കഥകൾ മെനഞ്ഞു. കാരണം മറ്റൊരു പുരുഷൻ എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.
തന്റെ ഭർത്താവ് ഒരിക്കലും താനുമൊത്തല്ല ഉറങ്ങിയിരുന്നതെന്ന് പകരം തനറെ മനസ്സിന്റെ കോണിലെവിടെയോ ഒളിഞ്ഞിരുന്നിരുന്ന ഒരു പുരുഷകാമുകനുമൊത്താണുറങ്ങിയിരുന്നതെന്നും കമല പറഞ്ഞു’’– ഇങ്ങനെയാണ് പുസ്തത്തിൽ മെറിലി എഴുതിയത്.