ഖസാക്കിന്റെ ഇതിഹാസത്തിനു ആശംസയുമായി മോഹൻലാൽ

ഒ.വി വിജയൻറെ സ്മരണാർത്ഥം ഒരുക്കിയ 'ഖസാക്കിന്റെ ഇതിഹാസം' നാടകത്തിനു ആശംസയർപ്പിച്ചു മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. 

മേയ് 6,7,8 തീയതികളിൽ ബംഗ്ളൂരുവിലെ ക്രൈസ്റ്റ് സ്‌കൂൾ ഗ്രൗണ്ടിലാണു നാടകത്തിനു വേദിയൊരുങ്ങുന്നത്.  205 മിനിട്ട് നീണ്ട ഈ നാടകം സംവിധാനം ചെയ്തത് ദീപൻ ശിവരാമനാണ്.

മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ 'ഖസാക്കിന്റെ ഇതിഹാസം' അരങ്ങിൽ പുനർജനിക്കുന്നു. ഇന്ത്യൻ നാടകരംഗത്തെ ശക്തമായ യുവസാന്നിധ്യമായ ദീപൻ ശിവരാമൻ സംവിധാനം ചെയ്യുന്ന ഈ നാടകം ഇതിനോടകം തന്നെ നല്ല പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം കൊടുങ്ങല്ലൂരിൽ ഈ നാടകം അതിഗംഭീരമായി നടന്നു എന്ന് പല സുഹൃത്തുക്കളിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു.

ബാംഗ്ലൂർ പോലെ, ഒരു പാട് മലയാളികളും നാടകപ്രേമികളും ഉള്ള ഒരു മഹാനഗരത്തിൽ ഈ നാടകം എത്തിച്ചേരുന്നതിൽ നിങ്ങളെ പോലെത്തന്നെ എനിക്കും അതിയായ സന്തോഷമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഖസാക്കിലെ അള്ളാപിച്ച മോല്ലാക്കയായി ഞാൻ അഭിനയിച്ചത് ഈ അവസരത്തിൽ ഓർത്തുപോവുകയാണ്. ഈ നാടകം നിങ്ങൾക്ക് വേറിട്ട ഒരു അനുഭവം ആകുമെന്ന് എനിക്കുറപ്പുണ്ട്.

കൂടാതെ, എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ബാംഗ്ലൂരിലെ സർക്കാർ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാർഥികളുടെ പഠനത്തിനും വേണ്ടിയാണ് ഇതിൽ നിന്ന് കിട്ടുന്ന ലാഭം ഉപയോഗിക്കുന്നത് എന്നത് ഈ സംരംഭത്തിന്റെ മഹത്വം കൂട്ടുന്നു.

ബാംഗ്ലൂരിൽ നടക്കുന്ന 'നമ്മ ഖസാക്കിനൂ' എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.