"ഒരിക്കല്‍ ഒരു യുവ ബുദ്ധസന്യാസി വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ വലിയൊരു നദിക്കരയില്‍ എത്തി. നദി കടന്നുവേണം അദ്ദേഹത്തിന് വീട്ടിലെത്താന്‍, എന്നാല്‍ വലിപ്പമേറിയതും ശക്തമായ ഒഴുക്കുള്ളതുമായ നദി കടക്കുന്നതെങ്ങനെയെന്ന് ഓര്‍ത്ത് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു. ഏറെ മണിക്കൂറുകള്‍ അദ്ദേഹം നദിക്കരയില്‍ ആലോചിച്ചു നിന്നു. ഒടുക്കം തന്റെ യാത്ര ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചപ്പോഴാണ് നദിയുടെ മറുകരയില്‍ അദ്ദേഹം ഒരു സെന്‍ ഗുരുവിനെ കണ്ടത്. ഗുരുവിനെ കണ്ടതും സന്യാസി സഹായത്തിനായി ഒച്ചവെച്ചു. എന്നിട്ട് ഉച്ചത്തില്‍ ചോദിച്ചു: 'അങ്ങ് ബുദ്ധിമാനാണല്ലോ, എങ്ങനെ നദി കടന്ന് മറുകരയെത്താമെന്ന് എനിയ്ക്ക് പറഞ്ഞുതരൂ.' ഇതു കേട്ട ഗുരു രണ്ട് കരകളിലേയ്ക്കും നോക്കിയശേഷം പറഞ്ഞു ‘മകനേ നീ ഇപ്പോള്‍ മറുകരയിലാണല്ലോ!’"
ചിന്തകളെയും വൈകാരികതകളെയും സമരസപ്പെടുത്തി ആത്മബോധത്തെ ഉദ്ദീപിപ്പിക്കുന്ന സെൻ കഥകളെ കുറിച്ച് അത്രയ്ക്കൊന്നും പഠനങ്ങൾ ഉണ്ടായിട്ടില്ല. സെൻ കഥകളെ വായിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അതിന്റെ സൈദ്ധാന്തിക ചായ്‌വുകളെ അവഗണിക്കുകയാണ് പൊതുവായനയിൽ പലപ്പോഴും നാം ചെയ്യുന്നത്.
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് ഗൗതമ ബുദ്ധൻ ബുദ്ധമതം സ്ഥാപിക്കുമ്പോൾ അതിലേയ്ക്ക് ആകൃഷ്ടരായി ലക്ഷങ്ങളാണ് എത്തിയത്. ബുദ്ധമത്തിന്റെ വിവിധങ്ങളായ കൈവഴികളിൽ ഒന്നായാണ് സെൻ വിശ്വാസത്തെയും കാണുന്നത്. പൂർണമായും ആത്മീയമായ ഒരു വഴിയല്ല ബുദ്ധൻ ജീവിതത്തിൽ സ്വീകരിച്ചത്. ഇരുപത്തിയഞ്ച് വയസ്സ് വരെ രാജകൊട്ടാരത്തിന്റെ സുഖലോലുപതയിൽ ജീവിച്ച ബുദ്ധൻ അതിനു ശേഷം ജീവിതത്തോട് വിരക്തി തോന്നി ആത്മീയതയുടെ പാതയിലേക്കിറങ്ങുമ്പോൾ എല്ലാമുപേക്ഷിച്ച് പൂർണമായും ധ്യാനത്തിലും ഏകാന്തതയിലുമായിരുന്നില്ല ജീവിച്ചത്. തന്നെ ചുറ്റി നിൽക്കുന്നവർക്ക് ആത്മീയമായ വിദ്യകൾ പകർന്നു അവരെ ആത്മീയതയിലേക്ക് പ്രോജ്വലിപ്പിച്ചാണ് ബുദ്ധൻ ജീവിച്ചത്. ആ വഴി പിൻപറ്റി ചൈനയിലാണ് സെൻ മതം ഉരുവായപ്പെട്ടതെന്ന് വിശ്വസിക്കുന്നു.
മതം എന്നതിനേക്കാൾ സെൻ ഒരു വിശ്വാസമാണ്. സെൻ എന്ന ചൈനീസ് വാക്കിന്റെ അർത്ഥം തന്നെ ധ്യാനം എന്നാണ്. സ്വന്തം മനസ്സിലേയ്ക്ക് നോക്കി ധ്യാനത്തിന്റെ വഴിയിലൂടെ അവനവനെ കണ്ടെത്തുകയാണ് സെൻ വിശ്വാസത്തിന്റെ അടിത്തറ. അദ്വൈതം എന്ന വിശ്വാസത്തിന്റെ മറ്റൊരു പേരുമാണ് സെൻ. എല്ലാത്തിനെയും രണ്ടായി കാണാതെ ഒന്നായി കാണാനാണ് സെൻ വിശ്വാസവും പറയുന്നത്. സെൻ വിശ്വാസം മറ്റുള്ളവരിൽ ഉറപ്പിക്കാൻ സെൻ ഗുരുക്കന്മാർ ഏറ്റവുമധികം ഉപയോഗിച്ചത് കഥകളെ തന്നെയായിരുന്നു. അത്യഗാധമായ ആത്മീയ കണ്ടെത്തലുകൾ കൂടിചേർന്ന കഥകൾ വളരെ സരസവത്കരിച്ച്, കേൾക്കുന്നവരുടെ മനസ്സിലേയ്ക്ക് ഇറക്കിവിട്ട് ചിന്തിക്കാൻ
പ്രേരിപ്പിക്കുന്നവയാണ് സെൻ കഥകൾ.
ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പഠിപ്പിക്കുന്നവയല്ല സെൻ കഥകൾ. എല്ലാ ബുദ്ധിമുട്ടുകളെയും അനുഭവങ്ങളെയും ഉൾക്കൊള്ളുകയും അതുവഴി വിരക്തിയിലേക്കുള്ള പാതയിൽ സ്വയം എത്തിച്ചേരുകയും ധ്യാനത്തിലൂടെ അവനവനെ കണ്ടെത്താൻ സ്വയം സജ്ജമാക്കുകയും ചെയ്യുക എന്നതാണ് ബുദ്ധന്റെ ലക്‌ഷ്യം. ഇരുപത്തിയഞ്ച് വയസ്സ് വരെ ഗൗതമ ബുദ്ധൻ അനുഭവിച്ചിട്ടില്ലാത്ത സുഖങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ ദുഖങ്ങളെ അദ്ദേഹം ആ പ്രായത്തിൽ കണ്ടെത്തുമ്പോൾ അതിലേയ്ക്ക് ആകൃഷ്ടനായി സ്വയം ജീവിതത്തെ അനുഭവങ്ങളിലൂടെ തീച്ചൂളകളിലൂടെ നടക്കാൻ ശരീരത്തിനെയും മനസ്സിനെയും സജ്ജമാക്കുകയും ചെയ്തു.
സെൻ കഥകളിൽ ഏറ്റവും അനുഭവത്തിന്റെ ചൂടുള്ളതും ഒരുപക്ഷേ ആ കഥ തന്നെയാകാം, ദുഖങ്ങൾക്ക് മനുഷ്യനെ ആകർഷിക്കാനുള്ള കഴിവുണ്ട്, പക്ഷേ ദുഖങ്ങളിൽ പെടുമ്പോൾ അതിനെ കേവല അവസ്ഥയാക്കി മാറ്റി അതിൽ അഭിരമിയ്ക്കാതെ അവസ്ഥയുമായി താദാത്മ്യപ്പെട്ടു നിർവ്വികാരമായി അവസ്ഥയെ നോക്കിക്കാണാനുള്ള മാനസിക നിലയിലേയ്ക്ക് വരുകയാണ് ബുദ്ധൻ ചെയ്തത്. സെൻ മതവും കഥകളും പഠിപ്പിക്കുന്ന ഏറ്റവും വലിയ സത്യവും ഇതുതന്നെ.
"കാണുന്നതിലില്ല വഴി; കാണാത്തതിലുമതില്ല.
അറിഞ്ഞതിലില്ലത്, അറിയാത്തതിലുമില്ലത്.
അതിനെ അന്വേഷിച്ചുപോകരുത്, അതിനെക്കുറിച്ചു പഠിക്കരുത്,
അതിനു പേരും കൊടുക്കരുത്.
ആകാശം പോലെ വിസ്തൃതമായി നീ സ്വയം തുറക്കൂ,
എങ്കിൽ നീ നിന്നെ ആ വഴിയിൽ കാണും.",
ഗുരു-ശിഷ്യ സംവാദരൂപത്തിലാണ് സെൻ കഥകൾ എല്ലാം തന്നെ പ്രചരിക്കപ്പെട്ടിരിക്കുന്നത്. അറിവിനായി ആഗ്രഹിക്കുന്ന ശിഷ്യന് ഗുരു നൽകുന്ന ഉപദേശങ്ങൾ എന്ന നിലയിൽ പറയപ്പെടുമ്പോൾ ജീവിതം മാറാൻ പോകുന്നു എന്ന ചിന്തയോടെ അത് കേൾക്കാൻ തയ്യാറാകുന്ന ശിഷ്യന് കഥയുടെ നന്മവശം സ്വീകരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. സെൻ മതം എന്നത് ഏതു മതവുമായും ചേർന്ന് പോകുന്ന ഒരു സമ്പ്രദായമാണ്.
ക്രിസ്ത്യൻ പുരോഹിതന്മാരിലും സെൻ ഗുരുക്കൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ക്രിസ്തീയ പുരോഹിതനായിരുന്നുകൊണ്ട് ബുദ്ധദര്‍ശനത്തെ ജീവിതചര്യയാക്കിയ അമ സാമി സ്ഥാപിച്ച ബോധിസെന്‍ദോ സെൻ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന ആത്മീയ ഇടങ്ങളിലൊന്നാണ്. ഹിന്ദുമതം മനസ്സ് തുറന്നു ബുദ്ധമതത്തെ അംഗീകരിച്ചിട്ടില്ലെങ്കിൽ പോലും സെൻ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് ഹൈന്ദവ തത്വസംഹിതകളും.
സെന്‍ ഗുരു അവലോത്സു ഒരു ദിവസം ആൽചുവട്ടിലിരുന്നു ധ്യാനിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാരില്‍ ഒരാള്‍ ചോദിച്ചു.
“ഗുരോ എന്താണ് ഈ സെന്‍”
ഗുരു പ്രതിവചിച്ചു
“അത് തന്നെയാണ് ഞാനും കുറേ നേരമായി ആലോചിക്കുന്നത്”-
ഈ ചെറു സെൻ കഥയിൽ എല്ലാമുണ്ട്. സ്വയം അന്വേഷണം നടത്തുന്ന ഒരു ആത്മീയ ഭിക്ഷു. ഈശ്വരനിലേക്കല്ല, അവനവനിലെ സത്തയെ ഈശ്വരനായി കണ്ടെത്തുക... പൗരാണികമായ ഏതൊരു മതവും അനുശാസിക്കുന്ന ആത്മീയ വിളി ഇതുതന്നെയാണ്. ആധുനിക സാഹിത്യത്തിൽ സെൻ കഥകൾക്ക് പ്രാധാന്യം കൽപ്പിക്കപ്പെടുന്നില്ലെങ്കിൽ പോലും ഒരു പ്രത്യേകം ശാഖയായി കണ്ടു ഗവേഷണം നടത്തിയാൽ സെൻ കഥകൾക്ക് മതപരമായ വിശ്വാസങ്ങൾക്കതീതമായി മികച്ച ചിന്താശേഷിയുണ്ടാക്കുന്ന, മാനവികതയുള്ള മനുഷ്യരെ സൃഷ്ടിക്കാനാകും.